Monday, May 31, 2010

കേരളാ കോണ്‍ഗ്രസ് ലയനവും മാധ്യമങ്ങളും

ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ അടുക്കളയിലെ അരിവെയ്പുകാരാണ് തങ്ങളെന്ന "അഭിമാനബോധ''മാണ് ബൂര്‍ഷ്വാ പാര്‍ടികളെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുമ്പോള്‍ മാധ്യമങ്ങള്‍ പ്രകടമാക്കുന്നത്. മുതലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിന് യാതൊരു പരിക്കുമേല്‍ക്കാതെയുള്ള മൃദുല വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ടികളെപ്പറ്റി മാധ്യമങ്ങളില്‍ കാണാറുള്ളത്. കോണ്‍ഗ്രസിന്റെ വര്‍ഗനയങ്ങളുടെ കോട്ടം വ്യക്തിപരമായ ഏതോ കാര്യമെന്ന നിലയില്‍ മയപ്പെടുത്താനും നേട്ടങ്ങളാകെ നേതൃഭക്തിയുടെ പാരമ്യത്തില്‍ നേതാക്കന്മാര്‍ക്കായി ചാര്‍ത്തിക്കൊടുക്കാനും മാധ്യമങ്ങള്‍ക്ക് നല്ല മെയ് വഴക്കമുണ്ട്. കേരള രാഷ്ട്രീയത്തെ സംബന്ധിച്ചാണെങ്കില്‍ കോണ്‍ഗ്രസ്സിനോളമോ അതിനേക്കാളേറെയോ മാധ്യമ പരിലാളനകളാണ് കേരളാ കോണ്‍ഗ്രസ് ആസ്വദിച്ചുകൊണ്ടിരിക്കുന്നത്.

"വളരുംതോറും പിളരുമെന്നും പിളരും തോറും വളരുമെന്നുമുള്ള'' വിഖ്യാത സിദ്ധാന്തം ഉരുവിട്ട് നാലുപതിറ്റാണ്ടിനടുത്ത് കേരള രാഷ്ട്രീയത്തില്‍ അനര്‍ഹമായ സമ്പാദ്യങ്ങള്‍ നേടിയ ഒരു പാര്‍ടിയാണ്കേരളാ കോണ്‍ഗ്രസ്. "പിളര്‍പ്പാണ്'' വളര്‍ച്ചയുടെ ചാലകശക്തിയെന്ന് മൊഴിഞ്ഞുവന്ന മാണിസാറിന് ലയനവും ഐക്യവുമാണ് ഇനി വളര്‍ച്ചയുടെ വഴിയെന്ന് പുതിയ വെളിപാടുണ്ടാകുമ്പോള്‍ പല സംശയങ്ങളും ആര്‍ക്കും ഉണ്ടാകാവുന്നതാണ്. കുഞ്ഞുമാണി വലിയ മാണിയായപ്പോള്‍ സിദ്ധാന്തം തലതിരിഞ്ഞു പോയതെന്തെന്ന് തിരയാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ മിനക്കെടുന്നില്ല. ജോസഫിനെ കൂടി വിഴുങ്ങി "ഇമ്മിണി ബല്യമാണി''യാകാമെന്ന് കുഞ്ഞുമാണി നിശ്ചയിക്കുമ്പോള്‍ അതിനു പിന്‍പാട്ടു പാടുന്ന മാധ്യമങ്ങള്‍ ചോദ്യങ്ങളേയും സംശയങ്ങളേയും കുഴിച്ചുമൂടി സ്വയം വന്ധ്യംകരിക്കപ്പെടുന്ന ദയനീയ ചിത്രമാണ് കാണാനാകുന്നത്.

