Wednesday, May 12, 2010

കിനാലൂര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ - ഭാഗം ഒന്ന്

'കിനാലൂര്‍' എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കി യുഡിഎഫും സോളിഡാരിറ്റിയും വികസനവിരുദ്ധ ശക്തികളും ഉപയോഗിക്കുകയാണ്. ഒരു വിഭാഗം മാധ്യമങ്ങള്‍ ഈ പ്രചാരണം ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നു. പ്രതിപക്ഷ നേതാവുള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ തികച്ചും വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അഴിച്ചുവിട്ടത്. 'നൂറു മീറ്റര്‍' വീതിയുള്ള റോഡ് എന്തിനാണ് എന്നാണ് ഒരു ചോദ്യം. കിനാലൂരില്‍ എന്ത് വ്യവസായപദ്ധതിയാണ് വരുന്നത് എന്ന് മറ്റൊരു ചോദ്യം. കിനാലൂരിലെ കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റ് തൊഴിലാളികളെ പിരിച്ചുവിട്ടശേഷം, റബര്‍തോട്ടം തുണ്ടുകളാക്കി വില്‍പ്പന നടത്തിയപ്പോള്‍, വിലയ്ക്കു വാങ്ങിയവര്‍ക്കുവേണ്ടി (ഭൂമാഫിയ)യാണ് ഈ റോഡ് എന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ഇത്തരം പ്രചാരവേലകള്‍ നടക്കുമ്പോള്‍ വസ്തുതകള്‍ ജനങ്ങളറിയണം.

വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന ജില്ലകളുടെ സാമൂഹ്യ-സാമ്പത്തിക ഉന്നമനം ലക്ഷ്യംവച്ച് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് വ്യവസായ വളര്‍ച്ചാകേന്ദ്രങ്ങള്‍. ഈ പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പ് വലിയവെളിച്ചം 278 ഏക്കര്‍, കോഴിക്കോട് ജില്ലയിലെ കിനാലൂര്‍ 312 ഏക്കര്‍, മലപ്പുറം ജില്ലയിലെ പാണക്കാട് 258 ഏക്കര്‍, ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല 278 ഏക്കര്‍ എന്നിങ്ങനെ ഭൂമി, കേരള സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ (കെഎസ്ഐഡിസി) 1995ല്‍ ഏറ്റെടുത്തു. എന്നാല്‍, ഈ വ്യവസായ പാര്‍ക്കുകളില്‍ അടിസ്ഥാനസൌകര്യങ്ങള്‍, റോഡ്, വൈദ്യുതി, ജലവിതരണം തുടങ്ങിയവ വികസിപ്പിക്കാന്‍ കെഎസ്ഐഡിസിക്ക് കഴിഞ്ഞില്ല. തല്‍ഫലമായി കാര്യമായ വ്യവസായപദ്ധതികളൊന്നും ഈ വ്യവസായപാര്‍ക്കുകളില്‍ വന്നില്ല. കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ നാലു വ്യവസായപാര്‍ക്കിലായി ആകെയുള്ള 1126 ഏക്കര്‍ ഭൂമിയില്‍, 23 ഏക്കര്‍ ഭൂമിയില്‍ മാത്രമാണ് ചില ചെറിയ വ്യവസായ യൂണിറ്റുകള്‍ വന്നത്. 45 ഏക്കര്‍ ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അനുവദിച്ചു. 1058 ഏക്കര്‍ ഭൂമി വര്‍ഷങ്ങളായി വെറുതെ കിടക്കുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്കും മറ്റ് വികസനപദ്ധതികള്‍ക്കും ഭൂമി കണ്ടെത്താന്‍ പ്രയാസപ്പെടുമ്പോഴാണ് ഇത്രയും ഭൂമി വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നത് എന്ന് ഓര്‍ക്കണം. ഈ പ്രശ്നം വിശകലനംചെയ്തപ്പോള്‍ മനസ്സിലായത് അടിസ്ഥാനസൌകര്യങ്ങളുടെ അഭാവമാണ് ഇത്രയും ഭൂമി വെറുതെ കിടക്കാന്‍ കാരണമായത് എന്നാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വ്യവസായപാര്‍ക്കുകളിലും അടിസ്ഥാനസൌകര്യങ്ങള്‍ അടിയന്തരമായി വികസിപ്പിക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് സര്‍ക്കാര്‍ കെഎസ്ഐഡിസിക്ക് നിര്‍ദേശം നല്‍കി. അതനുസരിച്ച്, കൂത്തുപറമ്പ് വ്യവസായപാര്‍ക്കിലേക്ക് 4.2 കോടി രൂപ ചെലവഴിച്ച് കെഎസ്ഐഡിസി നിലവിലുണ്ടായിരുന്ന റോഡ് വികസിപ്പിച്ചു. ജലവിതരണപദ്ധതി പൂര്‍ത്തിയാക്കി. വൈദ്യുതിവിതരണം മെച്ചപ്പെടുത്താന്‍ പുതിയ സബ് സ്റേഷന്‍ സ്ഥാപിക്കാനുള്ള നടപടി ആരംഭിച്ചു. ഇത്രയും ചെയ്തപ്പോള്‍, കൂത്തുപറമ്പ് വ്യവസായപാര്‍ക്കില്‍ പുതിയ പദ്ധതികള്‍ വരാന്‍ തുടങ്ങി. അവിടെ ആരംഭിച്ച അപ്പാരല്‍ പാര്‍ക്കില്‍ 800 തൊഴിലാളികള്‍ക്ക് ജോലികിട്ടി. 50 ഏക്കര്‍ ഭൂമിയില്‍ ചെറുകിട വ്യവസായപാര്‍ക്ക് ആരംഭിച്ചു. പുതിയ അപേക്ഷകള്‍ സംരംഭകര്‍ നല്‍കുന്നത് കണക്കിലെടുത്ത്, 300 ഏക്കര്‍ ഭൂമികൂടി പരിസരത്ത് ഏറ്റെടുക്കാന്‍ കെഎസ്ഐഡിസി തീരുമാനിച്ചു.

