Thursday, May 20, 2010

തെരഞ്ഞെടുപ്പു പ്രകടനപത്രികയും എല്‍ഡിഎഫ് സര്‍ക്കാരും

വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റിട്ട് 2010 മെയ് 18ന് നാലുവര്‍ഷം പൂര്‍ത്തിയായി. ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പരമാവധി പാലിച്ചുകൊണ്ടിരിക്കുകയാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങളുടെയും കെടുതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും വളരെയേറെ പരിമിതപ്പെടുത്തുന്നുണ്ട് എന്നത് വസ്തുതയാണ്. എന്നിരുന്നാലും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ജനങ്ങള്‍ക്ക് പൊതുവെ ആശ്വാസം നല്‍കുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്; അതിനുള്ള നയ സമീപനങ്ങളാണ് എല്‍ഡിഎഫ് ആവിഷ്കരിക്കുന്നത്.

സമൂഹത്തില്‍ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് പരമാവധി ആശ്വാസം എത്തിക്കുക എന്നതാണ് മുന്നണിയുടെയും സര്‍ക്കാരിന്റെയും കാഴ്ചപ്പാട്. അടിസ്ഥാന ജനവിഭാഗത്തോടുള്ള പ്രതിബദ്ധത എന്നത് എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം കേവലം തെരഞ്ഞെടുപ്പുകാല വായ്ത്താരിയല്ല, മറിച്ച് യാഥാര്‍ത്ഥ്യമാക്കാനുള്ള കര്‍മ്മ പരിപാടികളാണ് അവ. സാമൂഹിക നീതിയിലൂന്നിയുള്ള സമഗ്രവികസനത്തിനുള്ള ഊര്‍ജ്ജിതമായ പ്രവര്‍ത്തനങ്ങളിലാണ് സര്‍ക്കാര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതിലൂടെ പ്രകടനപത്രികയിലെ ഒട്ടനവധി വാഗ്ദാനങ്ങളും പാലിക്കപ്പെട്ടിരിക്കയാണ്. ശേഷിക്കുന്നവ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനാണ് അടുത്ത ഒരു വര്‍ഷക്കാലം സര്‍ക്കാരും മുന്നണിയും പരിശ്രമിക്കുന്നത്.

കൃഷി

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കാര്‍ഷികമേഖല അങ്ങേയറ്റം തകര്‍ച്ച നേരിടുന്ന സന്ദര്‍ഭമായിരുന്നു. കൃഷിക്കാര്‍ കടംകൊണ്ട് പൊറുതിമുട്ടിയിരുന്നു. യുഡിഎഫ് ഭരണത്തില്‍ 1500ല്‍ ഏറെപ്പേര്‍ കടംകൊണ്ട് ആത്മഹത്യ ചെയ്തിരുന്നു. ഭൂരിപക്ഷം വിളകളും വിലത്തകര്‍ച്ചയെ നേരിട്ടു. 1999-2000 ത്തിലേതിനേക്കാള്‍ താഴ്ന്നതായിരുന്നു യുഡിഎഫിന്റെ കാലത്ത് കാര്‍ഷികമേഖലയിലെ ഉല്‍പാദനം. ഒമ്പതാം പദ്ധതിക്കാലത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ മൊത്തം പദ്ധതി വിഹിതത്തിന്റെ 7.2 ശതമാനം കൃഷിക്കായി നീക്കിവെച്ചു. എന്നാല്‍ പത്താം പദ്ധതിക്കാലത്ത് യുഡിഎഫ് സര്‍ക്കാര്‍ വെറും 4.5 ശതമാനമാണ് നീക്കിവെച്ചത്. 2005-06ല്‍ വാര്‍ഷിക പദ്ധതിയുടെ 3.5 ശതമാനം മാത്രമാണ് കൃഷിക്കും അനുബന്ധമേഖലയ്ക്കുമായി യുഡിഎഫ് സര്‍ക്കാര്‍ ചെലവഴിച്ചത്.

"പതിനൊന്നാം പഞ്ചവല്‍സരപദ്ധതിയില്‍ 10 ശതമാനം അടങ്കലെങ്കിലും കൃഷിക്കും അനുബന്ധമേഖലയ്ക്കും വകയിരുത്തും. അടുത്ത അഞ്ചുവര്‍ഷംകൊണ്ട് കാര്‍ഷികമേഖലയില്‍ 30,000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കും. തൊഴിലുറപ്പു പദ്ധതിപോലുള്ള മറ്റ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട്, സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ട്, സഹകരണ ബാങ്കുകളില്‍നിന്നും വാണിജ്യബാങ്കുകളില്‍നിന്നും സമാഹരിക്കുന്ന വായ്പകള്‍ എന്നിവയില്‍നിന്നാണ് പാക്കേജിന് ആവശ്യമായ പണം കണ്ടെത്തുക.''

ഈ വാഗ്ദാനം സര്‍ക്കാര്‍ പൂര്‍ണ്ണമായും പാലിച്ചിട്ടുണ്ട്.

"പ്രകൃതിദുരന്തം, വരള്‍ച്ച എന്നിവമൂലം കൃഷിനാശം നേരിടുന്ന കര്‍ഷകര്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കും. ആത്മഹത്യചെയ്ത കര്‍ഷക കുടുംബാംഗങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളും. കടക്കെണിയിലായ കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സഹായത്തോടെ പദ്ധതികള്‍ തയ്യാറാക്കും. വിവിധ ബാങ്കുകളില്‍നിന്ന് കാര്‍ഷിക വായ്പ എടുത്ത കര്‍ഷകര്‍ എടുത്ത മുതല്‍ അടച്ചുതീര്‍ത്തിട്ടുണ്ടെങ്കില്‍ പലിശ മുഴുവനായി എഴുതിത്തള്ളും. കര്‍ഷക കടാശ്വാസനിയമം ആവിഷ്കരിക്കും. കുറഞ്ഞ പലിശയ്ക്ക് ദീര്‍ഘകാല വായ്പകള്‍ ലഭ്യമാക്കും. പലിശനിരക്ക് പുന:ക്രമീകരിക്കുന്നതിനും കുറയ്ക്കുന്നതിനും നടപടി സ്വീകരിക്കും. ബ്ളേഡുകമ്പനികളെ കര്‍ശനമായി നിയന്ത്രിക്കും. കാര്‍ഷിക കടത്തിനുള്ള വായ്പയുടെ പലിശയുടെ മേല്‍ പലിശ ഈടാക്കുന്ന സമ്പ്രദായം നിര്‍ത്തലാക്കും''.