പി സി ജോര്‍ജും പി ജെ ജോസഫും ഒരു കൂടാരത്തില്‍ പൊറുക്കില്ലയെന്ന ശാഠ്യത്തിലാണ് പി സി ജോര്‍ജിന് ഇടതുമുന്നണി വിടേണ്ടിവന്നത്. മുന്നണി മര്യാദ നോക്കാതെ പി ജെ ജോസഫിനെ അപമാനിക്കാന്‍ ശ്രമിച്ച പി സി ജോര്‍ജ്ജിനെ എല്‍ഡിഎഫ് പ്രോല്‍സാഹിപ്പിച്ചില്ല. അതേ ജോസഫ് തന്റെ പാര്‍ടിയില്‍ ലയിക്കുന്നതിനെ സംബന്ധിച്ച് ഏക വൈസ് ചെയര്‍മാനായി മാറിയ പി സി ജോര്‍ജ്ജിന് കുണ്ഡിതമില്ല. മതികെട്ടാനും വിമാനയാത്രാ വിവാദവും കുരുവിളക്കേസുമെല്ലാം വിഴുങ്ങി ജോസഫ് ലയിച്ചു ചേരുമ്പോള്‍ ഭൂതകാലം തൊടാതെ സംരക്ഷണമൊരുക്കുന്നതില്‍ മാധ്യമങ്ങള്‍ ചെറുതല്ലാത്ത സഹായമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. "പാപിയായ ജോസഫ് വന്നതോടെ താന്‍ പാതാളത്തിലായി'' എന്ന പി സി ജോര്‍ജ്ജിന്റെ വെളിപ്പെടുത്തല്‍ വാദമോ വിവാദമോ ഒന്നുമാക്കാന്‍ യാതൊരു താല്‍പര്യവും മാധ്യമങ്ങള്‍ പ്രകടിപ്പിച്ചതുമില്ല. ജോസഫിനെപ്പറ്റി മാണിയും ജോര്‍ജ്ജും പറഞ്ഞതെല്ലാം ജോസഫിനോടൊപ്പം വിഴുങ്ങി ഐക്യപ്പെട്ട് ശക്തികൂട്ടി യുഡിഎഫിലെ രണ്ടാമനായി മാണി ഞെളിയുമ്പോള്‍ യുഡിഎഫിന് പുളകമല്ല അസ്വസ്ഥതയാണനുഭവപ്പെടുന്നത്. ഇതിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്ന സാമുദായിക - സാമ്പത്തിക താല്‍പര്യങ്ങള്‍ വിശകലനം ചെയ്യാന്‍ കോളമിസ്റ്റുകള്‍ക്കു കഴിയുന്നില്ല.

കേരളാ കോണ്‍ഗ്രസ് എന്ന പാര്‍ടിയുടെ ജന്മദൌത്യം എന്താണ്? ഈ കേരളാ കോണ്‍ഗ്രസുകളെക്കൊണ്ട് കേരളത്തിനുണ്ടായ പ്രയോജനമെന്താണ്. കോണ്‍ഗ്രസ് പാര്‍ടിയില്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല എന്ന ചിലരുടെ ചിന്തയുടെ പ്രത്യയശാസ്ത്ര അടിത്തറയേ കേരളാ കോണ്‍ഗ്രസിന്റെ പിറവിയുടെ പിന്നിലുള്ളൂ. നാലുപതിറ്റാണ്ടിനിടയില്‍ അധികാര രാഷ്ട്രീയത്തില്‍ പലതവണ മേഞ്ഞു നടക്കുമ്പോഴെല്ലാം തങ്ങള്‍ കുഞ്ഞാടുകള്‍ തന്നെയെന്ന് അവര്‍ തെളിയിച്ചുകൊണ്ടുമിരുന്നു.

