Sunday, May 30, 2010

മന്ത്രിസഭാ വാര്‍ഷികവും മാധ്യമങ്ങളും

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്തുതന്നെയായാലും അടുത്ത ഭരണം യുഡിഎഫിന് കിട്ടണമെന്ന മുന്‍വിധിയും വാശിയുമാണ് മിക്ക മുഖ്യധാരാ മാധ്യമങ്ങളും വാര്‍ഷികം സംബന്ധിച്ച റിപ്പോര്‍ട്ടിംഗില്‍ പ്രകടിപ്പിച്ചത്. പുത്തന്‍ അവധൂതന്‍മാരെപ്പോലെ മാധ്യമ മനസ്സിലെ അരുമകളായ യുഡിഎഫിന്റെ കഴിഞ്ഞ ഭരണകാലമോ, അല്ലെങ്കില്‍ ഏതെങ്കിലുമൊരു മന്ത്രിസഭാ പ്രവര്‍ത്തനമോ അബദ്ധത്തില്‍ പോലും താരതമ്യത്തിന് ഓര്‍ത്തെടുക്കാന്‍ പത്രങ്ങളും ചാനലുകളും മിനക്കെട്ടില്ല. കടുത്ത രാഷ്ട്രീയ പക്ഷപാതികള്‍ക്കുപോലും മന്ത്രിസഭയിലോ മന്ത്രിമാരിലോ അഴിമതിയുടെ കളങ്കം ആരോപിക്കാന്‍ സാധിക്കാത്തവിധം ഓരോ മന്ത്രിയും സംശുദ്ധിയുടെ അടയാളങ്ങളായി ഉയര്‍ന്നുനില്‍ക്കുന്നു. യുഡിഎഫിന്റെ ഭരണം ഇങ്ങനെയൊക്കെയായിരുന്നോയെന്ന് ഓര്‍ത്തെടുക്കാന്‍പോലും മാധ്യമങ്ങള്‍ക്ക് നേരമില്ല.

എല്‍ഡിഎഫ് ഭരണത്തിന് നേട്ടങ്ങളുണ്ടെന്ന് പ്രതിപക്ഷനേതാവ് അംഗീകരിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ടു. അദ്ദേഹത്തിന്റെ നോട്ടത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളാണ് എല്‍ഡിഎഫിന് മെച്ചമായത്. ഇതേ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിക്കുന്ന പദ്ധതികള്‍ ഉപയോഗിച്ച് മെച്ചപ്പെട്ട ഭരണം നടത്തുന്ന ഇതര സംസ്ഥാന സര്‍ക്കാരുകള്‍ കോണ്‍ഗ്രസില്‍ ഉണ്ടോയെന്ന് ഉമ്മന്‍ചാണ്ടി പരിശോധിച്ചില്ല. കേരളത്തില്‍ കര്‍ഷക ആത്മഹത്യ നിലച്ചതിനുകാരണം കേന്ദ്ര പദ്ധതികള്‍കൊണ്ടാണെങ്കില്‍ മഹാരാഷ്ട്രയിലും ആന്ധ്രയിലും കര്‍ഷകന്റെ ആത്മഹത്യ നിലയ്ക്കാത്തതെന്തുകൊണ്ടാണെന്ന് പരിശോധിച്ചില്ല.

ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ രാജസ്ഥാനും മഹാരാഷ്ട്രയും നേടിയ നേട്ടങ്ങള്‍ കേരളത്തിനുണ്ടായില്ല എന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറ്റൊരു വിലാപം. മാതൃഭൂമിയില്‍ അദ്ദേഹം എഴുതിയ ലേഖനത്തില്‍ സമ്മതിക്കുന്ന ഒരു പ്രധാനകാര്യം കൂലി നിര്‍ണ്ണയമാണ്. രാജസ്ഥാനിലും ഇതര ഹിന്ദി സംസ്ഥാനങ്ങളിലും ഒരു ദിവസത്തെ കൂലിനിരക്ക് 50 രൂപയില്‍ താഴെയാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ഇരട്ടിക്കൂലി ലഭിക്കും. കേരളത്തില്‍ അതിനെക്കാള്‍ കൂടിയ കൂലിയായ 125 രൂപ നല്‍കിയാലും വേണ്ടത്ര പുരുഷ തൊഴിലാളികളെ ലഭിക്കാത്തതൊന്നും പ്രതിപക്ഷ നേതാവിന്റെ തലവേദനയല്ല.

