Monday, May 3, 2010

കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കണം

പി ജെ ജോസഫിന്റെ അഭിപ്രായം കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കണം: പിണറായി

കൂത്തുപറമ്പ്: സഭയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് എല്‍ഡിഎഫ് വിട്ടതെന്ന പി ജെ ജോസഫിന്റെ അഭിപ്രായത്തെക്കുറിച്ച് കത്തോലിക്കാ സഭയും ബിഷപ്പുമാരും നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കത്തോലിക്ക ബിഷപ്പുമാര്‍ക്ക് മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാം. രാഷ്ടീയകാര്യങ്ങളില്‍ സഭ ഇടപെടുന്നത് ശരിയല്ല. അപക്വമായ നിലപാടു സ്വീകരിച്ച പുരോഹിതര്‍ അവരുടെ നിലപാട് തിരുത്തണം. എല്ലാ ബിഷപ്പുമാരും പുരോഹിതരും ഈ കൂട്ടത്തിലില്ല. സഭയുടെ പരമാധ്യക്ഷനായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ഇത്തരമൊരു നിലപാട് എടുത്തതായി അറിയില്ല. പുരോഹിതരില്‍ ചിലര്‍ കടുത്ത യുഡിഎഫ് പക്ഷപാതികളും എല്‍ഡിഎഫ് വിരുദ്ധരുമാണ്. ഇത്തരത്തില്‍ ചിലര്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ജോസഫ് പറഞ്ഞത്. അങ്ങനെയെങ്കില്‍ ഗൌരവമുള്ള വിഷയമാണ്. ജനാധിപത്യസമൂഹത്തില്‍ എല്ലാ രാഷ്ടീയതന്ത്രജ്ഞരും മതനിരപേക്ഷവാദികളും സമ്മതിക്കുന്ന കാര്യം മതം വിശ്വാസത്തിന്റെ മേഖലയില്‍ ഒതുങ്ങി നില്‍ക്കണമെന്നതാണ്. മതനിരപേക്ഷതയുടെ നെടുംതൂണാണ് ഇതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. മാലൂര്‍ തൃക്കടാരിപ്പൊയിലില്‍ സിപിഐ എം പ്രവര്‍ത്തകന്‍ കട്ടന്‍ രാജുവിന്റെ കുടുംബസഹായഫണ്ട് കൈമാറുകയായിരുന്നു അദ്ദേഹം.

മതത്തിന്റെ നിയന്ത്രണം തങ്ങള്‍ക്കുണ്ടെന്നു പറയുന്ന ഒരു പാര്‍ടിയെയും ഒരുകാലത്തും എല്‍ഡിഎഫില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ് ജോസഫ് എല്‍ഡിഎഫില്‍ വന്നത്. ഏതെങ്കിലും സഭയ്ക്കോ ബിഷപ്പിനോ കീഴടങ്ങിയുള്ള നിലപാടല്ല അവര്‍ ഇതേവരെ സ്വീകരിച്ചത്. എല്‍ഡിഎഫ് എടുത്ത ഒരു തീരുമാനത്തിലും വ്യത്യസ്ത അഭിപ്രായം പി ജെ ജോസഫിന് ഉണ്ടായിരുന്നില്ല. പി ജെ ജോസഫിനെയും കൂട്ടരെയും വലിയതോതില്‍ ആക്രമിച്ചവരാണ് യുഡിഎഫ്. പി ജെ ജോസഫിനും മറ്റു കേരളകോണ്‍ഗ്രസ് മന്ത്രിമാര്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങളും രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭവുമെല്ലാം ഒറ്റക്കെട്ടായാണ് മുന്നണി നേരിട്ടത്. വിമാനയാത്രയ്ക്കിടയില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതായി ആരോപണം വന്നപ്പോഴും എല്‍ഡിഎഫ് സ്വീകരിച്ച സമീപനം നിയമത്തിന്റെ വഴിയില്‍ കാര്യങ്ങള്‍ നീങ്ങട്ടെ എന്നായിരുന്നു. കോടതി കുറ്റമുക്തനാക്കിയപ്പോള്‍ മന്ത്രിസ്ഥാനം സ്വീകരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോഴും ഒഴിച്ചുനിര്‍ത്തുന്ന സമീപനമല്ല മുന്നണി സ്വീകരിച്ചത്. ജോസഫ് മുന്നണി വിട്ടതുകൊണ്ട് എല്‍ഡിഎഫിന് ഒരു പോറലുമേല്‍പ്പിക്കില്ല. കേരളകോണ്‍ഗ്രസില്‍ അണിനിരന്ന ബഹുജനങ്ങള്‍ ഇടതുപക്ഷ രാഷ്ടീയത്തിനൊപ്പം ഉറച്ചുനില്‍ക്കും. മൂന്നു ദശാബ്ദമായി യുഡിഎഫിനെതിരെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് കേരള കോണ്‍ഗ്രസില്‍ അണിനിരന്ന സാധാരണപ്രവര്‍ത്തകര്‍. പി ജെ ജോസഫ് പ്രശ്നത്തില്‍ യുഡിഎഫിലാണ് ഇപ്പോള്‍ കുഴപ്പമെന്നും പിണറായി പറഞ്ഞു.

