Tuesday, January 5, 2021

കേരളത്തിന് അഭിമാന നിമിഷം: വെല്ലുവിളികളെ അതിജീവിച്ച് ഗെയില്‍ പദ്ധതി യാഥാര്‍ഥ്യമായി

കേരളത്തിന്റെ അഭിമാന പദ്ധതിയായ ഗെയിലിന്റെ കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ്ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാടിന് സമര്‍പ്പിച്ചു. പകല്‍ 11ന് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍, കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ,  ഗവര്‍ണര്‍ വാജുഭായ് വാല, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ പങ്കെടുത്തു. സുപ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് ഗെയില്‍ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എല്‍ഡിഎഫ് വന്നു, എല്ലാം ശരിയായി

രാഷ്ട്രീയവെല്ലുവിളികളും പ്രളയവും കോവിഡും അതിജീവിച്ച് പൈപ്പുലൈന്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയപ്പോള്‍ തെളിയുന്നത്  എല്‍ഡിഎഫ് സര്‍ക്കാരിന്റെ  ഇഛാശക്തി. കേരളത്തിലൂടെ പോകുന്ന ബംഗളൂരു--കൊച്ചി 510 കിലോമീറ്റര്‍ പൈപ്പുലൈനില്‍ യുഡിഎഫ് പൂര്‍ത്തിയാക്കിയത് 40 കിലോമീറ്റര്‍മാത്രം.  രണ്ടാംഘട്ടമായാണ് കൊച്ചി--മംഗലാപുരം ലൈന്‍ പൂര്‍ത്തിയാക്കിയത്. ബംഗളൂരു ലൈനിന്റെ ഭാഗമായ കൂറ്റനാട്--വാളയാര്‍ ലൈനും (94 കിലോമീറ്റര്‍) കമീഷന്‍ ചെയ്തു.  സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് കൊടുത്തത് വി എസ് സര്‍ക്കാരാണ്. ആദ്യഘട്ടം 2010ല്‍ തുടങ്ങി.

രണ്ടാംഘട്ടം യുഡിഎഫ് സര്‍ക്കാര്‍ 2012 ജനുവരിയില്‍ തുടങ്ങി. സ്ഥലമേറ്റെടുക്കല്‍തടസ്സംമൂലം 2013 നവംബറില്‍ പണി നിര്‍ത്തി. 2016ല്‍ ഭൂമിയുടെ നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ഥലമേറ്റെടുത്തു. ഗെയില്‍ പുതിയ കരാറിലൂടെ നിര്‍മാണം പുനരാരംഭിച്ചു. 2019 ജൂണില്‍ തൃശൂര്‍വരെയും 2020 ആഗസ്തില്‍ കണ്ണൂര്‍വരെയും ഗ്യാസ് എത്തി.

വാഹനങ്ങള്‍ക്കും വ്യവസായശാലകള്‍ക്കും നേട്ടം

വാഹനങ്ങള്‍ക്ക് സിഎന്‍ജി ലഭിക്കുന്നതോടെ ഇന്ധനച്ചെലവ്  20 ശതമാനം കുറയും. ടാക്സി ഡ്രൈവര്‍മാര്‍ക്ക് മാസം 5000 രൂപവരെയും ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് 3000 രൂപവരെയും ലാഭമുണ്ടാകും. 5000 കിലോ എല്‍പിജി ദിവസം ഉപയോഗിക്കുന്ന വ്യവസായശാലകള്‍ക്ക് 85,000 രൂപയുടെ ലാഭവുമുണ്ടാകും.

നികുതിവരുമാനം 700 കോടിയിലധികം

5751 കോടി രൂപ ചെലവുള്ള പദ്ധതി മുഴുവന്‍ശേഷിയില്‍ പ്രവര്‍ത്തിച്ചാല്‍ നികുതിവരുമാനം 500 മുതല്‍ 720 കോടിവരെ ലഭിക്കാം.  കൂറ്റനാട്ടുനിന്ന് കാസര്‍കോടുവഴി മംഗളൂരുവിലേക്കും പാലക്കാടുവഴി ബംഗളൂരുവിലേക്കും രണ്ടായി തിരിയും. വീടുകളില്‍ പൈപ്പുവഴി പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയും കൂടുതല്‍ ഇടങ്ങളിലെത്തും.

