Thursday, May 13, 2010

കോണ്‍ഗ്രസിന്റെ അധാര്‍മ്മിക മുഖം.....

കോണ്‍ഗ്രസിന്റെ അധാര്‍മ്മിക മുഖം വെളിപ്പെടുത്തിയ ഖണ്ഡനോപക്ഷേപം

രാജ്യത്തെ ജനങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം വിലക്കയറ്റമാണ്. സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് വിലക്കയറ്റം സാധാരണ ജനജീവിതത്തെ ദോഷകരമായി ബാധിച്ചത്. രണ്ടാം യുപിഎ സര്‍ക്കാര്‍ രൂപംകൊണ്ട വേളയിലാണ് ഈ പ്രതിസന്ധി രൂക്ഷമായത്. സ്വാഭാവികമായും ഇതിനെതിരെ പ്രതിഷേധവും വളര്‍ന്നു വന്നു. ഇതിന് നേതൃത്വം നല്‍കിയതാകട്ടെ ഇടതുപക്ഷവും. കഴിഞ്ഞ സെപ്തംബര്‍ മാസം മുതല്‍ മൂന്ന് മാസക്കാലം രാജ്യത്തെമ്പാടും പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തിയ ഇടതുപക്ഷം മാര്‍ച്ച് 12 ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. പതിവില്‍ നിന്ന് വ്യത്യസ്തമായി ലക്ഷകണക്കിന് പേരാണ് ഈ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. ഏപ്രില്‍ എട്ടിന് നടന്ന കൂട്ടപിക്കറ്റിങ്ങ് സമരത്തിലും ലക്ഷങ്ങളാണ് രാജ്യവ്യാപകമായി അറസ്റ്റ് വരിച്ചത്. ഇടതുപക്ഷത്തിന്റെ ഈ പ്രക്ഷോഭങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തപ്പോഴാണ് മറ്റ് മതനിരപേക്ഷ പാര്‍ടികളും ഇടതുപക്ഷവുമായി ഇക്കാര്യത്തില്‍ യോജിക്കാന്‍ തയ്യാറായത്. ഏപ്രില്‍ 12 ന് പാര്‍ലമെന്റ് മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചാണ് ഏപ്രില്‍ 27 ന് ദേശവ്യാപകമായി ഹര്‍ത്താല്‍ നടത്താനും കേന്ദ്രധനമന്ത്രാലയത്തിന്റെ ധനാഭ്യര്‍ഥനകളില്‍ ഖണ്ഡനോപക്ഷേപം കൊണ്ടുവരാനും 13 രാഷ്ട്രീയ പാര്‍ടികള്‍ തീരുമാനിച്ചത്. സിപിഐ എം, സിപിഐ, ഫോര്‍വേഡ് ബ്ളോക്ക്, ആര്‍എസ്പി എന്നീ ഇടതുപക്ഷ പാര്‍ടികള്‍ക്ക് പുറമെ സമാജ്വാദി പാര്‍ടി, ആര്‍ജെഡി, ഐഎന്‍എല്‍ഡി, എഐഎഡിഎംകെ, എല്‍ജെപി, ജെഡി-എസ്, ബിജെഡി, ടിഡിപി തുടങ്ങിയ കക്ഷികളും ഈ തീരുമാനത്തിന്റെ ഭാഗമായിരുന്നു. പിന്നീട് ബിജെപി ബന്ധം വേര്‍പെടുത്തിയ അസമിലെ പ്രധാനപ്രതിപക്ഷമായ എജിപിയും ഈ സഖ്യത്തിന്റെ ഭാഗമായി.

ഈ കോണ്‍ഗ്രസിതര-ബിജെപിയിതര കൂട്ട്കെട്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വന്‍വിജയമായി. ഇടതുപക്ഷത്തിന് സ്വാധീനമുള്ള കേരളം, പശ്ചിമബംഗാള്‍, ത്രിപുര എന്നീ സംസ്ഥനങ്ങള്‍ക്ക് പുറത്ത് ഒറീസയിലും ഉത്തര്‍പ്രദേശിലും ബിഹാറിലും ജാര്‍ഖണ്ഡിലും അസമിലും തമിഴ്നാട്ടിലും ആന്ധ്രയിലും ഹര്‍ത്താല്‍ ബന്ദിന്റെ പ്രതീതി സൃഷ്ടിച്ചു.

