Thursday, January 7, 2021

വാളയാർ കേസിൽ പുനർ വിചാരണ : സർക്കാർ അപ്പീൽ അംഗീകരിച്ചു, പ്രതികളെ വെറുതെവിട്ട വിധി റദ്ദാക്കി

കൊച്ചി> വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തകേസില്‍ സർക്കാർ അപ്പീൽ അംഗീകരിച്ച ഹൈക്കോടതി പ്രതികളെ വെറുതെ വിട്ട വിചാരണകോടതി വിധി റദ്ദാക്കി. കേസിൽ വീണ്ടും  പുനർവിചാരണ  നടത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.  പ്രതികളെ വെറുതെ വിട്ടതിനെ തുടര്‍ന്ന് നീതി ഉറപ്പാക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട്‌ സര്‍ക്കാര്‍ ഹൈക്കോടതിയിൽ നൽകിയ അപ്പീലാണ്‌ അംഗീകരിച്ചത്‌.മരിച്ച പെൺകുട്ടികളുടെ അമ്മയും സമാന ആവശ്യങ്ങളുയർത്തി അപ്പീൽ നൽകിയിരുന്നു. ഹൈക്കോടതി ആ അപ്പീലും അംഗീകരിച്ചു.ജസ്റ്റീസുമാരായ എ ഹരിപ്രസാദും എം ആർ  അനിതയും അടങ്ങുന്ന ബഞ്ചാണ് ഉത്തരവിട്ടത്.

പ്രതികളായ വലിയ മധു, കുട്ടി മധു, ഷിബു എന്നിവർ 20നുള്ളിൽ  സെഷൻസ് കോടതിയിൽ കീഴടങ്ങണം.പോക്‌സോ കോടതി വിധിയാണ്‌ റദ്ദാക്കിയത്‌. കേസിൽ പുനരന്വേഷണം വേണമെങ്കിൽ വിചാരണ കോടതിയെ സമീപിക്കാനും കോടതി നിർദ്ദേശിച്ചു. കേസിൽ സർക്കാരിനു വേണ്ടി സ്പെഷ്യൽ ഗവ  പ്ലീഡർ നിക്കോളാസ് ജോസഫ്, സീനിയർ ഗവ  പ്ലീഡർ എസ് യു നാസർ എന്നിവർ ഹാജരായിവാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ  പീഡനത്തെത്തുടര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

പ്രായപൂർത്തിയാവാത്ത ഒരു പ്രതിയടക്കം അഞ്ചുപേരാണ് കേസിലെ പ്രതികൾ . വലിയ മധു ,കുട്ടി മധു, ഷിബു, പ്രദീപ് കുമാർ എന്നിവരാണ്

പ്രധാന പ്രതികൾ.ഇതിൽ പ്രദീപ് കുമാർ ഹൈക്കോടതിയിൽ കേസ് നടക്കുന്നതിനിടെ ആത്മഹത്യ ചെയ്തു. 2017 ജനുവരിയിലാണ് കുട്ടികളെ തുങ്ങി മരിച്ച നിലയിൽ കണ്ടത് .

 സർക്കാർ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ

കേസില്‍ പൊലിസിനും പ്രോസിക്യൂഷനും വിചാരണക്കോടതിക്കും വീഴ്ചയുണ്ടായെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡിഎന്‍എ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചില്ല.

പ്രധാനപ്പെട്ട സാക്ഷി മൊഴികളും മജിസ്‌ടേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴികളും വിചാരണക്കോടതിയില്‍ എത്തിച്ചില്ല. കേസിലെ പ്രധാന സാക്ഷിയായ ഇളയ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കിയില്ല. പോക്‌സോനിയമപ്രകാരം പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതായിരുന്നു. കേസിലെ സാഹചര്യം മേലധികാരികളേയോ സര്‍ക്കാരിനേയോ അറിയിച്ചില്ല.

ഇളയകുട്ടി മരണപ്പെട്ടതോടെ കേസിലെ പ്രധാന സാക്ഷി തന്നെ ഇല്ലാതായി. പ്രോസിക്യൂഷന്റെ ഭാഗത്ത് ഗുരുതര പിഴവുകള്‍ ഉണ്ടായി. അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളും സാക്ഷികളെയും വേണ്ട വിധം ഹാജരാക്കിയില്ല. സാക്ഷികളെ തെരഞ്ഞെടുക്കുന്നതിലും വിസ്തരിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.