ഈ സര്‍ക്കാര്‍ അധികാരമേറ്റ് ആഴ്ചകള്‍ക്കുള്ളില്‍തന്നെ കര്‍ഷക കടാശ്വാസകമ്മീഷനെ നിയമിക്കയും കടങ്ങള്‍ എഴുതിത്തള്ളുന്നതിനും മറ്റുമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കര്‍ഷക ആത്മഹത്യ എന്നത് ഇതോടെ കേട്ടുകേഴ്വിയായി മാറി. ആത്മഹത്യചെയ്ത മുഴുവന്‍ കൃഷിക്കാരുടെയും കടങ്ങള്‍ എഴുതിത്തള്ളി. അവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപവീതം നഷ്ടപരിഹാരം നല്‍കി. മൊത്തം 41,223 കര്‍ഷകരെ കര്‍ഷക കടാശ്വാസകമ്മീഷന്‍ ശുപാര്‍ശപ്രകാരം കടക്കെണിയില്‍നിന്ന് മുക്തരാക്കി.

"നെല്‍കൃഷിയുടെ പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് നെല്‍കൃഷി സംരക്ഷണ നടപടികള്‍ ആവിഷ്കരിക്കും. നെല്ലിന്റെ സംരക്ഷണം ഫലപ്രദമായി നടപ്പിലാക്കും'' എന്നത് എല്‍ഡിഎഫിന്റെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നെല്ലിന്റെ താങ്ങുവില കിലോഗ്രാമിന് 7 രൂപയായിരുന്നു. ഈ സര്‍ക്കാര്‍ അത് പടിപ്പടിയായി ഉയര്‍ത്തിക്കൊണ്ടുവന്നു. ഇപ്പോള്‍ അത് കിലോഗ്രാമിന് പന്ത്രണ്ടുരൂപയാണ്. സഹകരണസംഘങ്ങളും പാടശേഖരകമ്മിറ്റികളും വഴി സര്‍ക്കാര്‍ നെല്ലിന് താങ്ങുവില നല്‍കി ഫലപ്രദമായി ശേഖരിക്കുന്നത് കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാണ്. കൃഷിക്കാരില്‍ ഉണ്ടാക്കിയിരിക്കുന്ന ആത്മവിശ്വാസം നെല്‍കൃഷി രംഗത്ത് ഗുണപരമായ സ്വാധീനം ഉണ്ടാക്കിയിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നെല്‍കൃഷി വികസനത്തില്‍ ശക്തമായ ഇടപെടലാണ് നടത്തിയിട്ടുള്ളത്.

2008-09ല്‍ നെല്‍കൃഷിക്കു മാത്രമായി 93.01 കോടി രൂപയാണ് ത്രിതല പഞ്ചായത്തുകള്‍ ചെലവിട്ടത്. 2009-10ല്‍ 189.8 കോടി രൂപയും ചെലവിട്ടു. തൊഴിലുറപ്പു പദ്ധതി സമര്‍ത്ഥമായി പ്രയോജനപ്പെടുത്തിയതിലൂടെ ഉണ്ടായ കായികാദ്ധ്വാനം ഇതിനുപുറമെയാണ്. (യുഡിഎഫ് ഭരണകാലത്ത് പത്താം പദ്ധതിയിലെ അഞ്ചുവര്‍ഷ കാലയളവില്‍ നെല്‍കൃഷിക്കായി ആകെ ചെലവഴിച്ചത് 223.07 കോടി രൂപയാണെന്ന് ഓര്‍ക്കുക.) അതുപോലെ നെല്‍കൃഷിക്കുള്ള കൂലിച്ചെലവിന് ഹെക്ടര്‍ ഒന്നിന് 2500 രൂപ കൃഷിക്കാര്‍ക്ക് പഞ്ചായത്തുകളിലൂടെ നല്‍കി. ഇതിന്റെകൂടി ഫലമായി 2008-09ല്‍ മാത്രം 60,000 ഏക്കറില്‍ നെല്‍കൃഷി പുതിയതായി ആരംഭിക്കാന്‍ കഴിഞ്ഞു. 1.25 ടണ്‍ നെല്ല് അധികമായി വിളയിക്കുവാനുമായി. കൂടാതെ 1000 ഹെക്ടര്‍ സ്ഥലത്ത് കര നെല്‍കൃഷി ആരംഭിക്കാന്‍ സാധിച്ചു. 55 സ്കൂളുകളില്‍ നെല്‍കൃഷി തുടങ്ങി. പല സ്ഥലങ്ങളിലും ഒരുപ്പു നിലങ്ങള്‍ ഇരുപ്പു നിലങ്ങളാക്കി മാറ്റാന്‍ സാധിച്ചു. നെല്‍കൃഷിക്ക് പലിശരഹിത വായ്പ ലഭ്യമാക്കുന്നതിനൊപ്പം ഇന്‍ഷ്വറന്‍സ് സ്കീം ഫലപ്രദമായി നടപ്പാക്കി. പ്രീമിയം തുകയില്‍ കുറവുവരുത്തിയും കര്‍ഷകര്‍ക്കു ലഭിക്കുന്ന നഷ്ടപരിഹാരതുകയില്‍ വര്‍ദ്ധനവു വരുത്തിയും കൊണ്ടുള്ള പുതിയ ഇന്‍ഷ്വറന്‍സ് പദ്ധതി കര്‍ഷകര്‍ക്ക് ഏറെ ആശ്വാസമായി. ആനുകൂല്യങ്ങള്‍ സമയബന്ധിതമായി ലഭിക്കുന്നതിന് ഗ്രീന്‍കാര്‍ഡ് ഏര്‍പ്പെടുത്തി. മുമ്പ് ഒരിക്കലുമില്ലാത്തവിധം കൃഷിനാശത്തിന് സത്വര സഹായം നല്‍കി. 25 കോടി രൂപ ഈ ഇനത്തില്‍ നെല്‍കര്‍ഷകര്‍ക്ക് നല്‍കി.

"സമഗ്ര കാര്‍ഷിക ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കും'' എന്നതായിരുന്നു മറ്റൊരു പ്രധാന വാഗ്ദാനം. കിസാന്‍ ശ്രീ ഇന്‍ഷ്വറന്‍സ് എന്ന ഒരു പദ്ധതി ആവിഷ്കരിച്ചു. അഞ്ചുലക്ഷം കര്‍ഷകര്‍ അംഗങ്ങളായ ഈ സ്കീമില്‍ പ്രീമിയം തുക പൂര്‍ണ്ണമായും സര്‍ക്കാരാണ് അടയ്ക്കുന്നത്.

