Friday, May 7, 2010

അലിഗഢ് കേന്ദ്രം വരുമ്പോള്‍

വിഖ്യാതമായ അലിഗഢ് സര്‍വകലാശാലയുടെ കേന്ദ്രം മലപ്പുറത്ത് യാഥാര്‍ഥ്യമാവുകയാണ്. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദിനൊപ്പം മലപ്പുറംജില്ലയിലെ പെരിന്തല്‍മണ്ണയിലും കേന്ദ്രം തുടങ്ങുന്നതിന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ അംഗീകാരം നല്‍കിയത് കേരളീയര്‍ക്ക് അഭിമാനകരമാണ്; ആഹ്ളാദകരമാണ്. ആദ്യമായാണ് അലിഗഢ് സര്‍വകലാശാല മറ്റു സ്ഥലങ്ങളില്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. മലപ്പുറത്ത് അടുത്ത അക്കാദമിക് വര്‍ഷം അഞ്ചുവര്‍ഷ ബിഎ- എല്‍എല്‍ബി കോഴ്സും എംബിഎ കോഴ്സും ആരംഭിക്കുമെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അലിഗഢ് കേന്ദ്രങ്ങള്‍ക്ക് സൌജന്യമായി സ്ഥലവും സൌകര്യങ്ങളും ഒരുക്കിയ കേരള, ബംഗാള്‍ സര്‍ക്കാരുകളെ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അഞ്ചു സംസ്ഥാനങ്ങള്‍ക്ക് അവസരം നല്‍കിയതില്‍ കേരളവും പശ്ചിമ ബംഗാളും മാത്രമാണ് അനുകൂലമായി പ്രതികരിച്ചതും പണവും സ്ഥലവും പ്രോത്സാഹനവും നല്‍കിയതും.

