Friday, January 8, 2021

സർക്കാർ നേട്ടങ്ങൾ നിരത്തി ഗവർണർ; കാർഷിക , പൗരത്വ നിയമങ്ങളിൽ കേന്ദ്രത്തിന്‌ വിമർശനം

 തിരുവനന്തപുരം> സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണി പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം മുതല്‍ പൗരത്വഭേദഗതി നിയമത്തില്‍ വരെ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനേയും ഗവര്‍ണര്‍ അഭിനന്ദിച്ചു.

കൊവിഡ് മഹാമാരിയെ ആര്‍ജവത്തോടെ നേരിട്ട സര്‍ക്കാരാണിത്. ആരും പട്ടിണി കിടക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തി. കൊവിഡ് ആശ്വാസ പദ്ധതി പ്രഖ്യാപിച്ച ആദ്യത്തെ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് ഭക്ഷ്യ കിറ്റും സൗജന്യ ചികിത്സയും ലഭ്യമാക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പോകുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു.’ ഗവര്‍ണര്‍ പറഞ്ഞു.

പ്രകടന പത്രിക നടപ്പിലാക്കിയ സര്‍ക്കാരാണിതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ‘തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിശ്വാസം ആര്‍ജിക്കാനായി. കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുള്ള സാമ്പത്തിക ആനുകൂല്യങ്ങളും സേവനങ്ങളും ചോദിച്ച് വാങ്ങാന്‍ സര്‍ക്കാരിന് കഴിഞ്ഞു.

ക്ഷേമ പെന്‍ഷനുകള്‍ ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിയും ഗവര്‍ണര്‍ പരാമര്‍ശിച്ചു. ക്ഷേമ പെന്‍ഷന്‍ 600 രൂപയില്‍ നിന്നും 1500 രൂപയാക്കി ഉയര്‍ത്തി. പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചു. പ്രവാസി പുനരധിവാസത്തിന് പ്രാമുഖ്യം നല്‍കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

കാര്‍ഷിക നിയമത്തിന് എതിരായ ഭാഗവും സര്‍ക്കാര്‍നയപ്രഖ്യാപനത്തില്‍ വായിച്ചു. കാര്‍ഷിക നിയമം ഇടനിലക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും ഗുണകരമാവുന്ന നിയമമാണ്. കാര്‍ഷിക നിയമം ഉപഭേക്തൃ സംസ്ഥാനമായ കേരളത്തിനും ദോഷം ചെയ്യും. കാര്‍ഷിക സമരം മഹത്തായ ചെറുത്തുനില്‍പ്പാണ്. കാര്‍ഷിക നിയമം താങ്ങുവില സമ്പ്രദായത്തെ ബാധിക്കും. കര്‍ഷകന്റെ വിലപേശല്‍ ശേഷി ഇല്ലാതാവും, പൂഴ്ത്തിവെപ്പിന് കളമൊരുങ്ങുന്നതാണ് നിയമം, കാര്‍ഷിക സ്വയം പര്യാപ്തതക്ക് കേരളം ശ്രമിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

വിവിധ വിഭാഗങ്ങൾക്കായി സമാശ്വാസത്തിനായി 25000 കോടിയുടെ പദ്ധതികൾ നടപ്പാക്കി. കൊവിഡ് മൂലം ഉള്ള സാമ്പത്തിക മാന്ദ്യം നേരിടാൻ ഉള്ള കേന്ദ്ര സഹായം പോരാ. ജിഎസ്‍ടി നഷ്ടപരിഹാരം ലഭിക്കാൻ ഇനിയും 2023 വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. കടമെടുപ്പ് പരിധി കൂട്ടാൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. പ്രതിസന്ധി കാലത്ത് ഇത്തരത്തിൽ ആശയക്കുഴപ്പങ്ങളുണ്ടാകുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇന്ധനവില കുത്തനെ കൂടുന്ന സ്ഥിതിയാണ്. ഇത് പല തരത്തിലും സംസ്ഥാനത്തിന്‍റെ സാമ്പത്തിക വ്യവസ്ഥയെ ബാധിച്ചു. എക്സൈസ് ഡ്യൂട്ടി കൂട്ടിയതും വലിയ പ്രതിസന്ധിയുണ്ടാക്കി.

സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ച് കേരള ബാങ്കിന് തുടക്കം കുറിക്കാന്‍ കഴിഞ്ഞു. ഗെയില്‍ അഭിമാനകരമായ പദ്ധതി, ഈ സാമ്പത്തിക വര്‍ഷം ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 8000 കോടി രൂപ ചെലവഴിച്ചുവെന്നും പറഞ്ഞു

പൗരത്വ ഭേദഗതി നിയമം പാസാക്കിയ വേളയില്‍ രാജ്യത്തെ മതേതരത്വം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങി. ഫെഡറലിസത്തിനായി വിട്ടുവീഴ്ച്ചയില്ലാതെ നിലകൊണ്ടു, രാജ്യത്തെ ഫെഡറല്‍ സ്വഭാവം കാത്തുസൂക്ഷിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ പ്രവര്‍ത്തിക്കണം.

