Tuesday, May 18, 2010

ഇടതുസര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ?

ആരോഗ്യമേഖലയ്ക്ക് ജനകീയ മുഖം - ഡോ. ബി ഇഖ്ബാല്‍

ആരോഗ്യമേഖലയില്‍ സമഗ്രവും ജനകീയവുമായ മാറ്റങ്ങളാണ് എതിരാളികളുടെപോലും പ്രശംസ നേടി കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയത്. കേരളീയരുടെ ചിരകാല അഭിലാഷമായ മെഡിക്കല്‍ സര്‍വകലാശാല തൃശൂര്‍ കേന്ദ്രമായി സ്ഥാപിച്ചു. മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിച്ച് മെഡിക്കല്‍ കോളേജുകളെ റഫറല്‍ ആശുപത്രികളാക്കി മാറ്റി. ഇതോടെ വൈദ്യവിദ്യാഭ്യാസം, വിദഗ്ധചികിത്സ എന്നിവയ്ക്കുപുറമെ, വൈദ്യഗവേഷണത്തിനും മെഡിക്കല്‍ കോളേജുകള്‍ സജ്ജമായി. വിവിധ മെഡിക്കല്‍ കോളേജുകളില്‍ പോസ്റ് ഗ്രാജ്വേറ്റ് കോഴ്സുകളുടെ സീറ്റ് ഗണ്യമായി വര്‍ധിപ്പിച്ചു. മെഡിക്കല്‍ കോളേജുകളെ അതിവിശിഷ്ട ചികിത്സാകേന്ദ്രങ്ങളാക്കി മാറ്റുന്നതിനുള്ള അടിസ്ഥാനസൌകര്യങ്ങള്‍ ലഭ്യമാക്കി. ഏത് വന്‍കിട സ്വകാര്യ ആശുപത്രികളോടും കിടപിടിക്കത്തക്കവിധം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ രോഗനിര്‍ണയ ചികിത്സാസൌകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു. എന്‍ആര്‍എച്ച്എം ഫണ്ടിന്റെ ഫലവത്തായ വിനിയോഗത്തിലൂടെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സഹായത്തോടെയും പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍മുതല്‍ ജില്ലാ ആശുപത്രികള്‍വരെയുള്ളവയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തി. സ്പെഷ്യാലിറ്റി കേഡര്‍ നടപ്പാക്കുന്നതിനുള്ള പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഡോക്ടര്‍മാരുടെയും നേഴ്സുമാരുടെയും കുറവ് വലിയൊരു പരിധിവരെ പരിഹരിച്ചു. സിടി സ്കാന്‍, അള്‍ട്രാസൌണ്ട് സ്കാന്‍, ആധുനികസൌകര്യങ്ങളുള്ള ഓപ്പറേഷന്‍ തിയറ്ററുകള്‍ എന്നിവ ഇപ്പോള്‍ ഹെല്‍ത്ത് സര്‍വീസസിനുകീഴിലുള്ള ആശുപത്രികളിലും ലഭ്യമാണ്. മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി അനുസരിച്ച് ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍, ഇടത്തരം, സ്വകാര്യ ആശുപത്രികളില്‍ സൌജന്യ ചികിത്സ ലഭ്യമാക്കി. സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം അവശ്യമരുന്നുകളുടെ ലഭ്യതയും ഉറപ്പാക്കി.

