Monday, May 31, 2010

തരിശുരഹിത കണ്ണൂര്‍: യാഥാര്‍ത്ഥ്യമാകുന്ന സ്വപ്ന പദ്ധതി

തരിശുരഹിത കണ്ണൂര്‍ എന്നത് സുന്ദരമായ ഒരു സ്വപ്നം മാത്രമല്ലെന്നും യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്ന ലക്ഷ്യം തന്നെയാണെന്നുമുള്ള ആത്മവിശ്വാസത്തിലാണിന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ജില്ലാ വികസന സമിതിയുടെ മുന്‍കൈയില്‍ പഞ്ചായത്തുകളും കൃഷിവകുപ്പും സംയുക്തമായി നെല്‍ക്കൃഷി മേഖലയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വഴി ജില്ലയിലെ നെല്‍കൃഷി മേഖലയില്‍ പുത്തനുണര്‍വ് തന്നെ ഉണ്ടാക്കിയെടുക്കാന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിരിട്ടുണ്ട്.

സംസ്ഥാനത്തിന്റെ ഇതര മേഖലകളെന്ന പോലെ തകര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍ഷികമേഖല തന്നെയാണ് കണ്ണൂര്‍ ജില്ലയുടെയും പ്രധാന പ്രശ്നം. കാര്‍ഷികമേഖലയിലെ പ്രശ്നങ്ങളാകട്ടെ സങ്കീര്‍ണ്ണവുമാണ്. മുഖ്യ ഭക്ഷ്യവിളയായ നെല്‍കൃഷിയുടെ വിസ്തൃതി വര്‍ഷംതോറും കുറഞ്ഞുവരികയാണ്. തരിശിടുന്ന ഭൂമിയുടെ വിസ്തൃതിയാകട്ടെ വര്‍ഷംതോറും വര്‍ദ്ധിച്ചുവരികയുമാണ്.

2005 ഒക്ടോബര്‍ 2ന് ചുമതലയേറ്റ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ മുന്നിലെ മുഖ്യപ്രശ്നവും ഇതുതന്നെയായിരുന്നു. എന്നാല്‍ കഴിഞ്ഞ 4 വര്‍ഷങ്ങളിലെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കൃഷിവകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ശ്രമഫലമായി 1383 ഹെക്ടര്‍ തരിശു വയലുകളാണ് കൃഷി യോഗ്യമാക്കി മാറ്റിയത്. 2008-09 വര്‍ഷത്തില്‍ മാത്രം 710 ഹെക്ടര്‍ തരിശു വയലുകളാണ് കൃഷി യോഗ്യമാക്കിയത്. 2130 ടണ്‍ നെല്ലാണ് ഇതിന്റെ ഭാഗമായി അധികമായി ഉല്‍പാദിപ്പിച്ചത്. 2009-10 വര്‍ഷത്തില്‍ 500 ഹെക്ടര്‍ തരിശുഭൂമി കൂടി കൃഷി യോഗ്യമാക്കുക വഴി 1025 ടണ്‍ നെല്ലുകൂടി അധികമായി ഉല്‍പാദിപ്പിക്കുവാന്‍ സാധിച്ചു. 43 വര്‍ഷമായി തരിശായി കിടക്കുന്ന കാട്ടാമ്പള്ളി കൈപ്പാട് പ്രദേശത്ത് കഴിഞ്ഞ വര്‍ഷം 200ലധികം ഹെക്ടര്‍ നെല്‍ക്കൃഷി വിജയകരമായി നടത്താന്‍ കഴിഞ്ഞത് ജില്ലാ പഞ്ചായത്തിന്റെ ആത്മവിശ്വാസം വളരെയേറെ വര്‍ദ്ധിപ്പിച്ച പ്രധാനപ്പെട്ട ഘടകമാണ്.

ഏറ്റവും ഒടുവിലായി വിവിധ വകുപ്പുകളെയും പദ്ധതികളെയും സംയോജിപ്പിച്ച 'പുനം പുനര്‍ജനി' എന്ന പേരിട്ട് ജില്ലാ പ്ളാനിങ് കമ്മറ്റി ആസൂത്രണം ചെയ്ത സംയോജിത നെല്‍കൃഷി പദ്ധതിയും തരിശുരഹിത പദ്ധതിയും ജില്ലാ പഞ്ചായത്തിന്റെ കിരീടത്തിലെ ഏറ്റവും പുതിയ പൊന്‍തൂവലാണ്. വൈവിദ്ധ്യപൂര്‍ണ്ണവും ഭാവനാപൂര്‍ണ്ണവുമായ പ്രവര്‍ത്തനങ്ങളിലൂടെ ജനപങ്കാളിത്തത്തോടെ വികസനമെന്ന ജനകീയാസൂത്രണ മുദ്രാവാക്യം അക്ഷരാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയായി മാറിയിരിക്കുന്നു, തരിശുരഹിത കണ്ണൂര്‍ ലക്ഷ്യമാക്കുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്.