"പച്ചക്കറികൃഷി വ്യാപകമാക്കി പച്ചക്കറിയുടെ കാര്യത്തില്‍ സ്വയം പര്യാപ്തത നേടിയെടുക്കും''-എന്നതായിരുന്നു മറ്റൊരു പ്രധാന വാഗ്ദാനം. ഈ ലക്ഷ്യം നേടാന്‍ ഗവണ്‍മെന്റ് പല പദ്ധതികളും നടപ്പാക്കി. അതിലൂടെ 7500ല്‍ ഏറെ ഏക്കര്‍ സ്ഥലത്ത് പച്ചക്കറി കൃഷി അധികമായി വ്യാപിപ്പിച്ചു; 40,000 ടണ്‍ പച്ചക്കറി അധികമായി ഉല്‍പാദിപ്പിക്കാനും കഴിഞ്ഞു. അടുത്തവര്‍ഷം 12000ല്‍ ഏറെ ഏക്കര്‍ സ്ഥലത്തുകൂടി പച്ചക്കറി കൃഷി വ്യാപിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. അതിലൂടെ ഒരു ലക്ഷം ടണ്‍ പച്ചക്കറി അധികമായി ഉല്‍പാദിപ്പിക്കാനാവും; പച്ചക്കറി പദ്ധതികള്‍ ഏകോപിപ്പിക്കാനും കാര്യക്ഷമമാക്കാനും സംസ്ഥാന വെജിറ്റബിള്‍ മിഷന് രൂപം നല്‍കിയിട്ടുണ്ട്.

"നാളികേര കൃഷിയെ സംരക്ഷിക്കാന്‍ പ്രത്യേക പാക്കേജ് നടപ്പിലാക്കും. അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്തിയ പരിഗണന നല്‍കും''-പ്രകടനപത്രിക.

നാളികേര വിലയിടിവ് വലിയ ഒരു പ്രശ്നമാണ്. ആ രൂക്ഷമായ പ്രശ്നത്തില്‍നിന്ന് നാളികേര കര്‍ഷകരെ രക്ഷിക്കാന്‍ പച്ചനാളികേരം 4 രൂപ 40 പൈസയ്ക്കും വെള്ളം കളഞ്ഞ നാളികേരം 11 രൂപ നിരക്കിലും സര്‍ക്കാര്‍ സംഭരിച്ചു. ഇന്ത്യയിലെതന്നെ ഏറ്റവും ഉയര്‍ന്ന സംഭരണ വിലയാണിത്. നാളികേര വികസനത്തിനായി 720 കര്‍ഷക കൂട്ടായ്മകളിലൂടെ 18,100 ഹെക്ടര്‍ സ്ഥലത്ത് കേരശ്രീ പദ്ധതി നടപ്പിലാക്കി. വളരെ കുറഞ്ഞ പ്രീമിയം തുക കര്‍ഷകരില്‍നിന്ന് ഈടാക്കി. കൂടുതല്‍ നഷ്ടപരിഹാരത്തുക അവര്‍ക്ക് ലഭ്യമാക്കുന്ന കേര സുരക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതിയും നടപ്പാക്കി. ഇത് ഇന്ത്യയില്‍ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം എന്നോര്‍ക്കുക. കൂമ്പുചീയല്‍ രോഗം കേര കൃഷിക്ക് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കൂമ്പുചീയല്‍ നിയന്ത്രണത്തിന് കോഴിക്കോട് ജില്ലയില്‍ 3.375 കോടി രൂപയുടെ പാക്കേജ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

"മലയോര കൃഷിക്കാരുടെ പട്ടയ വിതരണം പൂര്‍ത്തിയാക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കും. അര്‍ഹതപ്പെട്ട മുഴുവന്‍പേര്‍ക്കും പട്ടയം നല്‍കും''-പ്രകടന പത്രിക ഉറപ്പുനല്‍കുന്നു. ഈ ഉറപ്പ് പൂര്‍ണ്ണമായും പാലിച്ചു. ഇടുക്കിയടക്കമുള്ള അഞ്ചു ജില്ലകളിലെ മലയോര കര്‍ഷകരുടെ കൈവശമുള്ളത് 28588 ഹെക്ടര്‍ കൃഷിഭൂമിയാണ്. ഈ ഭൂമി കൈവശംവെയ്ക്കുന്ന കര്‍ഷകര്‍ക്ക് എല്ലാവര്‍ക്കും പട്ടയം നല്‍കി. ഈ വിഷയത്തില്‍ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ മാപ്പര്‍ഹിക്കാത്ത അലംഭാവമാണ് സ്വീകരിച്ചത് എന്നതാണ് വസ്തുത. 1977 ജനുവരിക്ക് മുമ്പ് കുടിയേറിയ മലയോര കര്‍ഷകരുടെ ഭൂമിക്ക് പട്ടയം നല്‍കാന്‍ നടപടികള്‍ ആരംഭിക്കപ്പെട്ടെങ്കിലും അതിനെതിരെ ചില സംഘടനകള്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് സുപ്രീംകോടതി എംപവേര്‍ഡ് കമ്മിറ്റി, പട്ടയം നല്‍കാനുള്ള നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സര്‍ക്കാരിന്റെ അഭിപ്രായം വ്യക്തമാക്കിക്കൊണ്ടുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചില്ല. അതുകൊണ്ട് കേസ് പരിഗണിക്കപ്പെടാതെ നീണ്ടുപോയി. ഈ സര്‍ക്കാര്‍ വന്നയുടന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കയും പ്രഗത്ഭരായ വക്കീലന്മാരെ കേസ് നടത്താന്‍ നിയോഗിക്കയും ചെയ്തു. അതേതുടര്‍ന്ന് കേസ് വിജയിക്കയും കുടിയേറ്റ കര്‍ഷകരുടെ കൈവശമുള്ള 28588 ഹെക്ടര്‍ ഭൂമിക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാരിന് അനുമതി ലഭിക്കയും ചെയ്തു. സര്‍ക്കാര്‍ താമസിയാതെതന്നെ അത്രയും ഭൂമിക്ക് പട്ടയം നല്‍കി.

വ്യവസായം

പൊതുമേഖലാ സ്ഥാപനങ്ങള്‍

"പൊതുമേഖലയെ സംരക്ഷിച്ച് ശക്തിപ്പെടുത്തുകയാവും നയം. അതിന്റെ ഭാഗമായി യുഡിഎഫ് നിയമിച്ച എന്റര്‍പ്രൈസസ് റിഫോംസ് കമ്മിറ്റിയുടെ സമീപനം പൂര്‍ണ്ണമായും തള്ളിക്കളയും. ഇതിനായി കേരള വ്യവസായ പുനരുദ്ധാരണഫണ്ട് കൂടുതല്‍ ശക്തിപ്പെടുത്തും. എന്റര്‍പ്രൈസസ് റിഫോംസ് കമ്മിറ്റി ശുപാര്‍ശപ്രകാരം വില്‍പനയ്ക്കായി നീക്കിവെച്ച പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പന നിര്‍ത്തിവെയ്ക്കും. വിദഗ്ധരുമായും തൊഴിലാളി സംഘടനകളുമായും ആലോചിച്ച് പുനരുദ്ധാരണ പരിപാടി തയ്യാറാക്കും.'' പ്രകടനപത്രികയിലെ ഈ ഉറപ്പ് അക്ഷരംപ്രതി പാലിച്ചു.