ആര്‍ക്കും തടയാനാകില്ല: മാണി

കോട്ടയം: ലയനം ഒരു ശക്തിക്കും തടയാന്‍ കഴിയില്ലെന്ന് കേരള കോണ്‍ഗ്രസ് എം നേതാവ് കെ എം മാണി പഞ്ഞു. ലയനം മുടക്കാനോ വിലക്കാനോ ആര്‍ക്കും കഴിയില്ല. ലയനത്തെക്കുറിച്ച് മറ്റാരുമായും ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മാണി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ലയനത്തിന് യുഡിഎഫിന്റെ അനുമതി ആവശ്യമില്ല. ലയനം മൂലമുണ്ടാകുന്ന എല്ലാ ദോഷങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് മാണി ഉമ്മന്‍ചാണ്ടിക്ക് മറുപടിയും നല്‍കി. അത്തരം കാര്യമെല്ലാം മുന്‍കൂട്ടി കാണുന്നുണ്ട്. ലയനകാര്യത്തില്‍ പാര്‍ടിയുടെ അഭിപ്രായം നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ലയനകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കമ്മിറ്റിയും നിശ്ചയിച്ചു. എന്നിട്ടും ചിലര്‍ വിവാദം സൃഷ്ടിക്കുകയാണ്. തത്വത്തില്‍ ഇരു പാര്‍ടിയും ഒന്നിച്ചുപോകാന്‍ തീരുമാനിച്ചുകഴിഞ്ഞു. ലയനവുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് വേണമെങ്കില്‍ ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ചയാകാം. രണ്ടും രണ്ടു വിഷയമാണ്-മാണി പറഞ്ഞു.