20 കോടി രൂപയുടെ ഈ പദ്ധതി നാളിതുവരെ നടപ്പാക്കിയ എല്ലാ പദ്ധതികളെയും ബഹുദൂരം പിന്നിലാക്കിക്കഴിഞ്ഞു. 20 കോടിയില്‍ 18.5 കോടിയും വിസിബി നിര്‍മ്മാണം, തോട് ആഴം കൂട്ടല്‍, കുളം നിര്‍മ്മാണം, കുളം - തോട് നന്നാക്കല്‍, ജലസേചനം തുടങ്ങിയ അടിസ്ഥാന സൌകര്യ വികസനത്തിനാണ് ഉപയോഗപ്പെടുത്തുന്നത്. ആറു കോടി രൂപ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍നിന്നാണ് കണ്ടെത്തുക. സര്‍ക്കാര്‍ തരിശു ഭൂമി കൃഷിയോഗ്യമാക്കുന്ന പദ്ധതിപ്രകാരം 25 ലക്ഷം രൂപയും ഫുഡ് സെക്യുരിറ്റിയുടെ ഒരു കോടി രൂപയും കണ്ടെത്തും. അതോടൊപ്പം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹായവും ലഭ്യമാക്കിയാണ് ഈ പദ്ധതി പ്രാവര്‍ത്തികമാക്കേണ്ടത്.

തരിശു ഭൂമി സര്‍വ്വേ പ്രകാരം ജില്ലയില്‍ 2000 ഹെക്ടര്‍ കൃഷി ഭൂമി ഇപ്പോഴും തരിശായിട്ടുണ്ട്. 1250 ഹെക്ടര്‍ കൃഷി ഭൂമി കാട്ടാമ്പള്ളിയില്‍ മാത്രം തരിശായി കിടക്കുന്നു. ഒരു കാലത്ത് കണ്ണൂരിന്റെ നെല്ലറയായിരുന്നു കാട്ടാമ്പള്ളി പ്രദേശം. കഴിഞ്ഞ 4 പതിറ്റാണ്ടിലധികമായി തരിശായി കിടക്കുന്ന ഈ പ്രദേശത്തെ, കണ്ണൂരിന്റെ ഈ നെല്ലറയെ തിരിച്ചു പിടിക്കാനുള്ള ഭഗീരഥ ശ്രമത്തിലാണിന്ന് ജില്ലാ പഞ്ചായത്ത്. കഴിഞ്ഞ വര്‍ഷം 210 ഹെക്ടര്‍ സ്ഥലത്ത് നെല്‍ക്കൃഷി വിജയകരമായി നടപ്പിലാക്കി. ഹെക്ടറിന് ശരാശരി 4 മുതല്‍ 5 ടണ്‍ വരെയാണ് വിളവ് ലഭിച്ചത്. വിവിധ പ്രവര്‍ത്തനങ്ങളാണ് ഇതോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് നടത്തിയത്. കൃഷി വകുപ്പിലെയും കാര്‍ഷിക സര്‍വകലാശാലകളിലെയും ഉദ്യോഗസ്ഥന്മാരും ശാസ്ത്രജ്ഞന്മാരും നിരന്തരം വയലുകള്‍ സന്ദര്‍ശിക്കുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കൂടാതെ ഉപ്പ് വെള്ളത്തെ പ്രതിരോധിക്കാന്‍ കഴിവുള്ളതും പ്രദേശത്ത് കൃഷി ചെയ്യാന്‍ യോജിച്ചതുമായ വൈറ്റില -6, കതിര്, ഓര്‍ക്കയമ എന്നീ വിത്തുകള്‍ കൃഷിക്കാര്‍ക്ക് സൌജന്യമായി ലഭ്യമാക്കി. കാട്ടാമ്പള്ളി പ്രദേശത്തെ കര്‍ഷകത്തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി 50 ലക്ഷം രൂപയുടെ യന്ത്രോപകരണങ്ങള്‍ ലഭ്യമാക്കി. പ്രത്യേക തൊഴില്‍സേന രൂപീകരിച്ച് അവര്‍ക്ക് യൂണിഫോറം, ഇന്‍ഷുറന്‍സ് പരിരക്ഷ, യന്ത്രോപകരണങ്ങള്‍ ഉപയോഗിക്കുന്നതിനായുള്ള പരിശീലനം എന്നിവയും നല്‍കി. അവരുടെ നേതൃത്വത്തില്‍ കൃഷി ചെയ്തുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്.

