Sunday, May 2, 2010

കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതി തുടങ്ങി

സംസ്ഥാന സര്‍ക്കാരിന്റെ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിക്ക് തുടക്കമായി. ഗാന്ധി പാര്‍ക്കില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പദ്ധതി ഉദ്ഘാടനംചെയ്തു. അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താന്‍ നമുക്കാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങാന്‍ കാരണം തൊഴിലാളികളുടെ ക്ഷാമമാണ്. ഇവിടെയുള്ള ചില കങ്കാണിമാര്‍ കുടിയേറ്റ തൊഴിലാളികളെ ചൂഷണംചെയ്യുന്നുണ്ട്. ഇതിന് പരിഹാരം കാണാനാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രി പി കെ ഗുരുദാസന്‍ അധ്യക്ഷനായി. കുടിയേറ്റ തൊഴിലാളികള്‍ക്കുള്ള അംഗത്വ കാര്‍ഡ് വിതരണം മന്ത്രിമാരായ എം വിജയകുമാറും സി ദിവാകരനും നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയായി. കുടിയേറ്റ തൊഴിലാളി ക്ഷേമനിധിക്കായി സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചിരുന്നു. ചികിത്സാ ധനസഹായം, ആശ്വാസ ധന സഹായം, അംഗതൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ഗ്രാന്റ്, ആശ്രിതര്‍ക്ക് മരണാനന്തര ധനസഹായം തുടങ്ങിയ വിവിധ ക്ഷേമാനുകൂല്യങ്ങള്‍ പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് നല്‍കും. പദ്ധതിയില്‍ അംഗമാകാനും അംഗത്വ കാര്‍ഡുകള്‍ കൈപ്പറ്റാനുമായി നൂറുകണക്കിന് അന്യ സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ ഗാന്ധി പാര്‍ക്കിലേക്കെത്തിയിരുന്നു. എംഎല്‍എമാരായ വി ശിവന്‍കുട്ടി, എ എ അസീസ്, മേയര്‍ സി ജയന്‍ബാബു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, ലേബര്‍ കമീഷണര്‍ സി രഘു, എം പി ഭാര്‍ഗവന്‍, അഹമ്മദുകുട്ടി ഉണ്ണിക്കുളം, ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍മാര്‍ എന്നിവര്‍ സംസാരിച്ചു.

1 comment:

  1. സംസ്ഥാന സര്‍ക്കാരിന്റെ കേരള കുടിയേറ്റ തൊഴിലാളി ക്ഷേമപദ്ധതിക്ക് തുടക്കമായി. ഗാന്ധി പാര്‍ക്കില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പദ്ധതി ഉദ്ഘാടനംചെയ്തു. അന്യസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് എത്തുന്ന തൊഴിലാളികള്‍ക്ക് സംരക്ഷണം ഉറപ്പുവരുത്താന്‍ നമുക്കാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങാന്‍ കാരണം തൊഴിലാളികളുടെ ക്ഷാമമാണ്. ഇവിടെയുള്ള ചില കങ്കാണിമാര്‍ കുടിയേറ്റ തൊഴിലാളികളെ ചൂഷണംചെയ്യുന്നുണ്ട്. ഇതിന് പരിഹാരം കാണാനാണ് കുടിയേറ്റ തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    ReplyDelete