Friday, January 8, 2021

സഹകരണ ബാങ്കുകളെ തകർക്കരുത്‌

നമ്മുടെ രാജ്യത്തെ സഹകരണപ്രസ്ഥാനം സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ഒരു അത്താണിയാണ്. സഹകരണബാങ്കുകൾ വലിയ സേവനമാണ് രാജ്യത്തൊട്ടാകെ ചെയ്തുകൊണ്ടിരിക്കുന്നത്. സഹകരണപ്രസ്ഥാനം പടർന്ന് പന്തലിച്ചുനിൽക്കുന്ന കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങളുടെ സമ്പദ്ഘടനയെപ്പോലും താങ്ങിനിർത്തുന്നതിൽ സഹകരണബാങ്കുകൾക്ക് വലിയ പങ്കാണുള്ളത്. പാവപ്പെട്ട ബഹുഭൂരിപക്ഷം വരുന്ന സംസ്ഥാനത്തെ ജനങ്ങൾക്ക് ഇവിടത്തെ സഹകരണബാങ്കുകളാണ് ഏകആശ്രയം. ദേശസാൽകൃതബാങ്കുകളും ഷെഡ്യൂൾഡ് ബാങ്കുകളുമൊന്നും സാധാരണക്കാർക്ക് കാര്യമായ ആശ്വാസം നൽകുന്നില്ല. ഇപ്പോഴും പ്രമാണിമാരുടെയും സമ്പന്നരുടെയും താൽപ്പര്യങ്ങളാണ് ഇത്തരം ബാങ്കുകൾ സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്.

സഹകരണബാങ്കിങ് മേഖലയെ പൂർണമായും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കാൻ കേന്ദ്ര സർക്കാർ രംഗത്തുവന്നിരിക്കുകയാണ്. ഏപ്രിൽ ഒന്നുമുതൽ ഇത് ബാധകമാകുമെന്ന് കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ഇറക്കിയിരിക്കുകയാണ്. ബാങ്കിങ് നിയന്ത്രണത്തിൽ വരുത്തിയ ഈ മൗലികമായ ഭേദഗതികൾ സംസ്ഥാന–- ജില്ലാ സഹകരണബാങ്കുകൾക്കും ബാധകമാണ്. ഇതിനോടൊപ്പം റിസർവ് ബാങ്കിന്റെ നിർദേശംകൂടി ലഭിക്കണം. സർക്കാർ നിർദേശമനുസരിച്ചുള്ള നടപടികൾ റിസർവ് ബാങ്കിന്റെ ഭാഗത്തുനിന്ന്‌ ഉടൻതന്നെ ഉണ്ടായേക്കും.

വലിയ മാറ്റങ്ങളാണ് സഹകരണബാങ്കിങ് മേഖലയിൽ വരാൻ പോകുന്നത്. ബാങ്ക്‌ ഭരണസമിതിയുടെ കാലയളവ് മാറുകയും സഹകരണബാങ്കുകളുടെ ഓഹരികൾ കൈമാറ്റം ചെയ്യാനുമാകും. ഭരണസമിതിക്കും ബാങ്ക് ചെയർമാനും ജീവനക്കാർക്കുമെതിരെ റിസർവ്‌ ബാങ്കിന് നടപടിയെടുക്കാനാകും. രാഷ്ട്രീയ പരിഗണനവച്ച് സഹകരണബാങ്കിങ് മേഖലയിൽ വൻ കടന്നുകയറ്റത്തിനാണ് കേന്ദ്ര ഭരണാധികാരികൾ നീക്കം തുടങ്ങിയിരിക്കുന്നതെന്ന് പകൽപോലെ വ്യക്തവുമാണ്. 