ദേശീയ ഹര്‍ത്താല്‍ നടന്ന അതേ ദിവസം തന്നെയാണ് വിലക്കയറ്റ പ്രശ്നത്തില്‍ ലോകസഭയില്‍ ഖണ്ഡനോപക്ഷേപം അനുവദിക്കപ്പെട്ടത്. സഭയില്‍ ചര്‍ച്ചചെയ്യാത്ത മന്ത്രാലയത്തിന്റെ ധനാഭ്യര്‍ഥനകളില്‍ ഖണ്ഡനോപക്ഷേപം അനുവദിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു. ഇക്കുറി സഭയില്‍ ചര്‍ച്ച ചെയ്ത അഞ്ച് മന്ത്രാലയങ്ങളില്‍ ധനമന്ത്രാലയവും പെട്രോളിയം-രാസവള മന്ത്രാലയവും ഉള്‍പ്പെട്ടിരുന്നില്ല. പെട്രോളിന്റെയും ഡീസലിന്റെയും വര്‍ധിപ്പിച്ച നികുതി പിന്‍വലിക്കണമെന്നും രാസവളത്തിന്റെ വിലവര്‍ധന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഖണ്ഡനോപക്ഷേപത്തിന് നോട്ടീസ് നല്‍കിയത്. സഭയില്‍ ചര്‍ച്ചചെയ്യാതെ മന്ത്രാലയങ്ങളുടെ ധനാഭ്യത്ഥനകള്‍ ഒന്നിച്ച് പാസ്സാക്കാറാണ് പതിവ്. എന്നാല്‍ ചര്‍ച്ചയില്ലാതെ 'ഗില്ലറ്റിന്‍' ചെയ്യുമ്പോഴും ഈ മന്ത്രാലയങ്ങളുടെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ചചെയ്തില്ലെങ്കിലും സഭയുടെ പരിഗണനക്ക് വരുന്നതുകൊണ്ട് തന്നെ ഭരണഘടനയുടെ 113(2) അനുഛേദമനുസരിച്ച് ഏത് ധനാഭ്യര്‍ഥനയും അംഗീകരിക്കാനും നിരാകരിക്കാനുമുള്ള സ്വാതന്ത്രം അംഗങ്ങള്‍ക്ക് ഉണ്ടെന്ന് ഇടതുപക്ഷം സ്പീക്കര്‍ക്ക് എഴുതിയ കത്തില്‍ വാദിച്ചു. ഇതനുസരിച്ചാണ് സ്പീക്കര്‍ ഖണ്ഡനോപക്ഷേപം അനുവദിച്ചത്. വിലവര്‍ധന പിന്‍വലിപ്പിക്കുക മാത്രമാണ്, സര്‍ക്കാരിനെ വീഴ്ത്തുക ലക്ഷ്യമല്ലെന്ന് ഇടതുപക്ഷം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ധനബില്ലില്‍ ലോകസഭയില്‍ പരാജയപ്പെട്ടാല്‍ സര്‍ക്കാര്‍ രാജിവെക്കണമെന്നത് പാര്‍ലമെന്ററി രീതിയാണ് താനും.

