Saturday, May 8, 2010

ദേശാഭിമാനിയുടെ നിലനില്‍പ്പ് കാലത്തിന്റെ ആവശ്യം

തലസ്ഥാനത്ത് ആസ്ഥാന മന്ദിരത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ദേശാഭിമാനി വളര്‍ച്ചയുടെ ഒരു പടവുകൂടി കയറുകയാണ്. മത്സരാധിഷ്ഠിത മാധ്യമരംഗത്ത് ഏത് വന്‍കിട മാധ്യമസ്ഥാപനത്തോടും കിടപിടിക്കുംവിധം ഉയര്‍ന്ന സാങ്കേതികത്തികവും മികവും പുലര്‍ത്തും വിധമാണ് പുതിയ മന്ദിരവും അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയിട്ടുള്ളത്. സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകര്‍ക്കുമാത്രമല്ല, സംശുദ്ധമായ മാധ്യമസംസ്കാരത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും സന്തോഷമുളവാക്കുന്നതാണിത്.

വാരികയായി തുടങ്ങിയ ദേശാഭിമാനി 1946 ജനുവരി 18 മുതലാണ് ദിനപത്രമായി മാറിയത്. അന്നുതൊട്ടിന്നോളം ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ച് തൊഴിലാളി വര്‍ഗ താല്‍പ്പര്യത്തില്‍നിന്ന് അണുവിട വ്യതിചലിക്കാതെ മുന്നേറുകയാണ് ഈ പത്രം. 1942 സെപ്തംബര്‍ 6 മുതല്‍ 1946 ജനുവരി 18 വരെയുള്ള കാലയളവില്‍ കൊച്ചി ഗവമെന്റ് ഒരുതവണയും ദിവാന്‍ ഭരണം രണ്ടുവട്ടവും ദേശാഭിമാനിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. 1947 ജനുവരി 23ന് മദിരാശി ഗവമെന്റ് പൊതുരക്ഷാ നിയമമെന്ന ഓര്‍ഡിനന്‍സിലൂടെ ദേശാഭിമാനി പത്രാധിപസമിതിയംഗങ്ങളില്‍ നിരവധിപേരെ അറസ്റ്ചെയ്ത് ജയിലിലടച്ചു. അതേവര്‍ഷം ജൂ 20ന്് ജാമ്യസംഖ്യ അടയ്ക്കാത്തതിന്റെ പേരില്‍ പത്രം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു. താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവച്ച ഈ പത്രം ആഗസ്തില്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. മലബാര്‍ ലഹളയുമായി ബന്ധപ്പെടുത്തി ഇ എം എസ് എഴുതിയ ലേഖനത്തിന്റെ പേരില്‍ വീണ്ടും നിരോധിച്ചു. അടിയന്തരാവസ്ഥ പോലുള്ള വേട്ടയാടല്‍ വേളകളിലും ദേശാഭിമാനിയെ തകര്‍ക്കാന്‍ നീക്കമുണ്ടായി. അധികാര പ്രമത്തതയ്ക്കെതിരെയുള്ള പോരാട്ടങ്ങള്‍ക്ക് കരുത്തുറ്റ വഴികാട്ടിയായതാണ് ദേശാഭിമാനിയെ പലരുടെയും കണ്ണിലെ കരടാക്കിയത്. ഓരോ പ്രതിസന്ധിയിലും ഊണും ഉറക്കവുമുപേക്ഷിച്ച് പത്രത്തിന്റെ സംരക്ഷകരും പ്രചാരകരുമായി ആയിരക്കണക്കിനുപേര്‍ രംഗത്തുവന്നു. ശക്തമായി ഉയര്‍ത്തിപ്പിടിക്കുന്ന തൊഴിലാളിവര്‍ഗ പക്ഷപാതവും കറയറ്റ മാധ്യമ സംസ്കാരവുമാണ് മറ്റൊരു പത്രത്തിനും അവകാശപ്പെടാനാവാത്ത വിധം ദേശാഭിമാനിയെ ജനലക്ഷങ്ങളുടെ പ്രിയപ്പെട്ടതാക്കിയത്. വായനാ സര്‍വേകളില്‍നിന്ന് ദേശാഭിമാനിയെ അടര്‍ത്തിമാറ്റാന്‍ കഴിയാത്തതിനും പ്രചാരത്തില്‍ മുഖ്യമാക്കുന്നതിനും കാരണവും ഈ വന്‍ ജനപിന്തുണയാണ്.

