Tuesday, May 25, 2010

25,000 ഗ്രാമീണ വീട്ടില്‍ ഇന്റര്‍നെറ്റ് ലൈബ്രറി

വായനവാരാചരണക്കാലത്ത് സംസ്ഥാനത്തെ 10,000 ഗ്രാമീണ വീട്ടില്‍ ഇന്റര്‍നെറ്റ് ലൈബ്രറികള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി അറിയിച്ചു. മൂന്നു മാസത്തിനുള്ളില്‍ 25,000 വീട്ടിലേക്ക് പദ്ധതി വ്യാപിപ്പിക്കും. പി എന്‍ പണിക്കര്‍ ജന്മശതാബ്ദിയോടനുബന്ധിച്ച് ജൂണ്‍ 19 മുതല്‍ 25 വരെ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ 19 മുതല്‍ 25 വരെയാണ് വായനവാരാചരണം. 19ന് വായനദിനമായി ആചരിക്കും.

കേന്ദ്രസര്‍ക്കാരിന്റെയും പി എന്‍ പണിക്കര്‍ ഫൌണ്ടേഷന്‍െന്റയും ബിഎസ്എന്‍എല്ലിന്റെയും സഹകരണത്തോടെയാണ് ഇന്റര്‍നെറ്റ് ലൈബ്രറികള്‍ ആരംഭിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 4500 രൂപ സബ്സിഡി നല്‍കും. ആദ്യഗഡുവായി 2250 രൂപ അടച്ച് കംപ്യൂട്ടര്‍ സ്വന്തമാക്കി മാസന്തോറും 300 രൂപ വീതം 60 മാസംകൊണ്ട് അടച്ചു തീര്‍ക്കണം. അഞ്ചു വര്‍ഷത്തെ മെയിന്റനന്‍സ് ഗ്യാരന്റി ലഭിക്കും. ഇപ്പോള്‍ ബിഎസ്എന്‍എല്‍ കണക്ഷന്‍ ഇല്ലാത്തവര്‍ക്കും പുതിയ കണക്ഷന്‍ നല്‍കി ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കും.

18ന് വായന ദീപശിഖാജ്യോതി നെയ്യാറ്റിന്‍കര സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകത്തില്‍നിന്ന് ആരംഭിക്കും. വെങ്ങാനൂര്‍ അയ്യന്‍കാളി സ്മാരകം, ചട്ടമ്പി സ്വാമി സ്മാരകം, പട്ടം മാര്‍ഗ്രിഗോറിയോസ് സ്മാരകം, ചെമ്പഴന്തി ഗുരുകുലം, തോന്നയ്ക്കല്‍ ആശാന്‍സ്മാരകം, വക്കം മൌലവി സ്മാരകം എന്നിവിടങ്ങളില്‍ പര്യടനം നടത്തി 19ന് രാവിലെ 10ന് തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ എത്തിച്ചേരും. തുടര്‍ന്ന് വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കും. വാരാചരണത്തിന്റെ ഭാഗമായി വിജെടി ഹാളില്‍ ഒരാഴ്ച നീളുന്ന പുസ്തക, ഖാദി, ഗ്രാമവ്യവസായ കുടുംബശ്രീ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം നടക്കും. ശനിയാഴ്ച പ്രവൃത്തി ദിനമായ സ്കൂളുകളില്‍ 19നും മറ്റു സ്കൂളുകളില്‍ 21നും പ്രത്യേക അസംബ്ളികള്‍ നടക്കും. 12 ജില്ല കേന്ദ്രീകരിച്ചും 30ന് സംസ്ഥാനതലത്തിലും കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തും.

deshabhimani 25052010

1 comment:

  1. വായനവാരാചരണക്കാലത്ത് സംസ്ഥാനത്തെ 10,000 ഗ്രാമീണ വീട്ടില്‍ ഇന്റര്‍നെറ്റ് ലൈബ്രറികള്‍ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എം എ ബേബി അറിയിച്ചു. മൂന്നു മാസത്തിനുള്ളില്‍ 25,000 വീട്ടിലേക്ക് പദ്ധതി വ്യാപിപ്പിക്കും. പി എന്‍ പണിക്കര്‍ ജന്മശതാബ്ദിയോടനുബന്ധിച്ച് ജൂണ്‍ 19 മുതല്‍ 25 വരെ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരിപാടികള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ജൂണ്‍ 19 മുതല്‍ 25 വരെയാണ് വായനവാരാചരണം. 19ന് വായനദിനമായി ആചരിക്കും.

    ReplyDelete