"ഓരോ പൊതുമേഖലാ സ്ഥാപനത്തിനും പ്രത്യേക പുനരുദ്ധാരണ പരിപാടി തയ്യാറാക്കുന്നതാണ്. ഇതിനുവേണ്ട വിദഗ്ധസമിതികളെ തൊഴിലാളി സംഘടനകളുമായി ചര്‍ച്ചചെയ്ത് രൂപീകരിക്കും. ഇതിനുള്ള സമയബന്ധിത പരിപാടി മാനേജ്മെന്റും യൂണിയനുകളും സര്‍ക്കാരും തമ്മില്‍ ഒപ്പുവെയ്ക്കും''.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വ്യവസായവകുപ്പിനുകീഴിലുള്ള 12 പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമേ ലാഭത്തിലോടുന്നുണ്ടായിരുന്നുള്ളു. അത് പലതും നാമമാത്രമായ ലാഭത്തിലും. എന്നാല്‍ സര്‍ക്കാര്‍ അധികാരം ഏറ്റ് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 23 സ്ഥാപനങ്ങളും രണ്ടാംവര്‍ഷം 27ഉം മൂന്നാംവര്‍ഷം 28ഉം നാലാംവര്‍ഷം 32ഉം പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാന്‍ സാധിച്ചു. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ കമ്പനികളും ലാഭത്തിലാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പൊതുമേഖലയുടെ വിറ്റുവരവ് 2005-06ല്‍ 1540.42 കോടി രൂപയായിരുന്നെങ്കില്‍ 2006-07ല്‍ അത് 1766.48 കോടി രൂപയായും 2007-08ല്‍ 1811.07 കോടി രൂപയായും 2008-09ല്‍ 2111.04 കോടി രൂപയായും 2009-10ല്‍ 2203.57 കോടി രൂപയായും വര്‍ദ്ധിച്ചു. യുഡിഎഫ് ഭരണകാലത്ത് പൊതുമേഖലാകമ്പനികളെല്ലാം ചേര്‍ന്ന് തുടര്‍ച്ചയായി കോടികളുടെ നഷ്ടമാണ് വരുത്തിയത്. എന്നാല്‍ 2006-07 മുതല്‍ ലാഭത്തിലായി. 2006-07ല്‍ 92.4 കോടി രൂപയും 2007-08ല്‍ 80.31 കോടി രൂപയും 2008-09ല്‍ 166.77 കോടി രൂപയും 2009-10ല്‍ 233.02 കോടി രൂപയും ലാഭമുണ്ടാക്കി.

2010-11ല്‍ എട്ടു പുതിയ സ്ഥാപനങ്ങള്‍കൂടി പൊതുമേഖലയിലാരംഭിക്കാന്‍ ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്. പൊതുമേഖലയെ സംരക്ഷിക്കയും ലാഭത്തിലാക്കുകയും ചെയ്തതിലൂടെ ഇന്ത്യക്ക് മാതൃകയായിരിക്കയാണ് നമ്മുടെ സംസ്ഥാനം.

യുഡിഎഫ് സര്‍ക്കാരിന്റെകാലത്ത് അടച്ചുപൂട്ടിയ മലബാര്‍ വീവിംഗ് ആന്റ് സ്പിന്നിംഗ് മില്ലും ബാലരാമപുരത്തുള്ള തിരുവനന്തപുരം സ്പിന്നിംഗ്മില്ലും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചു.

പരമ്പരാഗത വ്യവസായം

നാലു ലക്ഷത്തോളമാളുകള്‍ ജോലിചെയ്യുന്ന പരമ്പരാഗത വ്യവസായമേഖലയാണ് കയര്‍. ആ യാഥാര്‍ത്ഥ്യം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടുകൊണ്ടാണ് മുന്നണിയും സര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. "കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന തൊണ്ടിന്റെ 50 ശതമാനമെങ്കിലും കയര്‍ വ്യവസായത്തിന് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കും...''-പ്രകടന പത്രിക.

കേരളത്തില്‍ പാഴാകുന്ന മുഴുവന്‍ തൊണ്ടും കയര്‍ വ്യവസായത്തിന് ഉപയോഗപ്പെടുത്തുവാനായി 30 തൊണ്ട് സംഭരണ കണ്‍സോര്‍ഷ്യങ്ങള്‍ രൂപീകരിക്കുകയും അവയ്ക്കെല്ലാം 5 ലക്ഷം രൂപവീതം പ്രവര്‍ത്തന മൂലധനം ലഭ്യമാക്കുകയും ചെയ്തു. നിലവിലുള്ള എല്ലാ ഡീഫൈബറിങ് മില്ലുകളും പ്രവര്‍ത്തന സജ്ജമാക്കാനും നവീകരിക്കാനുമുള്ള നടപടികള്‍ക്കായി 3 കോടിയിലേറെ രൂപ ലഭ്യമാക്കി. പുതിയ ഡീ ഫൈബറിങ് മില്ലുകള്‍ സ്ഥാപിക്കുന്നതിന് 7 കോടി രൂപ നല്‍കി. ഇതോടൊപ്പം എന്‍സിആര്‍എംഐയുടെ ചുമതലയില്‍ മിനി ഡീഫൈബറിങ് മില്ലുകള്‍ വികസിപ്പിക്കുകയും അത്തരത്തിലുള്ള 192 മില്ലുകള്‍ സ്ഥാപിക്കുന്നതിന് 2.99 കോടി രൂപ നല്‍കുകയും ചെയ്തു. ഈ വര്‍ഷം 500 ഡീഫൈബറിങ് മില്ലുകള്‍ സ്ഥാപിക്കാനാവും.

"കയര്‍ സഹകരണസംഘങ്ങളുടെ സഞ്ചിത നഷ്ടം എഴുതിത്തള്ളുകയും അവയുടെ പുനരുദ്ധാരണസ്കീമിന് ഒരു വര്‍ഷത്തിനകം രൂപം നല്‍കുകയും ചെയ്യും. കയര്‍ഫെഡിന്റെ പ്രവര്‍ത്തനം ജനാധിപത്യപരവും കാര്യക്ഷമവുമാക്കും. ഉല്‍പാദനച്ചിലവുമായി ബന്ധപ്പെടുത്തിയുള്ള വില കയറിനും കയറുല്‍പന്നങ്ങള്‍ക്കും ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും''-പ്രാഥമിക കയര്‍ സംഘങ്ങളുടെ അപ്പെക്സ് സംഘമായിരുന്ന കയര്‍ഫെഡിന്റെ പുനരുദ്ധാരണ പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചു. 20 കോടി രൂപയുടെ സര്‍ക്കാര്‍ വായ്പയും പലിശയും ഷെയറാക്കിമാറ്റി. സംസ്ഥാന സഹകരണബാങ്കില്‍ നിന്നെടുത്ത വായ്പ ഒറ്റത്തവണയായി തീര്‍പ്പാക്കാനുള്ള പദ്ധതിയും അംഗീകരിച്ചു. പ്രവര്‍ത്തന മൂലധനമായി 15 കോടി രൂപ നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.