ന്യൂനപക്ഷ വിരുദ്ധമെന്ന ആരോപണം രാഷ്ട്രീയ വഞ്ചനയ്ക്ക് മറയിടാന്‍: ബേബി

കൊല്ലം: എല്‍ഡിഎഫ് സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന പി ജെ ജോസഫിന്റെ ആരോപണം അവസരവാദ രാഷ്ട്രീയ വഞ്ചനയ്ക്ക് മറയിടാനുള്ള ആക്ഷേപമാണെന്ന് വിദ്യാഭ്യാസ മന്ത്രി എം എ ബേബി പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാഭ്യാസ മേഖലയില്‍കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസ നിയമത്തെ ഉദ്ദേശിച്ചാണ് ആരോപണമെങ്കില്‍ പി ജെ ജോസഫിന്റെ പാര്‍ടി കൂടി ഉള്‍പ്പെട്ട എല്‍ഡിഎഫ് വിശദമായി ചര്‍ച്ചചെയ്ത് അംഗീകരിച്ചതാണിത്. നിയമസഭ ഏകകണ്ഠമായി പാസാക്കിയതാണ്. നാലുവര്‍ഷത്തിനുമുമ്പു നടന്ന നിയമനിര്‍മാണത്തിന്റെ പേരില്‍ ഇപ്പോള്‍ മുന്നണി വിടുന്നത് വിചിത്രമാണ്. ക്രൈസ്തവ ന്യൂനപക്ഷ-മുസ്ളിം വിദ്യാഭ്യാസ സംഘടനകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ രംഗത്തെ സംഘടനകളുടെ പൂര്‍ണ സഹകരണത്തോടെ അഭിപ്രായ സമന്വയം സൃഷ്ടിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. സ്വാശ്രയ നിയമനിര്‍മാണത്തെത്തുടര്‍ന്ന് മെഡിക്കല്‍-എന്‍ജിനീയറിങ് കോളേജുകളില്‍ ന്യൂനപക്ഷ-പിന്നോക്ക വിഭാഗ-പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് മുന്‍പില്ലാത്ത വിധം സീറ്റ് സംവരണവും താങ്ങാവുന്ന ഫീസില്‍ പഠിക്കാന്‍ അവസരവും ലഭിച്ചു. അവഗണിക്കപ്പെട്ട വിഭാഗങ്ങളിലെ സമര്‍ഥരായ കുട്ടികള്‍ക്ക് ഏറെ ആശ്വാസകരമായിരുന്നു ഇത്. ഇതല്ലാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ എയിഡഡ്-അഎയിഡഡ് സ്കൂളുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയില്‍ ഇക്കഴിഞ്ഞ നാലുവര്‍ഷത്തിനകം പ്രത്യേക നിയമമോ ചട്ടമോ നിര്‍മിച്ചിട്ടില്ല. വസ്തുത ഇതായിരിക്കെ കെട്ടുകഥകള്‍ മെനഞ്ഞ് ആരോപണമുന്നയിക്കുന്നത് ആരെ സഹായിക്കാനാണ്-പ്രസ്താവനയില്‍ ചോദിച്ചു.

അതേസമയം, സോണിയ ഗാന്ധിയും കബില്‍ സിബിലും തയ്യാറാക്കി പാര്‍ലമെന്റ് പാസ്സാക്കിയ കേന്ദ്രവിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ച് കാര്യമായ ഒരു സമരാഹ്വാനംപോലും ഉണ്ടായില്ല. വിദ്യാഭ്യാസമേഖലയില്‍ ഇന്നനുഭവിക്കുന്ന ന്യൂനപക്ഷാവകാശങ്ങള്‍ സ്ഥിരവും പൂര്‍ണവുമായിരിക്കുമെന്ന് മാണിക്കും പി ജെ ജോസഫിനും പറയാന്‍ കഴിയുമോ. ഇത് കേന്ദ്ര നിയമംവഴി മാറ്റാന്‍ പാടില്ലെന്ന് ഇവര്‍ ശഠിക്കുന്നു. അ എയിഡഡ് സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശങ്ങളിലെ പിന്നോക്കവിഭാഗക്കാരായ കുട്ടികള്‍ക്ക് പ്രവേശനത്തില്‍ 25ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്നാണ് നിയമവ്യവസ്ഥ. സ്കൂള്‍ നടത്തിപ്പില്‍ മാനേജ്മെന്റ് പ്രതിനിധികളും ത്രിതല തദ്ദേശസ്ഥാപന പ്രതിനിധികളും അടങ്ങുന്ന മോണിറ്ററിങ് സമിതി നിര്‍ബന്ധവുമാണ്. പാഠ്യപദ്ധതി തയ്യാറാക്കല്‍, അധ്യാപകരുടെ മികവ് നിര്‍ണയം എന്നിവക്കുള്ള അധികാരവും ഈ സമിതിക്ക് നിയമംമൂലം ലഭിക്കുന്നു. അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കരുതെന്നാണ് നിയമം അനുശാസിക്കുന്നത്. ഇത്തരം വ്യവസ്ഥകളടങ്ങിയ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തെക്കുറിച്ച് ന്യൂനപക്ഷപ്രേമം മൂത്ത് മുന്നണി മര്യാദകള്‍ വെടിഞ്ഞ് യുഡിഎഫ് കൂടാരത്തിലെത്താന്‍ പോയ പി ജെ ജോസഫിനും അതിന് നയിച്ച കെ എം മാണിക്കും എന്തു പറയാനുണ്ടെന്നറിയാന്‍ കൌതുകമുണ്ട്.

