Thursday, May 13, 2010

ഖനിമാഫിയ കോണ്‍ഗ്രസിന്റെ അക്ഷയഖനി

സിപിഐ എമ്മിനെതിരെ മനോരമ ഏറ്റവും ഒടുവില്‍ കോടികള്‍ കോടികള്‍ പിന്നാലെ എന്ന പരമ്പരയിലൂടെയാണ് ആഞ്ഞടിച്ചത്. ആ പരമ്പര തുടങ്ങിയ ദിവസം, 'ദി ഹിന്ദു' പത്രത്തില്‍ ആറാംപേജില്‍ 'ഖനി സംഭരണശാല ലോകായുക്ത റെയ്ഡുചെയ്തു' എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വാര്‍ത്തയുടെ പിന്നാമ്പുറത്തേക്ക് പോയാലാണ് ബഹുകോടീശ്വരന്മാരായി മാറിയ കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുക. ഇന്ത്യയുടെ പ്രകൃതിസമ്പത്ത് കൊള്ളയടിക്കുന്ന മാഫിയപ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചംവീശുന്ന പരിശോധന സുപ്രീംകോടതിയടക്കം നടത്തി തുടങ്ങിയിരിക്കുകയാണ്. തങ്ങളുടെ രക്ഷകരായ കോണ്‍ഗ്രസ് നേതാക്കള്‍ ചുരുങ്ങിയ വര്‍ഷംകൊണ്ട് കോടികളുടെ ഉടമസ്ഥരാകുന്നത് മനോരമയുടെ താളുകളില്‍ എവിടെയും നമുക്ക് കാണാന്‍ കഴിയില്ല.

ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥയ്ക്കുതന്നെ ഖനനമേഖലയിലെ മാഫിയകള്‍ വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നത്. അതിന്റെ ഭാഗമായി കോണ്‍ഗ്രസിനെയും ബിജെപിയെയുംപോലുള്ള രാഷ്ട്രീയപാര്‍ടികളെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അവര്‍ വിലയ്ക്കെടുക്കുന്നു. പ്രകൃതിസമ്പത്ത് കൊള്ളയടിക്കാന്‍ മാഫിയസംഘങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പിന്നില്‍ ആഗോള കമ്പോളശക്തികളാണ്. ധാതുവസ്തുക്കളുടെ ആഗോള വിലവര്‍ധന ധാതു ഖനനമേഖലയില്‍ പിടിമുറുക്കുന്നതിന് ഖനനമാഫിയകള്‍ക്കുള്ള പ്രധാന പ്രചോദനമാണ്. ഇതിന്റെ ഭാഗമായി സംഘടിതമായ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇതൊന്നും മാധ്യമങ്ങളില്‍ വെളിച്ചം കാണാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ ഇവര്‍ എടുക്കുന്നുണ്ട്. ജാര്‍ഖണ്ഡ്, കര്‍ണാടകം, ഒറീസ, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലുള്ള ഖനനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോബികള്‍ നിയമങ്ങളും ചട്ടങ്ങളുമെല്ലാം മറികടന്ന് ആയിരക്കണക്കിന് കോടിരൂപ വെട്ടിപ്പ് നടത്തിയിട്ടുണ്ട്. തുച്ഛമായ റോയല്‍റ്റി നല്‍കിയാണ് ഈ കൊള്ള. ഇതിന്റെ പങ്ക് കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്കാണ് പ്രധാനമായും ലഭിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.

