ഉരുട്ടിക്കൊലയും സര്‍ക്കാരിന്റെ തലയിലാക്കി മനോരമയുടെ നുണ
യുഡിഎഫ് ഭരണത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റേഷനിലുണ്ടായ നിഷ്ഠുരമായ ഉരുട്ടിക്കൊല ഉള്‍പ്പെടെ പൊലീസ് അതിക്രമങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കണക്കില്‍പ്പെടുത്തി മനോരമയുടെ വിചാരണ. സര്‍ക്കാരിന്റെ നാലാംവാര്‍ഷികത്തിന്റെ ഭാഗമായി പൊലീസിനെതിരെ പ്രസിദ്ധീകരിച്ച കുറ്റപത്രത്തിലാണ് കോളിളക്കം സൃഷ്ടിച്ച ഉരുട്ടിക്കൊലയുള്‍പ്പെടെയുള്ള സംഭവങ്ങള്‍ മനോരമ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താക്കിയത്. ഗൌരവമേറിയ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് കുറയുന്നതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ സാക്ഷ്യപ്പെടുത്തുമ്പോഴാണ് തെറ്റിദ്ധാരണ പരത്താന്‍ മനോരമയുടെ ശ്രമം.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2005 സെപ്തംബറിലാണ് ഫോര്‍ട്ട് സ്റേഷനില്‍ ഉദയകുമാറിനെ മൃഗീയമായി ഉരുട്ടിക്കൊന്നത്. ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കേസ് സിബിഐക്ക് വിട്ടു. 'പൊലീസ് ചെയ്തതെന്ത്' എന്ന ചോദ്യത്തോടെ മനോരമ ശനിയാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുണ്ടായ 12 കസ്റ്റഡി മരണങ്ങളുടെ കൂട്ടത്തില്‍ ഉരുട്ടിക്കൊലയും ഉള്‍പ്പെടുത്തിയിരിക്കുന്നു.
കൊലപാതകം, കവര്‍ച്ച, ബലാല്‍സംഗം തുടങ്ങി ഗൌരവമേറിയ കുറ്റകൃത്യങ്ങള്‍ കേരളത്തില്‍ കുറയുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2006ല്‍ സംസ്ഥാനത്ത് 393 കൊലപാതകങ്ങള്‍ ഉണ്ടായപ്പോള്‍ 2009ല്‍ ഇത് 325 ആയി കുറഞ്ഞു.ശ്രദ്ധേയമായ ഈ മാറ്റം മറച്ചുപിടിക്കാനാണ് മനോരമയുടെ കള്ളക്കണക്ക്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള കുറ്റകൃത്യങ്ങളും സംസ്ഥാനത്ത് ഗണ്യമായി കുറഞ്ഞു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇന്ത്യയില്‍ ഏറ്റവും കുറവ് കേരളത്തിലാണെന്ന് ഐക്യരാഷ്ട്രസഭാ സമിതിയുടെ പഠനം വെളിപ്പെടുത്തുന്നു. കൊള്ള, മോഷണം തുടങ്ങിയവയും സംസ്ഥാനത്ത് അനുദിനം കുറയുന്നതായും കണക്കുകളില്‍നിന്ന് വ്യക്തമാണ്. മോഷണസംബന്ധമായ കുറ്റകൃത്യങ്ങളുടെ ദേശീയ ശരാശരി 33 ആയിരിക്കുമ്പോള്‍ കേരളത്തില്‍ അത് 29 മാത്രമാണ്. ഈ സര്‍ക്കാര്‍ വന്നശേഷം 2010 ജനുവരി 31വരെ 3498 കൊള്ളയും 415 കവര്‍ച്ചയുമാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, യുഡിഎഫിന്റെ കാലത്ത് ഇതേ കാലയളവില്‍ 4213 കൊള്ളയും 482 കവര്‍ച്ചയുമാണ് നടന്നത്. യുഡിഎഫ് കാലത്ത് രജിസ്റ്റര്‍ ചെയ്ത മോഷണക്കേസുകള്‍ 35,990 ആയിരുന്നെങ്കില്‍ ഈ സര്‍ക്കാരിന്റെ കാലത്ത് അത് 35,050 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. യുഡിഎഫ് ഭരണത്തില്‍ കസ്റ്റഡിയില്‍ മരിച്ചത് 14 പേരാണ്. ഈ സര്‍ക്കാര്‍ വന്നശേഷം നടന്ന 39 പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസുകളില്‍ 16ലും യുഡിഎഫുകാരാണ് പ്രതികള്‍. യുഡിഎഫ് സര്‍ക്കാര്‍ പരണത്ത് വച്ചിരുന്ന ഗുണ്ടാനിയമം യാഥാര്‍ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണെങ്കിലും അറസ്റ്റ് ചെയ്ത ഏതാനുംപേര്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചമൂലം ജയില്‍മോചിതരായത്രേ. ഗുണ്ടാനിയമം അനുസരിച്ച് 518 പേരെ കരുതല്‍ തടങ്കലിലാക്കിയത് ഈ സര്‍ക്കാരാണ്. യുഡിഎഫിന്റെ കാലത്ത് ഒരാളെ പോലും പിടിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം. ഇത് മറയ്ക്കാനാണ് മനോരമയുടെ ശ്രമം.