കിനാലൂരില്‍ 2500 കോടി രൂപ മുതല്‍മുടക്കുള്ള ഒരു പ്രോജക്ട് സ്ഥാപിക്കാന്‍, മലേഷ്യന്‍ സര്‍ക്കാര്‍ സ്ഥാപനമായ സിഐഡിബി മുന്നോട്ട് വരികയും കെഎസ്ഐഡിസിയുമായി ധാരണാപത്രം ഒപ്പിടുകയുംചെയ്തു. ഈ പദ്ധതി നിലവില്‍വരാന്‍ സിഐഡിബി മുന്നോട്ടുവച്ച നിബന്ധനകളില്‍ ഒന്ന് കോഴിക്കോട് നഗരത്തില്‍നിന്ന് കിനാലൂര്‍വരെ നാലുവരി പാത വേണമെന്നതായിരുന്നു. 15,000 ത്തില്‍പരം യുവജനങ്ങള്‍ക്ക് നേരിട്ടും ഇരട്ടിയിലധികം പേര്‍ക്ക് പരോക്ഷമായും ജോലി കിട്ടുന്നതായിരുന്നു ഈ വ്യവസായപദ്ധതി. കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെ നോക്കിയ പദ്ധതി, റോഡ് വികസനം വൈകിയതിനാല്‍ നടക്കാതെ പോയി. അഭ്യസ്തവിദ്യരായ പതിനായിരക്കണക്കിനു യുവതീയുവാക്കള്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്, ആയിരക്കണക്കിനു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ഒരു പദ്ധതി നഷ്ടമായത്.

ഈ സാഹചര്യത്തില്‍ പുതിയ പദ്ധതികള്‍ക്കായി കെഎസ്ഐഡിസി ശ്രമം ആരംഭിച്ചു. കോഴിക്കോട് ജില്ലയില്‍ നന്നായി വികസിച്ച 'ഫുട്‌വെയര്‍' ഉല്‍പ്പാദന വ്യവസായം കൂടുതല്‍ വികസിപ്പിക്കാന്‍ ഒരു ഇന്റഗ്രേറ്റഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായി 70 ഏക്കര്‍ ഭൂമി കിനാലൂരില്‍ അനുവദിക്കാന്‍ തീരുമാനിച്ചു. 50 ഏക്കര്‍ ഭൂമി ഫുഡ് പ്രോസസിങ് വ്യവസായപര്‍ക്ക് വികസിപ്പിക്കാന്‍, കിന്‍ഫ്രയ്ക്ക് കൈമാറാനും തീരുമാനമായി. യുഎഇയില്‍നിന്നുള്ള ഒരു പ്രമുഖല്ലസ്ഥാപനം ഒരു 'മെഡിസിറ്റി' സ്ഥാപിക്കാനുള്ള നിര്‍ദേശവുമായി കെഎസ്ഐഡിസിയെ സമീപിച്ചു. കഴിഞ്ഞ ഏപ്രിലില്‍ അവര്‍ കിനാലൂര്‍ സന്ദര്‍ശിച്ച് സ്ഥലം അനുയോജ്യമാണെന്ന് ബോധ്യപ്പെട്ടു. മേയ് 17ന് തുടര്‍ചര്‍ച്ചയ്ക്കായി അവര്‍ വീണ്ടും സംസ്ഥാനത്തെത്തുന്നുണ്ട്. മലേഷ്യന്‍ കമ്പനി നേരത്തെ നിര്‍ദേശിച്ചതിനേക്കാള്‍ വലിയ പദ്ധതിയാണ് ഇപ്പോള്‍ വന്നിട്ടുള്ള നിര്‍ദേശം.