വരാനിരിക്കുന്നത് വ്യവസായ നേട്ടങ്ങളുടെ നാളുകള്‍ - പി ഗണേഷ്

ഏതു വ്യവസായവും ബിസിനസും ആരംഭിക്കാനും അത് മികച്ച രീതിയില്‍ നടത്തിക്കൊണ്ടുപോകാനും സുരക്ഷിതമായ സ്ഥലം കേരളമാണെന്നത് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വ്യവസായസൌഹൃദമല്ലാത്ത സംസ്ഥാനമാണിത് എന്നത് പഴങ്കഥയായി. ഇവിടെ വ്യവസായം തുടങ്ങാന്‍ നിരവധിപേര്‍ തയ്യാറായി വരുന്നു. ഇതാണ് ഇപ്പോള്‍ വ്യവസായകേരളത്തിന്റെ യഥാര്‍ഥ ചിത്രമെന്ന് കോഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി കേരള ഘടകം ചെയര്‍മാന്‍ പി ഗണേഷ് പറഞ്ഞു. പക്ഷേ ഭൂമിയുടെ ലഭ്യതയാണ് നമ്മുടെ പ്രധാന പ്രശ്നം. ഉപയോഗപ്രദമല്ലാത്ത ധാരാളം ഭൂമി ഇവിടെയുണ്ട്. പക്ഷേ ചിലര്‍ക്ക് നേട്ടം കിട്ടുമെന്ന ചിന്ത ഉയരുന്നതോടെ ഭൂമി ഏറ്റെടുക്കലുകളുമായി ബന്ധപ്പെട്ട് വിവാദങ്ങളുയരുന്നു. മാധ്യമങ്ങള്‍പോലും ഇക്കാര്യത്തില്‍ തികച്ചും നെഗറ്റീവായ സമീപനമാണ് കൈക്കൊള്ളുന്നത്. ഇവിടെ സര്‍ക്കാര്‍ ചെയ്യേണ്ട അടിയന്തര കാര്യം ഒരു ഐഎഎസ് ഓഫീസറെ അര്‍ധ ജുഡീഷ്യല്‍ പദവിയുള്ള നോഡല്‍ ഓഫീസറായി നിയമിച്ച് പൂര്‍ണ പിന്തുണ നല്‍കി സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കുകയാണ്. ഉപയോഗശൂന്യമായ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് വ്യവസായനടത്തിപ്പിന് നല്‍കിയാല്‍ ഇവിടെയുണ്ടാകുന്ന മുന്നേറ്റം അസൂയാവഹമായിരിക്കും. കാലത്തിനൊത്ത തൊഴില്‍പരിഷ്കാരങ്ങളുടെ കാര്യത്തില്‍ കേരളം മുന്‍പന്തിയിലാണ്. ബംഗാള്‍, ബിഹാര്‍ തുടങ്ങിയ അന്യസംസ്ഥാനങ്ങളില്‍നിന്നുപോലും ആളുകള്‍ തൊഴില്‍തേടി കേരളത്തിലെത്തുന്നത് അതുകൊണ്ടാണല്ലോ. ഇത്തരം കാര്യങ്ങളെല്ലാം ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഒട്ടേറെ വ്യവസായ അനുകൂല നടപടികള്‍ കൈക്കൊണ്ടുകഴിഞ്ഞു. ഇനി അതെല്ലാം നടപ്പാക്കുകയേ വേണ്ടൂ. ഫിനിഷിങ് പോയിന്റില്‍ തലയുയര്‍ത്തുന്ന പ്രശ്നങ്ങള്‍കൂടി പരിഹരിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ ഇനി അവശേഷിക്കുന്ന ഒരുവര്‍ഷം മികച്ച നേട്ടങ്ങളുടെ നാളുകളായിരിക്കും.