പ്രധാന സാക്ഷികളേയും രഹസ്യ മൊഴി രേഖപ്പെടുത്തിയ മജിസ്‌ട്രേറ്റിനെയും വിസ്തരിച്ചില്ല. പ്രോസിക്യൂഷന്‍ അന്വേഷണ ഉദ്യോഗസ്ഥരുമായും സഹകരിച്ചില്ല. വിസ്താര സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യം കോടതിയില്‍ ഉറപ്പാക്കിയില്ല.കൂറു മാറിയ സാക്ഷികളുടെ എതിര്‍ വിസ്താരം നടത്തിയില്ല.

വിചാരണക്കോടതിയുടെ ഭാഗത്തും ഗുരുതര പിഴവുകള്‍ ഉണ്ടായി.പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടായപ്പോള്‍ കോടതി ഇടപെടണമായിരുന്നു.അതുണ്ടായില്ല. സാക്ഷികള്‍ കൂറുമാറിയപ്പോള്‍ തെളിവു നിയമത്തിലെ 165-ാം വകുപ്പു പ്രകാരം സാക്ഷി വിസ്താരത്തിനിടെ കോടതി ഇടപെടണമായിരുന്നു. കോടതി ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. തെളിവെടുപ്പിനിടെ അനാവശ്യ നിരീക്ഷണങ്ങള്‍ നടത്തി. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ വിധിന്യായത്തില്‍ വന്നെന്നും നീതിനിര്‍വഹണത്തില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ കേസിന്റെ വിധി ഇങ്ങനെ ആവുമായിരുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഹൈക്കോടതി വിധി നീതിന്യായ ചരിത്രത്തിൽ ആദ്യം ; പ്രോസിക്യൂഷൻതന്നെ പുനർവിചാരണയ്‌ക്കും തുടരന്വേഷണത്തിനും വിധി സമ്പാദിക്കുന്നതും ആദ്യം

വാളയാർ പീഡനക്കേസിൽ പുനർവിചാരണയും ആവശ്യമെങ്കിൽ തുടരന്വേഷണവും പ്രഖ്യാപിച്ച ഹൈക്കോടതിയുടെ വിധി രാജ്യത്തെ നീതിന്യായ ചരിത്രത്തിൽ ആദ്യത്തേത്. അന്വേഷണത്തിലും വിചാരണയിലും ഉണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻതന്നെ മേൽക്കോടതിയെ സമീപിച്ച് പുനർവിചാരണയ്‌ക്കും അവശ്യമെങ്കിൽ തുടരന്വേഷണത്തിനും വിധി സമ്പാദിക്കുന്നതും ആദ്യമാണ്‌.

കുട്ടികളുടെ അമ്മ പുനർവിചാരണയും പ്രത്യേക പ്രോസിക്യൂട്ടർ നിയമനവും മാത്രം ആവശ്യപ്പെട്ടപ്പോൾ തുടരന്വേഷണവും പുനർവിചാരണയുമാണ്‌ സർക്കാർ ആവശ്യപ്പെട്ടത്. ബെസ്റ്റ് ബേക്കറി കേസിലെ സുപ്രീംകോടതി വിധി അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാർ വാദം. വിചാരണക്കോടതി വിട്ടയച്ച പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാൻ സർക്കാർ കാണിച്ച ഇച്ഛാശക്തിയും കോടതി‌ക്ക്‌ അതിനോടുള്ള അനുകൂല പ്രതികരണവും സംസ്ഥാനത്ത് മുമ്പുണ്ടായിട്ടില്ല. ക്രിമിനൽ അപ്പീലുകളിലെ കാലതാമസം ഒഴിവാക്കി കേസ് അടിയന്തരമായി പരിഗണിക്കണമെന്ന സർക്കാരിന്റെ പ്രത്യേക അപേക്ഷ പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ച്  തുടർച്ചയായി വാദംകേട്ട് അന്തിമ തീർപ്പുണ്ടാക്കിയത്.