ഈ സര്‍ക്കാര്‍ വന്നശേഷം ഒരു മന്ത്രിപുത്രന്‍ പത്തിലധികം കേസുകളില്‍ പ്രതിയായെന്നാണ് മറ്റൊരു നുണ. പക്ഷേ ആ മന്ത്രി പുത്രന്‍ ആരാണെന്ന് വെളിപ്പെടുത്താതെയാണ് വ്യാജ പ്രചാരണം. ഈ സര്‍ക്കാര്‍ വന്നശേഷം മുന്‍മുഖ്യമന്ത്രി കെ കരുണാകരന്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരെ സമരവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിച്ചിട്ടുണ്ട്. അതൊന്നും മനോരമ കണ്ടതായി ഭാവിച്ചിട്ടില്ല. തടവുകാര്‍ക്ക് പരോള്‍ അനുവദിച്ചതില്‍ കൃത്രിമം നടത്തിയതിന് ഹൈക്കോടതിയുടെ നിശിത വിമര്‍ശനം ഏറ്റുവാങ്ങിയത് കഴിഞ്ഞ സര്‍ക്കാരാണ്. എന്നാല്‍, ഇതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ തലയിലാക്കി. ഈ സര്‍ക്കാര്‍ വന്നശേഷം നടന്ന കസ്റ്റഡി മരണങ്ങളില്‍ ഏറിയപങ്കും പൊലീസ് മര്‍ദനം മൂലമല്ലെന്ന് ഇതേകുറിച്ച് അന്വേഷിച്ച ജസ്റ്റിസ് രാജേന്ദ്രബാബു കമീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് മറച്ചുവച്ചാണ് 12 കസ്റ്റഡി മരണം നടന്നതായി മനോരമ കണ്ടെത്തിയിരിക്കുന്നത്. കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ജയിലിലായ പ്രതിയുടെ മരണവും കസ്റ്റഡി മരണങ്ങളുടെ ഗണത്തില്‍പ്പെടുത്തി.
deshabhimani 16052010
അഴിയെണ്ണുന്നു ഗുണ്ടകളും, ആള്‍ദൈവങ്ങളും
ക്രമസമാധാനം: പ്രചാരവേലയും യാഥാര്‍ഥ്യവും
പ്രതിപക്ഷ എതിര്‍പ്പിന്റെ പഴമയും പുതുമയും
യുഡിഎഫ് ഭരണത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റേഷനിലുണ്ടായ നിഷ്ഠുരമായ ഉരുട്ടിക്കൊല ഉള്‍പ്പെടെ പൊലീസ് അതിക്രമങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കണക്കില്‍പ്പെടുത്തി മനോരമയുടെ വിചാരണ. സര്‍ക്കാരിന്റെ നാലാംവാര്‍ഷികത്തിന്റെ ഭാഗമായി പൊലീസിനെതിരെ പ്രസിദ്ധീകരിച്ച കുറ്റപത്രത്തിലാണ് കോളിളക്കം സൃഷ്ടിച്ച ഉരുട്ടിക്കൊലയുള്‍പ്പെടെയുള്ള സംഭവങ്ങള്‍ മനോരമ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താക്കിയത്. ഗൌരവമേറിയ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് കുറയുന്നതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ സാക്ഷ്യപ്പെടുത്തുമ്പോഴാണ് തെറ്റിദ്ധാരണ പരത്താന്‍ മനോരമയുടെ ശ്രമം.
ReplyDelete