ഭരണത്തിന്റെ നാനാമേഖലയിലും ഖനിമാഫിയകള്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. തങ്ങള്‍ക്ക് വിധേയരല്ലാത്ത ഉദ്യോഗസ്ഥരെ മാറ്റുകയോ സ്ഥാനനഷ്ടം വരുത്തുകയോ ചെയ്യാനുള്ള രാഷ്ട്രീയസ്വാധീനവും ഈ ഖനിമാഫിയകള്‍ക്കുണ്ട്. ഏപ്രില്‍ 29നുതന്നെ സുപ്രീംകോടതിയും ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് ബെല്ലാരിയില്‍ പ്രവര്‍ത്തിക്കുന്ന റെഡ്ഡി സഹോദരങ്ങളുടെ നിഗൂഢ- നിയമവിരുദ്ധ ഖനനപ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുകയുണ്ടായി. ഖനിമാഫിയ പണം കൊടുത്ത് രാഷ്ട്രീയക്കാരെ വിലയ്ക്കുവാങ്ങി. ആന്ധ്രയിലെ അനന്തപുറിലെയും കര്‍ണാടകത്തിലെ ബെല്ലാരിയിലെയും കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതും ഈ സഹോദരങ്ങളാണ്.

ആന്ധ്രയിലെ ചിറ്റൂര്‍ ജില്ലയിലെ ഒരു താല്‍ക്കാലിക ജീവനക്കാരന്റെ മകനായി പിറന്ന റെഡ്ഡി തൊണ്ണൂറുകളില്‍ ഇന്നോബള്‍ ഇന്ത്യ സേവിങ്സ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കമ്പനി എന്ന പേരില്‍ ഒരു ധനകാര്യസ്ഥാപനം ആരംഭിച്ചു. ഇത് പിന്നീട് റിസര്‍വ് ബാങ്ക് നിയമവിരുദ്ധമെന്നു പ്രഖ്യാപിച്ചു. തുടര്‍ന്ന് ഒബുലപുരം മൈനിങ് കമ്പനിയുടെ (ഒഎംസി) ഡയറക്ടറായി. 2002ല്‍ ഈ കമ്പനി ഇയാള്‍ സ്വന്തമാക്കി. തുടര്‍ന്ന് പ്രത്യക്ഷമായും പരോക്ഷമായും കമ്പനി ഖനനപാട്ടങ്ങള്‍ കൈക്കലാക്കി. ഇതെല്ലാം ഖനി-ധാതു നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ടായിരുന്നു. കമ്പനിയുടെ കുത്തനെയുള്ള വളര്‍ച്ച പെട്ടെന്നായിരുന്നു. 2003-04ല്‍ മൊത്തം വിറ്റുവരവ് 35 കോടി 52 ലക്ഷം; ലാഭം ഒരുകോടി അഞ്ചുലക്ഷം രൂപ. 2009ല്‍ അത് 3000 കോടിയുടെ വിറ്റുവരവും ലാഭം 700 കോടിയുമായി. 2001-02ല്‍ പത്തുലക്ഷം രൂപയുടെ പ്രാരംഭമൂലധനവുമായി ആരംഭിച്ച കമ്പനിയാണ് പത്തുവര്‍ഷത്തിനകം ഈവിധം വളര്‍ന്നത്. ഇത് ഇങ്ങനെയൊരു കോര്‍പറേറ്റ് സംരംഭമായി വളര്‍ന്നുവന്നത് ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖരറെഡ്ഡിയുടെ പങ്കാളിത്തത്തോടുകൂടിയാണ്. അനുവദിക്കാത്ത ഭൂമിയില്‍ നിയമവിരുദ്ധമായ ഖനനം നടത്തുന്നതിന് എല്ലാവിധത്തിലും പ്രോത്സാഹനം കൊടുത്തിരുന്നു ഈ കോണ്‍ഗ്രസ് നേതാവ്.

കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ 25.78 ഹെക്ടര്‍ സ്ഥലത്തുനിന്ന് ദശലക്ഷക്കണക്കിന് ടണ്‍ ഇരുമ്പയിരാണ് ഈ കമ്പനി ഖനനംചെയ്തത്. യഥാര്‍ഥത്തില്‍ ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍സ് ആറ് ഹെക്ടറില്‍നിന്ന് പ്രതിവര്‍ഷം 7.5 ലക്ഷം ടണ്‍ അയിര് ഖനനംചെയ്യാന്‍ മാത്രമാണ് അനുവദിച്ചിട്ടുണ്ടായിരുന്നത്. 2007 ജൂലെ 24ന് മുഖ്യമന്ത്രി വൈ എസ് രാജശേഖരറെഡ്ഡി നല്‍കിയ മറുപടി ആ വര്‍ഷം 20 ലക്ഷം ടണ്‍ അയിര് ഖനനംചെയ്തു എന്നാണ്. യഥാര്‍ഥത്തില്‍ ഇത്രയുമായിരുന്നില്ല ഖനനം. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി കമ്പനി ഒരുകോടി ടണ്‍ ഇരുമ്പയിര് ഖനനംചെയ്തു. ഒരു ടണ്ണിന് കമ്പോളവില 3000 രൂപ. മൊത്തം 3000 കോടി രൂപ.