തിരുവനന്തപുരം, കൊല്ലം ജില്ലകള്‍ ഉള്‍പ്പെടുന്ന പഴയ തിരുവിതാംകൂറിലും ഐക്യകേരള രൂപീകരണത്തിനുശേഷവും ഈ പ്രദേശങ്ങളിലെ ജനകീയ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ ദേശാഭിമാനിക്കായി. ശൂരനാട്, കടയ്ക്കല്‍, കല്ലറ-പാങ്ങോട്, കാണിപ്പറ്റ് തുടങ്ങിയ നിണമാര്‍ന്ന പോരാട്ടങ്ങളുടെ കരുത്തും ത്യാഗനിര്‍ഭരമായ ജീവിതത്തിലൂടെ കാലത്തിന് വഴികാട്ടിയ രക്തസാക്ഷികളുടെ തുടിപ്പുമാണ് ദേശാഭിമാനിയെ മുന്നോട്ടുനയിക്കുന്നത്. ഇന്നും വെറും പ്രാദേശികമെന്ന് വിവക്ഷിക്കാവുന്ന ചെറിയ പ്രക്ഷോഭ മുന്നേറ്റങ്ങളിലെല്ലാം അതിന് മാര്‍ഗവും വെളിച്ചവും ധൈര്യവും പകരാന്‍ ദേശാഭിമാനിക്കു കഴിയുന്നു. വെറും പത്രമല്ല, ഒപ്പമുള്ള സഖാവാണിതെന്ന് ലക്ഷോപലക്ഷം വായനക്കാര്‍ തിരിച്ചറിയുന്നു.

ദേശാഭിമാനി ഒരു പൊതു പത്രം എന്നതിനൊപ്പം സിപിഐ എമ്മിന്റെ മുഖമൊഴികൂടിയാണ്. പാര്‍ടി പരിപാടിയുടെയും പ്രയോഗ പ്രവര്‍ത്തനങ്ങളുടെയും പ്രചാരകനാണിത്. സിപിഐ എമ്മിനെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളെയും ആശയപരമായി മാത്രമല്ല കായികമായും നേരിടുന്നത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ലോകത്താകെയുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളെ തകര്‍ക്കാനും സാമ്രാജ്യത്വ കുത്തക അടിച്ചേല്‍പ്പിക്കാനും കൊണ്ടുപിടിച്ച് ശ്രമം നടക്കുന്ന കാലമാണിത്. സോവിയറ്റ് യൂണിയന്റെ പതനത്തോടെ ലോകത്താകെ സോഷ്യലിസം തകര്‍ന്നെന്നും കമ്യൂണിസം കാലഹരണപ്പെട്ടെന്നും വിളിച്ചു കൂവിയ ബൂര്‍ഷ്വാ മാധ്യമങ്ങളും അവരുടെ പ്രചാര കുഴലൂത്തുകാരും ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്. ലോക സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നേറ്റവും ശക്തമായിക്കൊണ്ടിരിക്കുന്ന തിരിച്ചുവരവും അവരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുനേരെയുള്ള ആക്രമണം ഇനിയും ശക്തമാക്കുമെന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തിവേണം ദേശാഭിമാനിയുടെയും മറ്റ് ഇടതുപക്ഷ മാധ്യമങ്ങളുടെയും പ്രസക്തിയും സാധ്യതയും വിലയിരുത്തേണ്ടത്.