എന്നാല്‍ അധികാരം നിലനിര്‍ത്താനുള്ള ചാണക്യതന്ത്രത്തില്‍ കുപ്രസിദ്ധി നേടിയ കോണ്‍ഗ്രസ് ഈ പരീക്ഷണത്തെ അതിജീവിച്ചു. 201 വോട്ടിനെതിരെ 289 വോട്ട് നേടിയാണ് സര്‍ക്കാര്‍ വിജയിച്ചത്. വിജയിച്ചെങ്കിലും യുപിഎ സര്‍ക്കാരിന് തനിച്ച് ഭരിക്കാനുള്ള ഭുരിപക്ഷമില്ലെന്ന് കൂടി തെളിഞ്ഞ അവസരമായിരുന്നു ഇത്. പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യുമെന്ന് ഇടതുപക്ഷത്തോടൊപ്പം പ്രഖ്യാപിച്ച എസ്പിയുടെ 22 അംഗങ്ങളും ആര്‍ജെഡിയുടെ നാല് അംഗങ്ങളും സഭയില്‍ നിന്ന് ഇറങ്ങിപ്പോയി സര്‍ക്കാരിനെ രക്ഷിച്ചു. അതോടൊപ്പം ആണവക്കരാര്‍ വിഷയത്തില്‍ സര്‍ക്കാരിനെ എതിര്‍ത്ത 21 അംഗ മായാവതിയുടെ ബിഎസ്പിയെയും കൂടെ നിര്‍ത്താര്‍ യുപിഎക്ക് കഴിഞ്ഞു. മായാവതി കോണ്‍ഗ്രസ് പക്ഷേത്തേക്ക് ചാഞ്ഞപ്പോള്‍ ഞങ്ങളാണ് കുടുതല്‍ മതനിരപേക്ഷവാദികള്‍ എന്ന് തെളിയിക്കാനാണ് ബിജെപിയുമൊത്ത് വോട്ട് ചെയ്യാനില്ലെന്ന് പറഞ്ഞ് മുലായവും ലാലുവും ഇറങ്ങിപ്പോക്ക് നടത്തിയത്. ഇവരുടെ പിന്തുണ നേടുക വഴി ഒരു രാഷ്ട്രീയ ഒത്തുതീര്‍പ്പിനാണ് കോണ്‍ഗ്രസ് തയ്യാറായത്. എസ്പിയും ആര്‍ജെഡിയും കോണ്‍ഗ്രസുമായി അകന്നത് വനിതാ സംവരണബില്ലിന്റെ പേരിലാണ്. സംവരണത്തില്‍ ഒബിസിക്ക് പ്രത്യേക സംവരണം ആവശ്യപ്പെട്ടാണ് ഈ കക്ഷികള്‍ ബില്ലിനെ എതിര്‍ത്തത്. രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചെങ്കിലും അത് ലോകസഭയില്‍ അവതരിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. അത് ഇനിയുണ്ടാവില്ലെന്ന് ഈ രണ്ട് കക്ഷികളുടെ പിന്തുണ തേടി ഖണ്ഡനോപക്ഷേപത്തെ അതിജീവിക്കുക വഴി യുപിഎ വ്യക്തമാക്കി.

രാഷ്ട്രീയ സദാചാര വിരുദ്ധമായ നീക്കത്തിലൂടെയാണ് മൂന്ന് കക്ഷികളുടെയും പിന്തുണ ഉറപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. സിബിഐ യെ ഉപയോഗിച്ച് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ മായാവതിയെയും ലാലുപ്രസാദിനെയും മുലായംസിങ്ങിനെയും ഭയപ്പെടുത്തി നിര്‍ത്തിയാണ് ഇവരുടെ പിന്തുണ കോണ്‍ഗ്രസ് നേടിയത്. ഇവരുടെ പിന്തുണയില്ലെങ്കില്‍ സര്‍ക്കാരിനെ പിന്തുണക്കാന്‍ 266 പേര്‍ മാത്രമേ ഉണ്ടാകുമായിരുന്നുള്ളൂ. അതായത് സര്‍ക്കാര്‍ ന്യൂനപക്ഷമാണെന്നര്‍ഥം. വ്യക്തമായ ഭൂരിപക്ഷത്തിന് ഏഴ് സീറ്റിന്റെ കുറവ് യുപിഎക്കുണ്ട്. അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടായ പിന്തുണ പോലും സര്‍ക്കാരിന് ഇപ്പോള്‍ ഇല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയങ്ങളും സമീപനങ്ങളുമാണ് അവര്‍ക്കുള്ള പിന്തുണ കുറച്ചത്. എന്നിട്ടിപ്പോള്‍ ഇടതുപക്ഷം ബിജെപിക്കൊപ്പമാണെന്ന് ആക്ഷേപിക്കുകയാണ് കോണ്‍ഗ്രസ്. ഖണ്ഡനോപക്ഷേപത്തെ പോലും അതിജീവിച്ചത് ബിജെപിയുമായി ഭരണം പങ്കിടുന്ന ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബുസൊരന്റെ പിന്തുണയോടെയാണെന്ന കാര്യം കോണ്‍ഗ്രസിന് നിഷേധിക്കാന്‍ കഴിയുമോ? മൂന്ന് തവണ ഉത്തര്‍പ്രദേശില്‍ ബിജെപിയുമായി അധികാരം പങ്കിട്ട മായാവതിയുമായി ചേര്‍ന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ അധികാരം നിലനിര്‍ത്തിയെതെന്ന കാര്യവും വിസ്മരിക്കാനാവില്ല. ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ ആത്മവിശ്വാസം നഷ്ടപ്പെട്ട സര്‍ക്കാരാണ് കേന്ദ്രത്തില്‍ അധികാരത്തിലുള്ളത്. യുപിഎക്ക് പുറത്തുള്ള കക്ഷികളുടെ ദയാദാക്ഷിണ്യത്തിലാണ് ഇനി കേന്ദ്ര സര്‍ക്കാരിന്റെ നിലനില്‍പ്പ്. ഏകകക്ഷി ഭരണം എന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ സ്വപ്നമാണ് ലോകസഭയില്‍ തകര്‍ന്നടിഞ്ഞത്.