വിദ്യാഭ്യാസ വകുപ്പ്, ഭരണത്തിലെ മുഖ്യകക്ഷി ഏറ്റെടുക്കണമെന്ന അഭിപ്രായം ഇടതു- വലതു ഭേദമില്ലാതെ കേരളത്തിലെ പൊതുസമൂഹത്തില്‍ മുമ്പ് ഉയര്‍ന്നുവന്നതെന്തുകൊണ്ട്? മുസ്ളീംലീഗും കേരളാ കോണ്‍ഗ്രസും വിദ്യാഭ്യാസ വകുപ്പ് കയ്യാളിയ കാലത്തെ അപഭ്രംശങ്ങള്‍ മതനിരപേക്ഷ കേരള സമൂഹത്തിന് താങ്ങാനാവുന്നതിലേറെയായിരുന്നു. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പിനെ സംബന്ധിച്ച് വ്യാജ ചിത്രങ്ങള്‍ ചമക്കുന്നവര്‍ അക്കാലമെല്ലാം മറന്നുപോയി. സാധാരണക്കാരന്റെ വിദ്യാലയങ്ങള്‍ ശക്തിപ്പെട്ടത് മറച്ചുവെയ്ക്കാനാവില്ലെങ്കിലും കെട്ടുകഥകളാണ് പ്രചരിപ്പിക്കപ്പെടുന്നത്. വിദ്യാഭ്യാസമേഖലയിലെ സങ്കുചിത താല്‍പര്യങ്ങള്‍ക്ക് കീഴ്പെടാത്ത ഒരു സമീപനം കേരളം സ്വീകരിക്കുന്നതിനെ അനുകൂലിക്കാനല്ല, അതിന്റെ പിന്മടക്കത്തിന് അകമ്പടി സേവിക്കാനാണ് മാധ്യമങ്ങള്‍ക്കിഷ്ടം. അതിനുവേണ്ടിക്കൂടി സൃഷ്ടിക്കപ്പെട്ട ചില ചിന്തകളുടെ രാഷ്ട്രീയ രൂപമാണ് കേരളാ കോണ്‍ഗ്രസ് ലയനമെന്ന ചെറു സത്യംപോലും തിരിച്ചറിയാതെ മാണി - ജോസഫുമാരുടെ അപദാനങ്ങള്‍ നിരത്തുന്ന മുഖ്യധാരാ മാധ്യമങ്ങളോട് എങ്ങനെ സഹതപിക്കാതിരിക്കും.

കേരളാ കോണ്‍ഗ്രസ് ലയിച്ച് ശക്തിപ്പെട്ടപ്പോള്‍ അത് ഇടതുമുന്നണിക്കല്ല വലതു പക്ഷത്തിന് തന്നെയാണ് വെല്ലുവിളിയുണ്ടാക്കുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. കാരണം കോണ്‍ഗ്രസും കേരളാ കോണ്‍ഗ്രസും ഒരേ തട്ടകത്തില്‍നിന്നു തന്നെയാണ് ബലം തേടുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നത് സീറ്റുകളുടെ എണ്ണവും അതിന്റെ പങ്കിടലും മാത്രമാണ്. മത - രാഷ്ട്രീയ ബന്ധം സംബന്ധിച്ച് ചില ചോദ്യങ്ങള്‍ ഉയരുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം തികച്ചും നിശ്ശബ്ദരാണ്.

