Friday, May 7, 2010

ദേശാഭിമാനി ആസ്ഥാനമന്ദിരം ഉദ്ഘാടനം നാളെ

ദേശാഭിമാനിയുടെ പുതിയ ആസ്ഥാനമന്ദിരം ശനിയാഴ്ച സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. തമ്പാനൂര്‍ അരിസ്റോ ജങ്ഷനു സമീപം നിര്‍മിച്ച മന്ദിരത്തിന്റെ അങ്കണത്തില്‍ വൈകിട്ട് അഞ്ചിനു നടക്കുന്ന ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അധ്യക്ഷനാകും. പുതിയ പ്രസിന്റെ സ്വിച്ച് ഓ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നിര്‍വഹിക്കും. ഉദ്ഘാടനച്ചടങ്ങ് ജനകീയ ഉത്സവമാക്കാനുള്ള ഒരുക്കം പൂര്‍ത്തിയായി. ഏറ്റവും നൂതനവും ആധുനികവുമായ സംവിധാനങ്ങളാണ് പുതിയ മന്ദിരത്തില്‍ ഒരുക്കിയിട്ടുള്ളതെന്ന് ജനറല്‍ മാനേജര്‍ ഇ പി ജയരാജനും ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തിയും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പത്രം കൂടുതല്‍ പ്രൊഫഷണലാക്കാനും പ്രവര്‍ത്തനം ഏകോപിപ്പിക്കാനുമാണ് പുതിയ മന്ദിരം പണിതത്. ഇപ്പോള്‍ വിവിധ യൂണിറ്റുകളില്‍ ചെയ്യുന്ന എഡിറ്റോറിയല്‍-മാനേജ്മെന്റ് ജോലികളില്‍ വലിയൊരു പങ്ക് കേന്ദ്രീകൃത സംവിധാനത്തിലേക്കു മാറും. ശാസ്ത്രസാങ്കേതികരംഗത്തെ വളര്‍ച്ച പരമാവധി പ്രയോജനപ്പെടുത്തും. ബഹ്റൈനിലെയും ബംഗളൂരുവിലെയും എഡിഷനുകള്‍ അടക്കം ദേശാഭിമാനിക്ക് ഒമ്പത് യൂണിറ്റാണുള്ളത്. കേരളത്തിലെ എല്ലാ ജില്ലയിലും എഡിഷനുകള്‍ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ്. മലയാളികളുള്ള എല്ലാ പ്രദേശത്തും പത്രം എത്തിക്കുകയാണ് ലക്ഷ്യം. മലയാളിത്തനിമയുള്ള ദേശാഭിമാനിക്ക് ഇപ്പോള്‍ സൌദി അറേബ്യയിലടക്കം നല്ല സ്വീകാര്യതയുണ്ട്. പാവപ്പെട്ട ജനങ്ങളുടെ സഹായവും അധ്വാനവുമാണ് ദേശാഭിമാനിയെ എക്കാലത്തും താങ്ങിനിര്‍ത്തിയതും മുന്നിലെത്തിച്ചതും. ദേശാഭിമാനിയുടെ വളര്‍ച്ചയില്‍ പുതിയ കാല്‍വയ്പാണ് പുതിയ ആസ്ഥാനമന്ദിരം. എല്ലാ വായനക്കാരും വിതരണക്കാരും ദേശാഭിമാനിയുടെ അഭ്യുദയകാംക്ഷികളും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കണമെന്ന് ജനറല്‍ മാനേജരും ചീഫ് എഡിറ്ററും അഭ്യര്‍ഥിച്ചു.

