Wednesday, May 19, 2010

ഛത്തീസ്ഗഢിലെ ചോരപ്പുഴ

ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ ഒന്നരമാസത്തിനകം ആവര്‍ത്തിക്കപ്പെട്ട മാവോയിസ്റ്റ് ഭീകരാക്രമണം രാജ്യത്തെ ജനങ്ങളുടെയും സുരക്ഷാ വിഭാഗങ്ങളുടെപോലും ജീവന്‍ എത്രമാത്രം അരക്ഷിതമാണെന്ന് വ്യക്തമാക്കുന്നു. മാവോയിസ്റ്റുകള്‍ക്കെതിരായ നടപടി ഫലപ്രദമല്ലെന്നും സാധാരണ ജനങ്ങള്‍ ഏതുഘട്ടത്തിലും കെല്ലപ്പെടാനുള്ള അവസ്ഥ നിലനില്‍ക്കുന്നെന്നുമാണ് ദന്തേവാഡ നല്‍കുന്ന സൂചന. വസ്തുനിഷ്ഠ സാഹചര്യങ്ങളെ അവഗണിച്ച് കപടവിപ്ളവ വാദവുമായി ഇറങ്ങിത്തിരിച്ച മാവോയിസ്റ്റുകള്‍ സാധാരണ ജനങ്ങളെയാണ് കൂട്ടക്കൊലചെയ്തത്. സമീപ വര്‍ഷങ്ങളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സൈനികരും പൊലീസ് വിഭാഗവും ആഭ്യന്തര ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇതേ ദന്തേവാഡയിലാണ്- ഇക്കഴിഞ്ഞ ഏപ്രില്‍ ആറിന്. അന്ന് സിആര്‍പിഎഫും സംസ്ഥാനപൊലീസുകാരുമടങ്ങുന്ന സേന സഞ്ചരിച്ച വാഹനമാണ് ആക്രമിച്ചത്. 75 സിആര്‍പിഎഫുകാരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. സുസജ്ജരും സായുധരുമായി മാവോയിസ്റ്റ് വേട്ടയ്ക്കിറങ്ങിയ സേനാംഗങ്ങളെ ഇങ്ങനെ കൂട്ടക്കൊലചെയ്തിട്ടും ഫലപ്രദമായ പ്രതിരോധവും ഇടപെടലും ബന്ധപ്പെട്ടവരില്‍നിന്നുണ്ടായില്ല. അതുകൊണ്ടാണ്, കുഴിബോംബുവച്ച് ബസ് തകര്‍ത്ത് വീണ്ടും കൂട്ടക്കൊലനടത്താന്‍ മാവോയിസ്റ്റുകള്‍ക്ക് കഴിഞ്ഞത്. സാധാരണജനങ്ങള്‍ യാത്രചെയ്ത ബസാണ് ഇത്തവണ തകര്‍ത്തത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി നില്‍ക്കുന്നവരാണ് തങ്ങള്‍ എന്ന മാവോയിസ്റ്റ് അവകാശവാദത്തിന്റെ നിരര്‍ഥകതയും കാപട്യവുമാണ് ഇതിലൂടെ വ്യക്തമായത്.