ഈ വര്‍ഷത്തോടെ മുഴുവന്‍ തരിശുഭൂമിയും കൃഷിയോഗ്യമാക്കി മാറ്റുന്നതിനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്. 28 പഞ്ചായത്തുകളാണ് തരിശുരഹിത കണ്ണൂര്‍ പ്രോജക്ടിലുള്ളത്. പദ്ധതിക്ക് ജില്ലാതലത്തിലും മേഖലാതലത്തിലും മോണിറ്ററിംഗ് സംവിധാനവും ഉണ്ട്. തരിശുരഹിത പദ്ധതിയോടൊപ്പം കര്‍ഷകര്‍ക്ക് അധികവരുമാനം ഉണ്ടാക്കുന്ന പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട്.

എഴുതിത്തള്ളിയ നെല്‍കൃഷിയെ തിരികെ കൊണ്ടുവന്ന് കണ്ണൂരിന്റെ നെല്ലറകള്‍ തിരിച്ചുപിടിക്കാനും തരിശുരഹിത കണ്ണൂര്‍ സൃഷ്ടിച്ചെടുക്കാനുമുള്ള 'പുനം പുനര്‍ജനി' പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം ജനകീയ പദ്ധതികള്‍ക്കു പേരു കേട്ട കല്ല്യാശ്ശേരി പാറക്കടവില്‍ തരിശുപാടത്ത് വിത്തിട്ട് കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരനാണ് നിര്‍വ്വഹിച്ചത്.

കാര്‍ഷിക മേഖലയില്‍ മാത്രമല്ല സമസ്ത മേഖലകളിലും വികസനത്തിന്റെ മര്‍മ്മം തൊട്ടറിഞ്ഞ വൈവിധ്യമാര്‍ന്ന പരിപാടികളാണ് കഴിഞ്ഞ നാലര വര്‍ഷക്കാലമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയത്. കൃഷി, വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസനം തുടങ്ങിയ വിവിധ മേഖലകളില്‍ പരിമിതികളെ മറികടന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കാഴ്ചവച്ചത്.

ആരോഗ്യ മേഖല

ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി സര്‍ക്കാരുകള്‍ സേവന മേഖലയില്‍നിന്ന് പിന്തിരിയുന്ന ഒരു ഘട്ടത്തിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും നടത്തിയ ഇടപെടലുകളെ നോക്കിക്കാണേണ്ടത്.

ആരോഗ്യ മേഖലയില്‍ വൈവിദ്ധ്യമാര്‍ന്ന നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയത്. കൈമാറിക്കിട്ടിയ മൂന്ന് വിഭാഗങ്ങളിലുമുള്ള ജില്ലാ ആശുപത്രികളുടെ മുഖച്ഛായ തന്നെ മാറ്റാന്‍ നാലര വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളിലൂടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനു കഴിഞ്ഞിരിക്കുന്നു. ചോര്‍ന്നൊലിക്കുന്ന മേല്‍ക്കൂരയും പൊട്ടിപ്പൊളിഞ്ഞ കട്ടിലുകളും കത്താത്ത ലൈറ്റുകളും കറങ്ങാത്ത ഫാനുകളും മരുന്നില്ലാത്ത ഫാര്‍മസിയും ഡോക്ടറും നഴ്സും അറ്റന്ററുമില്ലാത്ത വാര്‍ഡുകളും പഴങ്കഥയായി മാറിയിരിക്കുന്നു. ഏതൊരു സ്വകാര്യ ആധുനിക ആശുപത്രിയേയും വെല്ലുന്ന തരത്തിലുള്ള പുരോഗതിയാണ് ഈ മേഖലയില്‍ ഉണ്ടായിട്ടുള്ളത് എന്ന് ഒരിക്കലെങ്കിലും ഇവിടങ്ങളില്‍ എത്തിച്ചേരുന്നവര്‍ക്ക് ഉടന്‍ ബോദ്ധ്യമാവും.

