Thursday, May 20, 2010

യുഡിഎഫിന്റെ വഞ്ചന

ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനം 'വഞ്ചനാദിന'മായി ആചരിക്കാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തിരുന്നെങ്കിലും കേരളത്തിലെ ജനങ്ങള്‍ അത് ചെവിക്കൊണ്ടില്ല. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും യുഡിഎഫ് ഘടകകക്ഷികള്‍ വിട്ടുനിന്നു. ഘടകകക്ഷി പിന്തുണയില്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരിനുമാത്രം പ്രകടനം നടത്തി ചടങ്ങൊപ്പിക്കുന്ന ദൃശ്യമാണ് പ്രകടമായത്. കണ്ണൂര്‍, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ ചില കേന്ദ്രങ്ങളില്‍മാത്രമാണ് ദിനാചരണം നാമമാത്രമായെങ്കിലും നടന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒരു പരിപാടിയും നടന്നില്ല. കോട്ടയത്ത് യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ തനിച്ച് നടത്തിയ പ്രകടനമല്ലാതെ മറ്റു പരിപാടികളൊന്നും ഉണ്ടായില്ല. കോണ്‍ഗ്രസും അതിന്റെ നേതൃത്വത്തിലുള്ള മുന്നണിയും ജനപിന്തുണയുടെ കാര്യത്തില്‍ എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഈ അനുഭവം. മറുവശത്ത് എല്‍ഡിഎഫാകട്ടെ, സംസ്ഥാനത്തുടനീളം ഉശിരന്‍ റാലികള്‍ സംഘടിപ്പിച്ചാണ് വാര്‍ഷികം കൊണ്ടാടിയത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവിചാരിതമായി ലഭിച്ച വിജയത്തിന്റെ ബലത്തില്‍ ഇനിയുള്ള എല്ലാ തെരഞ്ഞെടുപ്പിലും തങ്ങള്‍ ജയിക്കുമെന്നും അടുത്ത സര്‍ക്കാര്‍ തങ്ങള്‍ രൂപീകരിക്കുമെന്നും അഹങ്കാരത്തോടെയാണ് യുഡിഎഫ് നേതൃത്വം പറഞ്ഞുപരത്തുന്നത്. എന്നാല്‍, ജനങ്ങളുടെ വികാരം അത്തരം ഭ്രാന്തന്‍ സ്വപ്നങ്ങള്‍ക്കൊപ്പമല്ല എന്നാണ് യുഡിഎഫിന്റെ വഞ്ചനാദിനാഹ്വാനത്തോടുള്ള തണുപ്പന്‍ പ്രതികരണത്തില്‍നിന്ന് വായിച്ചെടുക്കാവുന്നത്. യുഡിഎഫിന്റെ വായ്ത്താരികള്‍ക്കും വലതുപക്ഷ മാധ്യമങ്ങളുടെ പ്രചാരണ കോലാഹലങ്ങള്‍ക്കുമപ്പുറം യാഥാര്‍ഥ്യങ്ങള്‍ ജനങ്ങള്‍ അനുഭവിച്ചറിയുന്നുണ്ട്. അഞ്ചുകൊല്ലം യുഡിഎഫ് ഭരിച്ചു മുടിച്ച നാടല്ല ഇന്നത്തെ കേരളം. യുഡിഎഫ് കാലത്ത് മാറാട്ട് മനുഷ്യ രക്തമാണ് ഒഴുകിപ്പരന്നതെങ്കില്‍ ഇന്ന് ആ നാടിനെ ആശ്വാസത്തിന്റെയും സമാധാനത്തിന്റെയും പുരോഗതിയുടെയും സ്പര്‍ശമാണ് തട്ടിയുറക്കുന്നത്. രാജ്യത്തെ ഏറ്റവും സുരക്ഷിത സംസ്ഥാനമാണിന്ന് കേരളം. ട്രഷറിയടപ്പും ഓവര്‍ഡ്രാഫ്റ്റുമില്ലാത്ത; പവര്‍കട്ടും ലോഡ്ഷെഡിങ്ങുമില്ലാത്ത; പട്ടിണിയും കര്‍ഷക ആത്മഹത്യയുമില്ലാത്ത നാട്. പൊതുമേഖലയില്‍ ലാഭക്കണക്കുകള്‍ മാത്രമെഴുതുന്ന, പുതിയ പൊതുമേഖലാസ്ഥാപനങ്ങള്‍ തുടങ്ങുന്ന ഏതു സംസ്ഥാനമുണ്ട് കോണ്‍ഗ്രസ് ഭരണത്തില്‍? അധികാര വികേന്ദ്രീകരണത്തിലും വിലക്കയറ്റം തടയുന്നതിലും കേരളത്തെ മാതൃകയാക്കി പ്രശംസിച്ച കേന്ദ്രമന്ത്രിമാര്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎ സര്‍ക്കാരില്‍തന്നെയല്ലേ? 36 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ടുരൂപയ്ക്ക് പ്രതിമാസം 25 കിലോ അരിയും വീടില്ലാത്തവര്‍ക്കെല്ലാം വീടും നല്‍കാന്‍ യുഡിഎഫ് പ്രതിനിധാനംചെയ്യുന്ന രാഷ്ട്രീയത്തിന് കഴിയില്ല. അവരുടേത് ശതകോടീശ്വരന്മാരെ ഊട്ടിവളര്‍ത്തുകയും പാവങ്ങളെ ആട്ടിയകറ്റുകയുംചെയ്യുന്ന രാഷ്ട്രീയമാണ്.