ഗെയില്‍: നിറവേറ്റിയത് സര്‍ക്കാരിന്‍റെ പ്രധാന വാഗാദാനം - മുഖ്യമന്ത്രി

തിരുവനന്തപുരം> സംസ്ഥാന സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനമാണ് ഗെയില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യമായതിലൂടെ നിറവേറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊച്ചി- മംഗളൂരു പൈപ്പ് ലൈന്‍ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളുടെ ന്യായമായ ആശങ്കകള്‍ പരിഹരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ എല്ലാ തടസ്സങ്ങളും മറികടന്നത്. പ്രശ്നങ്ങള്‍ കാരണം 2014-ല്‍ പൈപ്പ് ലൈനിന്‍റെ എല്ലാ പ്രവൃത്തിയും ഗെയില്‍ നിര്‍ത്തിവെച്ചതായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. 450 കി.മീറ്റര്‍ നീളമുള്ള കൊച്ചി-മംഗളൂരു പൈപ്പ് ലൈനിന്‍റെ 414 കി.മീറ്ററും കേരളത്തിലാണ്. വലിയ വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ ജനങ്ങള്‍ക്ക് ചെറിയ പ്രയാസങ്ങള്‍ നേരിടേണ്ടിവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ പ്രയാസങ്ങള്‍ അവഗണിച്ചുകൊണ്ട് ജനങ്ങള്‍ പദ്ധതിയുമായി സഹകരിച്ചു. കാരണം, കേരളത്തിന്‍റെ സര്‍വതോന്മുഖമായ വികസനത്തിന് ഈ പദ്ധതി അനിവാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞു.

നിരവധി കേസുകളും ഒരുപാട് പ്രതിഷേധങ്ങളും തരണം ചെയ്താണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെയും മലയോര മേഖലയിലൂടെയും നദികള്‍ക്കടിയിലൂടെയും പൈപ്പിടുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാല്‍ ഗെയില്‍ ഉദ്യോഗസ്ഥര്‍ നിശ്ചയദാര്‍ഢ്യത്തോടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ചു. ഗെയില്‍ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ജില്ലാ ഭരണാധികാരികളും പൊലീസും വിവിധ സര്‍ക്കാര്‍ വകുപ്പുകളും തടസ്സങ്ങള്‍ മറികടക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചു. പ്രളയവും നിപ്പയും കോവിഡ് മഹാമാരിയും പോലുള്ള വെല്ലുവിളികള്‍ക്കിടയിലും തൊഴിലാളികള്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. അവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

സിറ്റി ഗ്യാസ് വിതരണ ശ്രൃംഖല വ്യാപകമാക്കാന്‍ പൈപ്പ്ലൈന്‍ പൂര്‍ത്തീകരണം സഹായിക്കും. അതുവഴി, വീട്ടാവശ്യത്തിനുള്ള പ്രകൃതിവാതകത്തിന്‍റെ ലഭ്യത വര്‍ധിക്കും. ഫാക്ടിന്‍റെ വികസനത്തിനും നിര്‍ദിഷ്ട പെട്രോകെമിക്കല്‍സ് പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുന്നതിനും ഈ പദ്ധതി സഹായിക്കും. ഊര്‍ജരംഗത്തും ഇതു വലിയ വികസനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന്‍റെ പ്രശംസ

ഗെയില്‍ പൈപ്പ്ലൈന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേരള മുഖ്യമന്ത്രി നല്‍കിയ പിന്തുണയ്ക്ക് പെട്രോളിയം-പ്രകൃതിവാതക മന്ത്രി  ധര്‍മേന്ദ്ര പ്രധാന്‍ നന്ദി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഈ വന്‍കിട പദ്ധതി പൂര്‍ത്തിയാകില്ലായിരുന്നു. സഹകരണാത്മക ഫെഡറലിസത്തിന്‍റെ ഉത്തമ മാതൃകയാണ് ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് നടത്തിയ പ്രവര്‍ത്തനമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.  

ഗെയില്‍ പ്രകൃതിവാതക പൈപ്പ്ലൈനിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയത് 2010-ലാണ്. കൊച്ചി എല്‍എന്‍ജി ടെര്‍മിനലില്‍ നിന്നുള്ള പ്രകൃതിവാതകം പൈപ്പ് വഴി മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും കൊണ്ടുപോകുന്നതിനുള്ളതാണ് പദ്ധതി. 2010-ല്‍ അനുമതി ലഭിച്ച പദ്ധതിയാണെങ്കിലും 2016-വരെ 48 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രമാണ് പൈപ്പിടാനായത്. ജനങ്ങളുടെ പ്രതിഷേധം വന്നപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ പിന്‍വാങ്ങി. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനോ അവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കാനോ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഗത്യന്തരമില്ലാതെ മുഴുവന്‍ പ്രവൃത്തികളും ഗെയില്‍ അവസാനിപ്പിച്ചു. 4,500 കോടി രൂപ മുതല്‍ മുടക്കില്‍ പുതുവൈപ്പിനില്‍ സ്ഥാപിച്ച എല്‍എന്‍ജി ടെര്‍മിനല്‍ കേന്ദ്ര സര്‍ക്കാരിന് വലിയ ബാധ്യതയായി മാറി.