"കയര്‍ ഉല്‍പാദനത്തിന്റെ ആധുനികവത്കരണത്തിനും വൈവിധ്യവത്കരണത്തിനും പ്രോത്സാഹനം നല്‍കും''.

കയര്‍മേഖലയുടെ ആധുനികവത്കരണത്തിന് നേതൃത്വം നല്‍കുവാനുള്ള യന്ത്രനിര്‍മ്മാണ ഫാക്ടറിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് അംഗീകരിച്ച് നിര്‍മ്മാണ ചുമതല കിഡ്കോയ്ക്ക് നല്‍കി. 2010 ഡിസംബറിനുള്ളില്‍ ഈ ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കും. കയര്‍ഫെഡിന്റെ ചുമതലയില്‍ 10 കോടി രൂപ മുതല്‍മുടക്കുള്ള പിവിസി ടഫ്റ്റഡ് ഫാക്ടറിയും ഫോം മാറ്റിംഗ്സിന്റെ ചുമതലയില്‍ 11 കോടി രൂപ മുതല്‍മുടക്കുള്ള കോമ്പോസിറ്റ് ബോര്‍ഡ് ഫാക്ടറിയും കയര്‍ കോര്‍പ്പറേഷന്റെ ചുമതലയില്‍ 4.5 കോടി രൂപ മുതല്‍മുടക്കുള്ള ബ്ളണ്ടട് യാണ്‍ ഫാക്ടറിയും ഓട്ടോമാറ്റിക് ലൂം ഫാക്ടറിയും ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുകയാണ്. കൂടാതെ കയര്‍ത്തൊഴിലാളി ക്ഷേമനിധിബോര്‍ഡിന് വൃദ്ധസദനം നിര്‍മ്മിക്കുന്നതിനായി ഒരു കോടി രൂപ സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു.

നിരവധിപേര്‍ക്ക് തൊഴില്‍ നല്‍കുന്ന മറ്റൊരു പരമ്പരാഗത വ്യവസായമാണ് കശുവണ്ടി. പ്രകടനപത്രികയില്‍ പറയുന്നു: "കശുവണ്ടി കോര്‍പ്പറേഷന്റെയും കാപ്പെക്സിന്റെയും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും''. പൊതുമേഖലാ സ്ഥാപനമായ കാഷ്യൂ കോര്‍പ്പറേഷനെയും സഹകരണ സ്ഥാപനമായ കാപ്പെക്സിനെയും മാതൃകാ സ്ഥാപനങ്ങളാക്കാന്‍ നടപടികള്‍ സ്വീകരിച്ചു. ഈ സ്ഥാപനങ്ങളുടെ ഫാക്ടറികളില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയും ശുചിത്വമുള്ള അന്തരീക്ഷം സൃഷ്ടിക്കയും ചെയ്തു. കാഷ്യു കോര്‍പ്പറേഷനില്‍നിന്ന് പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി കുടിശികയിനത്തില്‍ 13 കോടി രൂപ സര്‍ക്കാര്‍ നല്‍കി. കാപ്പെക്സിന് പ്രവര്‍ത്തനമൂലധനമായി 11 കോടി രൂപയും ആധുനികവത്കരണത്തിനായി 19 കോടി രൂപയും പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കാനായി മൂന്നുകോടി രൂപയും സര്‍ക്കാര്‍ നല്‍കി. ഈ രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളിലെയും തൊഴിലാളികള്‍ക്ക് തൊഴില്‍ ദിനങ്ങള്‍ നല്‍കുന്നതില്‍ സര്‍വ്വകാല റിക്കോര്‍ഡ് സൃഷ്ടിക്കാന്‍ സാധിച്ചു. 2010-11 ലെ ബജറ്റില്‍ ഈ സ്ഥാപനങ്ങള്‍ക്കായി 48 കോടി രൂപ അനുവദിച്ചിട്ടുണ്ട്. യുഡിഎഫ് ഭരണകാലത്ത് അടച്ചിടപ്പെട്ടതോ നാമമാത്രമായി മാത്രം പ്രവര്‍ത്തിച്ചതോ ആയ സ്ഥാപനങ്ങളാണ് ഇവ എന്ന് ഓര്‍ക്കുക. 71140 പുതിയ ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചു. അതിലൂടെ 9 ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ ലഭിച്ചു.

"തരിശുഭൂമിയില്‍ കശുമാവു വെച്ചുപിടിപ്പിക്കും. നിലവിലുള്ള തോട്ടങ്ങളുടെ ഉല്‍പാദനക്ഷമത ഉയര്‍ത്തുന്നതിനും നടപടി സ്വീകരിക്കും.'' പ്രകടനപത്രിക. കശുമാവു കൃഷി വ്യാപിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേരളാസ്റ്റേറ്റ് എക്സ്പാന്‍ഷന്‍ ഓഫ് കാഷ്യു കള്‍ട്ടിവേഷന്‍ എന്ന ഏജന്‍സിക്ക് രൂപംനല്‍കി.

ഈ ഏജന്‍സി, കശുമാവു കൃഷിയുടെ വികസനത്തിനായി ഒരു പ്രോജക്ട് നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 57.83 കോടി രൂപയുടെ പദ്ധതി മിഷന്‍ അംഗീകരിക്കയും അഞ്ചുകോടി രൂപ നല്‍കുകയും ചെയ്തു. ആ അഞ്ചു കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലൂടെ അനുവദിച്ച മൂന്നുകോടി രൂപയും ഉപയോഗിച്ച് 2009-10ല്‍ 6.53 ലക്ഷം കശുമാവിന്‍ തൈകള്‍ വിതരണം ചെയ്തു. 2007-08ല്‍ പൊതുമേഖലാ സ്ഥാപനങ്ങളായ പുനലൂര്‍ ആര്‍പിഎല്‍ന്റെയും സ്റ്റേറ്റ് ഫാമിങ്ങ് കോര്‍പറേഷന്റെയും 99 ഹെക്ടര്‍ സ്ഥലത്ത് ജൈവ കശുമാവ് കൃഷി നടത്തുന്നതിന് 11.07 ലക്ഷം രൂപ ചെലവഴിച്ചു. അതു കൂടാതെ 25067 കശുമാവിന്‍ തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. കശുമാവു കൃഷിക്കായി 2010-11 ബജറ്റില്‍ 16.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പ്രതിവര്‍ഷം 2700 കോടി രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന വ്യവസായമാണ് കശുവണ്ടി. ആ തിരിച്ചറിവോടെ ഈ വ്യവസായത്തിന്റെ പുരോഗതിക്ക് ഭാവനാപൂര്‍ണമായ നടപടികളുമായാണ് സര്‍ക്കാര്‍ മുമ്പോട്ടു പോകുന്നത്.

