പൊതുതാല്‍പ്പര്യ ഹര്‍ജികളുടെ രംഗത്തെ പുഴുക്കുത്തുകള്‍ തടയാനുള്ള സുപ്രീം കോടതി നടപടികള്‍ അവസാനഘട്ടത്തിലേക്ക്. ഇതിനായി ചട്ടങ്ങള്‍ രൂപപ്പെടുത്തി അറിയിക്കാന്‍ ഹൈക്കോടതികള്‍ക്ക് സുപ്രീം കോടതി നല്‍കിയ സമയപരിധി ഏപ്രില്‍ 18ന് അവസാനിച്ചു. കേരളം ഉള്‍പ്പെടെയുള്ള ഹൈക്കോടതികള്‍ വിശദമായ റിപ്പോര്‍ട്ട് സുപ്രീം കോടതി രജിസ്ട്രാര്‍ ജനറലിനു നല്‍കി. അന്തിമ തീരുമാനം എടുക്കാന്‍ മെയ് മൂന്നിന് കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
ഉത്തരാഖണ്ഡില്‍നിന്നുള്ള കേസ് പരിഗണിക്കുന്ന വേളയിലാണ് പൊതുതാല്‍പ്പര്യ ഹര്‍ജി കൈകാര്യം ചെയ്യുന്നതിന് പൊതുമാനദണ്ഡം നിശ്ചയിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. 2010 ജനുവരി 18ന് ജസ്റ്റിസ് ദല്‍വീര്‍ ഭണ്ഡാരിയും ജസ്റ്റിസ് ഡോ. മുകുന്ദകം ശര്‍മയും ഉള്‍പ്പെട്ട ബെഞ്ച് ഇതിനായി അതിവിശദമായ ഉത്തരവുതന്നെ നല്‍കി. ഉത്തരാഖണ്ഡില്‍ അഡ്വക്കറ്റ് ജനറലിനെ നിയമിച്ചതിനെതിരെ ഒരു അഭിഭാഷകന്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് സുപ്രീം കോടതിയിലെത്തിയത്. 58 വര്‍ഷം മുമ്പ് സുപ്രീം കോടതിതന്നെ തീര്‍പ്പാക്കിയ ഒരു നിയമപ്രശ്നം വീണ്ടും ഉന്നയിക്കുകയാണ് ഹര്‍ജിയിലൂടെ അഭിഭാഷകന്‍ ചെയ്തതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചുതന്നെ പരിഗണിച്ചു തീര്‍പ്പാക്കിയ നിയമപ്രശ്നം വീണ്ടും ഉന്നയിച്ച് അഭിഭാഷകന്‍ നിയമവ്യവസ്ഥയെ ദുരുപയോഗപ്പെടുത്തുകയാണ് ചെയ്തതെന്ന് കോടതി കണ്ടു. ഈ സാഹചര്യത്തിലാണ് പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് നിയന്ത്രണം ആവശ്യമാണെന്ന നിഗമനത്തില്‍ സുപ്രീം കോടതി എത്തിയത്.
ഇത്തരത്തില്‍ ദുരുദ്ദേശ്യത്തോടെയും പകതീര്‍ക്കാനുള്ളതും ബാലിശവുമായ ഹര്‍ജികള്‍ ഇന്ത്യയിലെ മാത്രം പ്രതിഭാസമല്ലെന്ന് ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. അമേരിക്കയിലും ബ്രിട്ടനിലും കനഡയിലും ഇത്തരം കേസുമായി വരുന്നവര്‍ക്ക് പിഴശിക്ഷയും അല്ലാത്ത ശിക്ഷയും നല്‍കാറുണ്ട്. ഇന്ത്യന്‍ കോടതികളും പൊതുതാല്‍പ്പര്യ ഹര്‍ജി സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ മുമ്പ് നല്‍കിയിട്ടുണ്ട്. നിയമപരമായ വീഴ്ചകള്‍ക്കെതിരെയാകണം ഇത്തരം കേസുകളെന്നും ഒരുവിഭാഗം ആളുകള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഗണിക്കാനാകണം ഇത്തരം ഹര്‍ജികളെന്നുമൊക്കെ കോടതികള്‍ ചൂണ്ടിക്കാട്ടി. വ്യക്തികള്‍ക്കുണ്ടാകുന്ന കഷ്ടനഷ്ടങ്ങള്‍ പരിഹരിക്കാന്‍ മറ്റു മാര്‍ഗം തേടണം. നിയമസഹായ കേന്ദ്രങ്ങളെയും മറ്റും അവര്‍ക്ക് സമീപിക്കാം.