മന്ത്രിസഭാ വാര്‍ഷികം പ്രമാണിച്ച്, യോജിച്ച് ഒരു സമരംപോലും സംഘടിപ്പിക്കാന്‍ കഴിയാത്തവിധം പ്രതിപക്ഷം ആയുധങ്ങള്‍ നഷ്ടപ്പെട്ടുനില്‍ക്കുന്നത് മിക്ക മാധ്യമങ്ങളും ശ്രദ്ധിച്ചില്ല. കിനാലൂര്‍പോലെ "വീണു കിട്ടുന്ന നിധി''കളല്ലാതെ ഇടതുമുന്നണി സര്‍ക്കാരിനെതിരെ കാര്യമായ യാതൊരു പ്രക്ഷോഭവും ഉയര്‍ന്നുവരാത്തതെന്തുകൊണ്ട്? ചെറിയ സമരങ്ങള്‍പോലും വലുതാക്കി കാണിക്കുന്ന മാധ്യമങ്ങള്‍ക്ക് ആകെ ലഭിച്ചത് കിനാലൂരിലെ ചില ദൃശ്യങ്ങള്‍ മാത്രം. പ്രതിപക്ഷത്തിന് ആഗ്രഹമില്ലാഞ്ഞിട്ടല്ല. മറിച്ച് തങ്ങളുടെ സ്വന്തം അനുയായികളുടെ സംഘടനകളെപ്പോലും സമരരംഗത്തിറക്കാന്‍ എന്തുകൊണ്ടാണ് പ്രതിപക്ഷത്തിനാവാത്തത്? കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഐഎന്‍ടിയുസി പോലും തെരുവിലിറങ്ങി സമരംചെയ്യുമ്പോള്‍ ആണ്, കേരളസര്‍ക്കാരിന്റെ ഏതെങ്കിലും നയങ്ങള്‍ക്കെതിരെ ഒരു രാഷ്ട്രീയ പ്രേരിതസമരം പോലുംഅസാധ്യമായവിധം പലരും കുഴങ്ങുന്നത്.

നാലുവര്‍ഷം മുമ്പുള്ള കേരളഖജനാവിന്റെ ഇപ്പോഴത്തെ ധന:സ്ഥിതിയും പെട്ടെന്ന് തിരിച്ചറിയാം. മന്ത്രിസഭാ വാര്‍ഷികം ജ്വലിപ്പിച്ച് നിര്‍ത്തുന്നത് ധനകാര്യവകുപ്പിന്റെ തിളക്കമാണ്. അത് മറ്റ് വകുപ്പുകള്‍ക്ക് ശക്തിയും ശേഷിയും പകരുന്നു. ആഗോളമാന്ദ്യംമൂലം ലോകത്തെ എല്ലാ രാജ്യങ്ങളിലും തൊഴിലാളികള്‍ക്ക് പിരിച്ചുവിടലും കൂലിക്കുറവും ബോണസ് നിഷേധിക്കലുമുണ്ടായി. കേരളത്തില്‍ പണിയെടുക്കുന്നവരുടെ അനുഭവം വ്യത്യസ്തമായത് ശ്രദ്ധേയമായി. ആഗോള മാന്ദ്യത്തില്‍ ഐടി മേഖലയുള്‍പ്പെടുന്ന സേവനമേഖലകള്‍ക്ക് തിരിച്ചടിയേറ്റപ്പോഴും മാന്ദ്യകാലത്ത് കേരളത്തെ മഹാമേരുപോലെ സംരക്ഷിച്ചുനിര്‍ത്തിയത് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ബദല്‍നയങ്ങള്‍ ആണെന്ന് മാധ്യമങ്ങള്‍ സമ്മതിച്ചില്ലെങ്കിലും ജനങ്ങള്‍ കാണുന്നുണ്ട്.

240 കോടി രൂപയുടെ ലാഭം കഴിഞ്ഞവര്‍ഷം നേടി മികച്ച വിജയം കൈവരിച്ച സംസ്ഥാന പൊതുമേഖലയുടെ നേതൃത്വം വഹിക്കുന്ന ഇളമരം കരീമിനെ മുഖപ്രസംഗത്തിലൂടെ മാതൃഭൂമി അഭിനന്ദിക്കുകയുണ്ടായി. കിനാലൂരിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി പിന്നീട് നയം മാറ്റി. ദേശീയതലത്തില്‍ പൊതുമേഖലയെ ഉപയോഗിച്ച് സ്പെക്ട്രം അഴിമതി ഉള്‍പ്പെടെ നടത്തുന്ന വലതുപക്ഷത്തെ പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍ക്ക് സംസ്ഥാന പൊതുമേഖല നേടിയ കുതിപ്പിനെ ചെറുതായെങ്കിലും അംഗീകരിക്കേണ്ടിവന്നത് സന്തോഷകരമാണ്.

മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരെപറ്റിയും പൊതുവില്‍ നല്ലതുമാത്രമേ മിക്ക മാധ്യമങ്ങള്‍ക്കും പറയാനുണ്ടായിരുന്നുള്ളു. രണ്ട് ദോഷങ്ങളാണ് ചര്‍ച്ചകളില്‍ ചൂണ്ടിക്കാട്ടപ്പെട്ടത്. ഇടതുപക്ഷ മുന്നണിയില്‍ പതിവില്ലാത്ത ചില ഭിന്ന സ്വരങ്ങള്‍ കേള്‍ക്കാനിടയായത് പൊതു സമൂഹം ഇഷ്ടപ്പെടുന്നില്ല. തിളക്കമാര്‍ന്ന നേട്ടങ്ങള്‍ക്കിടയില്‍ ജനമനസ്സുകളിലേക്ക് കുടിയേറിയത് വിവാദങ്ങളാണ്. ഇവിടെ എല്‍ഡിഎഫിലെ പാര്‍ടികളിലും മുന്നണിയിലും ഉണ്ടാകുന്ന ചെറിയ അഭിപ്രായങ്ങളും അതിലെ വ്യത്യസ്തതകളും ഭീമാകാരത്തിലാക്കി മാധ്യമങ്ങള്‍ ആഘോഷിച്ചപ്പോള്‍ അതിനടിയില്‍ കുഴിച്ചുമൂടപ്പെട്ടത് സര്‍ക്കാര്‍ നേടിയ സമാനതകളില്ലാത്ത നേട്ടങ്ങളാണ്.

സര്‍ക്കാരിന്റെ വിവിധ വകുപ്പുകളെ വിചാരണചെയ്യാനായി മലയാളമനോരമ നാലഞ്ചുദിവസങ്ങള്‍ നീണ്ട പരമ്പരയെഴുതിയെങ്കിലും ആന്തരികമായ ഒരു ദൌര്‍ബല്യം അതില്‍ മുഴച്ചുനിന്നു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെയും കുറ്റമെന്ന നിലയില്‍ മനോരമ ഇടതുമുന്നണി സര്‍ക്കാരിനെതിരെ ഒരു പരമ്പര ചമയ്ക്കുമ്പോള്‍ അതിന് താല്‍ക്കാലികമായ ഒരു വായനാസുഖംപോലും നല്‍കാനാകാതെപോയതെന്തുകൊണ്ടെന്ന് ചിന്തിക്കേണ്ടതുണ്ട്. ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കുമെന്ന നിലയില്‍ ചിലത് സൃഷ്ടിച്ചെടുത്തതിലെ വൈരുദ്ധ്യമാണ് പരമ്പരയില്‍ തെളിഞ്ഞുവന്നത്.

മന്ത്രിസഭാ വാര്‍ഷികത്തിന് പിറ്റേന്ന് മൂന്ന് "നിഷ്പക്ഷ''രെക്കൊണ്ട് മാതൃഭൂമി സര്‍ക്കാരിന് മാര്‍ക്കിട്ടുകളഞ്ഞു. 6/10 വീതം രണ്ടുപേരും 5/10 മാര്‍ക്ക് മറ്റൊരാളും നല്‍കി. ഫലത്തില്‍ ഫസ്റ്റ് ക്ളാസിനൊപ്പമുള്ള ഒരു മാര്‍ക്ക് മാതൃഭൂമിപോലും നല്‍കിയിരിക്കുന്നു. യുഡിഎഫിന്റെ ഭരണമേല്‍പിച്ച തകര്‍ച്ചയില്‍നിന്ന് കേരളത്തെ വീണ്ടെടുക്കാനാണ് സര്‍ക്കാരിന്റെ ആദ്യവര്‍ഷങ്ങള്‍ ചിലവഴിച്ചത്. തുടര്‍ന്ന് ദരിദ്രജനക്ഷേമവും തൊഴില്‍ സംരക്ഷണവും അടിസ്ഥാന സൌകര്യവികസനവും മികച്ച ധന മാനേജ്മെന്റും ഭവനനിര്‍മ്മാണപദ്ധതിയും ഉള്‍പ്പെടെ ക്രിയാത്മക നടപടികളിലേക്കുയര്‍ന്നു. അഞ്ചാംവര്‍ഷമെത്തുമ്പോള്‍ അതിവേഗതയില്‍ കാര്യങ്ങള്‍ തീര്‍ക്കാനുള്ള ശക്തിയും എല്‍ഡിഎഫിനുണ്ട്. കേരളം ഭരിച്ച ഏതു വലതുപക്ഷ സര്‍ക്കാരാണ് പാസ്മാര്‍ക്കെങ്കിലും നേടിയിട്ടുള്ളതെന്ന് ചിന്തിക്കണം.

