Sunday, January 10, 2021

സർക്കാർ നിലപാട്‌ വഞ്ചന; രാജ്യതാൽപര്യത്തിന്‌ വിരുദ്ധമാണ്‌ ഇവരുടെ താൽപര്യങ്ങൾ: കിസാൻസഭ

കോർപറേറ്റുകളുടെ താൽപര്യത്തെ രാജ്യതാൽപര്യമായി കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നത്‌ തികഞ്ഞ വഞ്ചനയാണെന്ന്‌ അഖിലേന്ത്യ കിസാൻസഭ പ്രസ്‌താവനയിൽ പറഞ്ഞു. കർഷകസംഘടനകൾ  ‘രാജ്യതാൽപര്യം’ കൂടി പരിഗണിക്കണമെന്നാണ്‌‌ കൃഷിമന്ത്രി നരേന്ദ്രസിങ്‌ തോമർ പറഞ്ഞത്‌. കോർപറേറ്റുകളുടെയും ബഹുരാഷ്ട്ര കമ്പനികളുടെയും താൽപര്യമല്ല രാജ്യതാൽപര്യമെന്ന്‌ മോഡിസർക്കാർ ഓർക്കണം. രാജ്യതാൽപര്യത്തിന്‌ വിരുദ്ധമാണ്‌ ഇവരുടെ താൽപര്യങ്ങൾ.

കർഷകദ്രോഹപരമായ മൂന്ന്‌ കാർഷികനിയമവും പിൻവലിക്കില്ലെന്ന പിടിവാശിയിലാണ്‌ കേന്ദ്രം. ബസ്‌മതി അരിക്ക്‌ കിലോഗ്രാമിന്‌ 18–-25 രൂപമാത്രം കർഷകർക്ക്‌ ലഭിക്കുമ്പോൾ അദാനിയുടെ ഫോർച്യൂൺ ഗ്രൂപ്പ്‌ 208 രൂപയ്‌ക്കാണ്‌ ഇതു വിൽക്കുന്നത്‌. കർഷകർ നേരിടുന്ന കൊടിയ ചൂഷണത്തിന്‌ ഉദാഹരണം മാത്രമാണിത്‌. നരേന്ദ്ര മോഡി 2014ൽ വാഗ്‌ദാനം ചെയ്‌ത ആദായകരമായ മിനിമം താങ്ങുവില അധികാരം ലഭിച്ച്‌ ആറു വർഷം കഴിഞ്ഞിട്ടും നടപ്പാക്കിയിട്ടില്ല.

നുണകളിലൂടെ ഈ വഞ്ചന മൂടിവയ്‌ക്കാനാവില്ല. ബിജെപിയുടെയും ആർഎസ്‌എസിന്റെയും കോർപറേറ്റ്‌ പ്രീണനനിലപാട്‌ മറനീക്കാൻ കർഷകപ്രക്ഷോഭം വഴിയൊരുക്കി. എട്ട്‌ വട്ടം ചർച്ച നടന്നു. ഇതിനിടെ 60ൽപരം കർഷകർ മരിച്ചു. തോമറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സമിതിക്ക്‌‌ കർഷകരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കാനുള്ള അധികാരം നൽകിയിട്ടില്ലെന്നാണ്‌ മനസ്സിലാകുന്നത്‌. ഭരണഘടന ബാഹ്യശക്തികളാണ്‌ കാര്യങ്ങൾ നിയന്ത്രിക്കുന്നത്‌. സുപ്രീംകോടതി വഴി തീരുമാനം എടുക്കാമെന്ന കൃഷിമന്ത്രിയുടെ നിർദേശം സർക്കാരിന്റെ ഭരണപരാജയത്തിന്‌ തെളിവാണ്‌. കർഷകരുടെ ആവശ്യങ്ങൾ സർക്കാരിന്റെ നയവുമായി ബന്ധപ്പെട്ടതാണ്‌; നിയമപരമോ സാങ്കേതികമോ ആയ വിഷയമല്ല. സർക്കാരാണ്‌ ഇതിനു പരിഹാരം കാണേണ്ടത്‌. കർഷകസംഘടനകൾ സുപ്രീംകോടതിയെ സമീപിച്ചിട്ടില്ല.