പൊതുതാല്‍പ്പര്യ ഹര്‍ജിക്കുള്ള അവകാശം ദുരുപയോഗപ്പെടുത്തിയതിനു തെളിവായി നിരവധി മുന്‍കാല വിധികള്‍ സുപ്രീം കോടതി ഈ വിധിയില്‍ ഉദ്ധരിച്ചുചേര്‍ക്കുന്നുണ്ട്. ഇപ്പോള്‍ പരിഗണനയ്ക്കുവന്ന ഉത്തര്‍ഖണ്ഡില്‍നിന്നുള്ള കേസ് പൊതുതാല്‍പ്പര്യ ഹര്‍ജിയുടെ ദുരുപയോഗത്തിന് 'ലക്ഷണം തികഞ്ഞ' മാതൃകയാണെന്ന് സുപ്രീം കോടതി പറഞ്ഞു.
അഭിഭാഷകന്‍തന്നെയാണ് ഇവിടെ നിയമവ്യവസ്ഥയെ അധിക്ഷേപിച്ചത്. അരനൂറ്റാണ്ടുമുമ്പുതന്നെ കോടതി തീര്‍പ്പാക്കിയ വിഷയമാണിതെന്ന് അഭിഭാഷകന്‍ അറിയേണ്ടതായിരുന്നു. നിരവധി ഹൈക്കോടതികളില്‍ സമാനമായ ഹര്‍ജികള്‍ പരിഗണിച്ച് തള്ളിയിട്ടുള്ളതാണ്. അത്യാവശ്യം വേണ്ട ഗവേഷണമെങ്കിലും നടത്തിവേണമായിരുന്നു അഭിഭാഷകന്‍ ഇത്തരം ഹര്‍ജിയുമായി വരാന്‍. അറിവില്ലായിരുന്നുവെന്ന് ഒരു അഭിഭാഷകന് വാദിക്കാനാകില്ല. ഈ സാഹചര്യത്തില്‍ അഭിഭാഷകന്‍ കോടതിച്ചെലവായി ഒരുലക്ഷം രൂപ നല്‍കണമെന്ന് വിധിക്കുകയാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ അഭിഭാഷകര്‍ക്ക് ക്ഷേമനിധി ഫണ്ട് ഇല്ലെങ്കില്‍ അതുണ്ടാക്കി തുക അതിലേക്കു വകയിരുത്തണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.
പൊതുതാല്‍പ്പര്യ ഹര്‍ജിയെ ഒരുതരത്തിലും നിരുത്സാഹപ്പെടുത്താന്‍ കോടതി ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീം കോടതി വിധിയില്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. ഒട്ടേറെ നല്ല കാര്യങ്ങള്‍ക്ക് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ വഴിയൊരുക്കിയിട്ടുണ്ട്. സമൂഹത്തിലെ ദുര്‍ബലരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ അനേകം പേര്‍ക്ക് പൊതുതാല്‍പ്പര്യ ഹര്‍ജിയിലൂടെ ഉണ്ടായ ഉത്തരവുകള്‍ സഹായമായിട്ടുണ്ട്. പൊതുതാല്‍പ്പര്യ ഹര്‍ജികളുടെ പവിത്രത നിലനിര്‍ത്തേണ്ടത് ഇപ്പോള്‍ ആവശ്യമായിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇതിനായി കോടതികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കേണ്ടത് ആവശ്യമാണെന്ന് വിധിയില്‍ പറയുന്നു.
എട്ടു നിര്‍ദേശങ്ങള്‍ ഇതിനായി വിധിയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുമുണ്ട്.