സിപിഐ എമ്മിനു നേരേയുള്ള ആക്രമണം അത് പിറവികൊണ്ട കാലംമുതലുള്ളതാണ്. പാര്‍ടിയുടെ നയപരിപാടികളെ ക്രിയാത്മകമായി സമീപിക്കാതെ പാര്‍ടി വിരുദ്ധ പ്രചാരണങ്ങള്‍ക്ക് കൂടുതല്‍ നിറം നല്‍കി പൊലിപ്പിക്കുന്ന മാധ്യമ സംസ്കാരം ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍ ശക്തമായി വേരോടിയിട്ടുണ്ട്. പാര്‍ടിയെ കൂട്ടായി ആക്രമിക്കുന്നതിനൊപ്പം നേതൃത്വത്തെ ഒറ്റതിരിഞ്ഞ് അപവദിക്കുകയെന്ന പുത്തന്‍ സങ്കേതമാണ് ബൂര്‍ഷ്വാ മാധ്യമങ്ങളും ദേശീയത അവകാശപ്പെടുന്ന പിന്തിരിപ്പന്‍ കോര്‍പറേറ്റുകളും നടത്തുന്നത്. ഏറ്റവുമൊടുവില്‍ ലാവ്ലിന്‍ വിഷയത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിക്കെതിരെ നടത്തുന്ന അപവാദ വ്യവസായം ഇതിന്റെ തുടര്‍ച്ചയാണ്. ഒരു ദശാബ്ദമായി ഈ മാധ്യമങ്ങളുടെ പക്ഷപാതം സിപിഐ എം വിരുദ്ധമെന്ന ഏക അജന്‍ഡയിലേക്ക് മാറിക്കഴിഞ്ഞിട്ടുണ്ട്. ചാരപ്പണിയും കോഴപ്പണിയും നടത്തുന്ന മാധ്യമ മാഫിയകള്‍ ചൂടപ്പംപോലെ വിളമ്പുന്ന വാര്‍ത്തകള്‍ പ്രചാരണത്തിന്റെ ഹുങ്കില്‍ തല്‍ക്കാല വിജയം കൊയ്യുമെങ്കിലും നാളുകള്‍ക്കുള്ളില്‍ നീര്‍ക്കുമിളപോലെ പൊട്ടിമറയുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷിയാവുന്നത്. ദേശാഭിമാനിപോലെ ഇടതു പക്ഷപാതിത്വമുള്ള മാധ്യമങ്ങളുടെ ശക്തിയും കരുത്തും പ്രസക്തിയും ഇത്തരം സാഹചര്യങ്ങളിലാണ്. സൃഷ്ടിക്കപ്പെടുന്ന നുണക്കഥകളും അതിലൂടെ ഉരുത്തിരിച്ചെടുക്കുന്ന കലാപങ്ങളും അടിച്ചുടയ്ക്കാന്‍ ദേശാഭിമാനിക്കും മറ്റും കഴിയുന്നുണ്ട്.

ദേശാഭിമാനിയുടെ ആവശ്യവും പ്രചാരവും അത്യന്താപേക്ഷിതമാണെന്ന് കാലം ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു.

(കെ വരദരാജന്‍ ,ജനറല്‍ കണ്‍വീനര്‍, സംഘാടകസമിതി)

കൂടുതല്‍ ഉയരങ്ങളിലേക്ക്

ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ നടത്തുന്ന ജനങ്ങളുടെ പത്രം എന്ന വിശേഷണം കേരളത്തില്‍ ദേശാഭിമാനിക്കുമാത്രം ചേരുന്നതാണ്. ഇന്ന് സംസ്ഥാനത്തെ മൂന്നാമത്തെ വലിയ പത്രമായ ദേശാഭിമാനി പൂര്‍ണമായും ജനങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ്. അതിന്റെ പ്രചാരം വര്‍ധിപ്പിക്കാന്‍ ആയിരക്കണക്കിന് ജനങ്ങള്‍ കര്‍മരംഗത്തിറങ്ങുകയാണ്. കഴിഞ്ഞ ദിവസം ആയിരം കൈത്തറിത്തൊഴിലാളികള്‍ ദേശാഭിമാനിയുടെ വരിക്കാരായി ചേര്‍ന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുകയുണ്ടായി. പാവപ്പെട്ട തൊഴിലാളികള്‍ എന്തുമാത്രം ആവേശത്തോടെയും താല്‍പ്പര്യത്തോടെയുമാണ് ദേശാഭിമാനിയെ സ്വീകരിക്കുന്നത് എന്നതിന്റെ ഉത്തമ നിദര്‍ശനമായിരുന്നു ആ പരിപാടി. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ, അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ, മര്‍ദനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കുമിരയാകുന്നവരുടെ മുഖപത്രമാണ് ദേശാഭിമാനി. അതുകൊണ്ടുതന്നെ പ്രാരംഭം മുതല്‍ ദേശാഭിമാനിയെ കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ എല്ലാം മറന്ന് സഹായിക്കുന്നു; പ്രതിസന്ധികളില്‍ താങ്ങായി സംരക്ഷിക്കുന്നു.
1989 ജനുവരിയിലാണ് തിരുവനന്തപുരത്ത് ദേശാഭിമാനിയുടെ പ്രസിദ്ധീകരണം ആരംഭിച്ചത്. അതിനുമുമ്പ് കോഴിക്കോട്ടും കൊച്ചിയിലുമേ എഡിഷനുകളുണ്ടായിരുന്നുള്ളൂ. തിരുവനന്തപുരത്ത് നേരത്തെ ഒരു പത്രം നടത്തിയിരുന്ന കെട്ടിടം വിലയ്ക്കുവാങ്ങിയാണ് അച്ചടി തുടങ്ങിയത്. ആ കെട്ടിടത്തിന്റെ പരിമിതികളില്‍ നിന്ന്, ആധുനിക സൌകര്യങ്ങളുള്ള ആസ്ഥാന മന്ദിരത്തിലേക്കാണ് ഇപ്പോള്‍ ദേശാഭിമാനി മാറുന്നത്. നാടിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാന്‍ മുന്നില്‍നിന്ന പത്രം എന്ന നിലയ്ക്ക് ദേശാഭിമാനിയുടെ ഈ വളര്‍ച്ച എല്ലാ വിഭാഗം ജനങ്ങളെയും സന്തോഷിപ്പിക്കുന്നതാണ്. തൊഴിലാളികളും കൃഷിക്കാരും ജീവനക്കാരും അധ്യാപകരും, വിദ്യാര്‍ഥികളും പുരോഗമനവാദികളായ എല്ലാവരും ദേശാഭിമാനിയെ വെറുമൊരു വാര്‍ത്താ പത്രമായല്ല, തങ്ങളുടെ ജീവിതപ്രയാസങ്ങളില്‍ കൈത്താങ്ങായാണ് കാണുന്നത്. മറ്റു മാധ്യമങ്ങള്‍ അപവാദങ്ങളുടെയും നുണക്കഥകളുടെയും വിഷപ്പുകകൊണ്ട് തൊഴിലാളി വര്‍ഗപ്രസ്ഥാനത്തെ മൂടാനൊരുമ്പെട്ടപ്പോഴെല്ലാം ധീരധീരം ചെറുത്തുനിന്നത്, നേരിന്റെ ശബ്ദം മുഴക്കിയത് ഈ പത്രമാണ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ശത്രുക്കള്‍പോലും ദേശാഭിമാനിയെ ആദരവോടെയാണ് കാണാറുള്ളത്.