ഇത്തരമൊരു പദ്ധതി നിലവില്‍വരണമെങ്കില്‍ റോഡ് വികസനം അനിവാര്യമാണ്. ചര്‍ച്ചയെല്ലാം കഴിഞ്ഞ് ഒടുവില്‍ റോഡ് സൌകര്യമില്ലെന്നു പറഞ്ഞ് യുഎഇ കമ്പനിയും ഒഴിഞ്ഞുപോകാന്‍ ഇടവരരുതെന്ന് സര്‍ക്കാര്‍ കരുതുന്നു. മലേഷ്യന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടത് ഒന്നരവര്‍ഷംമുമ്പാണ്. അന്നുമുതലാണ് പുതിയ റോഡിനെക്കുറിച്ചുള്ള ആലോചന വന്നത്. 2008-09 വര്‍ഷത്തെ ബജറ്റില്‍ 25 കോടി രൂപ ഈ റോഡ് നിര്‍മാണത്തിനായി നീക്കിവച്ചു. റോഡ് നിര്‍മാണത്തിന്റെ ചുമതല കെഎസ്ഐഡിസിക്കായിരുന്നു. പുതിയ റോഡിന്റെ 'അലൈന്‍മെന്റ്' നിശ്ചയിക്കാന്‍ 'ഇന്‍കെലി'നെ (ഇന്‍ഫ്രാ സ്ട്രക്ചേഴ്സ് കേരള ലിമിറ്റഡ്) ചുമതലപ്പെടുത്തി. ഇന്‍കലാണ് 'വില്‍ബര്‍ സ്മിത്ത്' എന്ന സ്ഥാപനത്തെ കണ്‍സള്‍ട്ടന്റായി തെരഞ്ഞെടുത്തത്. ഈ സ്ഥാപനം നാലു നിര്‍ദേശം തയ്യാറാക്കി. അവ പരിശോധിച്ച് ഏറ്റവും ചെലവ് കുറഞ്ഞതും ഏറ്റവും കുറച്ച് വീടുകളെ ബാധിക്കുന്നതുമായ നിര്‍ദേശം സര്‍വേചെയ്യാന്‍ തീരുമാനിച്ചു. ഈ റോഡിന് എത്ര മീറ്റര്‍ വീതിവേണം, എത്ര ഭൂമിവേണം എന്നെല്ലാം സര്‍വേക്കുശേഷമേ തീരുമാനിക്കാനാകൂ.

സര്‍ക്കാര്‍ പണം ചെലവഴിച്ച് നിര്‍മിക്കുന്ന റോഡായതിനാല്‍ ഇത് പൊതുറോഡാണ്. 'ബിഒടി' റോഡാണെന്ന ദുഷ്പ്രചാരണം നടത്തിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. 100 മീറ്റര്‍ വീതിയുള്ള റോഡ് എന്നതും വസ്തുതാ വിരുദ്ധമാണ്. സര്‍വേ നടത്തുന്നതിനുമുമ്പ്, ജില്ലയിലെ മുഴുവന്‍ രാഷ്ട്രീയ പാര്‍ടികളുടെയും ജന പ്രതിനിധികളുടെയും യോഗം കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്തു. വ്യവസായമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോഴിക്കോട് എംപി, എംഎല്‍എമാര്‍, കലക്ടര്‍ എന്നിവരും റോഡിനെതിരെ രൂപംകൊണ്ട സോളിഡാരിറ്റി നേതൃത്വം നല്‍കുന്ന 'ജന ജാഗ്രതാ സമിതി' ഭാരവാഹികളും പങ്കെടുത്തു. വിശദമായ ചര്‍ച്ചയ്ക്കുശേഷം റോഡ് സര്‍വേ നടത്താന്‍ തീരുമാനിച്ചു. സര്‍വേ നടത്താന്‍ ചെന്ന ഉദ്യോഗസ്ഥരെ സോളിഡാരിറ്റി നേതൃത്വം നല്‍കുന്ന സമരസമിതി പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് കലക്ടര്‍, വിവിധ തലങ്ങളില്‍ പത്ത് യോഗം നടത്തി. കക്കോടി, ചേളന്നൂര്‍, നന്‍മണ്ട, കാക്കൂര്‍, ഉണ്ണികുളം, പനങ്ങാട് പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റുമാരും ബാലുശേരി, കൊടുവള്ളി മണ്ഡലം എംഎല്‍എമാരും റോഡ് പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിനോടഭ്യര്‍ഥിച്ചു. പനങ്ങാട് പഞ്ചായത്ത് ബോര്‍ഡിന്റെ നേതൃത്വത്തില്‍ വട്ടോളി ബസാറില്‍ വലിയ ബഹുജനറാലി സംഘടിപ്പിച്ച്, വികസനപദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചു. റോഡ് വികസനവുമായി മുന്നോട്ടു പോകണമെന്നഭ്യര്‍ഥിച്ച് സര്‍ക്കാരിന് നിവേദനം നല്‍കി.

