അനുപമ വിജയഗാഥയുമായി കുടുംബശ്രീ പിറന്നാള്‍
കൊച്ചി: രണ്ടുലക്ഷത്തിലധികം അയല്‍ക്കൂട്ടങ്ങള്‍, 1374.66 കോടി രൂപയുടെ ലഘുസമ്പാദ്യങ്ങള്‍, 2,32,220 വനിതാ കര്‍ഷകര്‍, 884 ആശ്രയ അഗതി പുനരധിവാസ പദ്ധതികള്‍...1998ല്‍ മലപ്പുറത്ത് ആരംഭിച്ച കുടുംബശ്രീ 12-ാം പിറന്നാളിന് എറണാകുളത്ത് ഒത്തുചേര്‍ന്നപ്പോള്‍ നേട്ടങ്ങള്‍ നിരവധി. 37.32 ലക്ഷം കുടുംബങ്ങളാണ് സംസ്ഥാനത്ത് കുടുംബശ്രീയിലുള്ളത്. കുടുംബശ്രീ സംരംഭകരായവരുടെ എണ്ണം 60,522 ആണ്. കഴിഞ്ഞ നാലുവര്‍ഷത്തിനകം ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ മിഷന്‍വഴി നല്‍കിയത് 219 കോടി രൂപയാണ്. ത്രിതല പഞ്ചായത്തുകളില്‍ സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള സ്ത്രീപദവി പഠനകേന്ദ്രങ്ങള്‍, അയല്‍ക്കൂട്ട സംവിധാനം, സംഘക്കൃഷി, ഉത്തരവാദിത്ത ടൂറിസം പദ്ധതി, ട്രൈബല്‍ ആശ്രയ പദ്ധതി, ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി... ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വികസനപദ്ധതികളിലേക്ക് സ്ത്രീശക്തി മുതല്‍ക്കൂട്ടുന്നതിനുള്ള ക്രിയാത്മകമായ ഇടപെടലാണ് സിഡിഎസ് നടത്തുന്നത്. കുടുംബശ്രീകളില്‍ 3913.68 കോടി രൂപയുടെ ആന്തരിക വായ്പകളാണുള്ളത്. ബാങ്ക് വായ്പ 994 കോടി രൂപവരും. കുടുംബശ്രീയുടെ ഭാഗമായുള്ള ബാലസഭകളില്‍ ഒമ്പതുലക്ഷം കുട്ടികള്‍ ഇതിനകം അംഗങ്ങളായിക്കഴിഞ്ഞു. എച്ച്ഐവി-എയ്ഡ്സ് ബാധിതരെ കണ്ടെത്താനും പുനരധിവസിപ്പിക്കാനുമുള്ള 'താഹാ'പദ്ധതിയില്‍ കുടുംബശ്രീ നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെയാകെ ശ്രദ്ധ നേടി. 45 നഗരസഭകളിലായി 617 കോടി രൂപയുടെ ചേരിവികസന പദ്ധതികളും ഭവനനിര്‍മാണ പദ്ധതികളുമാണ് കുടുംബശ്രീകള്‍ ഏറ്റെടുത്തു നടത്തിയത്. സൂക്ഷ്മസംരംഭങ്ങള്‍ക്കും സ്വന്തമായി വിപണി കണ്ടെത്തിയാണ് ഈ സ്ത്രീകള്‍ തങ്ങളുടെ കര്‍മപഥത്തില്‍ മുന്നേറുന്നത്.
കുടുംബശ്രീക്ക് 2000 കോടി വായ്പ
കൊച്ചി: കുടുംബശ്രീക്കുള്ള ബാങ്ക് വായ്പ രണ്ടുവര്‍ഷത്തിനകം ആയിരം കോടിയില്‍നിന്ന് രണ്ടായിരം കോടി രൂപയാക്കി ഉയര്‍ത്തുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് പറഞ്ഞു. നാല് ശതമാനമായിരിക്കും ഈ വായ്പക്കും പലിശ. പട്ടികവര്‍ഗ വിഭാഗത്തിന് പ്രത്യേക ആശ്രയപദ്ധതി ഈ വര്‍ഷം നടപ്പാക്കും. അതോടൊപ്പം ആശ്രയയുടെ ഗുണഭോക്താക്കളെ നിശ്ചയിക്കാനുള്ള ചുമതല കുടുംബശ്രീയുടെ കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികള്‍ക്ക് നല്‍കുമെന്ന് മന്ത്രി പറഞ്ഞു. കുടുംബശ്രീ 12-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എറണാകുളം മറൈന്‍ ഡ്രൈവില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവില്‍ 1,374 കോടിയുടെ ലഘുസമ്പാദ്യവും 994 കോടിയുടെ ബാങ്ക് വായ്പയുമാണ് കുടുംബശ്രീക്കുള്ളത്. 