Tuesday, May 11, 2010

രാഹുല്‍ജി വന്നു രാഹുല്‍ജി പോയി

കഴിഞ്ഞ തവണത്തെ പോലെ ബൈപ്പാസ് റോഡിലെ തട്ടുകടയും പൊറോട്ടയും രണ്ടു ഗ്ലാസ് കാപ്പിയും ജിംനേഷ്യവും ചങ്ങായിയുമൊന്നും വാര്‍ത്തകളില്‍ ഇടം കണ്ടില്ലെങ്കിലും, രാഹുല്‍ജി വന്ന് പോയത് അറിഞ്ഞില്ലെന്ന് ഭാവിക്കുന്നത് ശരിയല്ലല്ലോ.

കാസര്‍ഗോഡ് അസ്നയെ കാണുവാന്‍ ചെന്ന രാഹുല്‍ജിയുടെ ദുഃഖഭരിതമായ നില്പ് മാതൃഭൂമി വിവരിക്കുന്നുണ്ട്. അശ്‌നയുടെ വേദന നെഞ്ചിലേറ്റി രാഹുല്‍ ജി നിന്ന നില്‍പ്പ് ആ പത്രത്തിന്റെ കണ്ണില്‍നിന്ന് മറയുന്നില്ലെന്ന് തോന്നും വാര്‍ത്ത വായിച്ചാല്‍. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തിനിടെ ചിതറിത്തെറിച്ച വലംകാലിന്റെ കഥ അശ്‌ന പറഞ്ഞപ്പോള്‍ രാഹുല്‍ഗാന്ധി ശ്രദ്ധിച്ചുകേട്ടുവെന്നും പത്തുവര്‍ഷമായി അവള്‍ തിന്നുന്ന വേദന അനുഭവിക്കുന്ന ഭാവമായിരുന്നു രാഹുലിന്റെ കണ്ണുകളില് എന്നും പത്രം പൈങ്കിളിയടിക്കുന്നു‍.

വലതുകാല്‍ തകര്‍ത്ത ബോംബ് എറിഞ്ഞത് ആരാണെന്ന് മാത്രം വാര്‍ത്തയിലില്ല. എറിഞ്ഞതാരെന്നത് ജനം മറന്നിട്ടുണ്ടെങ്കില്‍, അവരെ ഓര്‍മ്മിപ്പിക്കുന്നതെന്തിന് എന്നായിരിക്കാം പത്രം ചിന്തിക്കുന്നത്.

ഇനി രാഹുല്‍ വാര്‍ത്തകളിലേക്ക്

രാഹുല്‍ഗാന്ധിയെത്തി; കൊല്ലത്ത് ഹര്‍ത്താല്‍

കൊല്ലം: ശൂന്യത തളംകെട്ടിയ നഗരമുഖവും ഷട്ടറിട്ട കടകളും കണ്ട് വിജനമായ വീഥിയിലൂടെ രാഹുല്‍ഗാന്ധി വന്നു. യുവപ്രതീക്ഷകളുടെ ചിറകിലേറി പറന്നിറങ്ങിയ രാഹുല്‍ കണ്ടത് കാലിയായ കൊല്ലം. മുന്നിലും പിന്നിലും തിരിഞ്ഞുനോക്കിയിടത്തുമെല്ലാം എസ്പിജി. കാക്കിധാരികള്‍ക്കും കണക്കില്ല. കാണാനില്ലാതെ പോയത് ഒന്നുമാത്രം- ജനക്കൂട്ടം. കൊല്ലം നഗരത്തില്‍ തിങ്കളാഴ്ച ദൃശ്യമായത് അപ്രഖ്യാപിത ഹര്‍ത്താല്‍. യൂത്ത്കോണ്‍ഗ്രസിനെ ഊര്‍ജസ്വലമാക്കാനും യുവാക്കളുടെ കാഴ്ചപ്പാട് ഉള്‍ക്കൊള്ളുന്നതിനുമായാണ് രാഹുല്‍ഗാന്ധി എത്തിയത്. എന്നാല്‍, പ്രതീക്ഷകളിലേക്ക് പറന്നിറങ്ങിയ രാഹുലിന് പകരം ലഭിച്ചത് നിരാശ. ഗ്രൂപ്പ്നേതാക്കള്‍ക്ക് സ്വീകരണമൊരുക്കുമ്പോള്‍ പലവട്ടം ആവേശക്കമ്മിറ്റി കൂടാറുള്ളവരെല്ലാം തങ്ങളുടെ ഗ്രൂപ്പിന്റെ പ്രത്യേക ഐഡന്റിറ്റി ഇല്ലെന്ന കാരണത്താലാകാം സ്വീകരണത്തില്‍ പിന്നോട്ടുനിന്നു. ആവേശം നിറഞ്ഞ അനുഭവങ്ങളൊന്നും സമ്മാനിക്കാത്ത യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുന്നില്‍ അരമണിക്കൂര്‍ വെറുതെ വാചകമടിച്ച് രാഹുല്‍ മടങ്ങി.