മാവോയിസ്റ്റുകള്‍ നടത്തുന്ന രക്തപങ്കിലമായ ആക്രമണങ്ങളെ ഗൌരവബുദ്ധ്യാ സമീപിക്കാന്‍ കേന്ദ്ര യുപിഎ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. ഛത്തീസ്ഗഢില്‍നിന്ന് ഭീതിജനകമായ വാര്‍ത്തകള്‍ തുടരെത്തുടരെ വരികയാണ്. ചില പ്രദേശങ്ങളില്‍ മാവോയിസ്റ്റുകള്‍ സമാന്തരഭരണം നടത്തുന്നു. അത്തരം മേഖലയില്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങളില്‍ സൈനികരെ കയറ്റുന്നത് മാവോയിസ്റ്റുകള്‍ വിലക്കി. ഈ വിലക്കു ലംഘിക്കുന്ന വാഹനങ്ങള്‍ യാത്രക്കാരെ പുറത്തിറക്കിയശേഷം കത്തിക്കുന്നത് പതിവാക്കി. ഒരുപടികൂടി കടന്നാണ് വാഹനങ്ങള്‍ അപ്പാടെ കുഴിബോംബുവച്ച് തകര്‍ത്ത് കൂട്ടക്കൊലയ്ക്കൊരുമ്പെട്ടത്. രാജ്നന്ദ്ഗാവ് ജില്ലയിലെ മന്‍പുറില്‍ ആറുപേരെയാണ് ഞായറാഴ്ച മാവോയിസ്റ്റുകള്‍ കഴുത്തറുത്ത് കൊന്നത്.

ഏപ്രില്‍ ആറിന് ദന്തേവാഡയില്‍ മാവോയിസ്റുകളുടെ കെണിയിലേക്ക് സിആര്‍പിഎഫ് ജവാന്മാരെ നയിച്ചത് സുരക്ഷാസേനയ്ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയതിലുള്ള പാളിച്ചയാണെന്ന് ബിഎസ്എഫ് മുന്‍ ഡയറക്ടര്‍ അന്വേഷിച്ച് കണ്ടെത്തിയിരുന്നു. സുരക്ഷാപാളിച്ചയെക്കുറിച്ച് മറ്റുനിരവധി വിമര്‍ശങ്ങളും ഉയര്‍ന്നു. മാവോയിസ്റ്റുകള്‍ക്കെതിരായ 'ഓപ്പറേഷന്‍ ഗ്രീന്‍ഹണ്ട്' നിഷ്ഫലമാവുകയാണ്. കേന്ദ്രസര്‍ക്കാരിനും സൈന്യത്തിനും അപമാനകരമാണ് ഈ വീഴ്ച. കേന്ദ്രആഭ്യന്തരവകുപ്പിന്റെ ഔദ്യോഗികമായ കണക്ക് അനുസരിച്ച് 2004 മുതല്‍ 2008 വരെ 7806 മാവോയിസ്റ്റ് ആക്രമണത്തിലായി 3338 പേരാണ് കൊല്ലപ്പെട്ടത്. 2009ല്‍ മാത്രം ആയിരത്തോളം കൊലപാതകം. പടിപടിയായി രാജ്യത്തിന്റെ ഭരണം പിടിക്കുമെന്ന മാവോയിസ്റ്റ് നേതാക്കളുടെ പ്രഖ്യാപനംപോലും നിസ്സഹായരായി നോക്കിനില്‍ക്കുകയാണ് ഭരണാധികാരികള്‍. ഇത്ര വലിയ ആക്രമണപദ്ധതികള്‍ കാലേക്കൂട്ടി അറിയാനോ തടയാനോ കഴിയാത്ത ഇന്റലിജന്‍സ് സംവിധാനം എന്തിനെന്ന ചോദ്യവും പ്രസക്തമാണ്.

