Monday, May 10, 2010

ഗ്രാമീണസേവനങ്ങള്‍ക്കും പണം ഈടാക്കും

ന്യൂഡല്‍ഹി: ഗ്രാമീണജനത എല്ലാ സേവനങ്ങള്‍ക്കും സൌകര്യങ്ങള്‍ക്കും പണം നല്‍കേണ്ടിവരുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപംനല്‍കുന്നു. ഗ്രാമങ്ങളില്‍ നഗരസൌകര്യങ്ങള്‍ ലഭ്യമാക്കാന്‍ സ്വകാര്യപങ്കാളിത്തത്തോടെ പുറ (പ്രൊവിഷന്‍ ഓഫ് അര്‍ബന്‍ അമിനിറ്റീസ് ഇന്‍ റൂറല്‍ ഏരിയാസ്) എന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നത്. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വിടവു നികത്താനും നഗരസൌകര്യങ്ങള്‍ ഗ്രാമങ്ങളില്‍ ലഭ്യമാക്കാനും ജീവിതോപാധികള്‍ നല്‍കാനും തൊഴില്‍മികവ് വര്‍ധിപ്പിക്കാനുമായാണ് പദ്ധതി. ഇതില്‍ പങ്കുചേരാന്‍ കേന്ദ്ര ഗ്രാമവികസനമന്ത്രാലയം സ്വകാര്യസംരംഭകരില്‍നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു. ഇപ്പോള്‍ ഗ്രാമങ്ങളില്‍ ലഭിക്കുന്ന സൌകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഭാവിയില്‍ ഉണ്ടാവുന്നവയ്ക്കും ഫീസ് ഈടാക്കുന്നതാണ് പദ്ധതി. സൌജന്യമായി ഇതുവരെ ലഭിച്ചിരുന്നതെല്ലാം ഇനി പണംകൊടുത്ത് വാങ്ങേണ്ടിവരും. ജലവിതരണമടക്കമുള്ള മേഖലകള്‍ കൂടുതല്‍ വാണിജ്യവല്‍ക്കരിക്കും. കാര്‍ഷികമേഖലയിലെ സേവനങ്ങള്‍ സര്‍ക്കാര്‍സ്ഥാപനങ്ങളില്‍നിന്ന് ലഭ്യമായിരുന്നത് ക്രമേണ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള 'പുറ' സെന്ററുകളില്‍നിന്ന് വിലകൊടുത്ത് വാങ്ങേണ്ടിവരും.

നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ ഗ്രാമവികസനമേഖലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ള ഫണ്ടും സ്വകാര്യമൂലധനവും ചേര്‍ത്ത് പൊതു- സ്വകാര്യ പങ്കാളിത്ത പദ്ധതിയായാണ് നടപ്പാക്കുക. സാങ്കേതിക ഉപദേശം ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റേതാണ്. ശുദ്ധജലവിതരണം, മലിനജല നിര്‍ഗമനം, ഖരമാലിന്യസംസ്കരണം, തെരുവുവിളക്കുകള്‍, ടെലികോം സൌകര്യങ്ങള്‍, വൈദ്യുതോല്‍പ്പാദനം, ഉല്‍പ്പാദനമേഖലയിലെ പദ്ധതികള്‍, തൊഴില്‍ശേഷി വര്‍ധിപ്പിക്കാനുള്ള പരിപാടികള്‍ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി ഗ്രാമങ്ങളില്‍ നടപ്പാക്കുന്നത്. പഞ്ചായത്തുകളോ പഞ്ചായത്തുകളുടെ ക്ളസ്ററുകളോ കേന്ദ്രീകരിച്ചാകും ഇത്. ഗ്രാമങ്ങളില്‍ നിര്‍മിക്കുന്ന പശ്ചാത്തലസൌകര്യങ്ങള്‍ 10 വര്‍ഷം നോക്കിനടത്തുന്നതും സ്വകാര്യമേഖലയായിരിക്കും. പങ്കാളിയാകുന്ന സ്വകാര്യസംരംഭകര്‍ക്ക് വരുമാനം നേടാനുള്ള വഴികളും ഗ്രാമവികസനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നുണ്ട്. ഗ്രാമീണ ടൂറിസം, ഗ്രാമീണ മാര്‍ക്കറ്റുകള്‍, കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായുള്ള കേന്ദ്രങ്ങള്‍, വെയര്‍ഹൌസുകള്‍, സാമ്പത്തികമേഖലയുമായി ബന്ധപ്പെട്ട മറ്റു ഗ്രാമീണപദ്ധതികള്‍ എന്നിവയിലൂടെ വരുമാനം നേടാമെന്നാണ് മന്ത്രാലയം പറയുന്നത്. അമ്പതുകോടി രൂപവരെയുള്ള പശ്ചാത്തലസൌകര്യ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തി പരിചയമുള്ളവരെയാണ് പങ്കാളിത്തത്തിനായി ക്ഷണിക്കുന്നത്. മെയ് പത്തിനകം താല്‍പ്പര്യം അറിയിക്കണം. വന്‍കിടസംരംഭകരായിരിക്കും ഗ്രാമങ്ങളിലേക്കെത്തുന്നത്. നിരവധി പഞ്ചായത്തിലെ 'പുറ' പദ്ധതികള്‍ ഒന്നിച്ചെടുക്കുന്ന വന്‍കിടക്കാരുടെ കൈയിലേക്ക് ഗ്രാമീണജനങ്ങളുടെ ജീവിതത്തെ എറിഞ്ഞുകൊടുക്കാനുള്ളതാണ് ഈ ഗ്രാമസ്വകാര്യവല്‍ക്കരണപദ്ധതി.
(വി ജയിന്‍)

ദേശാഭിമാനി 100510

1 comment:

  1. ഗ്രാമീണജനത എല്ലാ സേവനങ്ങള്‍ക്കും സൌകര്യങ്ങള്‍ക്കും പണം നല്‍കേണ്ടിവരുന്ന പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപംനല്‍കുന്നു. ഗ്രാമങ്ങളില്‍ നഗരസൌകര്യങ്ങള്‍ ലഭ്യമാക്കാന്‍ സ്വകാര്യപങ്കാളിത്തത്തോടെ പുറ (പ്രൊവിഷന്‍ ഓഫ് അര്‍ബന്‍ അമിനിറ്റീസ് ഇന്‍ റൂറല്‍ ഏരിയാസ്) എന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നത്. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള വിടവു നികത്താനും നഗരസൌകര്യങ്ങള്‍ ഗ്രാമങ്ങളില്‍ ലഭ്യമാക്കാനും ജീവിതോപാധികള്‍ നല്‍കാനും തൊഴില്‍മികവ് വര്‍ധിപ്പിക്കാനുമായാണ് പദ്ധതി. ഇതില്‍ പങ്കുചേരാന്‍ കേന്ദ്ര ഗ്രാമവികസനമന്ത്രാലയം സ്വകാര്യസംരംഭകരില്‍നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു. ഇപ്പോള്‍ ഗ്രാമങ്ങളില്‍ ലഭിക്കുന്ന സൌകര്യങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഭാവിയില്‍ ഉണ്ടാവുന്നവയ്ക്കും ഫീസ് ഈടാക്കുന്നതാണ് പദ്ധതി. സൌജന്യമായി ഇതുവരെ ലഭിച്ചിരുന്നതെല്ലാം ഇനി പണംകൊടുത്ത് വാങ്ങേണ്ടിവരും. ജലവിതരണമടക്കമുള്ള മേഖലകള്‍ കൂടുതല്‍ വാണിജ്യവല്‍ക്കരിക്കും. കാര്‍ഷികമേഖലയിലെ സേവനങ്ങള്‍ സര്‍ക്കാര്‍സ്ഥാപനങ്ങളില്‍നിന്ന് ലഭ്യമായിരുന്നത് ക്രമേണ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചുള്ള 'പുറ' സെന്ററുകളില്‍നിന്ന് വിലകൊടുത്ത് വാങ്ങേണ്ടിവരും.

    ReplyDelete