1984ല്‍ പുതുക്കിയ ലീസ് കാലാവധി 20 വര്‍ഷം കണക്കാക്കി 2004ല്‍ അവസാനിക്കയെന്നിരിക്കെ, വൈ എസ് ആറിന്റെ സര്‍ക്കാര്‍ ഇത് 1997 എന്ന തീയതി അടിസ്ഥാനമാക്കി 2017 ആക്കി നീട്ടിക്കൊടുത്തു. 2007ലാണ് കേന്ദ്ര വനം- പരിസ്ഥിതിമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചത്. എന്നാല്‍, ഇതിനുമുമ്പുതന്നെ ഖനനം ആരംഭിച്ചിരുന്നു. വനംവകുപ്പിന്റെ അനുമതിക്ക് മുന്‍കാലപ്രാബല്യം നല്‍കുകയുംചെയ്തു. കമ്പനി (ഒഎംസി)ക്ക് അനുവദിച്ച 25.98 ഹെക്ടര്‍ ഭൂമിക്കുപുറമെ മറ്റുള്ള കമ്പനികളുടെ പാട്ടഭൂമി കൈയേറിയും ഖനനം നടത്തിയിരുന്നു. എതിര്‍പ്പ് രേഖപ്പെടുത്തിയവരെ നിഷ്ഠുരമായി നേരിട്ടു.

2009ല്‍ കേന്ദ്ര വനം- പരിസ്ഥിതിമന്ത്രാലയം ഖനനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിട്ടും കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ സംരക്ഷണയോടെ ഖനനം തുടര്‍ന്നു. പാട്ടഭൂമിയുടെ അതിര് നിശ്ചയിക്കാന്‍ വന്ന കേന്ദ്ര സര്‍വേസംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം കൊടുക്കാന്‍പോലും ആന്ധ്ര സര്‍ക്കാര്‍ തയ്യാറായില്ല. ഈ ഘട്ടത്തിലാണ് ആറാഴ്ചയ്ക്കകം സര്‍വേ പൂര്‍ത്തീകരിക്കണമെന്ന നിര്‍ദേശം നല്‍കിയത്. സര്‍വേ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. കാരണം സംസ്ഥാന സര്‍ക്കാരിന്റെ നിഷേധനിലപാടുതന്നെ.

കൌതുകകരമായ മറ്റൊരു വസ്തുത, ഖനനത്തിനുള്ള ഈ പാട്ടഭൂമി രണ്ട് സംസ്ഥാനങ്ങളുടെ അതിര്‍ത്തിപ്രദേശമാണ്. നേരത്തെ ഇവര്‍ ആന്ധ്രയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി വൈ എസ് ആറിന്റെ സംരക്ഷണയിലായിരുന്നെങ്കില്‍, ഇടക്കാലത്ത് ബിജെപി കര്‍ണാടകത്തില്‍ അധികാരത്തില്‍ വന്നതോടെ അവരായി പുതിയ സംരക്ഷകര്‍. ഇതിനെതിരായി മുഖ്യമന്ത്രി യെദ്യൂരപ്പ നടത്തിയ നീക്കം ഡല്‍ഹിയില്‍ ചെന്ന് ബിജെപി കേന്ദ്രനേതൃത്വത്തിനുമുന്നില്‍ കണ്ണീരൊഴുക്കി അവസാനിപ്പിക്കേണ്ടിവന്നു.

ഇത്തരുണത്തില്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി, ആന്ധ്ര സര്‍ക്കാരിനെക്കുറിച്ച് നടത്തിയ അഭിപ്രായപ്രകടനം ശ്രദ്ധേയമാണ്.