വായനക്കാരുടെ വര്‍ധനയില്‍ ദേശാഭിമാനിതന്നെ മുന്നില്‍
ന്യുഡല്‍ഹി: വായനക്കാരുടെ വര്‍ധനയില്‍ തുടര്‍ച്ചയായ രണ്ടാംവര്‍ഷവും 'ദേശാഭിമാനി' ഒന്നാമത്. മലയാള മനോരമയെയും മാതൃഭൂമിയെയും പിന്തള്ളിയാണ് വായനക്കാരുടെ എണ്ണത്തില്‍ മുന്‍നിരസ്ഥാനമുള്ള മലയാള ദിനപത്രമെന്ന ബഹുമതി ദേശാഭിമാനി വീണ്ടും കരസ്ഥമാക്കിയത്. വായനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 7.25 ശതമാനം വര്‍ധന ദേശാഭിമാനി കൈവരിച്ചതായി പുതിയ ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വേ (ഐആര്‍എസ്) വ്യക്തമാക്കി. രണ്ടുവര്‍ഷത്തിനകം അഞ്ചുലക്ഷത്തിലധികം വായനക്കാരുടെ വര്‍ധന ദേശാഭിമാനിക്കുണ്ടായതായും സര്‍വേയില്‍ പറഞ്ഞു. മനോരമയുടെ വളര്‍ച്ച 4.36 ശതമാനം മാത്രമാണ്. മാതൃഭൂമിയുടെ വളര്‍ച്ചയാകട്ടെ 0.3 ശതമാനവും. ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ള മറ്റ് പത്രങ്ങള്‍ക്കൊന്നും വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സര്‍വേ തെളിയിക്കുന്നു. പത്രവായനക്കാരുടെ എണ്ണം കണക്കാക്കുന്നതില്‍ ഏറ്റവും ആധികാരികതയുള്ള സര്‍വേയാണ് ഐആര്‍എസ്. 2010ലെ ഐആര്‍എസ് പ്രകാരം 21.74 ലക്ഷം വായനക്കാരാണ് ദേശാഭിമാനിക്കുള്ളത്. കഴിഞ്ഞ വര്‍ഷം 20.27 ലക്ഷമായിരുന്നു. ഒരു വര്‍ഷത്തിനിടെ 1,47,000 പുതിയ വായനക്കാരുണ്ടായി. ഐആര്‍എസ് സര്‍വേപ്രകാരം രണ്ടുവര്‍ഷത്തിനിടെ ദേശാഭിമാനി കൈവരിച്ച വളര്‍ച്ച അഭൂതപൂര്‍വമാണ്. 2008ല്‍ ദേശാഭിമാനിക്ക് 16,62,000 വായനക്കാരാണുണ്ടായിരുന്നത്. 2009ല്‍ ഇത് 20,27,000 ആയും 2010ല്‍ 21,74,000 ആയും ഉയര്‍ന്നു. രണ്ടുവര്‍ഷത്തിനിടെ വായനക്കാരുടെ എണ്ണത്തില്‍ വന്ന വര്‍ധന 5,12,000 ആണ്. രാജ്യത്ത് മറ്റൊരു പത്രത്തിനും സ്വന്തമാക്കാനാവാത്ത ജനപിന്തുണയാണ് ദേശാഭിമാനി കൈവരിച്ചത്.

ദേശാഭിമാനി ആസ്ഥാനമന്ദിരം ആക്ഷേപങ്ങള്‍ക്കു പിന്നില്‍ അസഹിഷ്ണുത: ഇ പി

തിരു: ദേശാഭിമാനിക്ക് പുതിയ ആസ്ഥാനമന്ദിരം നിര്‍മിച്ചതിനെക്കുറിച്ച് ഉയരുന്ന ആക്ഷേപങ്ങള്‍ക്കു പിന്നില്‍ ചിലരുടെ അസൂയയും അസഹിഷ്ണുതയുമാണെന്ന് ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നിലവിലുള്ള കെട്ടിടത്തിന്റെ പഴക്കവും മറ്റ് അസൌകര്യങ്ങളും പരിഗണിച്ചാണ് പുതിയ മന്ദിരം നിര്‍മിക്കാന്‍ തീരുമാനിച്ചത്. പഴയ കെട്ടിടവും സ്ഥലവും വിറ്റുകിട്ടിയ തുകയും ദേശാഭിമാനിയുടെ തനതു വരുമാനവും ഉപയോഗിച്ചാണ് പുതിയ മന്ദിരം നിര്‍മിച്ചത്. ചെലവഴിച്ച തുകയുടെ വിശദമായ കണക്ക് പിന്നീട് പ്രസിദ്ധപ്പെടുത്തും.