വി ബി പരമേശ്വരന്‍ ചിന്ത വാരിക 14052010

1 comment:

  1. ദേശീയ ഹര്‍ത്താല്‍ നടന്ന അതേ ദിവസം തന്നെയാണ് വിലക്കയറ്റ പ്രശ്നത്തില്‍ ലോകസഭയില്‍ ഖണ്ഡനോപക്ഷേപം അനുവദിക്കപ്പെട്ടത്. സഭയില്‍ ചര്‍ച്ചചെയ്യാത്ത മന്ത്രാലയത്തിന്റെ ധനാഭ്യര്‍ഥനകളില്‍ ഖണ്ഡനോപക്ഷേപം അനുവദിക്കുന്നത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിരുന്നു. ഇക്കുറി സഭയില്‍ ചര്‍ച്ച ചെയ്ത അഞ്ച് മന്ത്രാലയങ്ങളില്‍ ധനമന്ത്രാലയവും പെട്രോളിയം-രാസവള മന്ത്രാലയവും ഉള്‍പ്പെട്ടിരുന്നില്ല. പെട്രോളിന്റെയും ഡീസലിന്റെയും വര്‍ധിപ്പിച്ച നികുതി പിന്‍വലിക്കണമെന്നും രാസവളത്തിന്റെ വിലവര്‍ധന പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇടതുപക്ഷം ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ഖണ്ഡനോപക്ഷേപത്തിന് നോട്ടീസ് നല്‍കിയത്. സഭയില്‍ ചര്‍ച്ചചെയ്യാതെ മന്ത്രാലയങ്ങളുടെ ധനാഭ്യത്ഥനകള്‍ ഒന്നിച്ച് പാസ്സാക്കാറാണ് പതിവ്. എന്നാല്‍ ചര്‍ച്ചയില്ലാതെ 'ഗില്ലറ്റിന്‍' ചെയ്യുമ്പോഴും ഈ മന്ത്രാലയങ്ങളുടെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ചചെയ്തില്ലെങ്കിലും സഭയുടെ പരിഗണനക്ക് വരുന്നതുകൊണ്ട് തന്നെ ഭരണഘടനയുടെ 113(2) അനുഛേദമനുസരിച്ച് ഏത് ധനാഭ്യര്‍ഥനയും അംഗീകരിക്കാനും നിരാകരിക്കാനുമുള്ള സ്വാതന്ത്രം അംഗങ്ങള്‍ക്ക് ഉണ്ടെന്ന് ഇടതുപക്ഷം സ്പീക്കര്‍ക്ക് എഴുതിയ കത്തില്‍ വാദിച്ചു. ഇതനുസരിച്ചാണ് സ്പീക്കര്‍ ഖണ്ഡനോപക്ഷേപം അനുവദിച്ചത്.

    ReplyDelete