സാമ്രാജ്യത്വ അടിമത്തത്തിന്റെ ആ നയങ്ങളോട് പടപൊരുതിയാണ് കേരളം ബദല്‍ പാത തുറക്കുന്നതെന്ന യാഥാര്‍ഥ്യം എല്ലാം കാണുകയും അനുഭവിക്കുകയുംചെയ്യുന്ന ജനങ്ങള്‍ക്ക് അവഗണിക്കാനാവില്ലല്ലോ. വിവാദങ്ങളും പ്രചാരണ കോലാഹലവും മാധ്യമ സഹായവുംകൊണ്ട് തെരഞ്ഞെടുപ്പു ജയിക്കാമെന്നു കരുതുന്ന യുഡിഎഫും കോണ്‍ഗ്രസും സ്വന്തം പാളയത്തില്‍ എന്തുനടക്കുന്നു എന്നുകൂടി പരിശോധിച്ചാല്‍ കൊള്ളാം.

യുഡിഎഫ് എന്ന സംവിധാനം ഇപ്പോള്‍ നിലവിലുണ്ടോ? ഉണ്ടെങ്കില്‍ ഏതൊക്കെയാണ് ഘടക കക്ഷികള്‍? കോണ്‍ഗ്രസിനു തൊട്ടുപിന്നിലുള്ള രണ്ടാം കക്ഷി ഏത്? മാണികേരള കോണ്‍ഗ്രസോ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിം ലീഗോ? സംസ്ഥാനത്തെ ബാധിക്കുന്ന ഏതെങ്കിലും വിഷയങ്ങളില്‍ യുഡിഎഫിന് ഒറ്റക്കെട്ടായി തീരുമാനമെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? നേതൃപാര്‍ടിയായ കോണ്‍ഗ്രസ് തമ്മില്‍ത്തല്ലികളുടെ കൂട്ടമായി അധഃപതിച്ച കാഴ്ചയാണ് ആഭ്യന്തരക്കുഴപ്പങ്ങളില്‍പെട്ട്, ഓരോ നേതാക്കളുടെയും പേരില്‍ ഗ്രൂപ്പുണ്ടാക്കി തമ്മില്‍ത്തല്ലുന്ന കോണ്‍ഗ്രസ് കൂട്ടത്തിന് സംഘടനാ തെരഞ്ഞെടുപ്പുവരെ പ്രഹസനമാക്കേണ്ടിവരുന്നു. ഇന്നലെവരെ എല്‍ഡിഎഫില്‍ ഭിന്നതയെന്ന് പറഞ്ഞുനടന്നവര്‍ വിശ്രമിക്കുകയാണ്. കൂടുതല്‍ ഐക്യത്തോടെ, സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം ജനോപകാരനടപടികള്‍ സാക്ഷാല്‍ക്കരിച്ച് അഞ്ചാം വര്‍ഷത്തിലേക്കു കടന്ന സര്‍ക്കാരിനെ ഏതു ജനവിഭാഗത്തിനാണ് തള്ളിക്കളയാന്‍ കഴിയുക എന്നെങ്കിലും വഞ്ചനാദിനാഹ്വാനത്തില്‍ യുഡിഎഫ് നേതൃത്വം പറയണമായിരുന്നു. ഗവണ്‍മെന്റിന്റെ നേട്ടങ്ങള്‍ മറച്ചുവയ്ക്കാനും കൃത്യമായ സന്ദര്‍ഭങ്ങളില്‍ വിവാദങ്ങള്‍ ഉയര്‍ത്തിവിടാനും യുഡിഎഫിനും അതിനെ സഹായിക്കുന്ന മാധ്യമങ്ങള്‍ക്കും സാധിക്കുന്നുണ്ടെന്നത് വസ്തുതയാണ്. അത്തരം വിവാദങ്ങള്‍കൊണ്ടുമാത്രം എല്‍ഡിഎഫിനെ പുകമറയില്‍ നിര്‍ത്തി നേട്ടമുണ്ടാക്കാമെന്ന മോഹമാണ് പുതിയ അവകാശവാദങ്ങളിലേക്ക് അവരെ നയിക്കുന്നത്.