സുരക്ഷാസംവിധാനമൊഴികെ സംഘടനാതലത്തില്‍ ഒരു തയ്യാറെടുപ്പും ഇല്ലാതിരുന്നതിന്റെ എല്ലാ പോരായ്മകളും രാഹുലിന്റെ സന്ദര്‍ശനത്തില്‍ പ്രകടമായതായി ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. സുരക്ഷാസംവിധാനത്തിന്റെ ഒരുക്കങ്ങള്‍ ദിവസങ്ങള്‍ക്കുമുമ്പ് ആരംഭിച്ചിരുന്നു. സുരക്ഷ ഏറ്റെടുത്ത എസ്പിജിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം ഹെലികോപ്റ്ററില്‍ പരീക്ഷണപ്പറക്കല്‍ വരെ നടത്തി. ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്ത ആശ്രാമം മൈതാനവും പരിസരവും കൂടാതെ ചിന്നക്കട, പായിക്കട, കടപ്പാക്കട, തേവള്ളി, പള്ളിമുക്ക്, വാടി പ്രദേശം വരെ സുരക്ഷ നീണ്ടു. രാവിലെ മുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ നഗരത്തിലെത്തിയവര്‍ ബുദ്ധിമുട്ടിന്റെ മലകയറി. ചിന്നക്കടയിലും പരിസരത്തും റോഡിന് ഇരുഭാഗത്തെയും കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചത് വ്യാപാരികളെയും പൊതുജനങ്ങളെയും വലച്ചു. പെട്ടിക്കടകള്‍ അടച്ചിട്ടാല്‍ മതിയെന്നായിരുന്നു ആദ്യ അറിയിപ്പെങ്കിലും തിങ്കളാഴ്ച രാവിലെ എല്ലാ കടകളും അടയ്ക്കാനാണ് നിര്‍ദേശം എത്തിയത്.

രാഹുലിനെ കാണാന്‍ വന്ന സ്വാതന്ത്ര്യ സമരസേനാനി നിരാശനായി മടങ്ങി

കാസര്‍കോട്: മഹാത്മാഗാന്ധിയെ കാണാന്‍ പഴനിയില്‍ പോയ ഓര്‍മയില്‍ രാഹുല്‍ഗാന്ധിയെ കാണാന്‍ വന്ന സ്വാതന്ത്ര്യസമര സേനാനി നിരാശനായി മടങ്ങി. ഏതോ യൂത്ത് കോണ്‍ഗ്രസ്സുകാരന്‍ കൊടുത്ത പാസുമായാണ് നീലേശ്വരത്തെ കെ ആര്‍ കണ്ണന്‍ രാവിലെ വിദ്യാനഗര്‍ ചിന്മയ തേജസ് ഹാളിന് അടുത്തെത്തിയത്. ഉള്ളില്‍ കയറാന്‍ ശ്രമം നടത്തിയെങ്കിലും പ്രായമായവരെ ഉള്ളില്‍ കടത്തുന്നില്ലെന്ന് മനസിലാക്കി മാറിനിന്നു. ഉള്ളില്‍ കയറുന്നില്ലേയെന്ന് പരിചയമുള്ളവര്‍ ചോദിച്ചപ്പോള്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഈ വയോധികന്‍ വികാരാധീനനായി, ഇല്ല ഉള്ളില്‍ പോകുന്നില്ല; പുറത്തുനിന്ന് കണ്ടാല്‍ മതിയെന്ന് പറഞ്ഞു. എന്നാല്‍ പൊലീസ് അകമ്പടിയോടെ കാറില്‍ എത്തിയ എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി എംപി നേരെ ഹാളിന്റെ മതിലിനുള്ളില്‍ ഇറങ്ങിയതിനാല്‍ പുറത്ത് ദൂരെ നിന്ന സ്വാതന്ത്ര്യസമര സേനാനിക്ക് കാണാന്‍ കഴിഞ്ഞില്ല. തിരിച്ച് പോകുന്നതുവരെ കാത്ത് നില്‍ക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല.

സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊണ്ട 1946ല്‍ കണ്ണനും മറ്റു മൂന്നുപേരുംകൂടി നീലേശ്വരത്തുനിന്ന് പഴനിക്ക് പോയ കാര്യമാണ് ഈ പഴയ കോണ്‍ഗ്രസുകാരന്‍ അവിടെ കൂടിനിന്നവരോട് വിശദീകരിച്ചത്. അതില്‍ രണ്ടു പേര്‍ മരിച്ചു. നീലേശ്വരം തെരുവിലെ ഗോപാലനും താനും മാത്രമാണ് ജീവിച്ചിരിക്കുന്നത്. ഗാന്ധിജിയെ കണ്ടത് ആവേശകരമായ അനുഭവമായിരുന്നു. ആ ഓര്‍മയിലാണ് ഇവിടെയും വന്നത്. ഇളംതലമുറ നേതാവിനെയും നേരില്‍ കാണാമല്ലോ. കണ്ണന്‍ തന്റെ വിഷമം ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ട് കൂടിനിന്നവരോട് പറഞ്ഞു.

സ്വാതന്ത്ര്യസമര സേനാനിയെ ഉള്ളില്‍ കയറ്റിയില്ലെങ്കിലും പുറത്തുനിന്ന 35 കഴിഞ്ഞവരെയും വഴിയെ പോയവരെയും യൂത്ത് നേതാക്കള്‍ പാസ് നല്‍കി ഉള്ളില്‍ കയറ്റാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ആയിരത്തോളം സീറ്റുള്ള ഹാളില്‍ രണ്ടുജില്ലയില്‍നിന്നും ആളുകള്‍ എത്തിയിട്ടും നിറയാതെ വന്നപ്പോഴാണ് വഴിയെ പോയവര്‍ക്കും യൂത്തുകോണ്‍ഗ്രസിന്റെ പ്രതിനിധി പാസ് നല്‍കിയത്. ജില്ലാപ്രസിഡന്റ് ഹക്കിം കുന്നിലും മനാഫ് നുള്ളിപ്പാടിയുമാണ് പുറത്ത് പാസ് വിതരണം ചെയ്തത്. കോണ്‍ഗ്രസ് നേതാക്കളാരും സമ്മേളന ഹാളിനടുത്തേക്ക് വന്നില്ല. മാധ്യമ പ്രവര്‍ത്തകരെയും ഉള്ളില്‍ കയറ്റുന്നതില്‍ അനിശ്ചിതത്വം ഉണ്ടായി. ഫോട്ടോ- വീഡിയോഗ്രാഫര്‍മാരെ ആദ്യം ഉള്ളില്‍ കയറ്റിയെങ്കിലും ലേഖകന്മാരെ പുറത്ത് നിര്‍ത്തി. രാഹുല്‍വന്ന് പത്ത് മിനിറ്റിന് ശേഷമാണ് ലേഖകരെ കയറ്റിയത്. അക്രഡിറ്റേഷനുള്ള ലേഖകരെ കയറ്റാന്‍ പൊലീസ് വിസമ്മതിച്ചതും ചെറിയ പ്രശ്നങ്ങള്‍ക്കിടയാക്കി. ഒടുവില്‍ ഡിവൈഎസ്പി എത്തിയാണ് പ്രശ്നം പരിഹരിച്ചത്.