ധനമാനേജ്മെന്റ് കൃത്യം; ഫലപ്രദം - ഡോ. പി കെ മൈക്കിള്‍ തരകന്‍

പണം ചെലവഴിക്കുന്നതിനു തടസ്സം നില്‍ക്കുകയല്ല, ആവശ്യം തിരിച്ചറിഞ്ഞ് കൃത്യമായി നല്‍കുന്നതിലാണ് മാനേജ്മെന്റിന്റെ കഴിവ്. ആ അര്‍ഥത്തില്‍ കേരളത്തിലെ ഇടതുസര്‍ക്കാരിന്റെ ധന മനേജ്മെന്റ് ഏറ്റവും മികച്ചതാണെന്ന് സംശയലേശമെന്യേ പറയാനാകുമെന്ന് കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറും സാമ്പത്തിക വിദഗ്ധനുമായ ഡോ. പി കെ മൈക്കിള്‍ തരകന്‍ പറഞ്ഞു. ആവശ്യമുള്ള എല്ലാ മേഖലയിലും പണം യഥേഷ്ടം ചെലവഴിച്ചിട്ടും കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഒരിക്കല്‍പോലും ട്രഷറി അടച്ചിടേണ്ടിവന്നില്ലെന്നത് ധനമാനേജ്മെന്റിന്റെ മികവുതെളിയിക്കുന്നു. മുമ്പൊരിക്കലും കേരളം കാണാത്തത്ര ക്ഷേമപ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ നടപ്പാക്കുന്നത്. നാലു വര്‍ഷത്തിനിടെ എല്ലാമേഖലയിലെയും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ഈ ക്ഷേമപ്രവര്‍ത്തനങ്ങളുടെ പങ്ക് ലഭിച്ചിട്ടുണ്ടെന്ന് സമൂഹത്തെ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാക്കാനാകും. കഴിഞ്ഞ ബജറ്റ് മാത്രം പരിശോധിച്ചാല്‍ സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഗതി വ്യക്തമാകും. കേരളത്തിന്റെ സമഗ്രമായ ഭാവി വികസനം ലക്ഷ്യമിട്ടാണ് കഴിഞ്ഞ നാല് ബജറ്റും ധനമന്ത്രി അവതരിപ്പിച്ചത്. ഏറ്റവും പുതിയ പ്രത്യക്ഷരൂപമാണ് നാലാം വര്‍ഷത്തെ ഗ്രീന്‍ ബജറ്റ്. പരിസ്ഥിതിക്ക് അനുഗുണമായ വികസനമെന്ന കാഴ്ചപ്പാടാണ് ഇതു മുന്നോട്ടുവയ്ക്കുന്നത്. പുതിയകാലത്ത് ഈ കാഴ്ചപ്പാടിന് ഏറെ പ്രാധാന്യമുണ്ട്. ബജറ്റിലെ സ്ത്രീപക്ഷ സമീപനം എടുത്തുപറയണം. നികുതി ശേഖരിക്കുന്നതില്‍ വരുത്തിയ മാറ്റത്തിന്റെ ഫലമായി വരുമാനം കണക്കാക്കുന്നതിലും സമാനമായ മാറ്റമുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിട്ടുള്ള നിക്ഷേപങ്ങള്‍ സ്വാഗതാര്‍ഹമാണ്്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാറ്റമുണ്ടാക്കുന്ന തലങ്ങളില്‍ നിക്ഷേപിക്കുന്ന രീതി ഭാവിയില്‍ കേരളത്തിന്റെ ഗതി മാറ്റിമറിക്കും. കഴിഞ്ഞ ബജറ്റിലും അതിന്റെ പ്രത്യക്ഷ ഉദാഹരണം നിരവധിയാണ്്. ഈ വര്‍ഷം ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്രവിസനത്തിനാണ് ബജറ്റില്‍ ശ്രദ്ധവച്ചതെന്ന് കാണാം. ഈ മേഖലയിലേക്ക് മാറ്റിവച്ച ഉയര്‍ന്ന തുക അതിന് ഉദാഹരണമാണ്. ലൈബ്രറി, കംപ്യൂട്ടര്‍വല്‍ക്കരണം തുടങ്ങി മര്‍മപ്രധാന മേഖലകളാണ് ലക്ഷ്യമിട്ടത്. ഇത്തരം നിക്ഷേപം മനുഷ്യവിഭവശേഷി വര്‍ധനയ്ക്കും സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും കാര്യമായ സംഭാവന ചെയ്യും. ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കുന്ന ശാസ്ത്രീയമായ ധന മാനേജ്മെന്റ് സമീപനം സ്വാഗതാര്‍ഹമാണെന്ന് പറയാതിരിക്കാന്‍ വയ്യ.