രാജ്യത്ത് ഏഴു സംസ്ഥാനമെങ്കിലും മാവോയിസ്റ്റ് ഭീഷണിയിലാണ്. ഒറ്റയടിക്ക് തകര്‍ത്തുകളയാവുന്നതല്ല വഴിതെറ്റിയ അക്രമിക്കൂട്ടത്തിന്റെ ഈ ഭീഷണി. വ്യത്യസ്ത സാമൂഹ്യ പശ്ചാത്തലമുള്ളവരും സ്ഥിരാഭിപ്രായമില്ലാത്തവരും എടുത്തുചാട്ടക്കാരും ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കു നീങ്ങുന്നവരും അടങ്ങുന്ന കൂട്ടമാണത്. അതേസമയം, അത്തരക്കാര്‍ നടത്തുന്ന അമിതാവേശബാധിതമായ പ്രവൃത്തിമാത്രമായി ഇത്തരം നിഷ്ഠുരമായ ആക്രമണങ്ങളെ കാണാനാകില്ല. സാമ്രാജ്യത്വത്തിന്റെ; മൂലധനത്തിന്റെ സമരതന്ത്രജ്ഞരുടെ കൈയിലെ പാവകളാണവര്‍. വിപ്ളവ വിരുദ്ധവും തൊഴിലാളിവര്‍ഗത്തിന്റെ എതിര്‍പക്ഷത്തുനില്‍ക്കുന്നതുമാണ് അവരുടെ ആശയവും പ്രവൃത്തിയും. കമ്യൂണിസ്റ്റ് വിരുദ്ധരുടെ പ്രത്യയശാസ്ത്ര-രാഷ്ട്രീയ പ്രചോദിതമായ ആസൂത്രിത പ്രവൃത്തിയാണ് ഭീകരാക്രമണങ്ങള്‍. പശ്ചിമ ബംഗാളില്‍ ദൃശ്യമായത് അതാണ്. പ്രകടമായിത്തന്നെ വിരുദ്ധ ആശയങ്ങളെ പ്രതിനിധാനംചെയ്യുന്നവര്‍ യോജിച്ച് അട്ടിമറിസമരങ്ങള്‍ക്കിറങ്ങുകയാണ്. രാഷ്ട്രീയമായി ഇത്തരക്കാരെ തുറന്നുകാട്ടിയും മാവോയിസ്റ്റുകള്‍ക്ക് വേരോട്ടമുണ്ടാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്ന ആഗോളവല്‍ക്കാരണ-സാമ്രാജ്യ വിധേയ നയങ്ങള്‍ക്കെതിരെ ജനങ്ങളെ അണിനിരത്തിയും ഈ വിപത്തിനെ നേരിടേണ്ടതുണ്ട്.

രാജ്യത്തെ അസ്ഥിരീകരിക്കുകയും പിന്തിരിപ്പന്‍ശക്തികളുമായി ചേര്‍ന്ന് ജനങ്ങള്‍ക്കെതിരെ കടന്നാക്രമണം സംഘടിപ്പിക്കുകയും ചെയ്യുന്ന മാവോയിസ്റ്റുകള്‍ക്കെതിരെ ഇച്ഛാശക്തിയോടെയുള്ള നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണം. താല്‍ക്കാലിക രാഷ്ട്രീയനേട്ടങ്ങള്‍ക്കായി മാവോയിസ്റ്റുകളോടും അവരെ സംരക്ഷിക്കുന്നവരോടും മൃദുസമീപനം സ്വീകരിച്ചാല്‍ വലിയ വിലയാകും നല്‍കേണ്ടിവരിക. പശ്ചിമബംഗാളില്‍ സിപിഐ എമ്മിനെ തകര്‍ക്കാന്‍ മാവോയിസ്റ്റുകളെ ആയുധമാക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ സഖ്യകക്ഷിയാണെന്ന വസ്തുത ആവര്‍ത്തിച്ചോര്‍ക്കേണ്ടതുണ്ട്. അത്തരം കെട്ടുപാടുകള്‍ കേന്ദ്രത്തിന്റെ മാവോയിസ്റ്റ് വിരുദ്ധ ഇടപെടലിനെ പുറകോട്ടുവലിച്ചുകൂടാ. ക്രൂരവും ജനവിരുദ്ധവുമായ വഴികളിലൂടെ സഞ്ചരിക്കുന്ന മാവോയിസ്റ്റുകളെ നേരിടുന്നതിന് സത്യസന്ധവും ആത്മാര്‍ഥവുമായ നടപടിയെടുക്കാന്‍ കേന്ദ്രം തയ്യാറാകണമെന്ന പാഠമാണ് ദന്തേവാഡയില്‍ ആവര്‍ത്തിച്ചു നടന്ന കൂട്ടക്കൊല നല്‍കുന്നത്.

