Thursday, May 27, 2010

ഒറ്റച്ചവിട്ടിനു കോണ്‍ഗ്രസിലെ ജനാധിപത്യം ചത്തു !

കൂട്ടക്കൊല പേടിച്ച് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ഉപേക്ഷിച്ചു

ബൂത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സഹപ്രവര്‍ത്തകനെ ചവിട്ടിക്കൊന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കൂട്ടക്കൊല ഉറപ്പാകുമെന്ന് തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഉപേക്ഷിച്ചു. കെപിസിസി- എഐസിസി അംഗങ്ങളെ താഴെ തട്ടില്‍ നിശ്ചയിക്കേണ്ടെന്ന് കെപിസിസി നേതൃത്വം അറിയിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് സാധ്യമല്ലെന്ന് വന്നതോടെ ബ്ളോക്ക് തലത്തില്‍ സമവായ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനൊപ്പം കെപിസിസി അംഗങ്ങളെ നിശ്ചയിക്കാനുള്ള അവകാശം ബ്ളോക്ക് തല പ്രവര്‍ത്തകരില്‍ നിന്ന് എടുത്തുമാറ്റി. ബ്ളോക്കില്‍ നിന്ന് ഒരു കെപിസിസി അംഗത്തെയായിരുന്നു തെരഞ്ഞെടുക്കേണ്ടിയിരുന്നത്. ഡിസിസി- പിസിസി തലത്തില്‍ നിലവിലെ സ്ഥിതി തുടരും. രക്തചൊരിച്ചിലുണ്ടാക്കുമെന്ന് ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് ഉപേക്ഷിച്ച് നീക്കുപോക്ക് കമ്മിറ്റികളെ പ്രതിഷ്ഠിക്കുന്നത്. ഇതിന് രൂപീകരിച്ച സമവായ കമ്മിറ്റി യോഗം പലയിടത്തും അടി കലശലിലായി.

സമവായ കമ്മിറ്റിയുടെ തീരുമാനങ്ങളുടെ പേരില്‍ കൊല്ലത്ത് കൊടിക്കുന്നില്‍ സുരേഷ് എംപിയും ഉമ്മന്‍ചാണ്ടി അനുയായി എഴുകോ സത്യശീലനും പരസ്യമായ കയ്യാങ്കളിയുണ്ടായി. ഇടുക്കിയില്‍ സമവായ കമ്മിറ്റി യോഗം ഇഎം അഗസ്തിയും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. ജോയി തോമസും ബഹിഷ്ക്കരിച്ചു. പി ടി തോമസും ഡിസിസി പ്രസിഡന്റ് അഡ്വ. റോയി തോമസുമാണ് എതിര്‍പക്ഷത്ത്. മലപ്പുറത്ത് മുന്‍മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദും അനില്‍കുമാറും രണ്ടുചേരികള്‍ക്ക് നേതൃത്വം നല്‍കുന്നു. കണ്ണൂര്‍, തിരുവനന്തപുരം, തൃശൂര്‍ തുടങ്ങിയ ജില്ലകളിലെല്ലാം സ്ഥിതി സംഘര്‍ഷഭരിതമാണ്.

