Saturday, May 15, 2010

കിനാലൂര്‍ 1750 ഏക്കര്‍കൂടി ഏറ്റെടുക്കും

കോഴിക്കോട്: കിനാലൂര്‍ എസ്റ്റേറ്റില്‍ തൊഴിലാളികളുടെ കൈവശമുള്ളതൊഴികെ 1750 ഏക്കര്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വ്യവസായമന്ത്രി എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ഭൂമി കൈവശംവച്ചവരെ സഹായിക്കാനാണ് നാലുവരിപ്പാത നിര്‍മിക്കുന്നതെന്നാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മറ്റും ആരോപിച്ചത്. എന്നാല്‍ ഏപ്രില്‍ 28ന് ഭൂമി ഏറ്റെടുക്കാന്‍ കെഎസ്ഐഡിസി ധാരണയിലെത്തി. യോഗ മിനുട്സില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസിനുനേരെ അക്രമവും,ലാത്തിച്ചാര്‍ജും ഉണ്ടായ മെയ് ആറിന് ദിവസങ്ങള്‍ക്കുമുമ്പായിരുന്നു ഇത്. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ച 600 ഏക്കറോളം ഭൂമിക്ക് പുറമെയുള്ള 1750 ഏക്കര്‍ വാങ്ങിയത് ഭൂമാഫിയയാണെന്നും വ്യവസായമന്ത്രി ഈ മാഫിയയുടെ ഭാഗമാണെന്നുമാണ് ഉമ്മന്‍ചാണ്ടി പ്രചരിപ്പിച്ചത്. എന്നാല്‍ തങ്ങള്‍ മാഫിയകളല്ലെന്നും പേരുവിവരം ആര്‍ക്ക്വേണമെങ്കിലും തരാമെന്നും ഭൂമിയുടെ ഉടമകള്‍ വാര്‍ത്താസമ്മേളനം വിളിച്ചറിയിച്ചു. ഒന്നര വര്‍ഷമായി അവരുടെ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്നും പരസ്യമായി പറഞ്ഞു. ഇതോടെ, ഭൂമാഫിയയുണ്ടെങ്കില്‍ അവരെ സഹായിക്കുന്നതാരാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി.

വന്‍ വ്യവസായസംരംഭത്തിന് കോഴിക്കോട്ട് മറ്റൊരു സ്ഥലവുമില്ലാത്തതിനാലാണ് കിനാലൂര്‍ എസ്റ്റേറ്റ് മുഴുവന്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്. വെള്ളം, വെളിച്ചം, റോഡ് തുടങ്ങി എല്ലാ ഭൌതിക സാഹചര്യങ്ങളും നല്ല നിലയില്‍ ആയാലേ വന്‍കിട സംരംഭകരെ ആകര്‍ഷിക്കാനാവൂ. അതിനാണ് നാലുവരിപ്പാത നിര്‍മിക്കുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും ഇതിന് അനുകൂലമായതിനാലാണ് സര്‍വേ നടപടികള്‍ തുടങ്ങിയത്. കുഴപ്പം ഉണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ സര്‍വകക്ഷിയോഗം ചേരുന്നുണ്ട്. അതിലെ തീരുമാനമനുസരിച്ചേ ഇനി മുന്നോട്ടുനീങ്ങൂ.

പാതയുടെ സാറ്റലൈറ്റ് പഠനം നടത്തിയ കമ്പനി മുന്നോട്ടുവച്ച മൂന്ന് റിപ്പോര്‍ട്ടില്‍ ഏറ്റവും കുറഞ്ഞ ഒഴിപ്പിക്കലും ലാഭകരവുമായ പാതയിലാണ് സര്‍വേ തുടങ്ങാന്‍ ആലോചിച്ചത്. മൂന്ന് റിപ്പോര്‍ട്ടിലും പൊതുവായി വരുന്ന സ്ഥലം വട്ടോളി മുതല്‍ കിനാലൂര്‍ വരെയാണ്. ഈ റോഡ് ഭൂരിഭാഗവും കെഎസ്ഐഡിസിയുടേതാണ്. ജനവാസവും ഇവിടെ കുറവാണ്. സാധാരണനിലയില്‍ ഒരെതിര്‍പ്പും ഉണ്ടാകാനിടയില്ലാത്ത ഇവിടുത്തെ സര്‍വേയാണ് അട്ടിമറിച്ചത്. വരാന്‍പോകുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഈ നാടകമെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. കേരളത്തിലെ 37 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 32 എണ്ണം നാലുവര്‍ഷം കൊണ്ട് 239.75 കോടി രൂപയുടെ സാമ്പത്തിക ലാഭം കൈവരിച്ചു. ഈ മുന്നേറ്റം ഇവിടെ വ്യവസായം നടത്താനുദ്ദേശിക്കുന്ന സ്വകാര്യസംരംഭകര്‍ക്ക് പ്രോത്സാഹനമാണെന്നും മന്ത്രി പറഞ്ഞു.

deshabhimani 16052010

1 comment:

  1. കിനാലൂര്‍ എസ്റ്റേറ്റില്‍ തൊഴിലാളികളുടെ കൈവശമുള്ളതൊഴികെ 1750 ഏക്കര്‍ ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വ്യവസായമന്ത്രി എളമരം കരീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ഭൂമി കൈവശംവച്ചവരെ സഹായിക്കാനാണ് നാലുവരിപ്പാത നിര്‍മിക്കുന്നതെന്നാണ് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മറ്റും ആരോപിച്ചത്. എന്നാല്‍ ഏപ്രില്‍ 28ന് ഭൂമി ഏറ്റെടുക്കാന്‍ കെഎസ്ഐഡിസി ധാരണയിലെത്തി. യോഗ മിനുട്സില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. പൊലീസിനുനേരെ അക്രമവും,ലാത്തിച്ചാര്‍ജും ഉണ്ടായ മെയ് ആറിന് ദിവസങ്ങള്‍ക്കുമുമ്പായിരുന്നു ഇത്. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ച 600 ഏക്കറോളം ഭൂമിക്ക് പുറമെയുള്ള 1750 ഏക്കര്‍ വാങ്ങിയത് ഭൂമാഫിയയാണെന്നും വ്യവസായമന്ത്രി ഈ മാഫിയയുടെ ഭാഗമാണെന്നുമാണ് ഉമ്മന്‍ചാണ്ടി പ്രചരിപ്പിച്ചത്. എന്നാല്‍ തങ്ങള്‍ മാഫിയകളല്ലെന്നും പേരുവിവരം ആര്‍ക്ക്വേണമെങ്കിലും തരാമെന്നും ഭൂമിയുടെ ഉടമകള്‍ വാര്‍ത്താസമ്മേളനം വിളിച്ചറിയിച്ചു. ഒന്നര വര്‍ഷമായി അവരുടെ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്നും പരസ്യമായി പറഞ്ഞു. ഇതോടെ, ഭൂമാഫിയയുണ്ടെങ്കില്‍ അവരെ സഹായിക്കുന്നതാരാണെന്ന് എല്ലാവര്‍ക്കും ബോധ്യമായി.

    ReplyDelete