ഇംഗ്ലണ്ടിലെ റോബർട്ട് ഓവനാണ് സഹകരണപ്രസ്ഥാനത്തിന്റെ ജനയിതാവ്. റോക്ഡേൽ സഹകരണസംഘത്തിന്റെ രൂപീകരണത്തോടെ സഹകരണസംഘങ്ങളുടെ തുടക്കമായി. ഇന്ത്യയിൽ 20–-ാം നൂറ്റാണ്ടിലെ തുടക്കത്തിലാണ് സഹകരണപ്രസ്ഥാനത്തിന്റെ ആരംഭം. ജനസംഖ്യാവർധയും തൊഴിലില്ലായ്മയും ഭാരിച്ച കടവും അമിതമായ പലിശയുംമൂലം രാജ്യത്തെ സാധാരണക്കാരുടെ ജീവിതം എല്ലാ നിലയിലും തകർന്ന കാലമായിരുന്നു അത്. സാമ്പത്തിക വ്യാപാരത്തിന്റെ എല്ലാ മേഖലയിലേക്കും അതു വ്യാപിച്ചു. 1904ൽ സഹകരണസംഘം നിയമം പാസാക്കി. ചെറുകിട കർഷകരിലും കൃഷിത്തൊഴിലാളികളിലും സഹകരണമനോഭാവം വളർത്തുകയായിരുന്നു മുഖ്യലക്ഷ്യം. ജനാധിപത്യ അടിസ്ഥാനത്തിലാണ് സഹകരണസംഘത്തിന്റെ ഭരണം. ഓരോ അംഗത്തിനും ഓരോ വോട്ടുമാത്രം. ജോയിന്റ് സ്റ്റോക്ക് കമ്പനികളെപ്പോലെ ഓഹരിത്തുകയ്ക്ക് അനുസരിച്ചല്ല വോട്ടവകാശം. സംഘങ്ങൾ വിശാലമായ നിഷ്‌പക്ഷത പാലിക്കേണ്ടതാണ്. ഉൽപ്പാദന വിതരണപ്രക്രിയകൾ നടത്തുന്നതിൽ സംഘങ്ങൾക്ക് മിതമായ ലാഭം ഉണ്ടാകുന്നുണ്ട്.

ഡിവിഡന്റിന് പരിധി കൽപ്പിച്ച് ബാക്കി ആദായം സംഘത്തിന്റെ വികസനത്തിനോ പൊതുനന്മയ്ക്കോ മാറ്റിവയ്ക്കുന്നു. ഇന്ത്യയിൽ ആറ്‌ ലക്ഷത്തിനുപുറത്ത് സഹകരണസംഘങ്ങളുണ്ട്. ഏകദേശം 100 ശതമാനം ഗ്രാമങ്ങളും 71 ശതമാനം ഗ്രാമീണ കുടുംബങ്ങളും ഇതിൽ ഉൾപ്പെടും. 16 ശതമാനം കാർഷിക ധനസഹായവും 35 ശതമാനം രാസവളവും വിതരണം ചെയ്യുന്നത് ഈ സംഘങ്ങൾ വഴിയാണ്. 26.5 ശതമാനം രാസവളങ്ങൾ ഉൽപ്പാദിപ്പിക്കുന്നതും ഈ സംഘങ്ങളാണ്. രാജ്യത്തെ മൊത്തം പഞ്ചസാര ഉൽപ്പാദനത്തിൽ 45 ശതമാനവും സഹകരണ പഞ്ചസാര മില്ലുകൾ വഴിയാണ്.

കേരളത്തിൽ രജിസ്‌ട്രാർ ഓഫ് കോ–-ഓപ്പറേറ്റീവ് സൊസൈറ്റീസിന്റെ കീഴിൽ 14602 സഹകരണസംഘമുണ്ട്. ഇതിൽ 11270 എണ്ണം പ്രവർത്തനക്ഷമമാണ്. 28 അപ്പക്സ്–-ഫെഡറൽ സൊസൈറ്റി, 3512 കാർഷികവായ്പാ സംഘം, 4687 ഉപഭോക്‌തൃ സഹകരണസംഘം, 3257 മറ്റു സഹകരണസംഘം, 1106 വനിതാ സംഘം, 832 പട്ടികജാതി പട്ടികവർഗ സംഘം എന്നിവയാണ് രജിസ്റ്റർ ചെയ്ത സഹകരണസംഘങ്ങൾ. കാർഷികവായ്പാ സംഘങ്ങളും അതുപോലുള്ള വായ്പാ സഹകരണസംഘങ്ങളും ബാങ്കിങ് പ്രവർത്തനമാണ് നടത്തിവരുന്നത്.

പഞ്ചായത്ത് അടിസ്ഥാനത്തിൽ രൂപീകരിച്ചിട്ടുള്ള സർവീസ് സഹകരണ സംഘങ്ങൾ ഗ്രാമീണരുടെ വിവിധ പ്രശ്നങ്ങളെ സമഗ്രമായി നേരിടാനും പരിഹരിക്കാനും വിവിധ ഉദ്ദേശ സഹകരണസംഘങ്ങൾ രൂപീകരിച്ചു. അവയിൽ ചില ഭേദഗതികൾ വരുത്തിയാണ് സർവീസ് സഹകരണ സംഘങ്ങൾ സ്ഥാപിച്ചത്. വായ്പകൾ നൽകുക, കാർഷികാവശ്യത്തിനുള്ള സാധനസാമഗ്രികളും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്യുക, കാർഷികവിപണനം നടത്തുക, കർഷകരുടെ ഇടയിൽ മിതവ്യയവും സമ്പാദ്യശീലവും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഇതിനുള്ളത്. ഇതിന്റെ പ്രവർത്തനപരിധിയിൽ മിക്കപ്പോഴും ഒരു ഗ്രാമം മുഴുവനാണ്. ഇവ ഇന്ന് സഹകരണബാങ്കായി മാറിയിരിക്കുകയാണ്.