ക്രമസമാധാനരംഗത്ത് ഏറെ മുന്നില്‍ - ജ. കെ നാരായണക്കുറുപ്പ്

രാജ്യത്തെ ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ ക്രമസമാധാനനില ഏറെ മെച്ചപ്പെട്ടതാണ്. സാധാരണജനങ്ങളുടെ ജീവനും സ്വത്തിനും ഇവിടെ ഗൌരവമായ ഒരു ഭീഷണിയുമില്ല. മാത്രമല്ല, പൊതുവില്‍ സമാധാനപരമായ അന്തരീക്ഷവുമാണ്- കേരള, മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി കെ നാരായണക്കുറുപ്പ് പറഞ്ഞു. മാറിയ കാലവും ജീവിതവും സൃഷ്ടിക്കുന്ന പ്രശ്നങ്ങളും സങ്കീര്‍ണതകളും നിരവധിയാണ്. ലോകത്തെവിടെയും ഇത് പലതരത്തില്‍ സാമൂഹ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്. ആഫ്രിക്കന്‍ രാജ്യമായ കെനിയയിലെ നെയ്റോബി വിമാനത്താവളത്തില്‍നിന്ന് ജീവനോടെ പുറത്തുകടക്കുകതന്നെ ക്ളേശകരമാണ്. അമേരിക്കയടക്കമുള്ള വികസിതരാജ്യങ്ങളിലും ക്രമസമാധാനപ്രശ്നങ്ങളും ഗുണ്ടാ ആക്രമണങ്ങളും സമാനമായ പ്രവണതയാണ്. നമ്മുടെ രാജ്യത്തുതന്നെ ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്വസ്ഥമായ സാമൂഹ്യജീവിതത്തിന് പലവിധ ഭീഷണിയുണ്ട്. ബിഹാറിലാണെങ്കില്‍ 'ഗുണ്ട' എന്ന വാക്ക് സ്റാറ്റസ് സിംബലായി കണക്കാക്കുന്ന രീതിപോലുമുണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞുകേട്ടിട്ടുണ്ട്. മദ്രാസ് ഹൈക്കോടതിയില്‍ 13 മാസം ജഡ്ജിയായി ഇരുന്ന ആളാണ് ഞാന്‍. അന്ന് ഏറെനാള്‍ ഗുണ്ടാനിയമവും വിദേശനാണ്യ വിനിമയനിയമവും അനുസരിച്ചുള്ള കേസുകള്‍ കൈകാര്യംചെയ്തിട്ടുണ്ട്. അവിടെ ദിവസം ഇത്തരത്തില്‍ 100-125 കേസ് വരാറുണ്ടായിരുന്നു. ഈവക പ്രശ്നങ്ങളൊന്നും കേരളത്തിലില്ല. പൊലീസിന് മാനുഷികമുഖം നല്‍കുകവഴി പൊലീസിങ് സംവിധാനത്തിന് പുതിയ മാനം നല്‍കാന്‍ കഴിഞ്ഞെന്നതും ഇവിടെ എടുത്തുപറയേണ്ട കാര്യമാണ്. ജനമൈത്രി പൊലീസ്, കമ്യൂണിറ്റി പൊലീസ് എന്നീ സംരംഭങ്ങളിലൂടെ ജനങ്ങളുമായി കൂടുതല്‍ സൌഹൃദപൂര്‍ണമായ അന്തരീക്ഷം സൃഷ്ടിച്ചാണ് ഇത് സാധ്യമാക്കിയത്. ക്രമസമാധാനപാലനത്തില്‍ സ്വച്ഛമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ഇത് സഹായകമായി. നാട്ടിലെങ്ങും സജീവമായ റസിഡന്‍സ് അസോസിയേഷനുകളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന പ്രവര്‍ത്തനങ്ങളും സാമൂഹ്യജീവിതം ചിട്ടപ്പെടുത്തുന്നതിനും സ്വൈര്യമാക്കുന്നതിനും സഹായിച്ചിട്ടുണ്ട്. എന്നാല്‍, അപൂര്‍വമായെങ്കിലും ഉണ്ടാകുന്ന കസ്റഡിമരണം അപലപനീയമാണ്. കസ്റഡിമരണങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. പക്ഷേ,കസ്റഡിമരണം പൊലീസിങ്ങിന്റെ കുഴപ്പംകൊണ്ട് സംഭവിക്കുന്നതല്ല. മറിച്ച് അത് കൈകാര്യംചെയ്യുന്ന ഉദ്യോഗസ്ഥരുടെ കുഴപ്പംകൊണ്ടാണ്.

വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം -ഫസല്‍ഗഫൂര്‍

സ്വാശ്രയ വിദ്യാഭ്യാസമേഖലയില്‍ പ്രതിലോമകരവും സാമൂഹ്യനീതിക്ക് നിരക്കാത്തതുമായ കോടതിവിധികള്‍ ഉണ്ടായിട്ടും ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തികൊണ്ടുമാത്രമാണ് 50:50 ഫോര്‍മുല നടപ്പാക്കാന്‍ കഴിഞ്ഞത്. ഒരുലക്ഷത്തോളം പിന്നോക്കവിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക്് മെഡിക്കല്‍/എന്‍ജിനിയറിങ്/നേഴ്സിങ് കോഴ്സുകള്‍ക്ക് സര്‍ക്കാര്‍ഫീസിനേക്കാളും സ്വല്‍പ്പം കൂടിയ ഫീസിന് പഠിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണെന്നും എംഇഎസ് ചെയര്‍മാന്‍ ഡോ. പി എ ഫസല്‍ഗഫൂര്‍ പറഞ്ഞു. എയ്ഡഡ് മേഖലയിലെ സര്‍ക്കാര്‍സീറ്റുകളില്‍ ഏകജാലകസംവിധാനം ഏര്‍പ്പെടുത്തി, അതിലൂടെ ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് അപ്രാപ്യമായ ഉന്നതവിദ്യാഭ്യാസരംഗത്ത് എത്തിപ്പെടാനും സാധിച്ചു. സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ടിനായി ശുഷ്കാന്തി കാണിച്ച ചുരുക്കം ചില സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ചുരുങ്ങിയ കാലംകൊണ്ട് പാലോളികമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും അത് പൂര്‍ണമായും പ്രാവര്‍ത്തികമായിട്ടില്ല. കേരള പരിതസ്ഥിതിയില്‍ വിദ്യാഭ്യാസരംഗത്തെ പ്രതികൂലമായി ബാധിക്കുന്ന വിദേശ സര്‍വകലാശാല ബില്‍പോലുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍നിലപാടുകളെ എംഇഎസ് പിന്താങ്ങുന്നു. മലബാറിലെ പ്ളസ്ടു സീറ്റിലെ കുറവ് ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. മെഡിക്കല്‍ /എന്‍ജിനിയറിങ് എന്‍ട്രന്‍സ് പരീക്ഷയില്‍ വരുത്തിയ പരിവര്‍ത്തനം അടുത്തവര്‍ഷംമുതല്‍ നടപ്പാക്കുന്നത് അഭിനന്ദനാര്‍ഹമാണ്. അണ്‍ എയ്ഡഡ് സ്കൂളുകളോടുള്ള സമീപനത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണ്. ദളിത് വിഭാഗങ്ങള്‍ക്ക് കൂടുതല്‍ എയ്ഡഡ് സ്കൂളുകള്‍ അനുവദിക്കണം. പാഠപുസ്തകങ്ങളും കരിക്കുലവും തയ്യാറാക്കുമ്പോള്‍ ജാതി-മത വികാരങ്ങള്‍ കണക്കിലെടുക്കണം. സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും ഒരേവിധത്തിലുള്ള നിയമങ്ങളും അവകാശങ്ങളുമാണ് നല്‍കേണ്ടത്.

