Monday, May 24, 2010

പാലേരി മാണിക്യം - പി.കെ. പോക്കര്‍ പറഞ്ഞതെന്തായിരുന്നു?

പയ്യന്നൂരിലെ ചിന്തിക്കുന്ന ചെറുപ്പക്കാരെപ്പോലെ പാലേരിയിലെ ചിന്തിക്കുന്ന ചെറുപ്പക്കാരും പ്രതികരിക്കണം എന്നു സിപിഎം ബുദ്ധിജീവിയും സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. പി.കെ. പോക്കര്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ട് അധികമായിട്ടില്ല“ എന്ന് ഇക്കഴിഞ്ഞ ദിവസവും പറഞ്ഞത് ടി.പി.രാജീവനാണ്. മനോരമ ദിനപ്പത്രത്തില്‍. പാലേരിക്കാര്‍ക്ക് വേണ്ടി അദ്ദേഹം നീലകണ്ഠനോട് മാപ്പു പറയുന്നുമുണ്ട്. പോക്കറിന്റെ ലേഖനം വായിച്ചിട്ടില്ലെങ്കിലും രാജീവന്റെ ഇപ്പോഴത്തെയും ഇതിനു മുന്‍പത്തെയും വാക്കുകള്‍ പലരും പലയിടത്തും ആവര്‍ത്തിക്കുന്നതും കണ്ടു. പി.കെ.പോക്കര്‍ എന്താണ് പറഞ്ഞത്? അദ്ദേഹം പറഞ്ഞത് തന്നെയോ അദ്ദേഹത്തിന്റെ വാക്കുകളായി ഉദ്ധരിക്കപ്പെടുന്നത്? ശ്രീ പി കെ പോക്കര്‍ 24 ജനുവരി 2010ലെ ദേശാഭിമാനി വാരികയില്‍ എഴുതിയ ലേഖനം ഇവിടെ പ്രസിദ്ധീകരിക്കുന്നു. വായിക്കുക. തീരുമാനിക്കുക.

ഉണ്ണിത്താനും സക്കറിയയും ലൈംഗിക ഉദാരതയും

കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെ അനാശാസ്യത്തിന് പിടികൂടിയതും കോണ്‍ഗ്രസ് അദ്ദേഹത്തെ പാര്‍ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതും തുടര്‍ന്ന് കോണ്‍ഗ്രസ് എന്‍ പി മൊയ്തീനെ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയതും മാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടും കേട്ടും വായിച്ചും അറിഞ്ഞു. ഇതൊന്നും കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ വിശേഷമൊന്നുമല്ലെന്ന് ഉണ്ണിത്താന്‍തന്നെ ഏതോ ചാനലില്‍ സത്യസന്ധമായി പ്രതികരിച്ചതായും കണ്ടു. എന്നാല്‍ നമ്മുടെ പ്രിയപ്പെട്ട കഥാകാരന്‍ സക്കറിയ പയ്യന്നൂരില്‍ നടത്തിയ നിരീക്ഷണങ്ങളും തുടര്‍ന്ന് അദ്ദേഹത്തെ 'കൈയേറ്റം' ചെയ്തതും പ്രശ്നത്തെ പുതിയ വഴിത്തിരിവിലെത്തിച്ചിരിക്കയാണ്.

സക്കറിയ പയ്യന്നൂരില്‍ പ്രസംഗിച്ചത് മാധ്യമം പത്രം റിപ്പോര്‍ട് ചെയ്തത് ഇങ്ങനെയാണ്: "ലൈംഗികതയെ അംഗീകരിച്ചാണ് ഒളിപ്രസ്ഥാനമായ കാലത്ത് ഇടതുപക്ഷം പ്രവര്‍ത്തിച്ചത്. ഇന്നത് ഭീകരമായ സങ്കുചിതത്വത്തിലേക്ക് മടങ്ങിയിരിക്കുന്നു. ഇതില്‍നിന്ന് സ്വയം നവീകരിച്ചില്ലെങ്കില്‍ കാലം അതിനെ കടന്ന്പോകും. ഇടതുപക്ഷം ക്ഷയിക്കുന്നത് കേരളത്തിനും ഇന്ത്യക്കും നല്ലതല്ല. അതുകൊണ്ട് അവര്‍ സ്വയം തിരുത്താന്‍ തയ്യാറാവണം. കേരളത്തിലെ യാത്രക്കാര്‍ സ്ത്രീകളുമൊരുമിച്ചുള്ള യാത്രകള്‍ ചുരുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മഞ്ചേരി സംഭവത്തില്‍ ഒരു സ്ത്രീയുടെ വസ്ത്രാക്ഷേപം ചെയ്തത് പുരോഗമനം അവകാശപ്പെടുന്ന വനിതാസംഘടനയുടെ പ്രവര്‍ത്തകരാണ്. ഡിവൈഎഫ്ഐയും പിഡിപിയുമാണ് ഉണ്ണിത്താനെ വീടുവളഞ്ഞ് പിടികൂടിയത്....''(ജനുവരി 10, മാധ്യമം).