ദേശാഭിമാനി മുഖപ്രസംഗം 19052010

2 comments:

  1. ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ ഒന്നരമാസത്തിനകം ആവര്‍ത്തിക്കപ്പെട്ട മാവോയിസ്റ്റ് ഭീകരാക്രമണം രാജ്യത്തെ ജനങ്ങളുടെയും സുരക്ഷാ വിഭാഗങ്ങളുടെപോലും ജീവന്‍ എത്രമാത്രം അരക്ഷിതമാണെന്ന് വ്യക്തമാക്കുന്നു. മാവോയിസ്റ്റുകള്‍ക്കെതിരായ നടപടി ഫലപ്രദമല്ലെന്നും സാധാരണ ജനങ്ങള്‍ ഏതുഘട്ടത്തിലും കെല്ലപ്പെടാനുള്ള അവസ്ഥ നിലനില്‍ക്കുന്നെന്നുമാണ് ദന്തേവാഡ നല്‍കുന്ന സൂചന. വസ്തുനിഷ്ഠ സാഹചര്യങ്ങളെ അവഗണിച്ച് കപടവിപ്ളവ വാദവുമായി ഇറങ്ങിത്തിരിച്ച മാവോയിസ്റ്റുകള്‍ സാധാരണ ജനങ്ങളെയാണ് കൂട്ടക്കൊലചെയ്തത്. സമീപ വര്‍ഷങ്ങളില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സൈനികരും പൊലീസ് വിഭാഗവും ആഭ്യന്തര ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇതേ ദന്തേവാഡയിലാണ്- ഇക്കഴിഞ്ഞ ഏപ്രില്‍ ആറിന്. അന്ന് സിആര്‍പിഎഫും സംസ്ഥാനപൊലീസുകാരുമടങ്ങുന്ന സേന സഞ്ചരിച്ച വാഹനമാണ് ആക്രമിച്ചത്. 75 സിആര്‍പിഎഫുകാരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടു. സുസജ്ജരും സായുധരുമായി മാവോയിസ്റ്റ് വേട്ടയ്ക്കിറങ്ങിയ സേനാംഗങ്ങളെ ഇങ്ങനെ കൂട്ടക്കൊലചെയ്തിട്ടും ഫലപ്രദമായ പ്രതിരോധവും ഇടപെടലും ബന്ധപ്പെട്ടവരില്‍നിന്നുണ്ടായില്ല. അതുകൊണ്ടാണ്, കുഴിബോംബുവച്ച് ബസ് തകര്‍ത്ത് വീണ്ടും കൂട്ടക്കൊലനടത്താന്‍ മാവോയിസ്റ്റുകള്‍ക്ക് കഴിഞ്ഞത്. സാധാരണജനങ്ങള്‍ യാത്രചെയ്ത ബസാണ് ഇത്തവണ തകര്‍ത്തത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുവേണ്ടി നില്‍ക്കുന്നവരാണ് തങ്ങള്‍ എന്ന മാവോയിസ്റ്റ് അവകാശവാദത്തിന്റെ നിരര്‍ഥകതയും കാപട്യവുമാണ് ഇതിലൂടെ വ്യക്തമായത്.

    ReplyDelete
  2. മാവോവാദികള്‍ക്കെതിരായി നടപടികളാരംഭിക്കെണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

    സ്വന്തം രാജ്യത്തെ റെയില്‍പ്പാളം തകര്‍ക്കുകയും പോലീസുകാരും അര്‍ദ്ധ സൈനികരുമുള്‍പ്പടെയുള്ള പൌരന്മാരെ കൊന്നൊടുക്കുകയുംചെയ്യുന്നവരെ രാജ്യമാക്രമിക്കുന്ന ഭീകരരുടെ ഗണത്തില്‍ തന്നെയാണ് പെടുത്തണ്ടത്.

    ReplyDelete