  കോർപറേറ്റ്‌ സർക്കാരിനെ തിരിച്ചറിഞ്ഞ്‌ രാജ്യത്തെ ജനത കർഷകപ്രക്ഷോഭത്തെ പിന്തുണയ്‌ക്കാൻ മുന്നോട്ടുവരികയാണ്‌. കൃഷിയും ഭക്ഷ്യസുരക്ഷയും പരിസ്ഥിതിയും ഫെഡറലിസവും സമുദായസൗഹാർദവും വിത്തുകളിന്മേലുള്ള പരമാധികാരവും സംരക്ഷിക്കാനുള്ള ബഹുജനപോരാട്ടമായി ഇതു വളർന്നു. കർഷകരുടെ ചരിത്രപരമായ ഈ പോരാട്ടം പരാജയപ്പെടില്ലെന്ന്‌ ഉറപ്പുണ്ടെന്ന്‌ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി ഹനൻ മൊള്ളയും പറഞ്ഞു.

കർണാലിൽ ഖട്ടറെ തടയും: കർഷകർ

കർണാലിലെ കൈമ്‌ലയിൽ ഞായറാഴ്‌ച ബിജെപി സംഘടിപ്പിക്കുന്ന പരിപാടിക്ക്‌ എത്തുന്ന ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറെ തടയുമെന്ന്‌ ഭാരതീയ കിസാൻ യൂണിയൻ(ബികെയു). ‘കിസാൻ പഞ്ചായത്ത്‌’ പേരിൽ സ്ഥലം ബിജെപി എംഎൽഎയാണ്‌ പരിപാടി നടത്തുന്നത്‌. മൂന്ന്‌ കാർഷികനിയമത്തിന്റെ ‘നേട്ടങ്ങളെക്കുറിച്ച്‌’ കർഷകരെ ബോധവൽക്കരിക്കുകയാണ്‌ പരിപാടിയുടെ ലക്ഷ്യമെന്ന്‌ സംഘാടകർ പറയുന്നു.

ഞായറാഴ്‌ച ഗ്രാമത്തിലേക്കുള്ള എല്ലാ റോഡും ഉപരോധിക്കുമെന്ന്‌ ബികെയു സംസ്ഥാന  പ്രസിഡന്റ്‌ ഗുർണാംസിങ്‌ ചഡൂണി പറഞ്ഞു. കർഷകരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്  ബിജെപി‌. കർഷകവിരുദ്ധ നിയമങ്ങൾക്ക്‌ അനുകൂലമായി പ്രചാരണം നടത്താൻ അനുവദിക്കില്ല. റോഡ്‌ ഉപരോധത്തിൽ പങ്കുചേരാൻ സമീപജില്ലകളിലെ കർഷകരോട്‌ അദ്ദേഹം ആവശ്യപ്പെട്ടു.

റോഡുകൾ ഉപരോധിച്ചാൽ മുഖ്യമന്ത്രിയെ  ഹെലികോപ്‌ടറിൽ സ്ഥലത്ത്‌ എത്തിക്കുമെന്ന്‌ ജില്ലാ അധികൃതർ പ്രതികരിച്ചു. എന്നാൽ, ഒരു മാസംമുമ്പ്‌ കർണാലിലെ പഡ്ഡയിൽ മുഖ്യമന്ത്രിയുടെ സന്ദർശനാർഥം സജ്ജീകരിച്ച  ഹെലിപ്പാഡ്‌  നാട്ടുകാർ കുത്തിയിളക്കി.  സംസ്ഥാനത്തെ ബിജെപി–-ജെജെപി സർക്കാർ അതിശക്തമായ കർഷകരോഷം നേരിടുകയാണ്‌. ഇരുപാർടിയുടെയും ജനപ്രതിനിധികളെ കർഷകർ ബഹിഷ്‌കരിക്കുന്നു. അംബാലയിൽ പരിപാടിയിൽ പങ്കെടുക്കാൻ പോകവെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ്‌ കരിങ്കൊടി കാണിച്ചു. ഭിവാനിയിൽ മുഖ്യമന്ത്രിയുടെ സന്ദർശനം റദ്ദാക്കി.

No comments:

Post a Comment