ഇവിടെ സക്കറിയ ഗൌരവമായ ഒരു പ്രശ്നമാണ് സംവാദത്തിനുവേണ്ടി മുന്നോട്ട് വയ്ക്കുന്നത്. വികാരവിക്ഷോഭങ്ങള്‍കൊണ്ടോ കൈയാങ്കളികൊണ്ടോ പരിഹരിക്കാവുന്നതോ, പരിഹരിക്കേണ്ടതോ ആയ ഒരു പ്രശ്നമല്ല അദ്ദേഹം ഉന്നയിക്കുന്നത്. മറിച്ച്, ലോകവ്യാപകമായി മനുഷ്യര്‍ക്കിടയില്‍ സംഘര്‍ഷത്തിനും സംവാദത്തിനും വിവാദത്തിനും അധികാര നിഷ്കാസനങ്ങള്‍ക്കും കാരണമാവാറുള്ള ഒരു പ്രശ്നപരിസരമാണ്.

ഉണ്ണിത്താന്‍ പരസ്ത്രീ ബന്ധത്തിലേര്‍പ്പെടുന്ന സാഹചര്യത്തില്‍ പിടിക്കപ്പെടുന്നു എന്നത് മാധ്യമങ്ങള്‍ക്കും കാണികള്‍ക്കും ഹരം പകരുന്ന കാഴ്ചയാണ്. എന്നാല്‍ ഈ സംഭവം സക്കറിയ കരുതുന്ന (പറയുന്ന) പോലെ കേരളത്തിലെ ഏതെങ്കിലും ഒരു സംഘടനയുടെ സങ്കുചിത മനോഭാവത്തിന്റെ ഫലമാണെന്ന് പറയാന്‍ കഴിയുമോ? ലൈംഗികജീവിതത്തില്‍ ഒരു നിയന്ത്രണവും ആവശ്യമില്ലെന്ന് കരുതുന്നതായി നാം വിശ്വസിക്കുന്ന അമേരിക്കയിലാണ് പ്രസിഡന്റ് ബില്‍ ക്ളിന്റനെ ഇരുപത്തിരണ്ടുകാരി മോണിക്ക ലെവിന്‍സ്കിയുമായി 'ശരിയല്ലാത്ത ബന്ധം' (improper relationship) ഉണ്ടായെന്ന വെറും സംശയത്തിന്റെ പേരില്‍ ഇംപീച്ച് ചെയ്തത്. അമേരിക്കപോലൊരു വികസിത മുതലാളിത്ത ഉദാര ജനാധിപത്യ രാജ്യത്ത് മോണിക്ക ലെവിന്‍സ്കിക്ക് പരാതിയില്ലാഞ്ഞിട്ടും സഹപ്രവര്‍ത്തകയായ ലിന്‍ഡട്രിപ് ചോര്‍ത്തിയ ഫോണ്‍ സംഭാഷണത്തെ അവലംബിച്ച് കോലാഹലങ്ങളും അധികാര നിഷ്കാസനംവരെയും നടന്നത് എന്തുകൊണ്ടാണ്?