സാധ്യമായ എല്ലാ നിലകളിലും ന്യൂനപക്ഷ വിഭാഗസംരക്ഷണം നിര്‍വഹിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന പ്രചാരണം രാഷ്ട്രീയ വഞ്ചന മറക്കാനുള്ള പാഴ്വേല മാത്രമാണ്. ഇത്തരം വിലകുറഞ്ഞ നടപടികളിലൂടെ എല്‍ഡിഎഫിന് ചെറുപോറലുപോലും ഏല്‍പിക്കാനാകില്ല. മറിച്ച് ഇവരുടെ കാപട്യം തിരിച്ചറിയുന്ന പുതിയ വിഭാഗങ്ങള്‍ എല്‍ഡിഎഫിലേക്ക് എത്തുകയും ചെയ്യും പ്രസ്താവനയില്‍ പറഞ്ഞു.

ജോസഫിന് യൂദാസിന്റെ ഗതി വരും: വൈക്കം വിശ്വന്‍

കോട്ടയം: എല്‍ഡിഎഫിനെ വഞ്ചിച്ച പി ജെ ജോസഫിന് ക്രിസ്തുവിനെ ഒറ്റുകൊടുത്ത യൂദാസിന്റെ അവസ്ഥയുണ്ടാകുമെന്ന് എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ഒരു പൊതുപ്രവര്‍ത്തകനും അംഗീകരിക്കാന്‍ കഴിയാത്ത പരസ്യവഞ്ചനയാണ് ജോസഫ് കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു. മെയ്ദിന റാലിയോടനുബന്ധിച്ച് കോട്ടയം തിരുനക്കര മൈതാനത്ത് ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വൈക്കം വിശ്വന്‍.

ഏതെങ്കിലുമൊരു പ്രശ്നത്തിന്റെ പേരിലല്ല ജോസഫ് ഈ വഞ്ചന കാട്ടിയത്. എല്‍ഡിഎഫിലോ മറ്റേതെങ്കിലും വേദിയിലോ ജോസഫ് ഒരാക്ഷേപവും ഉന്നയിച്ചിരുന്നില്ല. രാജ്യത്തെ മതേതരശക്തികള്‍ ഒന്നിച്ച് അണിനിരക്കണമെന്ന ലക്ഷ്യവുമായി മുന്നോട്ടുപോകുമ്പോഴാണ് മതേതരതാല്‍പ്പര്യങ്ങള്‍ വലിച്ചെറിഞ്ഞ് ജോസഫ് ഒറ്റുകാരനായത്. രാഷ്ട്രീയത്തില്‍ മതം ഇടപെടുന്നത് ശരിയാണെന്ന വാദഗതി ജോസഫ് ഇപ്പോള്‍ അംഗീകരിക്കുകയാണ്. ഇത് നാടിന്റെ താല്‍പ്പര്യങ്ങളെ ഹനിക്കും. രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള മതങ്ങളുടെ ശ്രമം ശരിയല്ല. വിശ്വാസങ്ങള്‍ പരിരക്ഷിക്കുന്നതിന് ഇവിടെ ആരും എതിരല്ല. മതേതരതാല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കാന്‍ ജീവന്‍ നല്‍കി പൊരുതിയ പ്രസ്ഥാനമാണ് ഇടതുപക്ഷം. ഏതു പ്രതിസന്ധിഘട്ടത്തിലും ഇക്കാര്യത്തില്‍ ശക്തമായ നിലപാടുമായി മുന്നോട്ടുവന്ന ചരിത്രമാണ്് എല്‍ഡിഎഫിനും സിപിഐ എമ്മിനുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എല്‍ഡിഎഫ് വോട്ട് വാങ്ങി വിജയിച്ച പി ജെ ജോസഫ് രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ എംഎല്‍എസ്ഥാനം രാജിവയ്ക്കുന്ന കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് പിന്നീട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് വൈക്കം വിശ്വന്‍ പ്രതികരിച്ചു. ഏതു ജനവിഭാഗമാണ് തങ്ങള്‍ക്ക് വോട്ട് നല്‍കിയതെന്ന് ഇത്തരം ആളുകള്‍ ചിന്തിക്കണം. സുരേന്ദ്രന്‍പിള്ളയ്ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതുസംബന്ധിച്ച് ഇതുവരെ മുന്നണി ചര്‍ച്ചചെയ്തിട്ടില്ല. അതേസമയം, ഈ വിഭാഗത്തിന് ഇടതുമുന്നണിയില്‍ ഇപ്പോഴുള്ള സ്ഥാനം നിലനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 03052010