"തോട്ടം മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കേന്ദ്ര സഹായത്തോടെ, പൂട്ടിക്കിടക്കുന്ന തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് ഉചിതമായ നടപടികള്‍ സ്വീകരിക്കും''

വി എസ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 22 തേയിലത്തോട്ടങ്ങള്‍ അടഞ്ഞുകിടക്കുകയായിരുന്നു. ഫലപ്രദമായ ഇടപെടലുകളിലൂടെ അവയില്‍ 17 എണ്ണം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാരിനു സാധിച്ചു.

ഐടി

"ടെക്നോപാര്‍ക്കുകള്‍ വിപുലീകരിക്കുകയും അവയ്ക്ക് പ്രാദേശിക ഹബ്ബുകള്‍ സ്ഥാപിക്കുകയും ചെയ്യും''.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കിന് 242 ഏക്കര്‍ മാത്രമായിരുന്നു വിസ്തൃതി. കഴിഞ്ഞ നാലുവര്‍ഷക്കാലം കൊണ്ട് ഇതിനോട് 580 ഏക്കര്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ 837 ഏക്കറിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്നു. നാലുവര്‍ഷംമുമ്പ് 13.5 ലക്ഷം ചതുരശ്രയടി കെട്ടിടമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ആ സ്ഥാനത്ത് ഇന്ന് 45 ലക്ഷം ചതുരശ്രയടി കെട്ടിടം നിര്‍മിച്ചു കഴിഞ്ഞു. 12 ലക്ഷം ചതുരശ്രയടി കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ 63 പുതിയ കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്ക് വില്‍ക്കാന്‍ കരാറായതാണ്. എന്നാല്‍ ഈ സര്‍ക്കാര്‍ ഇന്‍ഫോ പാര്‍ക്ക് നിലനിറുത്തുക മാത്രമല്ല അതിനോട് പുതുതായി 163 ഏക്കര്‍ സ്ഥലം കൂടി ചേര്‍ത്ത് വിപുലപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 5.35 ലക്ഷം ചതുരശ്ര അടി കെട്ടിടമായിരുന്നു ഇന്‍ഫോ പാര്‍ക്കിനുണ്ടായിരുന്നത്. ഇന്ന് 25 ലക്ഷം ചതുരശ്ര അടിയായി അത് വര്‍ദ്ധിപ്പിച്ചു. ഇതിനുപുറമെ 22 ലക്ഷം ചതുരശ്ര അടി കെട്ടിടങ്ങളുടെ നിര്‍മാണം പുരോഗമിക്കുന്നു. 2006ല്‍ 31 കമ്പനികളാണ് ഇവിടെ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍ ഇന്ന് 63 കമ്പനികളാണ് പ്രവര്‍ത്തിക്കുന്നത്. ടെക്നോപാര്‍ക്കിന്റെയും ഇന്‍ഫോപാര്‍ക്കിന്റെയും വിപുലീകരണത്തിലൂടെ 80,000ല്‍ ഏറെപ്പേര്‍ക്ക് തൊഴില്‍ നല്‍കാനായി. സമീപഭാവിയില്‍ കൂടുതല്‍ തൊഴിലവസരം ഉണ്ടാകും. ഐടി കയറ്റുമതി 2006ല്‍ 680 കോടി രൂപയായിരുന്നെങ്കില്‍ ഇന്നത് 3000 കോടി രൂപയായി വളര്‍ന്നു. ഐടി പാര്‍ക്കുകള്‍ രണ്ടില്‍നിന്ന് പത്തായി വര്‍ദ്ധിപ്പിച്ചു.

"അഞ്ചുവര്‍ഷത്തിനുള്ളില്‍ കേരളത്തിലെ വീടില്ലാത്ത എല്ലാ കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിച്ച് നല്‍കും. ദരിദ്രര്‍ക്ക് സൌജന്യമായിട്ടായിരിക്കും വീട് നല്‍കുക'' - ഇത് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു.

പത്താം പദ്ധതിക്കാലത്ത് അനുവദിക്കപ്പെട്ടതും മുടങ്ങിക്കിടന്നതുമായ മൂന്നുലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 11-ാം പദ്ധതിയില്‍പെട്ട ഇ എം എസ് ഭവനപദ്ധതിയിലൂടെ 5 ലക്ഷം വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ചില സ്ഥലങ്ങളില്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ ഈ പദ്ധതിക്കാലത്ത്, അടുത്ത രണ്ട് വര്‍ഷങ്ങളിലായി ഓരോ ലക്ഷം വീടുകള്‍ കൂടി നിര്‍മ്മിച്ചു നല്‍കും.

"ലക്ഷം വീടുകള്‍ ഒറ്റ വീടുകളായി മാറ്റുവാനുള്ള പദ്ധതികള്‍ കൊണ്ടുവരും. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കുവേണ്ടി പ്രത്യേക സ്കീമുകള്‍ രൂപപ്പെടുത്തും'' - ഈ വാഗ്ദാനം ഏതാണ്ട് പൂര്‍ണമായി പാലിച്ചു. ശേഷിക്കുന്ന ലക്ഷം വീടുകളുടെ പണി വളരെവേഗം പുരോഗമിക്കുന്നു. അതുപോലെ പതിനായിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്. ഒരു ലക്ഷത്തില്‍പരം കുടുംബങ്ങള്‍ക്ക് പട്ടയമോ കൈവശാവകാശ രേഖയോ നല്‍കി. ഭൂമി അന്യാധീനപ്പെട്ട ആദിവാസി കുടുംബങ്ങള്‍ക്ക് ഒരേക്കര്‍ ഭൂമി വീതം നല്‍കുന്ന പദ്ധതി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം 7826 കുടുംബങ്ങള്‍ക്കായി 2485 ഹെക്ടര്‍ ഭൂമി വിതരണംചെയ്തു. ഇതിനുപുറമെ വനാവകാശനിയമപ്രകാരം 7882 കുടുംബങ്ങള്‍ക്കായി 7900 ഏക്കര്‍ ഭൂമി നല്‍കി. ടിആര്‍ഡിഎം മുഖേന 3447 കുടുംബങ്ങള്‍ക്ക് 2743 ഏക്കര്‍ ഭൂമി വിതരണംചെയ്തു. ഭൂമി ആവശ്യപ്പെട്ട ആദിവാസികളെ തോക്കുകൊണ്ടാണ് യുഡിഎഫ് സര്‍ക്കാര്‍ നേരിട്ടതെന്ന് ഓര്‍ക്കുക.