ഒരു ക്ളിന്റന്റെ കാര്യം മാത്രമല്ല ഇത്. സാമ്രാജ്യത്വത്തെയും ഫാഷിസത്തെയും ചെറുത്തുകൊണ്ട് പത്രപ്രവര്‍ത്തനവും സാംസ്കാരിക പ്രവര്‍ത്തനവും നടത്തുന്ന അമേരിക്കക്കാരനായ അലക്സാണ്ടര്‍ കോക്ബേണ്‍ (Alexander Cockburn) പ്രസിദ്ധീകരിക്കുന്ന 'കൌണ്ടര്‍പഞ്ച്' ഉള്‍പ്പെടെ മിക്ക മാധ്യമങ്ങളിലും അമേരിക്കന്‍ സെനറ്റര്‍മാരുടെ 'അവിഹിത ബന്ധ'ത്തെക്കുറിച്ച് ഫീച്ചറുകളും ചര്‍ച്ചകളും നടന്നതായി നമുക്ക് കാണാന്‍ കഴിയും. കൌണ്ടര്‍ പഞ്ചില്‍ ഡാവിഡ് റോഡന്‍ എഴുതിയ 'America's Top Ten Sex Scandals ' എന്ന ലേഖനം വിവാഹിതരായ ഭരണാധികാരികള്‍ പരസ്ത്രീകളുമായി വേഴ്ചയിലേര്‍പ്പെട്ടതിനെയാണ് ചിത്രീകരിക്കുന്നത്. ജപ്പാനിലും ബ്രിട്ടനിലും മറ്റ് വികസിത മുതലാളിത്ത രാജ്യങ്ങളിലും ലൈംഗികബന്ധത്തെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ പതിവാണ്. അടുത്തകാലത്ത് അയര്‍ലന്‍ഡിലെ അറുപതുകാരിയായ റോബിന്‍സണുമായി പത്തൊമ്പതുകാരന്റെ ലൈംഗികബന്ധം മാധ്യമങ്ങളിലും ബ്ളോഗുകളിലും വലിയ കോലാഹലമാണ് സൃഷ്ടിച്ചത്. മാത്രമല്ല ചരിത്രപണ്ഡിതനായ ഡോ. എം ഗംഗാധരന്‍ മുസ്ളിങ്ങളും കമ്യൂണിസ്റ്റുകാരുമില്ലാത്തതുകൊണ്ട് ഒരു കുഴപ്പവുമില്ലാതെ നിലനില്ക്കുന്നതായി നിരീക്ഷിച്ച ജപ്പാനില്‍പ്പോലും 'വിവാഹേതര ബന്ധങ്ങള്‍' നിരവധി വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

വിവാഹേതര ലൈംഗികബന്ധം (Extra marital sexual relations) എന്തുകൊണ്ട് ലോക വ്യാപകമായി സംശയദൃഷ്ടിയോടെ വീക്ഷിക്കപ്പെടുകയും ചിലപ്പോഴെങ്കിലും ആക്രമിക്കപ്പെടുകയും ചെയ്യുന്നു എന്നത് ഗൌരവമായ പ്രശ്നമാണ്. നാല് വിവാഹം കഴിക്കുകയോ, പല ഘട്ടങ്ങളിലായി പല വിവാഹങ്ങള്‍ ചെയ്യുകയോ ചെയ്യുന്നതില്‍നിന്ന് വിഭിന്നമായി വിവാഹേതരബന്ധം സംശയിക്കുന്നതിന്റെ മുഖ്യകാരണം മിക്കവാറും ഈ ബന്ധത്തിന്റെ ഒരു വശത്ത് ഒരു ഇരയുണ്ടെന്നതാണ്. അതുകൊണ്ടാണ് ഷാനിമോള്‍ ഉസ്മാന് മറ്റ് പുരുഷന്മാരായ കോണ്‍ഗ്രസ്സുകാരില്‍നിന്ന് വ്യത്യസ്തമായ സ്വരമുണ്ടാവുന്നത്.