ഇരകളാണ് നീതി തേടി മേൽക്കോടതിയെ സമീപിക്കാറുള്ളത്. എന്നാൽ, പ്രതികൂല വിധിക്ക് കാരണം സർക്കാർ ഏജൻസികളുടെയും വിചാരണക്കോടതിയുടെയും പിഴവുകളാണെന്ന് ഏറ്റുപറഞ്ഞ് സർക്കാർതന്നെ ഹൈക്കോടതിയെ സമീപിക്കുകയും ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും കോടതി അംഗീകരിക്കുകയും ചെയ്‌തു. ഇതും അപൂർവമായി. പുനർവിചാരണയും തുടരന്വേഷണവും ആവശ്യപ്പെട്ടുള്ള സർക്കാർ അപ്പീലുകളിൽ ഒരു വർഷത്തിനകം വിധിയുണ്ടായതും വേഗത്തിലുള്ള നീതിനടത്തിപ്പിന്റെ ഭാഗമായി.

വാളയാര്‍: നീതി ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ജാഗ്രത നിര്‍ണായകമായി

കൊച്ചി > വാളയാര്‍ പീഡനകേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി വിധി ഹൈക്കോടതി റദ്ദാക്കിയതോടെ, കേസില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നിതാന്ത ജാഗ്രതയാണ് വീണ്ടും വെളിവാകുന്നത്. വിചാരണക്കോടതി വിധിക്കെതിരായ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി അംഗീകരിക്കുകയും കേസില്‍ പുനര്‍വിചാരണ നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

പ്രതികളെ വെറുതെ വിട്ടതിനെ തുടര്‍ന്ന് നീതി ഉറപ്പാക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. മരിച്ച പെണ്‍കുട്ടികളുടെ അമ്മയും സമാന ആവശ്യങ്ങളുയര്‍ത്തി അപ്പീല്‍ നല്‍കിയിരുന്നു. ഹൈക്കോടതി ആ അപ്പീലും അംഗീകരിച്ചു.

ഈ വസ്തുതകളെല്ലാം ഒളിപ്പിച്ചാണ് ചില സംഘടനകളും മാധ്യമങ്ങളും ചേര്‍ന്ന് സര്‍ക്കാരിനെതിരെ വ്യാജ പ്രചരണം നടത്തുന്നത്.

വിചാരണ കോടതി വിട്ടയച്ച പ്രതികളെ വീണ്ടും അറസ്റ്റു ചെയ്യുക എന്ന അത്യപൂര്‍വ്വ ഉത്തരവും സര്‍ക്കാരിന്റെ ആവശ്യപ്രകാരം നേരത്തേ ഹൈക്കോടതിയില്‍ നിന്നുണ്ടായിരുന്നു. അറസ്റ്റ് ചെയ്യാന്‍ ഉത്തരവുണ്ടായ ദിവസം തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ചകള്‍ ഉണ്ടായി എന്ന് സര്‍ക്കാര്‍ തന്നെ  കോടതിയില്‍ നിലപാടെടുത്തിരുന്നു. എന്നിട്ടും വാളയാര്‍ പ്രശ്‌നം മുന്‍നിര്‍ത്തി ചില സംഘടനകള്‍ സര്‍ക്കാരിനെതിരെ പല കുപ്രചരണങ്ങളും സംഘടിപ്പിച്ചു.

വിചാരണ കോടതിയിലെ കേസ് നടത്തിപ്പ് സംബന്ധിച്ച വീഴ്ചകള്‍ വിലയിരുത്തി അവിടുത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നീക്കിയിരുന്നു. കേസില്‍ പുനര്‍വിചാരണയും തുടരന്വേഷണവും എന്നാണു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ച ആവശ്യം. കുട്ടികളുടെ അമ്മയുടെ ഹര്‍ജിയില്‍ പുനര്‍വിചാരണയും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നിയമനവും മാത്രമാണ് ആവശ്യപ്പെട്ടത്.