3 comments:

  1. സഭയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് എല്‍ഡിഎഫ് വിട്ടതെന്ന പി ജെ ജോസഫിന്റെ അഭിപ്രായത്തെക്കുറിച്ച് കത്തോലിക്കാ സഭയും ബിഷപ്പുമാരും നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കത്തോലിക്ക ബിഷപ്പുമാര്‍ക്ക് മതപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാം. രാഷ്ടീയകാര്യങ്ങളില്‍ സഭ ഇടപെടുന്നത് ശരിയല്ല. അപക്വമായ നിലപാടു സ്വീകരിച്ച പുരോഹിതര്‍ അവരുടെ നിലപാട് തിരുത്തണം. എല്ലാ ബിഷപ്പുമാരും പുരോഹിതരും ഈ കൂട്ടത്തിലില്ല. സഭയുടെ പരമാധ്യക്ഷനായ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ഇത്തരമൊരു നിലപാട് എടുത്തതായി അറിയില്ല. പുരോഹിതരില്‍ ചിലര്‍ കടുത്ത യുഡിഎഫ് പക്ഷപാതികളും എല്‍ഡിഎഫ് വിരുദ്ധരുമാണ്. ഇത്തരത്തില്‍ ചിലര്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ജോസഫ് പറഞ്ഞത്. അങ്ങനെയെങ്കില്‍ ഗൌരവമുള്ള വിഷയമാണ്. ജനാധിപത്യസമൂഹത്തില്‍ എല്ലാ രാഷ്ടീയതന്ത്രജ്ഞരും മതനിരപേക്ഷവാദികളും സമ്മതിക്കുന്ന കാര്യം മതം വിശ്വാസത്തിന്റെ മേഖലയില്‍ ഒതുങ്ങി നില്‍ക്കണമെന്നതാണ്. മതനിരപേക്ഷതയുടെ നെടുംതൂണാണ് ഇതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു

    ReplyDelete
  2. Enam pechikku mara patti koottu.....Jai pinarai...

    ReplyDelete
  3. കേരളാകോണ്‍ഗ്രസ് (മാണി) കേരളാ കോണ്‍ഗ്രസ് (ജോസഫ്) വിഭാഗങ്ങള്‍ ലയിച്ച് ഒന്നായിത്തീരുന്നു. കേരളാകോണ്‍ഗ്രസ് (കത്തോലിക്ക) എന്ന പുതിയ വിഭാഗത്തിലേക്ക് പിള്ളക്കും ജേക്കബ്ബിനും പ്രവേശനമില്ല. കത്തോലിക്കനായതു കൊണ്ട് വേണമെങ്കില്‍ പി.സി.തോമസിനെയും എടുക്കും (വളര്‍ത്തു തന്തയക്ക് പണികൊടുത്തവന്‍ എന്നൊരു ദുഷ്‌പേര് തോമാസുകുട്ടിക്ക് മാണിസാര്‍ ചാര്‍ത്തിക്കൊടുത്തിട്ടുണ്ടെങ്കിലും)'

    ReplyDelete