പുതിയ കാലത്തിനനുസൃതമായ മാറ്റങ്ങളോടെ മുന്നോട്ടേക്കുള്ള കുതിപ്പിന്റെ ഘട്ടത്തില്‍ ദേശാഭിമാനിക്ക് കരുത്തുപകരാനുള്ള കടമ പുരോഗമന പ്രസ്ഥാനത്തിനും ഇടതുപക്ഷ-മതനിരപേക്ഷ ചിന്ത മനസ്സിലേറ്റുന്നവര്‍ക്കാകെയുമുണ്ട്. ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന പരിപാടി വിജയിപ്പിക്കാനാവശ്യമായ വിപുലമായ ഒരുക്കങ്ങളാണ് നടന്നിട്ടുള്ളത്. ദേശാഭിമാനിയുടെ ഉയര്‍ച്ച കാംക്ഷിക്കുന്ന ആയിരങ്ങള്‍ ഇതില്‍ പങ്കാളികളായി. വായനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതില്‍ ദേശാഭിമാനിയാണ് ഇന്ന് മുന്നില്‍. പ്രചാരത്തിലും ദേശാഭിമാനി മുന്നിലെത്തണം. തിരുവനന്തപുരം ജില്ലയില്‍ ലക്ഷം വരിക്കാരെ കണ്ടെത്താനുള്ള പ്രവര്‍ത്തനം നടക്കുന്നു. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ള ജനങ്ങള്‍ക്ക് ആശ്രയിക്കാവുന്ന, താല്‍പ്പര്യപൂര്‍വം വായിക്കാവുന്ന സമ്പൂര്‍ണതയും സമഗ്രതയുമുള്ള പുതിയ ദേശാഭിമാനി ഒരുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിജയിപ്പിക്കുന്നതിന് ദേശാഭിമാനിയുടെ പ്രചാരം ഇനിയുമിനിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. അതിനായി കര്‍മരംഗത്തുള്ള പ്രവര്‍ത്തകരെ അഭിവാദ്യംചെയ്യുന്നു.

(കടകംപള്ളി സുരേന്ദ്രന്‍, ചെയര്‍മാന്‍, സംഘാടകസമിതി)

ദേശാഭിമാനി 08052010

1 comment:

  1. തലസ്ഥാനത്ത് ആസ്ഥാന മന്ദിരത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതോടെ ദേശാഭിമാനി വളര്‍ച്ചയുടെ ഒരു പടവുകൂടി കയറുകയാണ്. മത്സരാധിഷ്ഠിത മാധ്യമരംഗത്ത് ഏത് വന്‍കിട മാധ്യമസ്ഥാപനത്തോടും കിടപിടിക്കുംവിധം ഉയര്‍ന്ന സാങ്കേതികത്തികവും മികവും പുലര്‍ത്തും വിധമാണ് പുതിയ മന്ദിരവും അനുബന്ധ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയിട്ടുള്ളത്. സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തകര്‍ക്കുമാത്രമല്ല, സംശുദ്ധമായ മാധ്യമസംസ്കാരത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും സന്തോഷമുളവാക്കുന്നതാണിത്.

    ReplyDelete