ബൂത്തുകളില്‍ രണ്ടാഴ്ച മുമ്പാണ് കമ്മിറ്റികള്‍ വരേണ്ടിയിരുന്നത്. തര്‍ക്കം കാരണം ബൂത്തുതല കമ്മിറ്റികള്‍ പോലും എല്ലായിടത്തുമായിട്ടില്ല. മണ്ഡലങ്ങളില്‍ സമവായ കമ്മിറ്റികള്‍ നിലവില്‍ വരാനുള്ള അന്തിമ തീയതി മേയ്17 ആയിരുന്നു. ഇത് ജലരേഖയായി. സംസ്ഥാനത്തെ 1200 ലധികം വരുന്ന മണ്ഡലം കമ്മിറ്റികളില്‍ അഞ്ചൂറിലധികം ഇടങ്ങളിലും തര്‍ക്കം കാരണം കമ്മിറ്റികളായില്ല. ബ്ളോക്ക് കമ്മിറ്റികള്‍ സമവായത്തിലൂടെ നിലവില്‍ വരാന്‍ നിശ്ചയിച്ച തീയതി 22 ആണ്. ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും തര്‍ക്കം രൂക്ഷമാണ്. ക്രമസമാധാനപ്രശ്നമായി വളരാതിരിക്കാന്‍ നിലവിലുള്ളവരെ തന്നെ ഭാരവാഹികളായി തുടരാന്‍ അനുവദിക്കുകയാണ്. ബ്ളോക്ക് തലത്തിലും കമ്മിറ്റികളായിട്ടില്ല. ഒരു നിയമസഭ നിയോജക മണ്ഡലത്തില്‍ രണ്ട് ബ്ളോക്കാണ്. സംസ്ഥാനത്തെ 281 ബ്ളോക്കുകളില്‍ നിന്നായി ഓരോ കെപിസിസി അംഗങ്ങളെ നിശ്ചയിക്കേണ്ടതുണ്ട്. എന്നാല്‍ കെപിസിസി- എഐസിസി അംഗങ്ങളെ താഴെ തട്ടില്‍ നിശ്ചിയിക്കേണ്ട, സംസ്ഥാന തലത്തില്‍ തീരുമാനിക്കാമെന്ന കെപിസിസി അറിയിപ്പു കാരണം കെപിസിസി അംഗങ്ങളുടെ സമവായ തീരുമാനം മുടങ്ങി. പഴയഭാരവാഹികള്‍ തുടരാനുള്ള തീരുമാനം കരുണാകരപക്ഷത്തെ സംഘടനയില്‍ നിന്നും തുടച്ചുനീക്കാന്‍ കാരണമാകും. ഇതിലെ പ്രതിഷേധം ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ കരുണാകരന്‍ നേരില്‍ അറിയിച്ചു.

ദേശാഭിമാനി 27052010

2 comments:

  1. ബൂത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ സഹപ്രവര്‍ത്തകനെ ചവിട്ടിക്കൊന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ കൂട്ടക്കൊല ഉറപ്പാകുമെന്ന് തിരിച്ചറിഞ്ഞ് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് ഉപേക്ഷിച്ചു. കെപിസിസി- എഐസിസി അംഗങ്ങളെ താഴെ തട്ടില്‍ നിശ്ചയിക്കേണ്ടെന്ന് കെപിസിസി നേതൃത്വം അറിയിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പ് സാധ്യമല്ലെന്ന് വന്നതോടെ ബ്ളോക്ക് തലത്തില്‍ സമവായ കമ്മിറ്റികള്‍ രൂപീകരിക്കുന്നതിനൊപ്പം കെപിസിസി അംഗങ്ങളെ നിശ്ചയിക്കാനുള്ള അവകാശം ബ്ളോക്ക് തല പ്രവര്‍ത്തകരില്‍ നിന്ന് എടുത്തുമാറ്റി. ബ്ളോക്കില്‍ നിന്ന് ഒരു കെപിസിസി അംഗത്തെയായിരുന്നു തെരഞ്ഞെടുക്കേണ്ടിയിരുന്നത്. ഡിസിസി- പിസിസി തലത്തില്‍ നിലവിലെ സ്ഥിതി തുടരും. രക്തചൊരിച്ചിലുണ്ടാക്കുമെന്ന് ഹൈക്കമാന്‍ഡിനെ ബോധ്യപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് ഉപേക്ഷിച്ച് നീക്കുപോക്ക് കമ്മിറ്റികളെ പ്രതിഷ്ഠിക്കുന്നത്. ഇതിന് രൂപീകരിച്ച സമവായ കമ്മിറ്റി യോഗം പലയിടത്തും അടി കലശലിലായി.

    ReplyDelete
  2. K.P.C.C പ്രസിഡന്റ് ആകുവാൻ താല്പര്യമുള്ളവരിൽ നിന്ന് ബയൊഡാറ്റ സ്വീകരിച്ച്‌ ഉടനെ തന്നെ രാഹുൽ ഗാന്ധി പ്രസിഡന്റിനെ നൂലിൽ കെട്ടിയിറക്കുന്നതായിരിക്കും, കാത്തിരിക്കുക.

    എന്നിട്ടും പറയുന്നു, ജനാധിപത്യയ് ഇന്ത്യയെന്ന്‌!

    ReplyDelete