എഴുത്തുകാര്‍ മാധ്യമ സ്വാധീനത്തില്‍: ജാവേദ് അക്തര്‍
എഴുത്തുകാര്‍ മാധ്യമങ്ങളുടെ സ്വാധീനവലയത്തില്‍ അകപ്പെട്ടിരിക്കുകയാണെന്ന് കവി ജാവേദ് അക്തര്‍. മനുഷ്യജീവിതത്തിലെ യാഥാര്‍ഥ്യങ്ങള്‍ ഇവര്‍ കാണുന്നില്ല. സത്യസന്ധമായ വാര്‍ത്തകള്‍ കണ്ടില്ലെന്നു നടിക്കുന്ന മാധ്യമങ്ങള്‍ എഴുത്തുകാരെ സ്വാധീനിക്കുകയാണ്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം കൊല്ലം സി കേശവന്‍ സ്മാരക ടൌണ്‍ഹാളില്‍ (കടമ്മനിട്ട നഗര്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ന് ആശയവിനിമയത്തിനുള്ള ഉപാധികള്‍ വര്‍ധിച്ചു. എന്നാല്‍, മാധ്യമങ്ങളാല്‍ ചുറ്റപ്പെട്ട എഴുത്തുകാരന്‍ അധഃസ്ഥിതന്റെ ജീവിതം കാണുന്നില്ല. ഇലക്ട്രോണിക് മാധ്യമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന ദൃശ്യങ്ങള്‍ സ്വീകരിക്കാന്‍ എഴുത്തുകാരന്‍ നിര്‍ബന്ധിതനാകുന്നു. സാഹിത്യസൃഷ്ടികളിലൂടെയുള്ള ആശയവിനിമയം കുറഞ്ഞു. ഇന്നലത്തെ എഴുത്തുകാര്‍ മനസ്സിന്റെ ജാലകം സമൂഹത്തിലേക്ക് തുറന്നുവച്ചു. ഒറീസയിലുണ്ടായ ചുഴലിക്കാറ്റില്‍ അന്‍പതിനായിരം പേര്‍ മരിച്ചത് ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വലിയ വാര്‍ത്തയല്ല. ന്യൂഡല്‍ഹിയില്‍ നടന്ന ഫാഷന്‍ വീക്കിനാണ് അവര്‍ പ്രാമുഖ്യം നല്‍കിയത്. മാധ്യമങ്ങളുടെ പ്രഭാവലയത്തില്‍നിന്ന് എഴുത്തുകാര്‍ മോചിതരാകണം. തിന്മകളെ ഒന്നടങ്കം അംഗീകരിക്കുന്ന സാമൂഹിക വ്യവസ്ഥയാണ് ഇന്നുള്ളതെന്ന് ജാവേദ് അക്തര്‍ പറഞ്ഞു. എല്ലാവരും അവനവനിലേക്ക് ചുരുങ്ങി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളും അടിച്ചമര്‍ത്തലും ഏറി. ജാതീയമായ വേര്‍തിരിവ് വിസ്തൃതമായി. ആദിവാസികളുടെ ആവാസസ്ഥലം മള്‍ട്ടിനാഷണലുകള്‍ക്കായി തീറെഴുതുന്നു. സമൂഹം ചൂടുവെള്ളത്തിലിട്ട തവളയെപ്പോലെയായി. തണുത്ത വെള്ളത്തിലിട്ട തവള രക്ഷപ്പെടാന്‍ ശ്രമിക്കും. എന്നാല്‍, ചൂടായിക്കൊണ്ടിരിക്കുന്ന വെള്ളത്തില്‍ തവള മരണത്തെ സ്വയം വരിക്കും. സമൂഹമാകുന്ന തവളയെ പുറത്തേക്ക് രക്ഷപ്പെടാനുള്ള പ്രചോദനംനല്‍കുകയാണ് സാഹിത്യകാരന്‍ ചെയ്യേണ്ടത്. സാഹിത്യത്തിന് സമൂഹത്തിലുള്ള സ്വാധീനം അയഞ്ഞതാണ് മനുഷ്യനെ ബാധിക്കുന്ന അപചയങ്ങള്‍ക്കെല്ലാം കാരണമാകുന്നത്. കമ്യൂണിസ്റ്റുകാരന്‍ എപ്പോഴും അടിച്ചമര്‍ത്തപ്പെടുന്നവനോട് സഹാനുഭുതിയുള്ളവനായിരിക്കുമെന്നും ജാവേദ് അക്തര്‍ പറഞ്ഞു. യു എ ഖാദര്‍ അധ്യക്ഷനായി.