അംഗത്വഫീസ് വര്‍ധനയ്ക്കു കാരണംതെരഞ്ഞെടുപ്പുചെലവ്: രാഹുല്‍

കൊല്ലം: യൂത്ത് കോണ്‍ഗ്രസ് അംഗത്വത്തിന് 15 രൂപ നിശ്ചയിച്ചത് തെരഞ്ഞെടുപ്പുപ്രക്രിയയുടെ ചെലവിന് തുക കണ്ടെത്താനാണെന്ന് എഐസിസി ജനറല്‍സെക്രട്ടറി രാഹുല്‍ഗാന്ധി പറഞ്ഞു. കൊല്ലം ജില്ലാ സഹകരണബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ജനാധിപത്യരീതിയിലാണ് യൂത്ത്കോണ്‍ഗ്രസില്‍ ഇനി തെരഞ്ഞെടുപ്പ്. അതിനാല്‍ നിരീക്ഷകര്‍ക്കും മറ്റ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കും വലിയ തുക വേണ്ടിവരും. അംഗത്വഫീസ് ഉയര്‍ന്നതോതിലാണെന്ന പരാതിക്ക് അടിസ്ഥാനമില്ല. ബന്ധുക്കളുടെയോ നേതാക്കളുടെയോ പിന്‍ബലമില്ലാത്ത സാധാരണ പ്രവര്‍ത്തകരെയും നേതൃതലത്തില്‍ എത്തിക്കും. പരമാവധി നേതാക്കളെ സൃഷ്ടിക്കാന്‍ കഴിയുന്ന ആളാണ് യഥാര്‍ഥ നേതാവെന്നായിരുന്നു ഒരു ചോദ്യത്തിനുള്ള രാഹുലിന്റെ മറുപടി. സംഘടനാപ്രവര്‍ത്തനത്തില്‍ തമിഴ്നാടിനെ മാതൃകയാക്കാമെന്ന ഉപദേശവും രാഹുല്‍ നല്‍കി. മുമ്പ് വളരെ മോശമായിരുന്നു അവിടത്തെ പ്രവര്‍ത്തനമെന്നും രാഹുല്‍ പറഞ്ഞു.

വാര്‍ത്തകള്‍ ദേശാഭിമാനിയില്‍ നിന്ന്..

രാഹുല്‍ജീ...ഇത് കാണുന്നുണ്ടോ? എന്ന് പണ്ട് ചോദിച്ചെങ്കിലും രാഹുല്‍ ജി അത് കാണാതിരിക്കട്ടെ..:)

2 comments:

  1. കഴിഞ്ഞ തവണത്തെ പോലെ ബൈപ്പാസ് റോഡിലെ തട്ടുകടയും പൊറോട്ടയും രണ്ടു ഗ്ലാസ് കാപ്പിയും ജിംനേഷ്യവും ചങ്ങായിയുമൊന്നും വാര്‍ത്തകളില്‍ ഇടം കണ്ടില്ലെങ്കിലും, രാഹുല്‍ജി വന്ന് പോയത് അറിഞ്ഞില്ലെന്ന് ഭാവിക്കുന്നത് ശരിയല്ലല്ലോ.

    ReplyDelete
  2. ആരാണാ കുഞ്ഞിന്റെ കാലും, ജീവിതവും തകറ്ത്ത ബൊംബുണ്ടാക്കിയതെന്നും, എറിഞ്ഞതെന്നും മാതൃഭൂമി മിണ്ടുവാനൊരു ഒരു തരവുമില്ല, സഖാക്കളെ. ഇതു ചെയ്തത് RSS അല്ല, മറ്റേതു കക്ഷിയായിരുന്നെങ്കിലും, നമ്മുടെ ഈ പ്രിയപ്പെട്ട പത്രം വെണ്ടക്കയല്ല, മത്തങ്ങ തന്നെ നിരത്തിയേനെ...

    ReplyDelete