"എന്‍ഡോ സള്‍ഫാന്‍ ദുരന്തബാധിതര്‍ക്ക് ധനസഹായം നല്‍കും. കീടനാശിനികളും മറ്റ് മലിനീകരണവുംമൂലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന മേഖലകള്‍ മോണിറ്റര്‍ ചെയ്യുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നതാണ്. എന്‍ഡോ സള്‍ഫാന്‍ പോലുള്ള വിഷ കീടനാശിനി പ്രയോഗം നിരോധിക്കും'' - ഈ വാഗ്ദാനവും അക്ഷരംപ്രതി നിറവേറ്റിയിരിക്കയാണ്. എന്‍ഡോസള്‍ഫാന്‍ വിഷബാധയേറ്റ് മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ 50,000 രൂപ വീതം ധനസഹായം നല്‍കി. 2006 ആഗസ്റ്റില്‍ 133 കുടുംബങ്ങള്‍ക്കും 2008-ല്‍ 45 കുടുംബങ്ങള്‍ക്കും ഇങ്ങനെ ധനസഹായം നല്‍കി. എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് നിര്‍ത്തലാക്കി. എന്‍ഡോസള്‍ഫാന്‍മൂലം ഗുരുതരമായ അംഗവൈകല്യം ബാധിച്ചവരെ ശുശ്രൂഷിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് 2008 മുതല്‍ 250 രൂപ ധനസഹായം നല്‍കുന്നു. 2010-ല്‍ ഇത് 300 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.

2006-07ല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി. 2009 ഡിസംബറില്‍ വിദഗ്ധസമിതി ശുപാര്‍ശപ്രകാരം സര്‍ക്കാര്‍ 128 ലക്ഷം രൂപയുടെ പ്രത്യേക ഫണ്ട് അനുവദിച്ചു. ദുരിതബാധിതര്‍ക്ക് വിദഗ്ധചികിത്സ ഉറപ്പാക്കാന്‍ പരിയാരം മെഡിക്കല്‍കോളേജിലും കോഴിക്കോട് മെഡിക്കല്‍കോളേജിലും പ്രത്യേക സംവിധാനം ഒരുക്കി.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും ആയുര്‍വേദ ഡിസ്പെന്‍സറികളിലും അധിക ജീവനക്കാരെ നിയമിക്കുകയും ഔഷധങ്ങള്‍ എത്തിക്കുകയും ചെയ്തു. സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റ് ആഴ്ചയില്‍ ഒരു ദിവസം വീതം എല്ലാ പ്രദേശങ്ങളിലും എത്തുന്നു. വേദനയും ദുരിതവും അനുഭവിക്കുന്ന രോഗികള്‍ക്ക് സാന്ത്വന ചികിത്സ നല്‍കാനും സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കിയിരിക്കുന്നു.

ആവശ്യമായ എല്ലാ ഔഷധങ്ങളും സൌജന്യമായി എത്തിച്ചുകൊടുക്കുന്നു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റിഹാബിലിറ്റേഷന്‍ യൂണിറ്റ് പുതുതായി ആരംഭിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് വീല്‍ചെയറും മറ്റും സൌജന്യമായി നല്‍കുന്നു.

"പൊതുവിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് കരിക്കുലം പരിഷ്കാരം, അധ്യാപക പരിശീലനം, സ്കൂള്‍ നടത്തിപ്പില്‍ ജനപങ്കാളിത്തം തുടങ്ങിയവ കൂടുതല്‍ ശക്തിപ്പെടുത്തും''. ഈ വാഗ്ദാനവും പാലിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ, "പൊതുവിദ്യാഭ്യാസ സംവിധാനങ്ങളെ ശക്തിപ്പെടുത്തും. എല്ലാ സ്കൂളുകളിലും ആവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഏര്‍പ്പെടുത്തുവാനുള്ള നടപടികള്‍ സ്വീകരിക്കും. പുതിയ പാഠ്യപദ്ധതിയെ അധിഷ്ഠിതമാക്കി കുട്ടികള്‍ക്ക് പഠന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ ആവശ്യാനുസരണം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കും. നഗരസഭ/പഞ്ചായത്തുതലത്തില്‍ വര്‍ഷാന്ത്യത്തില്‍ കുട്ടികളെ മൂല്യനിര്‍ണയം നടത്തി നിശ്ചിത നിലവാരത്തിന് താഴെയുള്ള കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിഹാര - ബോധന പ്രവര്‍ത്തനങ്ങള്‍ നടത്തും'' - ഈ വാഗ്ദാനം പാലിക്കപ്പെട്ടതിന്റെ ഗുണം കേരളീയര്‍ നേരിലനുഭവിച്ചതാണ്. എസ്എസ്എല്‍സി - ഹയര്‍സെക്കന്ററി രംഗത്ത് ഉണ്ടായ അഭൂതപൂര്‍വമായ വിജയശതമാനം സാക്ഷ്യപ്പെടുത്തുന്നത് മറ്റൊന്നല്ല.

ആരോഗ്യരംഗം

"ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തില്‍ സര്‍ക്കാരിന്റെ പങ്കാളിത്തം ഉറപ്പുവരുത്തുന്ന ഒരു ജനകീയ ആരോഗ്യനയം സ്വീകരിക്കും. ഇതിനനുസൃതമായി സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കും.

"തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ ആരോഗ്യവകുപ്പിന്റെ പിന്തുണയോടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് സമഗ്രമായ ഒരു പരിപാടി നടപ്പാക്കുന്നതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ പ്രാദേശിക സാംക്രമികരോഗ പ്രതിരോധ യൂണിറ്റുകളാക്കി വികസിപ്പിക്കും''.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അങ്ങേയറ്റം തകര്‍ച്ചയിലായിരുന്ന ആരോഗ്യമേഖലയെ സമുദ്ധരിക്കുന്നതില്‍ എല്‍ഡിഎഫ് ഭരണത്തിലെത്തിയതിനെതുടര്‍ന്ന് വന്‍ പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. ധര്‍മ്മാശുപത്രി നിര്‍ത്തലാക്കി സ്വാകാര്യ ആശുപത്രികളെ വളര്‍ത്തിയ യുഡിഎഫ് സര്‍ക്കാരിന്റെ നയം മറ്റി. മെഡിക്കല്‍ കോളേജു മുതല്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വരെയുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം സ്വകാര്യമേഖലയെ വളരെയേറെ പിന്തള്ളുന്ന വിധമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുകള്‍ ഇന്ന് സുലഭമാണ്. കെട്ടിടങ്ങളും മറ്റ് അടിസ്ഥാന സൌകര്യങ്ങളും ഇന്ന് സ്വകാര്യമേഖലയെ വെല്ലുന്ന വിധത്തില്‍ ഒരുക്കാന്‍ സാധിച്ചിട്ടുണ്ട്.