ക്ഷേത്രങ്ങളില്‍ അഴിമതി തുടച്ചുനീക്കി - ടി ജി രവി

കൊച്ചിന്‍ ദേവസ്വംബോര്‍ഡിനു കീഴിലുള്ള പ്രസിദ്ധമായ ചോറ്റാനിക്കര ക്ഷേത്രത്തില്‍ വാര്‍ഷികവരുമാനം നാലു ലക്ഷം രൂപയായിരുന്നു. കൂടുതല്‍ വരുമാനമുണ്ടായാലും നാലു ലക്ഷം തന്നാല്‍ മതിയെന്ന വ്യവസ്ഥയില്‍ ശാന്തിക്കാരന് ക്ഷേത്രം കോട്രാക്ട് കൊടുത്തിരിക്കുകയായിരുന്നു. 2007ല്‍ പുതിയ ബോര്‍ഡ് ചുമതലയേറ്റശേഷം കോട്രാക്ട് സമ്പ്രദായം അവസാനിപ്പിച്ചു. വരുമാനത്തില്‍ അതിശയകരമായ മാറ്റമാണ് ഉണ്ടായത്. ആ വര്‍ഷത്തെ ക്ഷേത്രവരുമാനം ഒന്നേകാല്‍ കോടി രൂപ. ചോറ്റാനിക്കര മാത്രമല്ല, ബോര്‍ഡിനു കീഴിലുള്ള 400 ക്ഷേത്രത്തില്‍ 65 എണ്ണം ഒഴികെയുള്ളതിന്റെ നടത്തിപ്പ് വ്യക്തികള്‍ക്കോ സമിതികള്‍ക്കോ വിട്ടുകൊടുത്തിരിക്കയായിരുന്നു. എല്ലാ ക്ഷേത്രങ്ങളുടെയും ഭരണം ബോര്‍ഡിനു കീഴില്‍ തിരിച്ചുകൊണ്ടുവന്നു. ക്ഷയിച്ചുകിടന്ന ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കുകയും അഴിമതി തുടച്ചുനീക്കുകയും ചെയ്തതുവഴി ആദ്യ വര്‍ഷം തന്നെ ബോര്‍ഡിന്റെ വരുമാനം പ്രതിവര്‍ഷം 32 കോടിയില്‍നിന്ന് 42 കോടിയായി ഉയര്‍ന്നു. ഈ രംഗത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് ടി ജി രവി വാചാലനായി. ക്ഷേത്രങ്ങില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയതും ക്ഷേത്രകാര്യങ്ങള്‍ പൊതു ചര്‍ച്ചയ്ക്കു വിധേയമാക്കിയതും ദേവസ്വം മന്ത്രി ജി സുധാകരനാണ്. വിവിധ ക്ഷേത്രങ്ങളില്‍ വികസന പ്രവര്‍ത്തനങ്ങളും പുനര്‍നിര്‍മാണവും നടത്തി. പല ക്ഷേത്രങ്ങള്‍ക്കും ശ്രീകോവിലും പ്രതിഷ്ഠയും പോലും ഉണ്ടായിരുന്നില്ല. പൈസ കൊടുക്കാതെ പ്രസാദം കിട്ടില്ലെന്ന സ്ഥിതിയും അവസാനിപ്പിച്ചു. ക്ഷേത്രങ്ങള്‍ എല്ലാ അര്‍ഥത്തിലും വിശ്വാസികളുടേതാക്കി മാറ്റി. ക്ഷേത്ര ജീവനക്കാര്‍ക്ക് കൃത്യമായ ശമ്പളവ്യവസ്ഥയുണ്ടാക്കിയതും ഇക്കാലയളവിലാണ്. ബോര്‍ഡിനു കീഴിലുള്ള തൃശൂര്‍ കേരളവര്‍മ കോളേജിന് എ ഗ്രേഡോടെ 'നാക്' അക്രെഡിറ്റേഷനും ലഭ്യമാക്കി.

