Thursday, January 14, 2021

കേന്ദ്രവും സമ്മതിച്ചു കേരളം വ്യവസായ സൗഹൃദമെന്ന്

തിരുവനന്തപുരം > കേരളം വ്യവസായ സൗഹൃദമെന്ന് വീണ്ടും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍. നിക്ഷേപ സൗഹൃദാന്തരീക്ഷ റാങ്കിങ്ങില്‍ സംസ്ഥാനത്തെ 28 ആം സ്ഥാനത്തേക്ക് തഴഞ്ഞ കേന്ദ്ര നടപടിക്കെതിരെ നേരത്തെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. റാങ്കിങിന് പരിഗണിക്കുന്ന മാനദണ്ഡങ്ങള്‍ അശാസ്ത്രീയമെന്നും പുനഃപരിശോധിക്കണമെന്നും സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. കേരളത്തിന്റെ നിലപാട് ശരിവെയ്ക്കുന്നതാണ് നിക്ഷേപ സൗഹൃദ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി അധിക വായ്പയെടുക്കാന്‍ കേന്ദ്ര ധനവിനിയോഗ വകുപ്പ് നല്‍കിയ അനുമതി.

കഴിഞ്ഞ നാലര വര്‍ഷമായി നിക്ഷേപ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനുള്ള നിരവധി നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്.  നിക്ഷേപകരുടെ ഇഷ്ടനാടായി കേരളം മാറി.  നിക്ഷേപങ്ങള്‍ക്ക്  ലൈസന്‍സും അനുമതിയും വേഗത്തില്‍ ലഭ്യമാക്കാന്‍ ആംരഭിച്ച ഏകജാലക സംവിധാനം കെ.സ്വിഫ്റ്റിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. 18 ഓളം വകുപ്പുകളുടെ സേവനം ഓണ്‍ലൈനാക്കി. ഫീസുകള്‍ ഓണ്‍ലൈനായി അടയ്ക്കാം. അപേക്ഷയുടെ സ്ഥിതിവിവരം ഓരോ ഘട്ടത്തിലും നിക്ഷേപകര്‍ക്ക് ലഭ്യമാകും. വ്യവസായ ലൈസന്‍സുകളുടെ കാലാവധി ഒരു വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെ എന്നത് 5 വര്‍ഷമാക്കി നീട്ടി. വ്യവസായങ്ങളുടെ ലൈസന്‍സ് പുതുക്കുന്നതിന് ഓട്ടോമാറ്റിക് ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കി. ബിസിനസ് സ്ഥാപനങ്ങളുടെ പരിശോധനയ്ക്ക് ഏകീകൃത കമ്പ്യൂട്ടര്‍ കേന്ദ്രീകൃത സംവിധാനം നടപ്പാക്കി. വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് ഒറ്റ പരിശോധന എന്ന സംവിധാനം സംരംഭകര്‍ക്ക് സഹായകമായി. ഇതും കെ സ്വിഫ്റ്റ് വഴിയാണ് നടപ്പാക്കുന്നത്.

സൂക്ഷ്മ -ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ സംസ്ഥാനം എളുപ്പമാക്കി. ഒരു സാക്ഷ്യപത്രം മാത്രം നല്‍കി മുന്‍കൂര്‍ അനുമതിയില്ലാതെ എം എസ് എം ഇ വ്യവസായം തുടങ്ങാം. 30 ദിവസത്തിനകം അപേക്ഷകളില്‍ തീരുമാനം. അല്ലെങ്കില്‍ കല്‍പ്പിത അനുമതിയായി കണക്കാക്കാം. 100 കോടി വരെ മുതല്‍മുടക്കുള്ള എംഎസ്എംഇ ഇതര വ്യവസായ സംരംഭങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം അനുമതി നല്‍കാന്‍ നിയമഭേദഗതി വരുത്തി. എംഎസ്എം ഇ ഇതര വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകള്‍ പരിഗണിക്കാനും നടപടി വേഗത്തിലാക്കാനും നിക്ഷേപം സുഗമമാക്കല്‍ ബ്യൂറോ എന്ന പേരില്‍ ഒരു സമിതിയും രൂപീകരിച്ചു. സംരംഭ അനുമതിക്കുള്ള അപേക്ഷകള്‍ പരിഗണിക്കേണ്ട അഞ്ചംഗ സമിതിയെ സഹായിക്കാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെല്‍ രൂപീകരിച്ചു. സംരംഭകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ടോള്‍ ഫ്രീ നമ്പറും പ്രവര്‍ത്തിക്കുന്നുണ്ട്.