മാണി - ജോസഫ് ലയനത്തിന് പിന്നില്‍ അദൃശ അജണ്ടകള്‍ പുറത്താകുന്നത് മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാകുന്നില്ല. വിദ്യാഭ്യാസമേഖലയിലെ കച്ചവട താല്‍പര്യങ്ങള്‍ സഫലീകരിക്കാന്‍ ഉതകുന്ന ഒരു വിദ്യാഭ്യാസമന്ത്രിയെ സൃഷ്ടിക്കാനുള്ള ചിലരുടെ താല്‍പര്യം ഇപ്പോള്‍ പതുക്കെപതുക്കെ തെളിഞ്ഞുവരികയാണ്. യുഡിഎഫിലെ രണ്ടാമത്തെ ഘടകകക്ഷിയായി കെ എം മാണിയെ മാറ്റണമെന്ന കാഴ്ചപ്പാട് ഇതിന്റെ സന്തതിയാണ്. യുഡിഎഫിന് അവസരം ലഭിച്ചാല്‍ മാണിയിലൂടെ വിദ്യാഭ്യാസവകുപ്പ് തങ്ങള്‍ക്ക് ലഭിക്കണമെന്ന മധ്യ തിരുവിതാംകൂറിലെ വിദ്യാഭ്യാസലോബിയുടെ ആഗ്രഹംതന്നെയാണ് ലീഗിനേയും കോണ്‍ഗ്രസിനേയും വെട്ടിലാക്കുന്നത്. സ്വപ്നംകാണാന്‍ ആര്‍ക്കുമവകാശമുണ്ട്. അടുത്തഭരണം സംബന്ധിച്ച് യുഡിഎഫിന്റെ സ്വപ്നങ്ങള്‍ പാഴ്ക്കിനാവാണെങ്കിലും അതിന്റെപേരില്‍ ഇപ്പോള്‍തന്നെ തമ്മിലടിക്കുന്നവരെപ്പറ്റി സമൂഹം എങ്ങനെയാണ് വിലയിരുത്തേണ്ടത്? സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളിലേക്ക് ഒരു ചര്‍ച്ച നടന്നതുതന്നെ നാലാംവാര്‍ഷികത്തെ സാര്‍ത്ഥകമാക്കുന്നു.

അഡ്വ. കെ അനില്‍കുമാര്‍ ചിന്ത വാരിക 28052010

1 comment:

  1. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്തുതന്നെയായാലും അടുത്ത ഭരണം യുഡിഎഫിന് കിട്ടണമെന്ന മുന്‍വിധിയും വാശിയുമാണ് മിക്ക മുഖ്യധാരാ മാധ്യമങ്ങളും വാര്‍ഷികം സംബന്ധിച്ച റിപ്പോര്‍ട്ടിംഗില്‍ പ്രകടിപ്പിച്ചത്. പുത്തന്‍ അവധൂതന്‍മാരെപ്പോലെ മാധ്യമ മനസ്സിലെ അരുമകളായ യുഡിഎഫിന്റെ കഴിഞ്ഞ ഭരണകാലമോ, അല്ലെങ്കില്‍ ഏതെങ്കിലുമൊരു മന്ത്രിസഭാ പ്രവര്‍ത്തനമോ അബദ്ധത്തില്‍ പോലും താരതമ്യത്തിന് ഓര്‍ത്തെടുക്കാന്‍ പത്രങ്ങളും ചാനലുകളും മിനക്കെട്ടില്ല. കടുത്ത രാഷ്ട്രീയ പക്ഷപാതികള്‍ക്കുപോലും മന്ത്രിസഭയിലോ മന്ത്രിമാരിലോ അഴിമതിയുടെ കളങ്കം ആരോപിക്കാന്‍ സാധിക്കാത്തവിധം ഓരോ മന്ത്രിയും സംശുദ്ധിയുടെ അടയാളങ്ങളായി ഉയര്‍ന്നുനില്‍ക്കുന്നു. യുഡിഎഫിന്റെ ഭരണം ഇങ്ങനെയൊക്കെയായിരുന്നോയെന്ന് ഓര്‍ത്തെടുക്കാന്‍പോലും മാധ്യമങ്ങള്‍ക്ക് നേരമില്ല.

    ReplyDelete