ഒരു കോപ്പിക്ക് ഏറ്റവും കൂടുതല്‍ വായനക്കാരുള്ള പത്രമാണ് ദേശാഭിമാനി. കോപ്പികളുടെ എണ്ണത്തിലും മുമ്പെങ്ങുമില്ലാത്ത വര്‍ധന ദേശാഭിമാനിക്ക് കൈവരിക്കാന്‍ കഴിഞ്ഞു. 1942 സെപ്തംബര്‍ ആറിന് കോഴിക്കോട്ടുനിന്ന് വാരികയായി പുറത്തിറങ്ങിയ ദേശാഭിമാനി 1946 ജനുവരി 18നാണ് ദിനപത്രമായി മാറിയത്. നിരോധനവും കണ്ടുകെട്ടലും സെന്‍സര്‍ഷിപ്പും അടക്കമുള്ള ത്യാഗക്ളേശങ്ങള്‍ സഹിച്ചാണ് ഇന്നത്തെ നിലയില്‍ എത്തിയത്. ഇ എം എസ്, പി കൃഷ്ണപിള്ള, എ കെ ജി, അഴീക്കോടന്‍ രാഘവന്‍, സി എച്ച് കണാരന്‍, ഇ കെ നായനാര്‍, പി കണ്ണന്‍നായര്‍, ചടയന്‍ ഗോവിന്ദന്‍, കെ പി ആര്‍ തുടങ്ങിയ സമരനായകരും സംഘാടകരുമാണ് ഈ പത്രത്തിന്റെ ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും നെടുനായകത്വം വഹിച്ചത്- ഇ പി പറഞ്ഞു.

ദേശാഭിമാനി മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ- കലാസാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. കോടിയേരി ബാലകൃഷ്ണന്‍, വെളിയം ഭാര്‍ഗവന്‍, പി പി തങ്കച്ചന്‍, ടി ജെ ചന്ദ്രചൂഡന്‍, ഒ എന്‍ വി, കെ എം മാണി, പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എന്‍ എം ജോസഫ്, ഒ രാജഗോപാല്‍, ചലച്ചിത്രനടന്മാരായ മോഹന്‍ലാല്‍, സുരേഷ്ഗോപി, മുകേഷ്, മാധ്യമരംഗത്തെ പ്രമുഖരായ തോമസ് ജേക്കബ്, പി വി ചന്ദ്രന്‍, എം എസ് മണി, എം പി അച്യുതന്‍ എംപി, ഒ അബ്ദുറഹ്മാന്‍, സാബു വര്‍ഗീസ്, അന്‍വര്‍ സാദത്ത് എന്നിവര്‍ പങ്കെടുക്കും. ചീഫ് എഡിറ്റര്‍ വി വി ദക്ഷിണാമൂര്‍ത്തി ഉദ്ഘാടന സപ്ളിമെന്റ് പ്രകാശനംചെയ്യും. ജനറല്‍ മാനേജര്‍ ഇ പി ജയരാജന്‍ സ്വാഗതവും കടകംപള്ളി സുരേന്ദ്രന്‍ നന്ദിയും പറയും. തിരുവനന്തപുരം ശക്തിഗാധയുടെ ഗാനമേളയും ഉണ്ടായിരിക്കും.

2 comments:

  1. വായനക്കാരുടെ വര്‍ധനയില്‍ തുടര്‍ച്ചയായ രണ്ടാംവര്‍ഷവും 'ദേശാഭിമാനി' ഒന്നാമത്. മലയാള മനോരമയെയും മാതൃഭൂമിയെയും പിന്തള്ളിയാണ് വായനക്കാരുടെ എണ്ണത്തില്‍ മുന്‍നിരസ്ഥാനമുള്ള മലയാള ദിനപത്രമെന്ന ബഹുമതി ദേശാഭിമാനി വീണ്ടും കരസ്ഥമാക്കിയത്. വായനക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 7.25 ശതമാനം വര്‍ധന ദേശാഭിമാനി കൈവരിച്ചതായി പുതിയ ഇന്ത്യന്‍ റീഡര്‍ഷിപ്പ് സര്‍വേ (ഐആര്‍എസ്) വ്യക്തമാക്കി. രണ്ടുവര്‍ഷത്തിനകം അഞ്ചുലക്ഷത്തിലധികം വായനക്കാരുടെ വര്‍ധന ദേശാഭിമാനിക്കുണ്ടായതായും സര്‍വേയില്‍ പറഞ്ഞു. മനോരമയുടെ വളര്‍ച്ച 4.36 ശതമാനം മാത്രമാണ്. മാതൃഭൂമിയുടെ വളര്‍ച്ചയാകട്ടെ 0.3 ശതമാനവും. ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ള മറ്റ് പത്രങ്ങള്‍ക്കൊന്നും വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സര്‍വേ തെളിയിക്കുന്നു.

    ReplyDelete