2008ല്‍ സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് പാലോളി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി അലിഗഢ് സെന്റര്‍ കേരളത്തില്‍ തുടങ്ങാന്‍ ശുപാര്‍ശചെയ്തത്. റിപ്പോര്‍ട്ടിന്റെ എട്ടാം ഖണ്ഡികയിലാണ് സ്പെഷ്യല്‍ ക്യാമ്പസ് സംസ്ഥാനത്ത് സ്ഥാപിക്കാന്‍ നടപടി വേണമെന്ന ശുപാര്‍ശ. സെന്റര്‍ അനുവദിക്കുകയാണെങ്കില്‍ സംസ്ഥാനസര്‍ക്കാര്‍ സൌജന്യമായി സ്ഥലം നല്‍കാമെന്ന് 2008 മാര്‍ച്ച് ഏഴിന് കേന്ദ്രത്തെ അറിയിച്ചു. അതിനുമുമ്പുതന്നെ 2007 സെപ്തംബര്‍ 28ന് മന്ത്രി എം എ ബേബി ക്യാമ്പസ് കേരളത്തില്‍ സ്ഥാപിക്കണമെന്ന് അന്നത്തെ മന്ത്രി അര്‍ജുന്‍സിങ്ങിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് സെന്റര്‍ തുടങ്ങാന്‍ തീരുമാനമായത്. അലിഗഢ് സെന്റര്‍ തുടങ്ങാന്‍ മലപ്പുറം ജില്ലയെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുത്തത്. മലപ്പുറം പാണക്കാട്ട് വ്യവസായ എസ്റ്റേറ്റിനുവേണ്ടി അക്വയര്‍ചെയ്ത 230 ഏക്കറും നിലമ്പൂരിലെ മുണ്ടേരി ഫാമും ഇതിനായി നിര്‍ദേശിച്ചു. പാണക്കാട്ടെ സ്ഥലം കേന്ദ്ര നിയമപ്രകാരം വ്യവസായ ആവശ്യത്തിനുമാത്രം അക്വയര്‍ചെയ്തതിനാല്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ ഭൂഉടമകള്‍ക്കുതന്നെ തിരിച്ചുനല്‍കണമെന്നാണ് നിയമം. ഈ നിയമതടസ്സം കാരണം അതു പ്രാവര്‍ത്തികമാകില്ലെന്നു ബോധ്യമായി. നിലമ്പൂര്‍ മുണ്ടേരിയിലെ സ്ഥലം വനപരിധിയിലുള്ള പരിസ്ഥിതി ദുര്‍ബലപ്രദേശമാണെന്ന നിയമതടസ്സമുണ്ടെന്നും ബോധ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നാണ് പെരിന്തല്‍മണ്ണയ്ക്കടുത്ത് ചേലാമലയില്‍ അനുയോജ്യമായ സ്ഥലമുണ്ടെന്ന് വി ശശികുമാര്‍ എംഎല്‍എ അറിയിച്ചത്. ആ സ്ഥലം അനുയോജ്യമാണെന്ന് റവന്യൂവകുപ്പ് വിലയിരുത്തി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത സമയമായിരുന്നു അത്. അലിഗഢ് കേന്ദ്രം തുടങ്ങുന്നത് വിവാദമാക്കാനും രാഷ്ട്രീയമുതലെടുപ്പിനുള്ള ആയുധമാക്കാനുമാണ് മുസ്ളിംലീഗ് ശ്രമിച്ചത്. മലപ്പുറം കലക്ടറേറ്റിനു മുമ്പില്‍ മാസങ്ങളോളം റിലേ സത്യഗ്രഹം നടത്തി. പെരിന്തല്‍മണ്ണയില്‍ തുടങ്ങരുതെന്ന് അലിഗഢ് സര്‍വകലാശാലയില്‍ സമ്മര്‍ദം ചെലുത്തി. മുസ്ളിംലീഗിന്റെ വഞ്ചനാപരമായ നിലപാടുമൂലം സര്‍വകലാശാലാകേന്ദ്രം കേരളത്തിനു നഷ്ടമാകുമോ എന്ന ഭീതിപോലും ഉയര്‍ന്നു. സര്‍ക്കാര്‍ ഒരു ദിവസംപോലും വൈകാതെ നടപടിയുമായി മുന്നോട്ടുപോയി. ഭൂമി ഏറ്റെടുക്കാനായി പെരിന്തല്‍മണ്ണയില്‍ 40 അംഗങ്ങളടങ്ങിയ സ്പെഷ്യല്‍ ഓഫീസ് തുറന്നു. 2010 മാര്‍ച്ച് എട്ടിന് ഒന്നാംഘട്ടമെന്ന നിലയില്‍ 121.76 ഏക്കര്‍ ഭൂമി സര്‍ക്കാരിന് കൈമാറി. സ്വകാര്യ ഉടകമകളുടെ കൈവശമുള്ള ഭൂമിയാണ് എല്ലാ തര്‍ക്കങ്ങളും തീര്‍ത്ത് ഒരു വര്‍ഷത്തിനുമുമ്പുതന്നെ സര്‍ക്കാരിന് നല്‍കിയത്. രണ്ടാംഘട്ടത്തില്‍ 220 ഏക്കര്‍ ഭൂമികൂടി അക്വയര്‍ ചെയ്ത് സര്‍ക്കാരിന് നല്‍കും. മെയ് മുപ്പത്തൊന്നോടെ പൂര്‍ത്തിയാകത്തക്ക രീതിയിലാണ് പ്രവൃത്തി നടക്കുന്നത്. ആവശ്യമെങ്കില്‍ പെട്ടെന്നുതന്നെ ക്ളാസുകള്‍ തുടങ്ങാനായി നിര്‍ദിഷ്ട ക്യാമ്പസിന് ഒരു കിലോമീറ്റര്‍ അടുത്ത് 15,000 ചതുരശ്ര അടി കെട്ടിടം തയ്യാറായി കഴിഞ്ഞു.

