Monday, May 3, 2010

കര്‍ണാടകം: മുഖം നഷ്ടപ്പെട്ട് ബിജെപി

മാനഭംഗശ്രമം: കര്‍ണാടക ഭക്ഷ്യമന്ത്രി രാജിവച്ചു

ബംഗളൂരു: ലൈംഗികാപവാദത്തെത്തുടര്‍ന്ന് കര്‍ണാടക ഭക്ഷ്യ- സിവില്‍സപ്ളൈസ് മന്ത്രിയും ബിജെപി നേതാവുമായ ഹര്‍ത്താലു ഹാലപ്പ രാജിവച്ചു. ഷിമോഗ ബിനോഭ എക്സ്റ്റന്‍ഷനിലെ ബിജെപി നേതാവായ സുഹൃത്തിന്റെ ഭാര്യയെ ഹാലപ്പ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവം കഴിഞ്ഞദിവസം പ്രാദേശികപത്രം പുറത്തുകൊണ്ടുവന്നിരുന്നു. ബാസവേശ്വര നഗറിലെ വീട്ടില്‍വച്ചാണ് ഹാലപ്പ രാജി പ്രഖ്യാപിച്ചത്. രാജി മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സ്വീകരിച്ചു. ഗതാഗതമന്ത്രി ആര്‍ അശോകിന് വകുപ്പിന്റെ അധിക ചുമതല നല്‍കി.നാലുമാസം മുമ്പ് സുഹൃത്തിന്റെ വീട്ടില്‍ നടന്ന വിരുന്നിന് ശേഷമാണ് മാനഭംഗത്തിന് ശ്രമിച്ചത്. വീട്ടില്‍ തങ്ങിയ ഹാലപ്പ, തനിക്ക് സുഖമില്ലെന്നും ഐബിയില്‍ ഗമാന്റെ പക്കലുള്ള മരുന്ന് വാങ്ങിവരണമെന്നും സുഹൃത്തിനോട് ആവശ്യപ്പെട്ടു. ഐബിയില്‍ പോയ ഇയാള്‍ ആരെയും കാണാത്തതിനെത്തുടര്‍ന്ന് തിരിച്ചുവന്നു. ഭാര്യ കരയുന്നത് കണ്ട് തിരക്കിയപ്പോഴാണ് മന്ത്രി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കാര്യം അറിഞ്ഞത്. തുടര്‍ന്ന് പാര്‍ടി നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. തിങ്കളാഴ്ച കോടതിയില്‍ പരാതി നല്‍കാനുള്ള നീക്കത്തിലാണ് സ്ത്രീ. പ്രതിപക്ഷത്തെ ചിലരും ഒരു വിഭാഗം ബിജെപിക്കാരും ചേര്‍ന്ന് തന്നെ കുടുക്കുകയായിരുന്നെന്നും മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന വാര്‍ത്ത വസ്തുതാവിരുദ്ധമാണെന്നും ഹാലപ്പ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംഭവം ആസൂത്രിത ഗൂഢാലോചനയാണെമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ പറഞ്ഞു. ഹാലപ്പയ്ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് ആര്‍ വി ദേശ്പാണ്ഡെ ആവശ്യപ്പെട്ടു.
(പി വി മനോജ്കുമാര്‍)

കര്‍ണാടകം: മുഖം നഷ്ടപ്പെട്ട് ബിജെപി

ബംഗളൂരു: രണ്ടാമതൊരു മന്ത്രികൂടി ലൈംഗികാപവാദത്തില്‍ കുടുങ്ങിയതോടെ കര്‍ണാടകത്തില്‍ ബിജെപിയും സര്‍ക്കാരും നാണംകെടുന്നു. ഭക്ഷ്യമന്ത്രി ഹര്‍ത്താലു ഹാലപ്പ രാജിവച്ചതോടെ ബിജെപിയുടെ കൊട്ടിഘോഷിച്ച പ്രതിച്ഛായയും കളങ്കപ്പെട്ടു. ബിജെപി മന്ത്രിസഭയിലെ അംഗത്തിനെതിരെ ലൈംഗികാപവാദം ഉയരുന്നത്് രണ്ടാംതവണയാണ്. നേരത്തെ എക്സൈസ് മന്ത്രി രേണുകാചാര്യക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. 11 മാസം കഴിഞ്ഞപ്പോഴാണ് ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രി ഹാലപ്പയ്ക്കെതിരെ സമാന ആരോപണം ഉയര്‍ന്നത്. സഹപ്രവര്‍ത്തകനായ ബിജെപി നേതാവിന്റെ ഭാര്യയാണ് ആരോപണം ഉന്നയിച്ചതെന്നതിനാല്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് ഹാലപ്പ രാജിവച്ചത്. ആരോപണം പുറത്തുവന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രി യെദ്യൂരപ്പയും സ്വീകരിച്ചത്.