രാജ്മോഹന്‍ ഉണ്ണിത്താനെന്ന കോണ്‍ഗ്രസ്സ് നേതാവ് (ഏത് നേതാവും) എവിടെ പോകുന്നെന്നും എന്തു ചെയ്യുകയാണെന്നും നോക്കാനും ഇടപെടാനും മഞ്ചേരിയിലെ (മറ്റെവിടെയുമുള്ള) ജനങ്ങള്‍ക്ക് (അവരില്‍ ഡിവൈഎഫ്ഐയും പിഡിപിയും ഉള്‍പ്പെടും) അവകാശം ഉണ്ടോ എന്നതാണ് ഒരു പ്രശ്നം. ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ട് പ്രത്യക്ഷത്തില്‍ വൈരുധ്യമെന്ന് തോന്നുന്നതാണെങ്കിലും ആരോഗ്യകരമായ ഒരു സംവാദ പരമ്പര ലോകവ്യാപകമായി ഇന്ന് നടക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി ഡാവിഡ് റോഡന്‍ കൌണ്ടര്‍ പഞ്ചില്‍ (ഡിസംബര്‍ 22, 2009) എഴുതിയ Sexual Politics in the age of Obama എന്ന ലേഖനം സക്കറിയയെപ്പോലുള്ള ഉദാര ലൈംഗികവാദികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ടതാണ്. ഒരു കോളേജില്‍ അടുത്തകാലത്ത് ഒബാമ നടത്തിയ പ്രഭാഷണത്തിന്റെ ഒടുവില്‍ ഒരു വിദ്യാര്‍ഥി ചോദിച്ച ചോദ്യത്തെ ഒബാമ നേരിട്ടതിനെക്കുറിച്ച് ലേഖകന്‍ പറയുന്നത് കാണുക: "Obama's dismissal of the student's provocative proposal speaks to his administration's apparent failure to deal with the likely increase in sexual commerce that normally occurs (during) economic downturns. In hard times many women feel they have little but theri body to sell. The Obama administration has offered no new programs to deal with the likely increase in the arrest of female sex workers .'' (Counter Punch, Dec. 22)

വറുതിയുടെയും സാമ്പത്തികത്തകര്‍ച്ചയുടെയും കാലത്ത് പെണ്ണുങ്ങള്‍ ശരീരം വില്ക്കുന്ന ഗതികേട്തന്നെയാണ് അമേരിക്കയിലും ചര്‍ച്ച ചെയ്യുന്നത്. ആരോഗ്യകരമായ സ്ത്രീ-പുരുഷ ബന്ധമെന്നാല്‍ എന്താണെന്ന് നിര്‍വചിക്കാന്‍ നാം നിര്‍ബന്ധിതരാവുന്നതിന്റെ സാഹചര്യമാണ് സൂചിപ്പിക്കുന്നത്. സ്വതന്ത്രവും സ്വഛവുമായ ലൈംഗിക ബന്ധമെന്നാല്‍ ഇന്ന് ലോകവ്യാപകമായി സ്ത്രീവിരുദ്ധതയും സ്ത്രീകള്‍ക്കുമേലുള്ള കൈയേറ്റവുമായാണ് പരിണമിക്കുന്നത്. ജീവിതത്തിന്റെ അനിവാര്യതയില്‍ പുരുഷാധിപത്യ മൂല്യത്തിന്റെ ഇരകളായി സ്ത്രീകള്‍ ശരീരം വില്ക്കുകയോ, സ്ത്രീകളെ പുരുഷന്‍ കീഴടക്കുകയോ ചെയ്യുന്ന അവസ്ഥയാണ് മിക്കവാറും ലോകവ്യാപകമായി നടക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീവാദ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുന്ന തിരിച്ചറിവ് ഒരുവശത്ത് ആരോഗ്യകരമായി വികസിക്കുമ്പോഴും മറുവശത്ത് ആഗോളവല്‍ക്കരണവും സാമ്പത്തിക അധിനിവേശവും സ്ത്രീപുരുഷബന്ധത്തെ വെറും ലൈംഗിക വ്യവസായമാക്കി മാറ്റിയിട്ടുണ്ട്. മാംസക്കച്ചവടമായി അധഃപതിച്ച പുത്തന്‍ ഉദാര ലൈംഗിക ബന്ധത്തെ പ്രതിനിധാനം ചെയ്യുന്ന രാജ്മോഹന്‍ ഉണ്ണിത്താനെ പരസ്യമായി ന്യായീകരിക്കാന്‍ എങ്ങനെയാണ് സക്കറിയയെപ്പോലൊരു ജനാധിപത്യവാദിക്ക് കഴിയുന്നത്.