2016-ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് പദ്ധതിക്ക് പുനര്‍ജീവന്‍ കിട്ടിയത്. നഷ്ടപരിഹാരത്തുക ഇരട്ടിയാക്കി നിശ്ചയിച്ചു. ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കി. മറ്റു സംസ്ഥാനങ്ങളില്‍ 30 മീറ്ററാണ് പൈപ്പിടാന്‍ ഏറ്റെടുക്കുന്നത്. ഇവിടെ അതു 20 മീറ്ററായി ചുരുക്കി. പിന്നീട് അതു 10 മീറ്ററായി പരിമിതപ്പെടുത്തി. 10 സെന്‍റില്‍ താഴെ ഭൂമിയുള്ളവര്‍ക്ക് അതില്‍ വീട് വെയ്ക്കാന്‍ സൗകര്യം നല്‍കി. അവര്‍ക്ക് ആശ്വാസധനമായി അഞ്ചുലക്ഷം രൂപയും നല്‍കി. വിളകള്‍ക്ക് നഷ്ടപരിഹാരം ഉയര്‍ത്തി.

സ്ഥലമേറ്റെടുക്കല്‍, നഷ്ടപരിഹാരം, സുരക്ഷ എന്നിവ സംബന്ധിച്ച് നാട്ടുകാര്‍ക്കുണ്ടായിരുന്ന ആശങ്കയും പരാതികളും പരിഹരിക്കാന്‍ സര്‍ക്കാര്‍ നിരന്തരമായി ഇടപെട്ടു. പദ്ധതിയുടെ പുരോഗതി മുഖ്യമന്ത്രി നേരിട്ട് നിരന്തരമായി വിലയിരുത്തി. തടസ്സങ്ങള്‍ നീക്കാന്‍ അദ്ദേഹം തന്നെ ഇടപെട്ടുകൊണ്ടിരുന്നു. ഇതിന്‍റെയൊക്കെ ഫലമായി സര്‍ക്കാരിന്‍റെ ആദ്യ ആയിരം ദിവസങ്ങള്‍ക്കകം 330 കിലോമീറ്റര്‍ പൈപ്പ് ലൈനിടാന്‍ കഴിഞ്ഞു. വിജയകരമായ കേരള മാതൃകയില്‍ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് മറ്റു സംസ്ഥാനങ്ങള്‍. കേരളത്തില്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് ലഭിച്ചതുപോലുള്ള സഹകരണവും പിന്തുണയും മറ്റൊരു സംസ്ഥാനത്തും ലഭിച്ചിട്ടില്ലെന്ന് ഗെയിലിന്‍റെ പ്രധാന ഉദ്യോഗസ്ഥര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

പദ്ധതി പൂര്‍ത്തിയാക്കിയതിന് കേരളത്തിലെയും കര്‍ണാടകത്തിലെയും ജനങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. രണ്ടു സംസ്ഥാനങ്ങളുടെയും സാമ്പത്തിക വികസനത്തിന് ഈ പദ്ധതി വലിയ സംഭാവനയാകും. ഒന്നിച്ചു നിന്നാല്‍ ഒന്നും അസാധ്യമല്ലെന്നാണ് പദ്ധതിയുടെ വിജയം തെളിയിക്കുന്നതെന്നും നരേന്ദ്രമോദി പറഞ്ഞു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല, കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ തുടങ്ങിയവരും വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തിയ പരിപാടിയില്‍ സംബന്ധിച്ചു.

പിണറായി വിജയന് നന്ദി; കേരളത്തിന്റെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഗെയില്‍ പദ്ധതി നടപ്പാകില്ലായിരുന്നു: ധര്‍മേന്ദ്ര പ്രധാന്‍

തിരുവനന്തപുരം> കേരളത്തിന്റെ പിന്തുണ ഉണ്ടായിരുന്നില്ലെങ്കില്‍ ഗെയില്‍ പദ്ധതി യാഥാര്‍ഥ്യം ആകില്ലായിരുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നാടിന് സമര്‍പ്പിക്കുന്ന ചടങ്ങിലാണ് അദ്ദേഹം സംസ്ഥാനത്തിന് നന്ദി രേഖപ്പെടുത്തിയത്.

ഫെഡറലിസത്തിന്റെ ഭാഗമായി, സഹകരിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ക്ലാസിക് ഉദാഹരണമാണ് ഗെയില്‍ പദ്ധതി യാഥാര്‍ഥ്യമായതിലൂടെ കാണാനാകുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന് നന്ദി അറിയിക്കുന്നുവെന്നും ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി

No comments:

Post a Comment