എല്ലാത്തരം സങ്കുചിത-വിഭാഗീയ ശക്തികളെയും ഒരുകുടക്കീഴില്‍ അണിനിരത്താന്‍ മടിക്കില്ല എന്ന് യുഡിഎഫ് പലവട്ടം തെളിയിച്ചിട്ടുണ്ട്-അതിന്റെ പുതിയ രൂപമാണ് കോഴിക്കോട്ടെ കിനാലൂരില്‍ കണ്ടത്. എന്നാല്‍, അക്രമസമരത്തിനും കുപ്രചാരങ്ങള്‍ക്കുമെതിരെ ആ പ്രദേശത്തെ ജനങ്ങള്‍ വന്‍തോതില്‍ രംഗത്തുവരുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. കിനാലൂരിലെ ജനങ്ങള്‍ അംഗീകരിക്കുന്ന പദ്ധതിയെ അട്ടിമറിക്കാന്‍ പുറത്തുനിന്ന് സംഘങ്ങളെത്തുന്നു. അതിന് യുഡിഎഫ് നേതൃത്വം സജീവ പങ്കാളിത്തം വഹിക്കുന്നു. ഇത്തരം നശീകരണ സമരങ്ങളിലൂടെയും വിവാദങ്ങളിലൂടെയും നാട് എവിടെ ചെന്നെത്തും എന്നെങ്കിലും യുഡിഎഫ് നേതൃത്വം ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ട്. ഘടകകക്ഷികളുടെ എണ്ണക്കൂടുതല്‍കൊണ്ടല്ല, നയസമീപനംകൊണ്ടാണ് ജനങ്ങളെ അണിനിരത്താനാവുക എന്നും കൂലിക്കെടുക്കുന്ന പടയാളികള്‍ ഒരു യുദ്ധവും ജയിപ്പിച്ച ചരിത്രമില്ല എന്നും യുഡിഎഫ് ഓര്‍ക്കുന്നത് നന്ന്. സ്വന്തം നേട്ടങ്ങളുടെയും പ്രയത്നത്തിന്റെയും നയത്തിന്റെയും ബലത്തിലാണ് എല്‍ഡിഎഫ് ജനമനസ്സുകളില്‍ ഉയര്‍ന്നുനില്‍ക്കുന്നത്. അതിനുമേല്‍ ചാണകവെള്ളം തളിക്കുന്ന വഞ്ചനാപരമായ നിലപാടുകൊണ്ട് രക്ഷപ്പെടാനാകുമെന്ന ധാരണ പുറത്തുപറയുന്നതില്‍തന്നെ യുഡിഎഫ് ലജ്ജിക്കണം-അങ്ങനെയൊരു വികാരം ഉണ്ടെങ്കില്‍.

ദേശാഭിമാനി മുഖപ്രസംഗം 20052010

1 comment:

  1. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ദിനം 'വഞ്ചനാദിന'മായി ആചരിക്കാന്‍ യുഡിഎഫ് ആഹ്വാനം ചെയ്തിരുന്നെങ്കിലും കേരളത്തിലെ ജനങ്ങള്‍ അത് ചെവിക്കൊണ്ടില്ല. സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും യുഡിഎഫ് ഘടകകക്ഷികള്‍ വിട്ടുനിന്നു. ഘടകകക്ഷി പിന്തുണയില്ലാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പേരിനുമാത്രം പ്രകടനം നടത്തി ചടങ്ങൊപ്പിക്കുന്ന ദൃശ്യമാണ് പ്രകടമായത്. കണ്ണൂര്‍, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലെ ചില കേന്ദ്രങ്ങളില്‍മാത്രമാണ് ദിനാചരണം നാമമാത്രമായെങ്കിലും നടന്നത്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒരു പരിപാടിയും നടന്നില്ല. കോട്ടയത്ത് യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ തനിച്ച് നടത്തിയ പ്രകടനമല്ലാതെ മറ്റു പരിപാടികളൊന്നും ഉണ്ടായില്ല. കോണ്‍ഗ്രസും അതിന്റെ നേതൃത്വത്തിലുള്ള മുന്നണിയും ജനപിന്തുണയുടെ കാര്യത്തില്‍ എവിടെ എത്തിനില്‍ക്കുന്നു എന്നതിന്റെ ഒന്നാന്തരം ഉദാഹരണമാണ് ഈ അനുഭവം. മറുവശത്ത് എല്‍ഡിഎഫാകട്ടെ, സംസ്ഥാനത്തുടനീളം ഉശിരന്‍ റാലികള്‍ സംഘടിപ്പിച്ചാണ് വാര്‍ഷികം കൊണ്ടാടിയത്.

    ReplyDelete