"ഒരു സംസ്ഥാന സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്ന ഉദ്ദേശ്യശുദ്ധി, സുതാര്യത, നിഷ്പക്ഷത എന്നിവയെല്ലാം ഞെട്ടിപ്പിക്കുംവിധം നഷ്ടപ്പെടുത്തി വിശ്വാസ്യത ഇല്ലാതാക്കി. ഇവരുടെ ഈ പ്രവര്‍ത്തനം അനുവദനീയമല്ലാത്ത വനഭൂമിയില്‍ നടത്തുന്ന നിയമവിരുദ്ധമായ ഖനനത്തിന് സംരക്ഷണം നല്‍കുന്നതിനാണ്.''

ഖനനം നടത്തുന്നതിന് ബെല്ലാരിയിലെ സുഗലമ്മ ക്ഷേത്രം സ്ഫോടനത്തിലൂടെ തകര്‍ത്ത് നാമാവശേഷമാക്കി. സംഘപരിവാറില്‍പ്പെട്ട ആരും പ്രതിഷേധമൊന്നുംതന്നെ ഉയര്‍ത്താന്‍ ധൈര്യപ്പെട്ടില്ല.

അനന്തപുര്‍ ജില്ലയില്‍ 2004ല്‍ ഇരുമ്പയിര് ഖനനത്തിന് അപേക്ഷ ക്ഷണിച്ചപ്പോള്‍, 25 അപേക്ഷകര്‍ മുന്നോട്ടുവന്നു. മറ്റെല്ലാവരെയും അയോഗ്യരാക്കി പ്രഖ്യാപിച്ച്, ഒരു സ്റ്റീല്‍പ്ളാന്റ് തുടങ്ങുമെന്ന വാഗ്ദാനം തന്നിട്ടുണ്ടെന്ന ഒറ്റക്കാരണത്താല്‍ ഒഎംസിയെ അംഗീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വൈ എസ് ആര്‍ സര്‍ക്കാര്‍ ശുപാര്‍ശചെയ്തു. ജനങ്ങളുടെ കണ്ണില്‍ മണ്ണിടാന്‍ 2007ല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്റ്റീല്‍പ്ളാന്റിന്റെ ശിലാസ്ഥാപനമാമാങ്കം നടത്തുകയുംചെയ്തു. ഇപ്പോഴും സ്റ്റീല്‍പ്ളാന്റ് കടലാസില്‍തന്നെ.

ഖനനാനുമതിയുടെ മറവില്‍ ആന്ധ്രയിലെയും കര്‍ണാടകത്തിലെയും വനഭൂമി കൈയേറി ഇരുമ്പയിര് ഖനനം ചെയ്യുന്നതായി അനന്തപുര്‍ ഡിഎഫ്ഒ സാക്ഷ്യപ്പെടുത്തുന്നു. ഒഎംസിയുടെ സാമ്രാജ്യത്തിന്റെ അതിരുകള്‍ അജ്ഞാതമാണ്. സര്‍വേ ചെയ്തിട്ടുള്ള 827 ഹെക്ടറില്‍ 180 ഹെക്ടറാണ് ഒഎംസിക്ക് ഖനനത്തിനായി ലഭിച്ചിട്ടുള്ളത്. എന്നാല്‍, അവര്‍ 647 ഹെക്ടറില്‍ അനധികൃതമായി മൈനിങ് തുടരുന്നു.