12 വര്‍ഷത്തെ പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തെ പകുതിയിലേറെ കുടുംബങ്ങളെ അംഗങ്ങളാക്കിയ കുടുംബശ്രീ, സ്ത്രീശാക്തീകരണത്തിലും വികസനപ്രവര്‍ത്തനങ്ങളിലും വലിയ പങ്കാണു വഹിക്കുന്നത്.കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ബാങ്ക് വായ്പയില്‍ 1,000 കോടി വര്‍ധിപ്പിക്കുന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ഭവനശ്രീ ഭവനപദ്ധതിയുടെ വായ്പയും പലിശയും സര്‍ക്കാര്‍ ഏറ്റെടുത്ത് അടച്ചുതീര്‍ക്കും. ഓരോ ബാങ്കിനും നല്‍കേണ്ട പണം എത്രയെന്നു കണക്കാക്കി കുടുംബശ്രീ മിഷന്‍ സര്‍ക്കാരിനു നല്‍കണം. അതുപ്രകാരമുള്ള പണം വര്‍ഷം ആദ്യം ഒന്നിച്ച് ബാങ്കുകള്‍ക്കു നല്‍കും. ആശ്രയപദ്ധതിയിലൂടെ 50,000 നിരാലംബ കുടുംബങ്ങള്‍ക്ക് സഹായം നല്‍കാനാണ് ലക്ഷ്യം. ഗുണഭോക്താക്കളെ നിശ്ചയിച്ച് സിഡിഎസുകള്‍ പദ്ധതി സമര്‍പ്പിച്ചാല്‍ മതി. പട്ടികവര്‍ഗവിഭാഗത്തില്‍ ആവശ്യത്തിന് ഗുണഭോക്താക്കളില്ലെന്ന കുറവ് പരിഹരിക്കാനാണ് പ്രത്യേക ആശ്രയ ഈ വര്‍ഷം നടപ്പാക്കുന്നത്. 1,000 കോടി രൂപയുടെ പദ്ധതിയാണ് ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഈ വര്‍ഷം നടപ്പാക്കുക. അഴിമതിരഹിതമായി നടക്കുന്ന തൊഴിലുറപ്പുപദ്ധതിയുടെ പ്രധാന നടത്തിപ്പ് കുടുംബശ്രീയിലൂടെയാണ്. ഇത് ദേശീയ ശ്രദ്ധ നേടി.
വരുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പില്‍ 55 ശതമാനമെങ്കിലും സ്ത്രീകള്‍ വിജയിച്ചുവരും. അവരില്‍ മുക്കാല്‍ പങ്കും കുടുംബശ്രീയില്‍നിന്നുള്ളവരാകും. കുടുംബശ്രീക്ക് തദ്ദേശസ്ഥാപനങ്ങളുമായുള്ള ബന്ധം ദൃഢമാക്കാന്‍ ഇതു സഹായിക്കും. ജാതി-മത-രാഷ്ട്രീയ ചായ്വുകള്‍ക്കതീതമായ സ്ത്രീ കൂട്ടായ്മയാണ് കുടുംബശ്രീ. ജാതി-മത-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കു കീഴിലുള്ള സ്വയംസഹായ സംഘങ്ങളെപ്പോലെയല്ല കുടുംബശ്രീ. അയല്‍ക്കാരായവര്‍ക്കെല്ലാം അംഗങ്ങളാകാവുന്ന കൂട്ടായ്മയായാണ് ഇതു വിഭാവനം ചെയ്തത്. ജനകീയാസൂത്രണ പദ്ധതിക്കുശേഷം സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ മുന്നേറ്റമായി കുടുംബശ്രീ മാറിയത് രാജ്യത്തിനാകെ മാതൃകയാണെന്നും തോമസ് ഐസക് പറഞ്ഞു. രണ്ടുദിവസത്തെ ആഘോഷപരിപാടികള്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായിരുന്നു.
ദേശാഭിമാനി 26052010
രണ്ടുലക്ഷത്തിലധികം അയല്‍ക്കൂട്ടങ്ങള്‍, 1374.66 കോടി രൂപയുടെ ലഘുസമ്പാദ്യങ്ങള്‍, 2,32,220 വനിതാ കര്‍ഷകര്‍, 884 ആശ്രയ അഗതി പുനരധിവാസ പദ്ധതികള്‍...1998ല്‍ മലപ്പുറത്ത് ആരംഭിച്ച കുടുംബശ്രീ 12-ാം പിറന്നാളിന് എറണാകുളത്ത് ഒത്തുചേര്‍ന്നപ്പോള്‍ നേട്ടങ്ങള്‍ നിരവധി. 37.32 ലക്ഷം കുടുംബങ്ങളാണ് സംസ്ഥാനത്ത് കുടുംബശ്രീയിലുള്ളത്. കുടുംബശ്രീ സംരംഭകരായവരുടെ എണ്ണം 60,522 ആണ്. കഴിഞ്ഞ നാലുവര്‍ഷത്തിനകം ദാരിദ്ര്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബശ്രീ മിഷന്‍വഴി നല്‍കിയത് 219 കോടി രൂപയാണ്.
ReplyDelete