Monday, May 10, 2010

മന്ത്രാലയങ്ങളുടെ എതിര്‍പ്പ് പ്രധാനമന്ത്രി അവഗണിച്ചു

ന്യൂഡല്‍ഹി: ആണവബാധ്യതാനിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തീരുമാനിച്ചത് ധന-പരിസ്ഥിതി മന്ത്രാലയങ്ങളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച്. സുരക്ഷാനിലവാരം, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് മന്ത്രാലയങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പാണ് പ്രധാനമന്ത്രി തള്ളിയത്. നഷ്ടപരിഹാരപരിധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാമെന്ന മുന്‍ വാഗ്ദാനം പാലിക്കാതെയുമാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.

ആണവദുരന്തമുണ്ടായാല്‍ ആണവനിലയങ്ങളുടെ നടത്തിപ്പുകാര്‍ നല്‍കേണ്ട പരമാവധി നഷ്ടപരിഹാരം 500 കോടി രൂപ മാത്രമായിരിക്കും. മൊത്തം നഷ്ടപരിഹാരമാകട്ടെ 2,385 കോടി രൂപയും. അമേരിക്കയില്‍ ഇത് 60,000 കോടി ഡോളറാണ്. ഏകദേശം 30 ലക്ഷം കോടി രൂപ. അമേരിക്കന്‍ നേതൃത്വത്തില്‍ രൂപംകൊണ്ട സപ്ളിമെന്ററി കോമ്പന്‍സേഷന്‍ ഫോര്‍ ന്യൂക്ളിയര്‍ ഡാമേജസിലും (സിഎസ്സി) ഇന്ത്യ അംഗമാകുമെന്ന് ബില്‍ പറയുന്നു. ആണവ അപകടത്തില്‍ മരിക്കുന്ന ഒരാള്‍ക്ക് എത്ര നഷ്ടപരിഹാരം നല്‍കുമെന്ന കാര്യത്തില്‍ നിയമം നിശ്ശബ്ദമാണെന്ന് പരിസ്ഥിതി മന്ത്രാലയം പറയുന്നു. മൃഗങ്ങള്‍ക്കും പരിസ്ഥിതിക്കുമുണ്ടാകുന്ന നാശത്തെക്കുറിച്ചും ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാട് ബില്ലില്‍ ഇല്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

ബില്‍ അനുസരിച്ച് നഷ്ടപരിഹാരം നിശ്ചയിക്കുക നഷ്ടപരിഹാരകമീഷനാണ്. മൂന്ന് വര്‍ഷത്തേക്കാണ് കമീഷന്റെ കാലാവധി. ക്യാബിനറ്റ് സെക്രട്ടറി ചെയര്‍മാനായ മൂന്നംഗ സമിതിയാണ് ചെയര്‍പേഴ്സനെയും സമിതി അംഗങ്ങളെയും തെരഞ്ഞെടുക്കുക. അപകടമുണ്ടാകുന്ന സ്ഥലങ്ങളില്‍ നഷ്ടപരിഹാരം നല്‍കുന്നത് ത്വരിതപ്പെടുത്താന്‍ ഒന്നോ രണ്ടോ ക്ളെയിം കമീഷണറുമുണ്ടാകും. ജില്ലാ ജഡ്ജിയുടെ യോഗ്യതയുള്ളവരായിരിക്കും കമീഷണര്‍. ആണവസ്ഥാപനത്തില്‍നിന്ന് ഉദ്ഭവിക്കുന്ന അണുപ്രസരണത്തിനും അപകടത്തിനും മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. പ്രകൃതിദുരന്തം, സായുധസംഘട്ടനം, ആഭ്യന്തരയുദ്ധം, ഭീകരവാദം എന്നിവയുടെ ഫലമായി ആണവദുരന്തമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വകുപ്പില്ല. പരിസ്ഥിതിക്ക് നാശമുണ്ടായാല്‍ അതിനുള്ള നഷ്ടപരിഹാരം ഈടാക്കാനുള്ള സംവിധാനവും ബില്‍ മുന്നോട്ട് വെക്കുന്നില്ല. 10 വര്‍ഷത്തിനകം അപേക്ഷ നല്‍കണമെന്ന വ്യവസ്ഥയും നഷ്ടപരിഹാരം ലഭിക്കുന്നതിന് തടസ്സമാകും. ചിലപ്പോള്‍ അണുപ്രസരണത്തിന്റെ ആഘാതം കണ്ടുതുടങ്ങാന്‍ വര്‍ഷങ്ങള്‍ എടുക്കുമെന്നതിനാലാണിത്. ബാധ്യത മുഴുവന്‍ സര്‍ക്കാരിന്റെ മേല്‍ വയ്ക്കുന്നതിലാണ് ധനമന്ത്രാലയത്തിന്റെ എതിര്‍പ്പ്. ഈ ബാധ്യത ഏറ്റെടുക്കാത്ത പക്ഷം ആണവബിസിനസ് വളരില്ലെന്ന ആണവോര്‍ജമന്ത്രാലയത്തിന്റെ വാദത്തെയും ധനമന്ത്രാലയം എതിര്‍ക്കുന്നു.

deshabhimani 100510

1 comment:

  1. ആണവബാധ്യതാനിയമം പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തീരുമാനിച്ചത് ധന-പരിസ്ഥിതി മന്ത്രാലയങ്ങളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച്. സുരക്ഷാനിലവാരം, നഷ്ടപരിഹാരം എന്നിവ സംബന്ധിച്ച് മന്ത്രാലയങ്ങള്‍ ഉയര്‍ത്തിയ എതിര്‍പ്പാണ് പ്രധാനമന്ത്രി തള്ളിയത്. നഷ്ടപരിഹാരപരിധി പുനഃപരിശോധനയ്ക്ക് വിധേയമാക്കാമെന്ന മുന്‍ വാഗ്ദാനം പാലിക്കാതെയുമാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.

    ReplyDelete