ഭരണത്തിലേറി രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പ് ബിജെപി മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കുന്ന മൂന്നാമത്തെ മന്ത്രിയാണ് ഹാലപ്പ. പഞ്ചായത്ത്-ഗ്രാമവികസന മന്ത്രിയായ ശോഭ കരിന്തലജെയാണ് സര്‍ക്കാര്‍ അധികാരത്തിലേറി 12 മാസം തികയുന്നതിനു മുമ്പ് രാജിവച്ചത്. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഓഫീസിലെ കാര്യങ്ങളില്‍ ശോഭ ഇടപെടുന്നുവെന്നും ഭരണകാര്യങ്ങളില്‍ അമിത താല്‍പ്പര്യം കാട്ടുന്നുവെന്നും ബിജെപി മന്ത്രിമാര്‍തന്നെ ആരോപിച്ചതോടെയാണ് മന്ത്രിസ്ഥാനം പോയത്. പിന്നീട് എക്സൈസ് മന്ത്രി രേണുകാചാര്യക്കെതിരെ ലൈംഗികാപവാദം ഉയര്‍ന്നു. ബിജെപിയിലെ വനിതാ എംഎല്‍എയുമായി വഴിവിട്ട ബന്ധമുണ്ടെന്നായിരുന്നു വാര്‍ത്ത. ഒരു വിഭാഗം ബിജെപി എംഎല്‍എമാര്‍ രേണുകാചാര്യക്കെതിരെ നടപടി ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുടെ തണലില്‍ രക്ഷപ്പെടുകയായിരുന്നു. ഈ വിവാദം കെട്ടടങ്ങുന്നതിനു മുമ്പ് വൈദ്യുതിമന്ത്രി കെ എസ് ഈശ്വരപ്പയ്ക്ക് സ്ഥാനം രാജിവയ്ക്കേണ്ടിവന്നു.

ദേശാഭിമാനി 03052010

1 comment:

  1. രണ്ടാമതൊരു മന്ത്രികൂടി ലൈംഗികാപവാദത്തില്‍ കുടുങ്ങിയതോടെ കര്‍ണാടകത്തില്‍ ബിജെപിയും സര്‍ക്കാരും നാണംകെടുന്നു. ഭക്ഷ്യമന്ത്രി ഹര്‍ത്താലു ഹാലപ്പ രാജിവച്ചതോടെ ബിജെപിയുടെ കൊട്ടിഘോഷിച്ച പ്രതിച്ഛായയും കളങ്കപ്പെട്ടു. ബിജെപി മന്ത്രിസഭയിലെ അംഗത്തിനെതിരെ ലൈംഗികാപവാദം ഉയരുന്നത്് രണ്ടാംതവണയാണ്. നേരത്തെ എക്സൈസ് മന്ത്രി രേണുകാചാര്യക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നെങ്കിലും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇദ്ദേഹത്തെ സംരക്ഷിക്കുകയായിരുന്നു. 11 മാസം കഴിഞ്ഞപ്പോഴാണ് ഭക്ഷ്യ സിവില്‍ സപ്ളൈസ് മന്ത്രി ഹാലപ്പയ്ക്കെതിരെ സമാന ആരോപണം ഉയര്‍ന്നത്. സഹപ്രവര്‍ത്തകനായ ബിജെപി നേതാവിന്റെ ഭാര്യയാണ് ആരോപണം ഉന്നയിച്ചതെന്നതിനാല്‍ നില്‍ക്കക്കള്ളിയില്ലാതെയാണ് ഹാലപ്പ രാജിവച്ചത്. ആരോപണം പുറത്തുവന്നിട്ടും മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രി യെദ്യൂരപ്പയും സ്വീകരിച്ചത്.

    ReplyDelete