വിചാരണ കോടതിയുടെ വീഴ്ചകളും സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചില്‍ ചൂണ്ടിക്കാട്ടി. ഗ്രാമപ്രദേശത്തു നിന്നു എത്തിയ സാക്ഷികള്‍ നല്‍കിയ മൊഴികളില്‍ പോരായ്മ ഉണ്ടെങ്കില്‍ വിചാരണ കോടതി ഫലപ്രദമായ ഇടപെടല്‍ നടത്തണമായിരുന്നുവെന്ന് സുപ്രീംകോടതി വിധിന്യായങ്ങള്‍ ഉദ്ധരിച്ച് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിലെ അടിത്തട്ടില്‍ നിന്നുള്ള ആളുകള്‍ ഉള്‍പ്പെടുന്ന കേസുകളില്‍ വിചാരണ കോടതി മൂകസാക്ഷിയായി ഇരിക്കാന്‍ പാടില്ലന്ന സുപ്രീം കോടതി വിധിയും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേസില്‍ വിചാരണ നേരിട്ട 4 പ്രതികളെയാണ് വിചാരണ കോടതി വിട്ടയച്ചത്. പ്രതിസ്ഥാനത്തുള്ള മൈനര്‍ക്കെതിരായ നടപടികള്‍ ജുവനൈല്‍ കോടതിയുടെ പരിഗണനയിലാണ്.

ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത് കൂടാതെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ, കേസ് ആദ്യം  അന്വേഷിച്ച എസ്ഐക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. കുടുംബത്തിന് ആശ്വാസമായി നഷ്ടപരിഹാരം നല്‍കി വീട് നിര്‍മാണം പൂര്‍ത്തിയാക്കി. വിധി വന്നശേഷം പൊലീസിന്റെ വീഴ്ച കണ്ടെത്താന്‍ അന്വേഷണത്തിനും  സര്‍ക്കാര്‍ ഉത്തരവിട്ടു. കൂടാതെ ശിശുക്ഷേമസമിതി (സിഡബ്ല്യുസി) ജില്ലാ  ചെയര്‍മാനെതിരെ നടപടിയെടുത്തു. കേസ് അന്വേഷണത്തിലെ വീഴ്ച കണ്ടെത്താന്‍ ജുഡീഷ്യല്‍ കമീഷനെയും നിയമിച്ചു.

കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ലെന്നും ഡിഎന്‍എ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സാക്ഷികളെ തെരഞ്ഞെടുക്കുന്നതിലും വിസ്തരിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. വിചാരണക്കോടതിയുടെ ഭാഗത്തും ഗുരുതര പിഴവുകള്‍ ഉണ്ടായി. പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടായപ്പോള്‍ കോടതി ഇടപെടണമായിരുന്നു. അതുണ്ടായില്ല. സാക്ഷികള്‍ കൂറുമാറിയപ്പോള്‍ തെളിവു നിയമത്തിലെ 165-ാം വകുപ്പു പ്രകാരം സാക്ഷി വിസ്താരത്തിനിടെ കോടതി ഇടപെടണമായിരുന്നു. നീതിനിര്‍വഹണത്തില്‍ കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ കേസിന്റെ വിധി ഇങ്ങനെ ആവുമായിരുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരിനു വേണ്ടി സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ നിക്കോളാസ് ജോസഫും സീനിയര്‍ ഗവ. പ്ലീഡര്‍ എസ് യു നാസറുമാണ് ഹാജരായത്.

വാളയാർ: ഹൈക്കോടതി വിധി സ്വാഗതാർഹം: മന്ത്രി എ കെ ബാലൻ

പാലക്കാട്‌> വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ പീഡനത്തെ തുടർന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെ വെറുതെവിട്ട  വിചാരണ കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ഏറെ സന്തോഷമുണ്ടാക്കുന്നതാണെന്ന്‌ മന്ത്രി എ കെ ബാലൻ. 

സർക്കാർ നൽകിയ  അപ്പീൽ അംഗീകരിച്ച ഹൈക്കോടതി കേസിൽ   പുനർവിചാരണ  നടത്തണമെന്നും തുടരന്വേഷണം നടത്തണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഈ രണ്ട് ആവശ്യങ്ങളാണ് സംസ്ഥാന സർക്കാർ പ്രധാനമായും അപ്പീലിൽ ഉന്നയിച്ചിരുന്നത്. രണ്ടും കോടതി അംഗീകരിച്ചു. ക്രിമിനൽ നീതിന്യായ നിർവഹണ ചരിത്രത്തിലെ  അപൂർവമായ ഒരു വിധിയാണിത്.