ധന മാനേജ്മെന്റ്

സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ അങ്ങേയറ്റം കലുഷമാക്കിയാണ് യുഡിഎഫ് സര്‍ക്കാര്‍ ഒഴിഞ്ഞത്. നികുതിപിരിവ് ഊര്‍ജ്ജിതപ്പെടുത്തിക്കൊണ്ടും സാമ്പത്തിക അച്ചടക്കം പാലിച്ചുകൊണ്ടും ധനകാര്യരംഗത്ത് ഈ സര്‍ക്കാര്‍ കാര്യശേഷി തെളിയിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ 5000 കോടി രൂപയായിരുന്നു നികുതി വരുമാനമെങ്കില്‍ പോയവര്‍ഷം അത് 12,000 കോടിരൂപയായി ഉയര്‍ന്നു. യുഡിഎഫ് സര്‍ക്കാര്‍ കൊല്ലങ്ങളായി കുടിശിക വരുത്തിയ ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശിക തീര്‍ത്തു കൊടുക്കാനായതും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഡിഎ അടക്കമുള്ള ആനുകൂല്യങ്ങള്‍ മുന്‍കാലങ്ങളിലേക്കാള്‍ കൃത്യമായി കൊടുത്തു തീര്‍ക്കാന്‍ കഴിഞ്ഞതും ധനകാര്യ മാനേജ്മെന്റിന്റെ മികവുകൊണ്ടാണ്. അതുപോലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാര്‍ നിയമനം ഏതാണ്ട് നിരോധിക്കപ്പെട്ട അവസ്ഥയിലായിരുന്നു. ആ സ്ഥാനത്ത് ഈ സര്‍ക്കാര്‍ 75,000 ഓളം പേര്‍ക്ക് നിയമനം നല്‍കി. ഒഴിവുകള്‍ കൃത്യമായി റിപ്പോര്‍ട്ടു ചെയ്യാനും നികത്താനും പ്രത്യേകം സംവിധാനമുണ്ടാക്കി. ഈ മാര്‍ച്ച് 31ന് 20000ല്‍ ഏറേപ്പേര്‍ ഒന്നിച്ചു റിട്ടയര്‍ ചെയ്തിട്ടും അവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതില്‍ സര്‍ക്കാരിന് ഒരു പ്രയാസവും ഉണ്ടായില്ല. ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഒറ്റദിവസംപോലും ട്രഷറി പൂട്ടേണ്ടിവന്നില്ല. എന്നാല്‍ യുഡിഎഫ് കാലത്ത് പലപ്പോഴും ട്രഷറികള്‍ അടച്ചിടേണ്ടതായി വന്നിരുന്നു.

ക്രമസമാധാന നില ഏറ്റവും മെച്ചപ്പെട്ട സംസ്ഥാനം എന്ന ബഹുമതി നേടാന്‍ ഈ സര്‍ക്കാരിനു കഴിഞ്ഞു. ടൂറിസം രംഗത്ത് കേന്ദ്ര സര്‍ക്കാരിന്റെ അവാര്‍ഡ് നേടാന്‍ കഴിഞ്ഞു. നിയമം, സ്പോര്‍ട്സ്, ഗതാഗതം, വൈദ്യുതി, പൊതുമരാമത്ത്, ജലഗതാഗതം, ജലവിതരണം, പട്ടികജാതി - പട്ടികവര്‍ഗ ക്ഷേമം, സഹകരണം, ഫിഷറീസ് ഈ മേഖലകളിലെല്ലാം വന്‍ പുരോഗതി നേടാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.

കേരളത്തിന് അവശ്യ സാധനങ്ങള്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വരണം. ഉല്‍പാദനമേഖലയില്‍നിന്ന് സംഭരിച്ച് സബ്സിഡി നല്‍കി വിലക്കയറ്റം കുറച്ചുകൊണ്ടുവരാന്‍ പൊതുവിതരണ സമ്പ്രദായം മുന്നോട്ടുകൊണ്ടുപോയി. സഹകരണമേഖലയിലും സിവില്‍സപ്ളൈയിലും കൂടി വിതരണം ശക്തമാക്കി.

തെരഞ്ഞെടുപ്പു കാലത്ത് എല്‍ഡിഎഫ് ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളില്‍ ബഹുഭൂരിപക്ഷവും പാലിക്കപ്പെട്ടിട്ടുണ്ട്. ശേഷിക്കുന്നവ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനുള്ള ചിട്ടയായ പ്രവര്‍ത്തനങ്ങളിലാണ് എല്‍ഡിഎഫും സര്‍ക്കാരും മുഴുകിയിരിക്കുന്നത്. ക്രിയാത്മകമായ വിമര്‍ശനങ്ങളെ ഉള്‍ക്കൊണ്ടും അനാവശ്യമായവയെ തള്ളിക്കളഞ്ഞുകൊണ്ടും ജനപങ്കാളിത്തത്തോടെ വികസനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കയാണ് സര്‍ക്കാരും മുന്നണിയും. തെരഞ്ഞെടുപ്പു പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ യുഡിഎഫിനെപ്പോലെ ജനങ്ങളെ പറ്റിക്കാനുള്ള അടവല്ല. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം അത് പ്രയോഗത്തില്‍ വരുത്തുക എന്നത് പ്രതിബദ്ധതയുടെയും ആത്മാര്‍ത്ഥതയുടെയും പ്രശ്നമാണ്. അക്കാര്യം ഓര്‍മപ്പെടുത്താനാണ് ഏതാനും ഉദാഹരണങ്ങള്‍ ഇവിടെ ഉദ്ധരിച്ചത്. പല വകുപ്പുകളിലും നല്‍കിയ വാഗ്ദാനങ്ങളെക്കാള്‍ തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുതയും ഇവിടെ അനുസ്മരിക്കട്ടെ.

ഇനിയുള്ള ഒരു വര്‍ഷം എന്നത് എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും സംബന്ധിച്ച് ചിട്ടയായും ഊര്‍ജ്ജസ്വലമായും പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഇക്കാര്യത്തില്‍ ഞങ്ങള്‍ ജനങ്ങളെ നിരാശരാക്കില്ല.

വൈക്കം വിശ്വന്‍ chintha weekly 21052010

1 comment:

  1. വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റിട്ട് 2010 മെയ് 18ന് നാലുവര്‍ഷം പൂര്‍ത്തിയായി. ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പരമാവധി പാലിച്ചുകൊണ്ടിരിക്കുകയാണ്. ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും കേന്ദ്രസര്‍ക്കാര്‍ പിന്തുടരുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങളുടെയും കെടുതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും വളരെയേറെ പരിമിതപ്പെടുത്തുന്നുണ്ട് എന്നത് വസ്തുതയാണ്. എന്നിരുന്നാലും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ജനങ്ങള്‍ക്ക് പൊതുവെ ആശ്വാസം നല്‍കുന്ന നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്; അതിനുള്ള നയ സമീപനങ്ങളാണ് എല്‍ഡിഎഫ് ആവിഷ്കരിക്കുന്നത്.

    ReplyDelete