Wednesday, May 26, 2010

ചെറുകിട വ്യാപാര മേഖല കുത്തകകള്‍ക്ക്

ന്യൂഡല്‍ഹി: ചെറുകിട വ്യാപാര മേഖലയില്‍ നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം തയ്യാറാക്കിയ ശുപാര്‍ശ ഉടന്‍ പ്രസിദ്ധപ്പെടുത്തും. ശുപാര്‍ശയ്ക്ക് സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതോടെ ബഹുരാഷ്ട്ര കമ്പനികളുടെ ഷോപ്പിങ് മാളുകള്‍ രാജ്യത്ത് വ്യാപിക്കും. വാള്‍മാര്‍ട്ട്, ടെസ്കോ, കാരിഫോര്‍ തുടങ്ങി ആഗോള കുത്തകകള്‍ ചെറുകിട വ്യാപാര മേഖല കീഴടക്കും. ഒറ്റ ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നം വില്‍ക്കാന്‍ 51 ശതമാനം വിദേശനിക്ഷേപം ഇപ്പോള്‍ത്തന്നെ അനുവദിച്ചിട്ടുണ്ട്. പല ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഷോപ്പിങ് മാളുകള്‍ സ്ഥാപിക്കാനാണ് ഡിപ്പാര്‍ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ (ഡിപ്) പദ്ധതി തയ്യാറാക്കിയത്. നിര്‍ദേശത്തിന്റെ കരട് തയ്യാറായെന്ന് വാണിജ്യ മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള നീക്കത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പൂര്‍ണ പിന്തുണയുണ്ട്. ബഹുരാഷ്ട്ര കമ്പനികളുടെ ഷോപ്പിങ് മാളുകള്‍ സ്ഥാപിക്കുമ്പോള്‍ ചെറുകിട കച്ചവടക്കാര്‍ക്ക് കൂടുതല്‍ ഗുണകരമാകുമെന്നാണ് വാണിജ്യ മന്ത്രാലയത്തിന്റെ വിചിത്ര വാദം. വിദേശനിക്ഷേപ നയം രൂപപ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ട ഡിപ്പ് പരിഗണിക്കുന്ന ആറ് പേപ്പറില്‍ രണ്ടാമത്തെ വിഷയമാണ് ചില്ലറവ്യാപാരരംഗം. പ്രതിരോധ ഉല്‍പ്പാദനരംഗത്ത് പ്രത്യക്ഷ വിദേശനിക്ഷേപം കുറഞ്ഞത് 74 ശതമാനമായി ഉയര്‍ത്തണമെന്ന് ഡിപ്പ് നേരത്തെ ശുപാര്‍ശചെയ്തിരുന്നു. തല്‍ക്കാലം ഈ നിര്‍ദേശം നടപ്പാക്കാനാകില്ലെന്നും പ്രതിരോധമന്ത്രി എ കെ ആന്റണി വ്യക്തമാക്കിയിരുന്നു.
(വിജേഷ് ചൂടല്‍)

ചെറുകിട വ്യാപാരത്തില്‍ വിദേശ നിക്ഷേപം അരുത്: ഇടതുപക്ഷം

ന്യൂഡല്‍ഹി: ചെറുകിട വ്യാപാരരംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാന്‍ വീണ്ടും കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നു. വ്യവസായ നയ, പ്രോത്സാഹന വകുപ്പ് ഇതിനുള്ള നീക്കം തകൃതിയായി നടത്തുകയാണ്. ഇതില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ അഭ്യര്‍ഥിച്ചു. രാജ്യത്തെ റീട്ടെയില്‍ മേഖലയില്‍ ലക്ഷങ്ങള്‍ തൊഴിലെടുക്കുന്നുണ്ട്. വാള്‍മാര്‍ട്ടും ടെസ്കോയുമൊക്കെ ഈ രംഗത്തുവന്നാല്‍ അവരുടെ ജീവിതം താറുമാറാകും. റീട്ടെയില്‍ രംഗത്ത് വിദേശ നിക്ഷേപം പാടില്ലെന്ന് 2006ല്‍ ഹൈദരാബാദ് എഐസിസിയില്‍ കോഗ്രസ്സ് പ്രമേയം പാസാക്കിയിരിക്കെ യുപിഎ സര്‍ക്കാര്‍ ഇപ്പോള്‍ ഈ നീക്കം നടത്തുന്നത് വിചിത്രമാണ്.

പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യാതെ തുടര്‍നടപടികളരുത്: സിപിഐ എം

ന്യൂഡല്‍ഹി: പാര്‍ലമെന്റിലും സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ചചെയ്യാതെ യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്രവ്യാപാരകരാര്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകരുതെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഇന്ത്യ-ഇയു സ്വതന്ത്രവ്യാപാരകരാര്‍ ചര്‍ച്ചകള്‍ ഒക്ടോബറോടെ അവസാനിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. പാര്‍ലമെന്റിനെയും സംസ്ഥാനങ്ങളെയും അറിയിക്കാതെയുള്ള രഹസ്യചര്‍ച്ചയാണ് പുരോഗമിക്കുന്നത്. തൊണ്ണൂറ് ശതമാനം കാര്‍ഷികോല്‍പ്പന്നങ്ങളുടെയും തീരുവ പൂജ്യത്തിലേക്ക് താഴ്ത്താന്‍ വ്യവസ്ഥയുള്ള കരാര്‍ ഇയു രാജ്യങ്ങളിലെ കാര്‍ഷികമേഖല അനുഭവിക്കുന്ന സബ്സിഡി കണ്ടില്ലെന്ന് നടിക്കുന്നു. സബ്സിഡി ആനുകൂല്യത്തോടെ ഉല്‍പ്പാദിപ്പിക്കുന്ന ഇയു കാര്‍ഷികോല്‍പ്പന്നങ്ങള്‍ തള്ളുന്ന കമ്പോളമായി ഇന്ത്യ മാറും. ബൌദ്ധിക സ്വത്തവകാശത്തിന്റെ കാര്യത്തിലും കരാര്‍ ഇന്ത്യക്ക് ദോഷമാകും. ഇന്ത്യന്‍ പകര്‍പ്പവകാശനിയമം തിരുത്തി എഴുതണമെന്ന ആവശ്യംപോലുമുണ്ട്. മരുന്നുകള്‍ക്ക് പേറ്റന്റ് ഏര്‍പ്പെടുത്തിയത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്്. വ്യാവസായികോല്‍പ്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ വെട്ടിക്കുറയ്ക്കാന്‍ കരാര്‍ നിര്‍ദേശിക്കുന്നു. പ്രതിസന്ധിയിലായ ഇന്ത്യന്‍ വ്യവസായമേഖലയില്‍ ഇത് കൂടുതല്‍ പ്രത്യാഘാതം സൃഷ്ടിക്കും. ഈ സാഹചര്യത്തില്‍ കരാറിന്റെ വിശദാംശം രാജ്യത്തോട് കേന്ദ്രസര്‍ക്കാര്‍ വെളിപ്പെടുത്തണം. നിലവിലുള്ള നിര്‍ദേശങ്ങളും ചര്‍ച്ചകളും വ്യക്തമാക്കണം. പാര്‍ലമെന്റിലും സംസ്ഥാന സര്‍ക്കാരുകളുമായും ചര്‍ച്ചകള്‍ നടത്തിയശേഷമേ കരാറിന്റെ തുടര്‍നടപടികളുമായി സര്‍ക്കാര്‍ മുന്നേറാവൂ- പിബി പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

1 comment:

  1. ചെറുകിട വ്യാപാര മേഖലയില്‍ നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്നു. ഇതു സംബന്ധിച്ച് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയം തയ്യാറാക്കിയ ശുപാര്‍ശ ഉടന്‍ പ്രസിദ്ധപ്പെടുത്തും. ശുപാര്‍ശയ്ക്ക് സര്‍ക്കാരിന്റെ ഔദ്യോഗിക അംഗീകാരം ലഭിക്കുന്നതോടെ ബഹുരാഷ്ട്ര കമ്പനികളുടെ ഷോപ്പിങ് മാളുകള്‍ രാജ്യത്ത് വ്യാപിക്കും. വാള്‍മാര്‍ട്ട്, ടെസ്കോ, കാരിഫോര്‍ തുടങ്ങി ആഗോള കുത്തകകള്‍ ചെറുകിട വ്യാപാര മേഖല കീഴടക്കും. ഒറ്റ ബ്രാന്‍ഡിലുള്ള ഉല്‍പ്പന്നം വില്‍ക്കാന്‍ 51 ശതമാനം വിദേശനിക്ഷേപം ഇപ്പോള്‍ത്തന്നെ അനുവദിച്ചിട്ടുണ്ട്. പല ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ഷോപ്പിങ് മാളുകള്‍ സ്ഥാപിക്കാനാണ് ഡിപ്പാര്‍ട്മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ (ഡിപ്) പദ്ധതി തയ്യാറാക്കിയത്. നിര്‍ദേശത്തിന്റെ കരട് തയ്യാറായെന്ന് വാണിജ്യ മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി. നൂറ് ശതമാനം വിദേശനിക്ഷേപം അനുവദിക്കാനുള്ള നീക്കത്തിന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പൂര്‍ണ പിന്തുണയുണ്ട്.

    ReplyDelete