ഈ സാഹചര്യത്തില്‍ റോഡ് വികസനത്തിന്റെ സര്‍വേ ആരംഭിക്കാന്‍ കെഎസ്ഐഡിസി തീരുമാനിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ വട്ടോളി ബസാര്‍മുതല്‍ കിനാലൂര്‍ വ്യവസായപാര്‍ക്കുവരെയുള്ള ഭാഗം സര്‍വേ നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചിരുന്നു. വട്ടോളി ബസാര്‍മുതല്‍ കിനാലൂര്‍ വ്യവസായപാര്‍ക്കുവരെയുള്ള നിലവിലുള്ള റോഡ് നേരത്തെ കെഎസ്ഐഡിസി നിര്‍മിച്ചതാണ്. അത് വീതി കൂട്ടാന്‍ 82 ഭൂ ഉടമകളുടെ ഭൂമിയാണ് എടുക്കേണ്ടത്. സ്ഥല ഉടമകളുടെ യോഗം കലക്ടര്‍ പനങ്ങാട് പഞ്ചായത്ത് ഓഫീസില്‍ വിളിച്ചുചേര്‍ത്തു. സ്ഥലമെടുപ്പിന് താഴെപറയുന്ന പാക്കേജ് കലക്ടര്‍ ഭൂഉടമകളെ അറിയിച്ചു.

1. വിട്ടു നല്‍കേണ്ടി വരുന്ന ഭൂമിക്ക് ന്യായമായ വില നല്‍കും

2. വീട് നഷ്ടപ്പെടുന്നവര്‍ക്ക്, നഷ്ടപരിഹാരത്തിനു പുറമെ, റോഡ് സൈഡില്‍ അഞ്ച് സെന്റ് ഭൂമി സൌജന്യമായി നല്‍കും.

3. വീടും ഭൂമിയും വിട്ടുനല്‍കുന്നവരുടെ കുടുംബത്തില്‍നിന്ന് ഓരോരുത്തര്‍ക്ക്, കിനാലൂരില്‍ വരുന്ന വ്യവസായങ്ങളില്‍ അനുയോജ്യമായ ജോലി നല്‍കും.

4. ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് അവശേഷിക്കുന്ന ഭൂമിയില്‍ കെട്ടിടങ്ങള്‍ ഉണ്ടാക്കാന്‍ ആവശ്യമാണെങ്കില്‍ ചട്ടങ്ങളില്‍ ഇളവു നല്‍കും.

ഈ പാക്കേജ് ഭൂരിപക്ഷം ഭൂഉടമകളും അംഗീകരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് മെയ് ആറിന് സര്‍വേ നടത്താന്‍ തീരുമാനിച്ചത്.

(രണ്ടാം ഭാഗം വികസനം തകര്‍ക്കാന്‍ ആക്രമണം)

എളമരം കരീം ദേശാഭിമാനി 13052010/14052010

3 comments:

  1. 'കിനാലൂര്‍' എല്‍ഡിഎഫ് സര്‍ക്കാരിനെതിരായ രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധമാക്കി യുഡിഎഫും സോളിഡാരിറ്റിയും വികസനവിരുദ്ധ ശക്തികളും ഉപയോഗിക്കുകയാണ്. ഒരു വിഭാഗം മാധ്യമങ്ങള്‍ ഈ പ്രചാരണം ആവേശത്തോടെ ഏറ്റെടുത്തിരിക്കുന്നു. പ്രതിപക്ഷ നേതാവുള്‍പ്പെടെ യുഡിഎഫ് നേതാക്കള്‍ തികച്ചും വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അഴിച്ചുവിട്ടത്. 'നൂറു മീറ്റര്‍' വീതിയുള്ള റോഡ് എന്തിനാണ് എന്നാണ് ഒരു ചോദ്യം. കിനാലൂരില്‍ എന്ത് വ്യവസായപദ്ധതിയാണ് വരുന്നത് എന്ന് മറ്റൊരു ചോദ്യം. കിനാലൂരിലെ കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റ് തൊഴിലാളികളെ പിരിച്ചുവിട്ടശേഷം, റബര്‍തോട്ടം തുണ്ടുകളാക്കി വില്‍പ്പന നടത്തിയപ്പോള്‍, വിലയ്ക്കു വാങ്ങിയവര്‍ക്കുവേണ്ടി (ഭൂമാഫിയ)യാണ് ഈ റോഡ് എന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ഇത്തരം പ്രചാരവേലകള്‍ നടക്കുമ്പോള്‍ വസ്തുതകള്‍ ജനങ്ങളറിയണം.

    ReplyDelete
  2. കിനാലൂര്‍ കവിതകള്‍
    ----------------------------------------------
    ചോരക്കു നിറം കറുപ്പ്
    ---------------------------------------------
    നിറം മങ്ങിയ കൊടികള്‍ കീറി
    ( അന്യന്റെ )
    ചോരമുക്കി ചുകപ്പിക്കാം...
    വെട്ടിനിരത്തിയ വയലുകളില്‍
    ടൂറിസത്തിന് വിത്തിറക്കാം.
    ഇനി
    സര്‍ സിപിയുടെ വീരഗാഥകള്‍ കേട്ട്
    കുട്ടികള്‍ കൂര്ക്കം വലിച്ചുറങ്ങട്ടെ ..

    ശുദ്ധി കലശം
    -------------------------
    ഫാം ടൂറിസത്തില്‍
    ചാണകത്തിന്നു
    വിദൂര സാധ്യതകളുണ്ട്
    അകവും പുറവും വെളുപ്പിക്കാന്‍
    ചാണകം മെഴുകി തേച്ചാല്‍ മതി..

    വീഴ്ചയും കാഴ്ചയും
    ---------------------------------------
    കൊടുങ്കാറ്റു വന്നാല്‍
    ചില വന്മരങ്ങള്‍ പോലും
    പിഴുതെറിയപ്പെടാറുണ്ട്..
    ( എളമരങ്ങള്ക്ക് എന്തുണ്ട് ന്യായം )
    തന്നെ പുല്കിങയ
    ചെറു ചെടികളെ
    ഭൂമി മാറോടണക്കും
    കാറ്റിനും കോളിനും കൈവിടാതെ ...

    --------------------------
    യൂസുഫ് പുലാപ്പറ്റ

    എന്താണ് വികസനം എന്നത് വിശദീകരിക്കപ്പെടെണ്ടാതാണ്.. ബഹുഭൂരിപക്ഷം പേര്‍ക്കും എതിരായതും ചില വമ്പന്‍ സ്രാവുകള്‍ക്ക് മാത്രം ലാഭം കിട്ടുന്നതുമായ വികസനമാനെങ്കില്‍ അതിനെ " വികസനം " എന്ന് പേരിട്ടത് കൊണ്ടായില്ല... അടിസ്ഥാന വര്‍ഗ്ഗത്തിന്റെ പുരോഗതി തടഞ്ഞു കൊണ്ടുള്ള , അവരെ വഴിയാധാരമാക്കിയുള്ള ഒരു വികസനവും അന്ഗീകരിക്കാവതല്ല ( ഇതിനെതിരെയൊക്കെ സമരം നടത്തി വളര്‍ന്നു വന്നതാണല്ലോ മന്ത്രി എളമരം കരീമും അദ്ധേഹത്തിന്റെ പാര്‍ടിയും )
    കാന്‍സര്‍ ഒരുതരം വളര്‍ച്ചയാണ്.. ക്രമമല്ലാത്ത വളര്‍ച്ച, ക്രമം അല്ലാത്തതൊക്കെ അക്രമമാണ്.. ഇത്തരം വികസനവും വളര്‍ച്ചയും അതിനാല്‍ തന്നെ എതിര്‍ത്ത് തോല്‍പ്പിക്കേണ്ടത് തന്നെ..
    സോളിഡാരിറ്റി ക്ക് വിപ്ലവാഭിവാദ്യങ്ങള്‍..

    ReplyDelete
  3. kinalooril kandadu jama athinte kapada mugham .vilayil.

    ReplyDelete