1. നേരായതും ഉത്തമവിശ്വാസത്തോടെയുള്ളതുമായ പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ കോടതികള്‍ പ്രോത്സാഹിപ്പിക്കണം. ബാഹ്യകാരണങ്ങളാല്‍ വരുന്ന ഹര്‍ജികള്‍ ഫലപ്രദമായി നിരുത്സാഹപ്പെടുത്തണം.
2. പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഓരോ ജഡ്ജിയും വ്യക്തിപരമായി തീരുമാനിക്കുന്ന സ്ഥിതി മാറണം. കോടതികള്‍ ഇതിനായി ചട്ടങ്ങള്‍ രൂപപ്പെടുത്തണം.
3. ഹര്‍ജി പരിഗണനയ്ക്ക് എടുക്കുംമുമ്പ് പരാതിക്കാരന്റെ വിശ്വാസ്യത കോടതിതന്നെ പ്രഥമദൃഷ്ട്യാ വിലയിരുത്തണം.
4. ഹര്‍ജിയുടെ ഉള്ളടക്കത്തിന്റെ ശരിയെപ്പറ്റി കോടതിക്ക് പൂര്‍ണ തൃപ്തിയുണ്ടാകണം.
5. കേസില്‍ ആവശ്യത്തിന് പൊതുതാല്‍പ്പര്യം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോടതിക്ക് ബോധ്യമാകണം.
6. കൂടുതല്‍ പൊതുതാല്‍പ്പര്യവും അടിയന്തരസ്വഭാവവും ഗൌരവവുമുള്ള പൊതുതാല്‍പ്പര്യം അടങ്ങിയ കേസുകള്‍ക്ക് മറ്റു കേസുകളേക്കാള്‍ മുന്‍ഗണന നല്‍കണം.
7. പൊതുജനത്തിനുണ്ടായ നഷ്ടമോ കോട്ടമോ പരിഹരിക്കാനുള്ള ശ്രമമാണ് ഹര്‍ജിയിലുള്ളതെന്ന് കോടതി ഉറപ്പുവരുത്തണം. കേസ് ഫയല്‍ചെയ്യുന്നതിനു പിന്നില്‍ എന്തെങ്കിലും വ്യക്തിപരമായ നേട്ടമുണ്ടാക്കലോ സ്വകാര്യലക്ഷ്യമോ ദുരുദ്ദേശ്യമോ ഇല്ലെന്ന് കോടതി ഉറപ്പാക്കണം.
8. ദുരുദ്ദേശ്യത്തോടെ ഏതെങ്കിലും കൌശലക്കാരന്‍ കൊണ്ടുവന്നതാണ് കേസെന്നു കണ്ടാല്‍ പിഴ ചുമത്തിയോ മറ്റു തരത്തിലുള്ള മാതൃകാപരമായ നടപടികള്‍ സ്വീകരിച്ചോ അത്തരക്കാരെ നിരുത്സാഹപ്പെടുത്തണം.
അഡ്വ. കെ ആര്‍ ദീപ ദേശാഭിമാനി ദിനപ്പത്രം
പൊതുതാല്‍പ്പര്യ ഹര്‍ജികളുടെ രംഗത്തെ പുഴുക്കുത്തുകള്‍ തടയാനുള്ള സുപ്രീം കോടതി നടപടികള്‍ അവസാനഘട്ടത്തിലേക്ക്. ഇതിനായി ചട്ടങ്ങള്‍ രൂപപ്പെടുത്തി അറിയിക്കാന്‍ ഹൈക്കോടതികള്‍ക്ക് സുപ്രീം കോടതി നല്‍കിയ സമയപരിധി ഏപ്രില്‍ 18ന് അവസാനിച്ചു. കേരളം ഉള്‍പ്പെടെയുള്ള ഹൈക്കോടതികള്‍ വിശദമായ റിപ്പോര്‍ട്ട് സുപ്രീം കോടതി രജിസ്ട്രാര്‍ ജനറലിനു നല്‍കി. അന്തിമ തീരുമാനം എടുക്കാന്‍ മെയ് മൂന്നിന് കേസ് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
ReplyDelete