മുതലാളിത്ത ലോകക്രമം അടിച്ചേല്‍പ്പിക്കുന്ന ജീര്‍ണ സംസ്കാരത്തിന്റെ ഭാഗമായി വലിയൊരു വിഭാഗം ജനത മയക്കുമരുന്നിനും മദ്യത്തിനും വ്യഭിചാരത്തിനും അടിമപ്പെടുന്നുണ്ടെന്നതൊരു യാഥാര്‍ഥ്യമാണ്. എന്നാല്‍ പുതുവര്‍ഷാഘോഷത്തിനോ ക്രിസ്മസ് ആഘോഷത്തിനോ കോടിക്കണക്കിന് രൂപയുടെ മദ്യവില്പന കേരളത്തില്‍ നടന്നതിനെ മാധ്യമങ്ങളൊന്നും ശ്ളാഘിക്കുകയല്ല ചെയ്തത്. പകരം, നിന്ദിക്കുംവിധമാണ് വാര്‍ത്തകള്‍ അവതരിപ്പിച്ചത്. ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ അവസാന ലക്ഷണവും അപ്രത്യക്ഷമാവുന്നതില്‍ തീര്‍ച്ചയായും ഇതില്‍ കുടുങ്ങിപ്പോയവര്‍ക്കുപോലും വേവലാതിയുണ്ട്. ഫാഷിസത്തെ ധീരമായി ചെറുക്കുന്ന സക്കറിയ 'sexual commerce' ന്റെ മനുഷ്യത്വ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ യുക്തിയെ ഉല്ലംഘിക്കാന്‍ ഇനിയെങ്കിലും സന്നദ്ധമാവണം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സക്കറിയ വി ടി കുമാരന്‍മാസ്റ്റര്‍ അനുസ്മരണത്തില്‍ പറയാന്‍ തുടങ്ങിയ മറ്റൊരു കാര്യമുണ്ട്. പണ്ട് കമ്യൂണിസ്റ്റുകാര്‍ നല്ലവരായിരുന്നെന്ന മഹത്തായ കണ്ടുപിടിത്തമാണത്. എന്നാലിപ്പോള്‍ ടി പി രാജീവന്റെ നോവല്‍ വായിച്ചതുകൊണ്ടോ, പാലേരി മാണിക്യമെന്ന സിനിമ കണ്ടതുകൊണ്ടോ എന്താണെന്നറിയില്ല സക്കറിയയും പണ്ട് കമ്യൂണിസ്റ്റുകാര്‍ ലൈംഗിക ഉദാരവാദികളായിരുന്നെന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നു! കമ്യൂണിസ്റ്റുകാരും മുസ്ളിങ്ങളുമില്ലാത്തതുകൊണ്ടാണ് ജപ്പാനില്‍ കുഴപ്പങ്ങളില്ലാത്തതെന്ന് അടുത്തകാലത്താണ് ചരിത്രപണ്ഡിതനായ ഡോ. എം ഗംഗാധരന്‍ കണ്ടുപിടിച്ചത്! ഏതായാലും ഒരുവശത്ത് സദാചാര സന്മാര്‍ഗവാദിയായ ടി പി രാജീവനെപ്പോലുള്ളവര്‍ പണ്ട്മുതലേ കമ്യൂണിസ്റ്റുകാര്‍ പെണ്ണുപിടിയന്മാര്‍ക്കും കള്ളുകുടിയന്മാര്‍ക്കും കാവല്‍ക്കാരായിരുന്നെന്ന് പറയുകയും മറുവശത്ത് സക്കറിയയെപ്പോലുള്ളവര്‍ പണ്ട് മുതലേ തുടങ്ങിയ ആ പാത കൈവിടാതെ ഉണ്ണിത്താന്മാര്‍ക്ക്കൂടി കമ്യൂണിസ്റ്റുകാര്‍ കാവല്‍നില്‍ക്കണമെന്ന് ഉദ്ഘോഷിക്കുകയും ചെയ്യുമ്പോള്‍ നന്മയുടെയും മനുഷ്യത്വത്തിന്റെയും ചരിത്രബോധത്തിന്റെയും തരിമ്പെങ്കിലും അവശേഷിക്കുന്ന മലയാളികള്‍ ഇവിടെയുണ്ടെന്ന് വിളിച്ചുപറയാനുള്ള ആര്‍ജവം നിലനിര്‍ത്തണമോ എന്നതാണ് ചോദ്യം. അഭിപ്രായങ്ങള്‍ പറയാനും കേള്‍ക്കാനും സംവാദത്തിലേര്‍പ്പെടാനും എഴുത്തുകാര്‍ക്ക് മാത്രമല്ല എല്ലാ മുനുഷ്യര്‍ക്കും അവകാശമുണ്ട്. നമ്മുടെ ഗ്രാമങ്ങളിലെ സാധാരണ മനുഷ്യര്‍ ആര്‍ജിച്ച മൂല്യബോധത്തെയും ചരിത്രബോധത്തെയും പരിഹസിക്കുമ്പോള്‍ അവര്‍ക്ക് നിസ്സഹായതയില്‍ തലകുത്തിവീഴാനോ വികാരവിക്ഷോഭത്തില്‍ തള്ളിക്കയറാനോ മാത്രമേ കഴിയൂ എന്നാണ് ചരിത്രം നല്‍കുന്ന പാഠം. അതുകൊണ്ട് ബുദ്ധിശാലികളും കൌശലക്കാരും എഴുത്തുകാരും പ്രഭാഷകരുമായ ബുദ്ധിജീവികള്‍ സ്വന്തം അരാജക അരാഷ്ട്രീയ ഹെഡണിസത്തെ ആദര്‍ശവല്‍ക്കരിക്കുമ്പോള്‍ കാണികളും കേള്‍വിക്കാരുമായ സാധാരണ മനുഷ്യര്‍ തങ്ങള്‍ വെല്ലുവിളിക്കപ്പെടുകയാണോ എന്ന് സംശയിക്കും. നിങ്ങള്‍ക്കൊപ്പമുള്ള 'അവള്‍' വെറുമൊരു ഇരയാണോ എന്ന ന്യായമായ ഉല്‍ക്കണ്ഠയും ആശങ്കയും അവര്‍ പ്രകടിപ്പിക്കും. സൂര്യനെല്ലികളെ അവര്‍ ഭയപ്പെടുന്നു. മാത്രമല്ല ഇരുട്ടിന്റെ മറവില്‍ ബഷീര്‍ കേള്‍പ്പിച്ച ഭയാനകമായ 'ശബ്ദങ്ങളു'ടെ ലോകത്തെയും അവര്‍ ഭയക്കുന്നു. പയ്യന്നൂരില്‍ മാത്രമല്ല പാലേരിയിലും ചിന്തിക്കുന്ന മനുഷ്യര്‍ അവശേഷിക്കുന്നില്ലേ എന്നത് മാത്രമാണ് ഇപ്പോള്‍ നമ്മെ അലട്ടേണ്ടത്.