ഡാറ്റാ സെന്‍ററുകളുടെ നവീകരണം 2021-ഓടെ ലക്ഷ്യമിടുന്നു.കെ ഫോൺ പദ്ധതി ഉടൻ യാഥാർഥ്യമാകും. കെ ഫോൺ വഴി പാവപെട്ടവർക്ക് സൗജന്യമായി ഇന്‍റർനെറ്റ് ലഭ്യമാക്കും. സെമി ഹൈ സ്പീഡ് റെയിൽ പദ്ധതി കേന്ദ്ര അനുമതി കാത്തിരിക്കുന്നു. വിശദമായ പദ്ധതിരൂപരേഖ കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.ഗവർണർ പറഞ്ഞു.

കേന്ദ്രഏജന്‍സികള്‍ രാഷ്ട്രീയ ആയുധമായി; ദേശീയ തലത്തില്‍ സംവാദവിഷയമാക്കും: വിജയരാഘവന്‍

തിരുവനന്തപുരം > കേരളത്തിലെത്തിയ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ രാഷ്ട്രീയ ആയുധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. കേരളത്തില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ഭരിക്കുന്നത്. സര്‍ക്കാരിന്റെ അധികാരത്തിനപ്പുറത്തേക്ക് സമാന്തരഭരണം സ്ഥാപിച്ച് ഏജന്‍സികള്‍ പ്രതിപക്ഷത്തെ സഹായിക്കുകയാണ്. ഇത് ജനാധിപത്യ-ഭരണഘടനാ വിരുദ്ധമാണ്. കേന്ദ്ര ഏജന്‍സികളുടെ ഈ നീക്കം രാജ്യവ്യാപകമായി സിപിഐ എം തുറന്നുകാണിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസ് സംബന്ധിച്ച് അറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ട്. എന്നാല്‍ ഇവിടെ കേന്ദ്രഏജന്‍സികള്‍ രാഷ്ട്രീയ ആയുധങ്ങളായി മാറുകയാണ് ഉണ്ടായത്. പ്രതിപക്ഷത്തിന്റെ പ്രചാരവേലയുടെ വലിയ സഹായികള്‍ കേന്ദ്രഏജന്‍സികളായിരുന്നു. പക്ഷേ കേരളത്തിലെ ജനം ഇടതുപക്ഷത്തിനെതിരായ രാഷ്ട്രീയ പ്രചരണങ്ങള്‍ക്ക് പിന്തുണ നല്‍കിയില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതാണ് തെളിയിച്ചത്. ജനങ്ങള്‍ എല്‍ഡിഎഫിന് നല്ല പിന്തുണ നല്‍കിയിട്ടുണ്ട്. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയുണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.

ഇതോടെ ഇപ്പോള്‍ കേന്ദ്രഏജന്‍സികളുടെ ലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പായി. എല്ലാ ദിവസവും ഓരോകഥകള്‍ പ്രചരിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് വരെ പല നാടകങ്ങള്‍ക്കും ഈ ഏജന്‍സികള്‍ തിരക്കഥ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ നിയമങ്ങള്‍ക്കും മുകളിലാണ് കേന്ദ്രഏജന്‍സികള്‍ എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല.

രാഷ്ട്രീയ ആയുധമായി കേന്ദ്ര ഏജന്‍സികള്‍ മാറാന്‍ തയ്യാറാകുമ്പോള്‍ രാഷ്ട്രീയമായി തുറന്നുകാണിക്കും. കേരള സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ അടുത്ത തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കേന്ദ്രഏജന്‍സികള്‍ നീങ്ങുകയാണ്.

സ്വര്‍ണക്കടത്ത് കേസില്‍ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ എന്‍ഐഎയ്ക്ക് കഴിഞ്ഞിട്ടില്ല. പലപ്രസ്താവനകളും നടത്തിയ കേന്ദ്രമന്ത്രി വി മുരളീധരനില്‍ നിന്ന് പോലും ഏജന്‍സികള്‍ വിശദീകരണം തേടിയിട്ടില്ല. തേരാപാര അന്വേഷണം നടത്തി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുകയാണ് ഏജന്‍ിസകള്‍.

ദേശവ്യാപകമായി ഈ നീക്കം സിപിഐ എം തുറന്നുകാണിക്കും. കേരളത്തിന് പുറത്തുള്ള വിവിധ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുനേരെയും ഇത്തരത്തിലുള്ള നീക്കം നടക്കുന്നുണ്ട്. ബിജെപിക്കൊപ്പം നില്‍ക്കാത്തവര്‍ക്കെതിരെ കേന്ദ്രഏജന്‍സികളെ ദുരുപയോഗിക്കുന്നത് പൊതുപ്രവണതയാണ്. അന്വേഷണം നേര്‍വഴിക്കല്ല പോകുന്നതെന്ന കാര്യം രാജ്യമാകെ പ്രചരണവിഷയമാക്കും. തെറ്റായ നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും വിജയരാഘവന്‍ പറഞ്ഞു.

No comments:

Post a Comment