സര്‍ക്കാര്‍ പരാജയമല്ല - ഡി ബാബുപോള്‍

ഒരു സര്‍ക്കാരിനെ സംബന്ധിച്ച് നാലുവര്‍ഷം എന്തെങ്കിലും ചെയ്യാനോ ഒന്നും ചെയ്തില്ലെന്ന ചീത്തപ്പേര് കേള്‍പ്പിക്കാനോ മതിയായ കാലയളവാണ്. ഈ സര്‍ക്കാരിനെ വിലയിരുത്തുന്ന നിഷ്പക്ഷ നിരീക്ഷകരെ ക്ളേശിപ്പിക്കുന്ന സുപ്രധാന ഘടകങ്ങളെക്കുറിച്ച് പറയാതെ വയ്യ. ആ ഘടകങ്ങള്‍ അതിജീവിച്ച് പൊതുവേ പറഞ്ഞാല്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിട്ടില്ല. നേരത്തെ പറഞ്ഞ ഘടകങ്ങളില്‍ ഒന്ന് മാധ്യമങ്ങളുടെ ഇടപെടലാണ്. പാര്‍ടിയുടെ മുഖപത്രമായ 'ദേശാഭിമാനി' മാറ്റിനിര്‍ത്തിയാല്‍ എല്ലാ മാധ്യമങ്ങളും സര്‍ക്കാരിനെതിരെ എഴുതുന്നു. ഇതിന് അപവാദമായി പറയാന്‍ 'ദ ഹിന്ദു' അടക്കം ഒന്നോ രണ്ടോ പത്രങ്ങളുണ്ട്. അതിനാല്‍ മാധ്യമങ്ങളിലൂടെ കിട്ടുന്ന വിവരങ്ങള്‍ പൂര്‍ണമായി വിശ്വസിക്കാനോ വെള്ളം കൂട്ടാതെ വിഴുങ്ങാനോ സാമാന്യ വിവരമുള്ളവര്‍ക്ക്് കഴിയില്ല. ഇത് വിലയിരുത്തലിനെ പ്രതികൂലമായി ബാധിക്കുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ നേരിട്ട് അറിയുകയേ വഴിയുള്ളൂ. ഈയിടെ രാഷ്ട്രീയമില്ലാത്ത എന്‍ജിഒ പ്രവര്‍ത്തകയായ ഒരു സ്തീ പറഞ്ഞത് തൈക്കാട് ഗവ. ആശുപത്രിയുടെ മൂത്രപ്പുരയുടെ മുന്നിലൂടെ മൂക്കുപൊത്താതെ പോകാന്‍ കഴിയുന്നുവെന്നാണ്. ഇതൊരു മാറ്റമാണെന്ന് പറയേണ്ടിയിരിക്കുന്നു. മാധ്യമങ്ങള്‍ പറയാത്തതിനാല്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങള്‍ നേരിട്ട് അറിയേണ്ട സ്ഥിതി. മികച്ച ധനമന്ത്രിയായ തോമസ് ഐസക്കിനെ പിടിച്ചുകെട്ടാന്‍ ആര്‍ക്ക് കഴിയും? നേട്ടത്തിന്റെയും ഭരണമികവിന്റെയും കണക്കുകള്‍ നിരത്തിയാല്‍ ഐസക്കും എളമരം കരീമും മുന്നിലുണ്ട്. എന്‍ കെ പ്രേമചന്ദ്രന്‍ മിടുക്കനാണ്. കോടിയേരി ബാലകൃഷ്ണനെ ടൂറിസത്തിന്റെ പേരില്‍ അഭിനന്ദിക്കാം. എന്നാല്‍, പൊലീസുകാരില്‍ ചിലര്‍ ആഭ്യന്തരമന്ത്രിയുടെ പേര് ചീത്തയാക്കുന്നു. ഗതാഗതവകുപ്പില്‍ മാത്യു ടി തോമസിന്റെ സാന്നിധ്യം പരാമര്‍ശിക്കാതെ വയ്യ. അടുത്ത ഒരുവര്‍ഷം നിര്‍ണായകമാണ്. സര്‍ക്കാരിനെ നയിക്കുന്ന കുതിരകള്‍ ഒരേമനസ്സോടെ ഒരേദിശയില്‍ മുന്നോട്ടുപോകുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സി പി നാരായണന്റെ നിയമനം ഈ സാഹചര്യത്തില്‍ പ്രാധാന്യം അര്‍ഹിക്കുന്നു.