ഡോ. പി കെ പോക്കര്‍ ദേശാഭിമാനി വാരിക 24012010

ഇതും വായിക്കാം.

ജനാധിപത്യത്തെ ഭയക്കുന്നവരെ സൂക്ഷിക്കുക

എഴുത്തോ നിന്റെ കഴുത്തോ?

1 comment:

  1. “പയ്യന്നൂരിലെ ചിന്തിക്കുന്ന ചെറുപ്പക്കാരെപ്പോലെ പാലേരിയിലെ ചിന്തിക്കുന്ന ചെറുപ്പക്കാരും പ്രതികരിക്കണം എന്നു സിപിഎം ബുദ്ധിജീവിയും സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോ. പി.കെ. പോക്കര്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ട് അധികമായിട്ടില്ല“ എന്ന് ഇക്കഴിഞ്ഞ ദിവസവും പറഞ്ഞത് ടി.പി.രാജീവനാണ്. മനോരമ ദിനപ്പത്രത്തില്‍. പാലേരിക്കാര്‍ക്ക് വേണ്ടി അദ്ദേഹം നീലകണ്ഠനോട് മാപ്പു പറയുന്നുമുണ്ട്. പോക്കറിന്റെ ലേഖനം വായിച്ചിട്ടില്ലെങ്കിലും രാജീവന്റെ ഇപ്പോഴത്തെയും ഇതിനു മുന്‍പത്തെയും വാക്കുകള്‍ പലരും പലയിടത്തും ആവര്‍ത്തിക്കുന്നതും കണ്ടു. പി.കെ.പോക്കര്‍ എന്താണ് പറഞ്ഞത്? അദ്ദേഹം പറഞ്ഞത് തന്നെയോ അദ്ദേഹത്തിന്റെ വാക്കുകളായി ഉദ്ധരിക്കപ്പെടുന്നത്? ശ്രീ പി കെ പോക്കര്‍ 24 ജനുവരി 2010ലെ ദേശാഭിമാനി വാരികയില്‍ എഴുതിയ ലേഖനം ഇവിടെ പ്രസിദ്ധീകരിക്കുന്നു. വായിക്കുക. തീരുമാനിക്കുക.

    ReplyDelete