ഗ്രാമത്തിലെ ആയിരക്കണക്കിന് പാവപ്പെട്ടവരുടെ ഏക സാമ്പത്തിക ആശ്രയവും ഈ ബാങ്കുകൾ തന്നെയാണ്.

സഹകരണം  പൂർണമായും ഒരു സംസ്ഥാന വിഷയമാണ്.  ഇതുസംബന്ധിച്ച നിയമനിർമാണത്തിനുള്ള അധികാരവും സംസ്ഥാനത്തിനു തന്നെയാണ്.  സംസ്ഥാനങ്ങളുമായി ആലോചിക്കാതെ ഏകപക്ഷീയമായി ഒരു നിയമം അടിച്ചേൽപ്പിക്കാൻ കേന്ദ്രത്തിന് ഭരണഘടനാപരമായി ഒരു അധികാരവുമില്ലാത്തതാണ്. അങ്ങനെ ചെയ്താൽ അത് ഫെഡറലിസത്തിന്റെ നഗ്നമായ ലംഘനവുമാണ്. അതാണ് ഇപ്പോൾ ഏറ്റവും ഒടുവിൽ ഉണ്ടായിരിക്കുന്ന കേന്ദ്രധനമന്ത്രാലയത്തിന്റെ സഹകരണബാങ്കുകളെയാകെ ബാധിക്കുന്ന ബാങ്കിങ് നിയന്ത്രണത്തിൽ വരുത്തിയ ഭേദഗതികൾ.

സഹകരണസംഘങ്ങളാകെ സംസ്ഥാന കോ–-ഓപ്പറേറ്റീവ് ആക്ട് അനുസരിച്ചാണ് പ്രവർത്തിച്ചുവരുന്നത്. ബാങ്കിങ് കേന്ദ്രവിഷയമായതിനാൽ സഹകരണബാങ്കുകളെ ഇതിൽക്കൂടി വരുതിക്ക് നിർത്താമെന്നാണ് കേന്ദ്രം കണ്ടെത്തിയിരിക്കുന്നത്. സഹകരണബാങ്കുകളുടെ ബാങ്കിങ്‌ സംബന്ധമായ കാര്യങ്ങളിൽ റിസർവ് ബാങ്കിന് ഇടപെടാൻ അധികാരമുണ്ട്. എന്നാൽ, ഭരണസമിതി തെരഞ്ഞെടുപ്പ്, അംഗത്വം, ഓഹരി എന്നിവയിലൊന്നും റിസർവ് ബാങ്കിനോ കേന്ദ്രസർക്കാരിനോ ഇടപെടാൻ കഴിയുകയില്ല. ഇതാണ് ഭേദഗതിയിലൂടെ കേന്ദ്രം തിരുത്തുന്നത്.

പുതിയ ഭേദഗതിയനുസരിച്ച് ഒരു സഹകരണബാങ്കിന് ആവശ്യമെങ്കിൽ ഇന്ത്യയിലെ ഏതുബാങ്കുമായും ലയിപ്പിക്കാൻ റിസർവ് ബാങ്കിന് അധികാരമുണ്ടാകും. ഈ ലയനം സഹകരണബാങ്കുമായി ആലോചിച്ച് ആകണമെന്നുപോലും വ്യവസ്ഥയില്ല. ഭരണസമതി അംഗങ്ങൾ, ജീവനക്കാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ചെയർമാൻ, മാനേജിങ് ഡയറക്ടർ എന്നിവർക്കെതിരെ ആർബിഐക്ക് നടപടിയെടുക്കാം. ഭരണസമിതിയെ പിരിച്ചുവിടാനും കഴിയും. സംസ്ഥാന സർക്കാരിനെ ഈ പിരിച്ചുവിടൽ വിവരം രേഖാമൂലം അറിയിക്കണമെന്ന് മാത്രമാണ് വ്യവസ്ഥ.