കൊവിഡും ലോക്ക്ഡൗണും മൂലം പ്രതിസന്ധിയിലായ സംസ്ഥാനത്തെ എംഎസ്എംഇകള്‍ക്ക് ആശ്വാസമായി വ്യവസായ ഭദ്രതാ പാക്കേജ് പ്രഖ്യാപിച്ചു. സംരംഭകര്‍ ജില്ലാ വ്യവസായ കേന്ദ്രം മുഖേന എടുത്ത വായ്പയുടെ മാര്‍ജിന്‍ മണി കുടിശ്ശികയുടെ പിഴപ്പലിശ ഒഴിവാക്കി. 14 വ്യവസായ പാര്‍ക്കുകളാണ് വിവിധ മേഖലകളെ കേന്ദ്രീകരിച്ച് സംസ്ഥാനത്ത് ആരംഭിക്കുന്നത്. ഇത്തരം വന്‍കിട പദ്ധതികള്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ സംസ്ഥാനത്ത് എത്തിക്കുന്നതിന് സഹായകമാകും. കേന്ദ്ര നിര്‍ദേശപ്രകാരമുള്ള പരിഷ്‌ക്കാരങ്ങള്‍ നടപ്പാക്കുന്ന എട്ടാമത്തെ സംസ്ഥാനമാണ് കേരളം. ഇതോടെയാണ് പൊതുവിപണിയില്‍ നിന്ന് അധിക വായ്പയെടുക്കാന്‍ സംസ്ഥാനത്തിന് അനുമതി ലഭിച്ചത്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ ( ജിഎസ്ഡിപി) 0.25 ശതമാനമാണ് അധികമായി വായ്പയെടുക്കാന്‍ സാധിക്കുക. രാജ്യത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷം വ്യക്തമാക്കുന്ന പ്രധാനസൂചകമാണ് നിക്ഷേപ സൗഹൃദ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കല്‍. നിക്ഷേപ സൗഹൃദാന്തരീക്ഷ റാങ്കിങ്ങില്‍ വലിയമുന്നേറ്റവും ഇതോടെ പ്രതീക്ഷിക്കുന്നുണ്ട്.

വ്യവസായ ​സൗഹൃദം കേരളം ; 2261 കോടി വായ്‌പയെടുക്കാം ; ബിസിനസ്‌ സൗഹൃദ പരിഷ്‌കാരം നടപ്പാക്കുന്ന എട്ടാമത്തെ സംസ്ഥാനം

ബിസിനസ്‌ സൗഹൃദ പരിഷ്‌കാരങ്ങൾ വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ ഗണത്തിലേക്ക്‌ കേരളവും. ഇതോടെ പൊതുവിപണിയിൽനിന്ന്‌ കേരളത്തിന്‌ 2,261 കോടി രൂപ അധിക വായ്‌പ എടുക്കാം. കേന്ദ്ര ധനവിനിയോഗവകുപ്പ്‌ ഇതുസംബന്ധിച്ച ഉത്തരവിറക്കി.

ധനവിനിയോഗവകുപ്പ്‌ നിർദേശിച്ച ബിസിനസ്‌ സൗഹൃദ പരിഷ്‌കാരം നടപ്പാക്കുന്ന എട്ടാമത്തെ സംസ്ഥാനമാണ്‌ കേരളം. ആന്ധ്രാപ്രദേശ്‌, കർണാടകം, മധ്യപ്രദേശ്‌, ഒഡിഷ, രാജസ്ഥാൻ, തമിഴ്‌നാട്‌, തെലങ്കാന എന്നിവയാണ്‌ മറ്റ്‌ സംസ്ഥാനങ്ങൾ. രാജ്യത്തെ നിക്ഷേപസൗഹൃദ അന്തരീക്ഷം വ്യക്തമാക്കുന്ന പ്രധാനസൂചകമാണ്‌ ബിസിനസ്‌ സൗഹൃദ പരിഷ്‌കാരങ്ങൾ നടപ്പിലാക്കൽ. ബിസിനസ്‌ സൗഹൃദ പരിഷ്‌കാരങ്ങൾ നടപ്പാക്കിയത് സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്‌ക്ക്‌ ഏറെ ഗുണകരമാകും. കേരളത്തിന്റെ വ്യവസായസൗഹൃദ റാങ്കും ഉയരും.

ജില്ലാതലത്തിൽ ബിസിനസ്‌ പരിഷ്‌കരണ കർമപദ്ധതിയുടെ പ്രാഥമിക മൂല്യനിർണയം, ബിസിനസ്‌ ചെയ്യാനുള്ള രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്‌, അംഗീകാരം, ലൈസൻസ്‌ പുതുക്കൽ നടപടികൾക്കായുള്ള നിബന്ധനകൾ ലഘൂകരിക്കൽ, കംപ്യൂട്ടർ കേന്ദ്രീകൃത പരിശോധനാസംവിധാനം നടപ്പാക്കൽ തുടങ്ങിയ പരിഷ്‌കാരങ്ങളാണ്‌ കേരളം വിജയകരമായി പൂർത്തിയാക്കിയത്‌.

No comments:

Post a Comment