ജനകീയപ്രതിബദ്ധത തെളിയിച്ചു - അഴീക്കോട്

ഒരുപാട് പരിമിതികള്‍ക്കും പ്രതിബന്ധങ്ങള്‍ക്കുമിടയിലും തെരഞ്ഞെടുത്ത ജനതയോട് പ്രതിബദ്ധത പുലര്‍ത്തിയ സര്‍ക്കാരാണ് കേരളത്തിലേതെന്ന് ഡോ. സുകുമാര്‍ അഴീക്കോട്. പട്ടിണിപ്പാവങ്ങളുടെ ജീവിതക്ളേശങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ വി എസ് സര്‍ക്കാര്‍ വളരെയേറെ വിജയിച്ചു. ശിഷ്ടകാലവും പ്രതിബദ്ധതയോടെ വിനിയോഗിച്ചാല്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നാലുവര്‍ഷം പൂര്‍ത്തിയാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തി ബംഗളൂരുവില്‍ 'ദേശാഭിമാനി'യോട് സംസാരിക്കുകയായിരുന്നു അഴീക്കോട്. പ്രതികൂല സാഹചര്യങ്ങളുടെയും ഇന്ത്യയുടെ തന്നെ പൊതുവിലുള്ള വളര്‍ച്ചയെ മുരടിപ്പിക്കുന്ന പ്രതിബന്ധങ്ങളുടെയും ഇടയില്‍ നിന്നുകൊണ്ടാണെങ്കിലും തെരഞ്ഞെടുപ്പുഘട്ടത്തില്‍ ജനങ്ങളുടെ മുമ്പാകെ സമര്‍പ്പിച്ച പ്രതിജ്ഞകള്‍ ആവുന്നത്ര പ്രയോഗസീമയില്‍ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് നിഷ്പക്ഷമതികള്‍ക്കെല്ലാം വ്യക്തമാകുന്നു. വിദ്യാഭ്യാസരംഗത്തും മറ്റും മാറ്റത്തിന്റെ വാതിലുകള്‍ പലതും തുറന്നിടാന്‍ കഴിഞ്ഞു. വിഭവ വിനിയോഗത്തില്‍ തികഞ്ഞ യാഥാര്‍ഥ്യബോധം പ്രതിഫലിക്കുന്ന ബജറ്റാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. എടുത്തുപറയേണ്ട മാറ്റങ്ങള്‍ വളരെ ഉണ്ടായിട്ടുള്ളത് സാംസ്കാരികമേഖലയിലാണ്. ഇതിനുമുമ്പ് അത് ഒരു വിശുദ്ധ പശുവിനെപ്പോലെ ബഹുമാനിക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്ന ഒരു വസ്തുവായിരുന്നു. ഇപ്പോള്‍ അക്കാദമികള്‍ക്കും മറ്റും കൈനിറയെ സഹായധനം നല്‍കുന്നതില്‍ ഒരു മടിയും കാണിക്കുന്നില്ല. എല്ലാം ഉദ്ദേശിച്ചപടി നടക്കുന്നു എന്ന് ഈ പറഞ്ഞതിനര്‍ഥമില്ലെന്ന് അഴീക്കോട് പറഞ്ഞു. സര്‍ക്കാരിന്റെ ആത്മാര്‍ഥതയുടെ വിജയം തെളിയിക്കുന്ന നേട്ടങ്ങള്‍ പല രംഗങ്ങളിലും ഉണ്ടായിട്ടുണ്ടെന്നാണ് വിവക്ഷിക്കുന്നത്- അഴീക്കോട് പറഞ്ഞു.

ദേശാഭിമാനി 18052010

5 comments:

  1. ഇടതുസര്‍ക്കാര്‍ എന്തെങ്കിലും ചെയ്തോ?

    ReplyDelete
  2. athe onnum cheythilla.Postinte thalakettu thanne best utharam

    ReplyDelete
  3. 5 വര്‍ഷം തികക്കുന്ന ഇടതു സര്‍ക്കാര്‍ സമസ്ത മേഘലയിലും തികഞ്ഞ വിജയം തന്നെയാണ് പക്ഷെ ഭരണത്തിലെ ഐക്യമില്ലായിമയാണ് ഏക പരാജയം

    ReplyDelete
  4. onnum cheyidilleeeeeeeeeeee?edu kurudanum kanan pattunna vikasanamalle keralathil nadannathu?ennittum endinu eepottan kali? alivilayil@gmail.com

    ReplyDelete