സഹകരണബാങ്കുകളുടെ പൊതുയോഗം വിളിക്കാനും തെരഞ്ഞെടുപ്പ് നടത്താനും റിസർവ്‌ ബാങ്കിന് അധികാരമുണ്ടാകും. ഭരണസമിതി അംഗങ്ങളിൽ 51 ശതമാനം പ്രൊഫഷണൽ യോഗ്യതയുള്ളവരോ ബാങ്കിങ് മേഖലയിൽ പ്രവൃത്തി പരിചയമുള്ളവരോ ആകണം. നിശ്ചിത ശതമാനം അംഗങ്ങൾ ഈ യോഗ്യത ഇല്ലാത്തവരായാൽ റിസർവ് ബാങ്കിന് ഇടപെടാം. രണ്ടുമാസത്തിനുള്ളിൽ യോഗ്യതയുള്ളവരെ നിയമിക്കാൻ നിർദേശിക്കാം. അതിനിടയിൽ നിയമനം നടത്താനായില്ലെങ്കിൽ ആർബിഐ സ്വന്തം നിലയ്ക്ക് ഈ ഒഴിവ് നികത്തും. ഇന്ത്യയിൽ എവിടെയുള്ളവരെയും ആർബിഐക്ക് ഡയറക്ടറായി നിയമിക്കാം. ഇത് കോടതിയിൽ ചോദ്യം ചെയ്യാനുമാകില്ല.  

ഒരു ഭരണസമിതി അംഗത്തിന് എട്ട്‌ വർഷമാണ് കാലാവധി. ചെയർമാന്റെ കാലാവധി 5 വർഷം. ചെയർമാൻ മുഴുവൻസമയ ജീവനക്കാരനുമായിരിക്കും. ബാങ്കിന് പ്രത്യേകമാനേജിങ് ഡയറക്ടറെ നിയമിക്കണം. ഇതുപാലിച്ചില്ലെങ്കിൽ റിസർവ് ബാങ്കിന് മാനേജിങ് ഡയറക്ടറെ നേരിട്ട് നിയമിക്കാനുള്ള അധികാരവും വിജ്ഞാപനത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

സംസ്ഥാന വിഷയമായതുകൊണ്ട് കേന്ദ്രത്തിന് നേരിട്ട് ഇടപെടുന്നതിൽ ചില പരിമിതികളുണ്ട്. അതുകൊണ്ടാണ് സഹകരണബാങ്കുകളെ ചങ്ങലയ്ക്കിടാൻ ബാങ്കിങ് റെഗുലേഷൻ ആക്ടിന്റെയും റിസർവ് ബാങ്കിന്റെയും പേരിൽ ഈ ഇടപെടലിന് കളമൊരുക്കിയിരിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ജനസംഖ്യയിൽ ഏതാണ്ട് 90 ശതമാനം ഏതെങ്കിലും സഹകരണസംഘങ്ങളിൽ അംഗങ്ങളാണ്. ഭൂരിഭാഗം സഹകാരികളും സഹകരണബാങ്കുകളുടെ ഉപഭോക്താക്കളുമാണ്. സഹകരണ ബാങ്കുകളെ ചങ്ങലയ്ക്കിടുന്ന പുതിയ വിജ്ഞാപനം നടപ്പായാൽ ലക്ഷോപലക്ഷം പാവപ്പെട്ടവരുടെയും താഴേയ്‌ക്കിടയിലുള്ളവരുടേയും ബാങ്കിങ് സൗകര്യങ്ങളാണ് നിഷേധിക്കപ്പെടാൻ പോകുന്നത്. കേന്ദ്രം കൊണ്ടുവരുന്ന സഹകരണമേഖലയെ നേരിട്ട് ബാധിക്കുന്ന ഈ ബാങ്കിങ് ഭേദഗതി ഒരിക്കലും അംഗീകരിക്കാൻ സാധാരണക്കാർക്ക് കഴിയുകയില്ല. കേന്ദ്രത്തിന്റെ തെറ്റായ തീരുമാനം തിരുത്തിയേ മതിയാകൂ. അതിനുള്ള ശക്തമായ നീക്കങ്ങളാണ് അടിയന്തരമായും കേരളമടക്കമുള്ള സംസ്ഥാന സർക്കാരുകളും സഹകാരികളും നടത്തേണ്ടത്.

അഡ്വ. ജി സുഗുണൻ

(ലേഖകൻ തിരുവനന്തപുരം ജില്ലാ സഹകരണബാങ്കിന്റെ മുൻ വൈസ് പ്രസിഡന്റാണ്)

No comments:

Post a Comment