കേസില്‍ പൊലീസിനും പ്രോസിക്യൂഷനും വിചാരണക്കോടതിക്കും വീഴ്ചയുണ്ടായെന്ന്  സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായ അന്വേഷണം നടത്തിയില്ല. ഡിഎന്‍എ അടക്കമുള്ള തെളിവുകള്‍ ശേഖരിച്ചില്ല. പ്രധാനപ്പെട്ട സാക്ഷി മൊഴികളും മജിസ്‌ടേറ്റിനു മുന്നില്‍ നല്‍കിയ രഹസ്യമൊഴികളും വിചാരണക്കോടതിയില്‍ എത്തിച്ചില്ല. കേസിലെ പ്രധാന സാക്ഷിയായ ഇളയ പെണ്‍കുട്ടിക്ക് സംരക്ഷണം നല്‍കിയില്ല. കേസിലെ സാഹചര്യം മേലധികാരികളേയോ സര്‍ക്കാരിനേയോ അറിയിച്ചില്ല. ഇളയ കുട്ടി മരണപ്പെട്ടതോടെ കേസിലെ പ്രധാന സാക്ഷി തന്നെ ഇല്ലാതായി.

പ്രോസിക്യൂഷന്റെ ഭാഗത്ത് ഗുരുതര പിഴവുകളുണ്ടായി. അന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളും സാക്ഷികളെയും വേണ്ട വിധം ഹാജരാക്കിയില്ല. സാക്ഷികളെ തെരഞ്ഞെടുക്കുന്നതിലും വിസ്തരിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. വിസ്താര സമയത്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യം കോടതിയില്‍ ഉറപ്പാക്കിയില്ല. കൂറു മാറിയ സാക്ഷികളുടെ എതിര്‍ വിസ്താരം നടത്തിയില്ല. ഇത്തരം ഗുരുതരമായ പിഴവുകൾ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

വിചാരണക്കോടതിയുടെ ഭാഗത്തും ഗുരുതര പിഴവുകള്‍ ഉണ്ടായി. പ്രോസിക്യൂഷന്റെ ഭാഗത്ത് വീഴ്ച ഉണ്ടായപ്പോള്‍ വേണ്ട പോലെ ഇടപെടാൻ കോടതി തയ്യാറായില്ല. സാക്ഷികള്‍ കൂറുമാറിയപ്പോള്‍ തെളിവു നിയമത്തിലെ 165-ാം വകുപ്പു പ്രകാരം സാക്ഷി വിസ്താരത്തിനിടെ കോടതിക്ക് ഇടപെടാമായിരുന്നു. കോടതി  അതിൻ്റെ ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. തെളിവെടുപ്പിനിടെ അനാവശ്യ നിരീക്ഷണങ്ങള്‍ കോടതി  നടത്തി. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ വിധിന്യായത്തില്‍ വന്നു.  നീതിനിര്‍വഹണത്തില്‍ കോടതി   കാര്യക്ഷമമായി ഇടപെട്ടിരുന്നെങ്കില്‍ കേസിന്റെ വിധി ഇങ്ങനെ ആവുമായിരുന്നില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വാളയാറിലെ പെൺകുട്ടികൾക്ക് നീതി കിട്ടണമെന്ന കാര്യത്തിൽ ഗവണ്മെൻ്റിന് തുടക്കം മുതൽ തന്നെ നിർബ്ബന്ധമുണ്ടായിരുന്നു. ഈ വിഷയം ഉന്നയിച്ച് സർക്കാരിനെ രാഷ്ട്രീയമായി ആക്രമിക്കാൻ പലരും രംഗത്തുവന്നു. എന്നാൽ പഴുതുകളടച്ചുള്ള ഇടപെടലുകളിലൂടെ  കുറ്റവാളികളെ ശിക്ഷിക്കാൻ വഴിയൊരുക്കുകയാണ് സർക്കാർ ചെയ്തത്. ഹൈക്കോടതി വിധി ഇക്കാര്യത്തിൽ വലിയ പ്രചോദനമാണ്. കുറ്റമറ്റ രീതിയിൽ പുനർവിചാരണയും തുടർ അന്വേഷണവും നടത്താനുള്ള എല്ലാ സാഹചര്യങ്ങളും സർക്കാർ സൃഷ്ടിക്കും. വാളയാർ  പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ഏതറ്റം വരെയും പോകും. എ കെ ബാലൻ പറഞ്ഞു.

No comments:

Post a Comment