ഗലി ജനാര്‍ദനറെഡ്ഡി കോണ്‍ഗ്രസ് മുഖ്യമന്ത്രിയോടും കുടുംബത്തോടും എങ്ങനെ നന്ദി പ്രകടിപ്പിച്ചു എന്നുകാണാം. ഒഎംസിയും റെഡ്ഗോള്‍ഡ് എന്റര്‍പ്രൈസസും തമ്മിലുള്ള കരാര്‍ ഇതിലേക്ക് വെളിച്ചം വീശുന്നതാണ്. റെഡ്ഗോള്‍ഡ് വൈ എസ് ആറിന്റെ മകന്‍ ജഗമോഹന്‍റെഡ്ഡിയുടെ ബിനാമി ഉടമസ്ഥതയിലുള്ളതാണ്. ഈ സ്ഥാപനത്തിന് 50 ശതമാനം ലാഭവിഹിതം ലഭിക്കും. അത് പ്രതിവര്‍ഷം 400 കോടി രൂപയാണ്. ഇത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയനേതൃത്വം നല്‍കുന്ന നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലമാണ്. ഈ തുകകൊണ്ട് വൈ എസ് രാജശേഖരറെഡ്ഡി ആന്ധ്രയിലെ കോണ്‍ഗ്രസിനെയാകെ വിലയ്ക്കെടുത്തു. അദ്ദേഹത്തിന്റെ മരണശേഷം ജഗമോഹന്‍റെഡ്ഡിയായി ഈ സാമ്രാജ്യത്തിന്റെ അധിപന്‍. മുഖ്യധാരാ മാധ്യമങ്ങള്‍ പ്രകൃതിസമ്പത്തിന്റെ നഗ്നമായ ഈ കൊള്ള മൂടിവയ്ക്കുകയായിരുന്നു. 2004നുമുമ്പ് ഗലിയും വൈ എസ് രാജശേഖരറെഡ്ഡിയും ആദായനികുതി ഫയല്‍ചെയ്യുമ്പോള്‍ ലക്ഷങ്ങളുടെ നികുതിബാധ്യതയാണ് ഉണ്ടായിരുന്നതെങ്കില്‍, ഇപ്പോള്‍ ശതകോടികളുടെ മുന്‍കൂര്‍നികുതിയാണ് അടച്ചുകൊണ്ടിരിക്കുന്നത്.

രാജ്യം കണ്ട കൊടിയ ഈ കോണ്‍ഗ്രസ് അഴിമതിയെ മനോരമ കണ്ടില്ലെന്നുണ്ടോ? ആരുടെ കണ്ണിലാണ് മനോരമ അടക്കമുള്ള മാധ്യമങ്ങള്‍ മണ്ണിടുന്നത്? അറബിക്കഥപോലെ സഹസ്രകോടീശ്വരന്മാരാകുന്നത് സിപിഐ എം നേതാക്കളോ? കോണ്‍ഗ്രസ് നേതാക്കളോ?

പി ജയരാജന്‍ ദേശാഭിമാനി

1 comment:

  1. സിപിഐ എമ്മിനെതിരെ മനോരമ ഏറ്റവും ഒടുവില്‍ കോടികള്‍ കോടികള്‍ പിന്നാലെ എന്ന പരമ്പരയിലൂടെയാണ് ആഞ്ഞടിച്ചത്. ആ പരമ്പര തുടങ്ങിയ ദിവസം, 'ദി ഹിന്ദു' പത്രത്തില്‍ ആറാംപേജില്‍ 'ഖനി സംഭരണശാല ലോകായുക്ത റെയ്ഡുചെയ്തു' എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വാര്‍ത്തയുടെ പിന്നാമ്പുറത്തേക്ക് പോയാലാണ് ബഹുകോടീശ്വരന്മാരായി മാറിയ കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുക. ഇന്ത്യയുടെ പ്രകൃതിസമ്പത്ത് കൊള്ളയടിക്കുന്ന മാഫിയപ്രവര്‍ത്തനങ്ങളിലേക്ക് വെളിച്ചംവീശുന്ന പരിശോധന സുപ്രീംകോടതിയടക്കം നടത്തി തുടങ്ങിയിരിക്കുകയാണ്. തങ്ങളുടെ രക്ഷകരായ കോണ്‍ഗ്രസ് നേതാക്കള്‍ ചുരുങ്ങിയ വര്‍ഷംകൊണ്ട് കോടികളുടെ ഉടമസ്ഥരാകുന്നത് മനോരമയുടെ താളുകളില്‍ എവിടെയും നമുക്ക് കാണാന്‍ കഴിയില്ല.

    ReplyDelete