സാഹിത്യസംഘം സമ്മേളനത്തിന് ഉജ്വല തുടക്കം
ജനപക്ഷ സാംസ്കാരിക മുന്നേറ്റത്തിന് വേഗം പകരണമെന്ന ആഹ്വാനവുമായി പുരോഗമന കലാസാഹിത്യസംഘം ഒമ്പതാം സംസ്ഥാനസമ്മേളനത്തിന് കൊല്ലത്ത് പ്രൌഢമായ തുടക്കം. കടമ്മനിട്ട രാമകൃഷ്ണന്‍ നഗറില്‍ (സി കേശവന്‍ മെമ്മോറിയല്‍ ടൌണ്‍ ഹാള്‍) വ്യാഴാഴ്ച രാവിലെ പത്തിന് പ്രസിഡന്റ് യു എ ഖാദര്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ തുടങ്ങിയത്. സംസ്ഥാന വൈസ് പ്രസിഡന്റ് എം ഗോകുലേന്ദ്രന്‍ അനുശോചന പ്രമേയവും ജനറല്‍ സെക്രട്ടറി പ്രൊഫ. വി എന്‍ മുരളി പ്രവര്‍ത്തന റിപ്പോര്‍ട്ടും സെക്രട്ടറി കെ ഇ എന്‍ കുഞ്ഞഹമ്മദ് കരട് നയരേഖയും അവതരിപ്പിച്ചു. സി ആര്‍ ദാസ് സ്വാഗതം പറഞ്ഞു. യു എ ഖാദര്‍, എരുമേലി പരമേശ്വരന്‍പിള്ള, എ ഗോകുലേന്ദ്രന്‍, പുരുഷന്‍ കടലുണ്ടി, ജാനമ്മ കുഞ്ഞുണ്ണി, എസ് രമേശന്‍ എന്നിവരടങ്ങുന്നതാണ് പ്രസീഡിയം. പകല്‍ മൂന്നിന് ചലച്ചിത്രകാരനും കവിയുമായ ജാവേദ് അക്തര്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. യു എ ഖാദര്‍ അധ്യക്ഷനായി. ഒ എന്‍ വി കുറുപ്പ് ആമുഖപ്രഭാഷണം നടത്തി. പി ഗോവിന്ദപ്പിള്ള, പി വത്സല, വൈക്കം വിശ്വന്‍, കെ രാജഗോപാല്‍, ഡോ. വി എ രാജാകൃഷ്ണന്‍, തമിഴ്ശെല്‍വം, പുതുശ്ശേരി രാമചന്ദ്രന്‍, ബി രാഘവന്‍ എംഎല്‍എ, എം കെ ഭാസ്കരന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ വരദരാജന്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്നു നടന്ന കവിയരങ്ങില്‍ എസ് രമേശന്‍, ഡി വിനയചന്ദ്രന്‍, പ്രഭാവര്‍മ, കുരീപ്പുഴ ശ്രീകുമാര്‍, വി മധുസൂദനന്‍നായര്‍, മണമ്പൂര്‍ രാജന്‍ബാബു, രാവുണ്ണി, പവിത്രന്‍ തീക്കുനി, റഫീക് അഹമ്മദ്, വി എസ് ബിന്ദു, ഗിരീഷ് പുലിയൂര്‍, ഇന്ദ്രബാബു, ബാബു പാക്കനാര്‍ എന്നിവര്‍ കവിത അവതരിപ്പിച്ചു. തുടര്‍ന്ന് രജിത മധുവിന്റെ 'അബൂബക്കറിന്റെ ഉമ്മ പറയുന്നു' എന്ന ഏകപാത്ര നാടകം അരങ്ങേറി.
എഴുത്തുകാര്‍ മാധ്യമങ്ങളുടെ സ്വാധീനവലയത്തില്‍ അകപ്പെട്ടിരിക്കുകയാണെന്ന് കവി ജാവേദ് അക്തര്‍. മനുഷ്യജീവിതത്തിലെ യാഥാര്‍ഥ്യങ്ങള്‍ ഇവര്‍ കാണുന്നില്ല. സത്യസന്ധമായ വാര്‍ത്തകള്‍ കണ്ടില്ലെന്നു നടിക്കുന്ന മാധ്യമങ്ങള്‍ എഴുത്തുകാരെ സ്വാധീനിക്കുകയാണ്. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളനം കൊല്ലം സി കേശവന്‍ സ്മാരക ടൌണ്‍ഹാളില്‍ (കടമ്മനിട്ട നഗര്‍) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ReplyDelete