മാണിയും - ജോസഫും തമ്മില്‍ കൂടിച്ചേരുന്നത് അപ്രതീക്ഷിതമായി പ്രഖ്യാപിക്കുമ്പോള്‍ അതിന് തിരക്കഥയെഴുതുന്നതില്‍ ആരൊക്കെ പങ്കെടുത്തു. എല്ലാ ക്രിസ്തീയ സഭകളും ഇക്കാര്യത്തില്‍ പങ്കെടുക്കാറില്ല. അങ്ങനെയൊരാക്ഷേപവും നാട്ടിലില്ല. എന്നാല്‍ സഭാ നേതാക്കളില്‍ ഒരു കൂട്ടര്‍ തങ്ങളുടെ കുപ്പായത്തിന് പുറത്തും രാഷ്ട്രീയം കളിക്കാന്‍ തല്‍പരരാണ്. സ്ഥാനമാനങ്ങള്‍ വേണ്ടപ്പെട്ടവര്‍ക്ക് തരപ്പെടുത്തുന്നതില്‍ ഇടപെടാറുള്ളവരാണ്. അവരില്‍ ചിലരൊക്കെ ഇടപെട്ടതു സംബന്ധിച്ച് ജോസഫ് തന്നെ സൂചനകള്‍ നല്‍കി. അത് പൌരന്മാരെന്ന നിലയിലുള്ള ജനാധിപത്യാവകാശത്തിന്റെ വിനിയോഗമെന്നാണ് മാണിയുടെ നിലപാട്. മതനേതാക്കള്‍ നേരിട്ടിടപ്പെട്ടാണ് ഐക്യകേരളാ കോണ്‍ഗ്രസിന് ആശീര്‍വാദം നല്‍കിയതെന്ന് വ്യക്തമായിട്ടും അതിനെ സംബന്ധിച്ച് വസ്തുതകള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ മാധ്യമ സമൂഹം തയ്യാറല്ല.

മാധ്യമങ്ങള്‍ എത്ര മൂടിവച്ചാലും മാണി - ജോസഫ് ലയനം യുഡിഎഫിനെ പ്രതിസന്ധിയിലാക്കിയെന്ന് എല്ലാവരും തിരിച്ചറിഞ്ഞിരിക്കുന്നു. മുന്നണിയിലെ മുഖ്യകക്ഷികളായ മൂന്നു പാര്‍ടികളും പരസ്പരം അവിശ്വസിക്കുന്നു. ഈ സംഘര്‍ഷങ്ങളുടെ താല്‍കാലിക പരിഹാരം കൂടുതല്‍ കുഴപ്പങ്ങള്‍ക്ക് അടിത്തറയൊരുക്കും. യുഡിഎഫിനുള്ളില്‍ എല്ലാം ഭദ്രമാണെന്ന് വരുത്താന്‍ സ്വയം മൌനത്തിലാണ്ട മാധ്യമങ്ങള്‍ക്ക് നിലപാട് തിരുത്തേണ്ടിവരും.

അഡ്വ. കെ അനില്‍കുമാര്‍ chintha weekly 040610

1 comment:

  1. ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്റെ അടുക്കളയിലെ അരിവെയ്പുകാരാണ് തങ്ങളെന്ന "അഭിമാനബോധ''മാണ് ബൂര്‍ഷ്വാ പാര്‍ടികളെ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുമ്പോള്‍ മാധ്യമങ്ങള്‍ പ്രകടമാക്കുന്നത്. മുതലാളിവര്‍ഗ രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിന് യാതൊരു പരിക്കുമേല്‍ക്കാതെയുള്ള മൃദുല വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ടികളെപ്പറ്റി മാധ്യമങ്ങളില്‍ കാണാറുള്ളത്. കോണ്‍ഗ്രസിന്റെ വര്‍ഗനയങ്ങളുടെ കോട്ടം വ്യക്തിപരമായ ഏതോ കാര്യമെന്ന നിലയില്‍ മയപ്പെടുത്താനും നേട്ടങ്ങളാകെ നേതൃഭക്തിയുടെ പാരമ്യത്തില്‍ നേതാക്കന്മാര്‍ക്കായി ചാര്‍ത്തിക്കൊടുക്കാനും മാധ്യമങ്ങള്‍ക്ക് നല്ല മെയ് വഴക്കമുണ്ട്. കേരള രാഷ്ട്രീയത്തെ സംബന്ധിച്ചാണെങ്കില്‍ കോണ്‍ഗ്രസ്സിനോളമോ അതിനേക്കാളേറെയോ മാധ്യമ പരിലാളനകളാണ് കേരളാ കോണ്‍ഗ്രസ് ആസ്വദിച്ചുകൊണ്ടിരിക്കുന്നത്.

    ReplyDelete