അലിഗഢ് സര്‍വകലാശാലയുടെ ഒരു കേന്ദ്രം തുടങ്ങിയതുകൊണ്ട് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗത്തെ ആവശ്യങ്ങളെല്ലാം നിറവേറ്റി എന്ന തെറ്റിദ്ധാരണ ആര്‍ക്കുമില്ല. എന്നാല്‍, കേരളത്തിന്റെ വിദ്യാഭ്യാസപുരോഗതിയുടെ നാഴികക്കല്ലാകും പുതിയ ക്യാമ്പസ് എന്ന വസ്തുത മറച്ചുവയ്ക്കാനും ആര്‍ക്കും കഴിയില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തും മുന്‍കൈയിലുമാണ് ഇത്തരമൊരു കേന്ദ്രം ആരംഭിക്കുന്നത് എന്നതിന്റെ കൊതിക്കെറുവ് പ്രാദേശിക-സങ്കുചിത വികാരമാക്കി മാറ്റിയെടുക്കാന്‍ വഴിവിട്ട ശ്രമങ്ങള്‍ നടന്നിരുന്നു. അത്തരം ശ്രമങ്ങള്‍ക്ക് പക്ഷേ ജനങ്ങളില്‍ ചലനമുണ്ടാക്കാനായില്ല. വിദ്യാഭ്യാസപുരോഗതിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ എടുക്കുന്ന നടപടികളില്‍ തിളക്കമുള്ളതുതന്നെയാണ് പുതിയ ക്യാമ്പസ്. സ്വന്തം അക്കൌണ്ടില്‍ വരുന്നില്ലെങ്കില്‍ വികസനവും വിദ്യാഭ്യാസ സ്ഥാപനങ്ങളും വേണ്ടതില്ല എന്ന മുസ്ളിം ലീഗിന്റെ അപരിഷ്കൃത ചിന്തയ്ക്കുള്ള മരുന്നുകൂടിയാണിത്. നിശ്ചിത സമയത്തിനുമുമ്പുതന്നെ കേന്ദ്രം പ്രവര്‍ത്തിക്കാനാകട്ടെ എന്ന് ഞങ്ങള്‍ ആശംസിക്കുന്നു. ഒപ്പം ഇതിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം 07052010

1 comment:

  1. വിഖ്യാതമായ അലിഗഢ് സര്‍വകലാശാലയുടെ കേന്ദ്രം മലപ്പുറത്ത് യാഥാര്‍ഥ്യമാവുകയാണ്. പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദിനൊപ്പം മലപ്പുറംജില്ലയിലെ പെരിന്തല്‍മണ്ണയിലും കേന്ദ്രം തുടങ്ങുന്നതിന് രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ അംഗീകാരം നല്‍കിയത് കേരളീയര്‍ക്ക് അഭിമാനകരമാണ്; ആഹ്ളാദകരമാണ്. ആദ്യമായാണ് അലിഗഢ് സര്‍വകലാശാല മറ്റു സ്ഥലങ്ങളില്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. മലപ്പുറത്ത് അടുത്ത അക്കാദമിക് വര്‍ഷം അഞ്ചുവര്‍ഷ ബിഎ- എല്‍എല്‍ബി കോഴ്സും എംബിഎ കോഴ്സും ആരംഭിക്കുമെന്ന് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അലിഗഢ് കേന്ദ്രങ്ങള്‍ക്ക് സൌജന്യമായി സ്ഥലവും സൌകര്യങ്ങളും ഒരുക്കിയ കേരള, ബംഗാള്‍ സര്‍ക്കാരുകളെ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. അഞ്ചു സംസ്ഥാനങ്ങള്‍ക്ക് അവസരം നല്‍കിയതില്‍ കേരളവും പശ്ചിമ ബംഗാളും മാത്രമാണ് അനുകൂലമായി പ്രതികരിച്ചതും പണവും സ്ഥലവും പ്രോത്സാഹനവും നല്‍കിയതും.

    ReplyDelete