വിദ്യാഭ്യാസ മേഖല

ജില്ലയിലെ ഗവണ്‍മെന്റ് ഹൈസ്കൂളുകളുടെയും ഹയര്‍ സെക്കന്ററി സ്കൂളുകളുടെയും പരാധീനത അവസാനിപ്പിക്കാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് ഇക്കാലയളവില്‍ കഴിഞ്ഞു എന്നത് ഒട്ടും അതിശയോക്തിയല്ല. കുട്ടികള്‍ക്ക് പഠിക്കുന്നതിന് മെച്ചപ്പെട്ട കെട്ടിടങ്ങളും ഫര്‍ണിച്ചറുകളുമടക്കമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ ഉണ്ടാക്കിയെടുക്കുന്ന കാര്യത്തില്‍ വമ്പിച്ച പുരോഗതിയാണ് ഈ കാലയളവില്‍ ഉണ്ടായിട്ടുള്ളത്. 24 ഹയര്‍ സെക്കന്ററി കോംപ്ളക്സുകളാണ് ഇതിനകം ജില്ലയില്‍ പൂര്‍ത്തിയാക്കിയത്. അടിസ്ഥാന വികസന സൌകര്യങ്ങള്‍ മാത്രമല്ല പഠന നിലവാരത്തിലും സംസ്ഥാനത്തിനാകെ മാതൃകയാകാന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിരിക്കുന്നു.

മുകുളം പദ്ധതി

കണ്ണൂര്‍ ജില്ലയിലെ പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി തലം വരെയുള്ള വിദ്യാഭ്യാസം ഗുണനിലവാരമുള്ളതാക്കി മാറ്റുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് ഇടപെടുന്നതിനുള്ള ശ്രമമായിരുന്നു 2006-07 വര്‍ഷം മുതല്‍ ജില്ലാ പഞ്ചായത്ത് ആരംഭിച്ച മുകുളം പദ്ധതി. ജില്ലയിലെ എസ്എസ്എല്‍സി, പ്ളസ്ടു പഠന നിലവാരം മെച്ചപ്പെടുത്താന്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് നടത്തിയ ഈ മാതൃകാ പ്രോജക്ട് അല്‍ഭുതകരമായ പ്രതികരണമാണ് ജില്ലയില്‍ സൃഷ്ടിച്ചത്. അദ്ധ്യാപകരുടെയും പിടിഎയുടെയും ഗ്രാമപഞ്ചായത്തുകളുടെയും കൂട്ടായ്മകളിലൂടെ നടപ്പാക്കിയ പദ്ധതി വന്‍വിജയമായിരുന്നു. 2006 മാര്‍ച്ചിലെ എസ്എസ്എല്‍സി വിജയശതമാനം 77.58% ആയിരുന്നു. എന്നാല്‍ 2007 മാര്‍ച്ചില്‍ 90.77% ആയി ഇത് ഉയര്‍ത്താന്‍ ഈ പദ്ധതിയിലൂടെ കഴിഞ്ഞു.

2006-07 വര്‍ഷത്തെ മുകുളം പദ്ധതിയുടെ വന്‍വിജയത്തെ തുടര്‍ന്ന് ഹൈസ്കൂളിനു പുറമെ ഹയര്‍ സെക്കന്ററി വിഭാഗത്തിനു കൂടി ഈ പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി. വിവിധ വിഷയങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച അദ്ധ്യാപകരെ റിസോഴ്സ് ടീച്ചര്‍മാരായി തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കി അവരുടെ സേവനം പ്രയോജനപ്പെടുത്തുകയും പ്രത്യേക പഠന സാമഗ്രികള്‍ നിര്‍മ്മിക്കുകയും ചെയ്തു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി അദ്ധ്യയന സമയത്തിനു മുമ്പും പിമ്പും അവര്‍ക്ക് പ്രത്യേക ക്ളാസുകള്‍ നടത്തി. അതോടൊപ്പം പ്രത്യേകം 'മുകുളം' മോഡല്‍ പരീക്ഷയും നടത്തി.

പഠനപദ്ധതിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി ഗ്രാമപഞ്ചായത്തുകളിലും ഹൈസ്കൂളുകളിലും സംഘാടക സമിതികള്‍ രൂപീകരിച്ചു. ഹൈസ്കൂള്‍, പഞ്ചായത്ത്, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ലാതലങ്ങളില്‍ പ്രതിമാസ റിവ്യൂവും മോണിറ്ററിംഗും നടത്തി. മുന്‍കൂട്ടി തയ്യാറാക്കിയ പ്രവര്‍ത്തന കലണ്ടറിന്റെ അടിസ്ഥാനത്തില്‍ സമയബന്ധിതമായാണ് ഈ പ്രവര്‍ത്തനങ്ങളാകെ നടത്തുന്നത്.

സാമ്പ്രദായിക വിദ്യാഭ്യാസ രീതിയില്‍നിന്നും വേറിട്ട ഈ സമീപനത്തെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും രണ്ടു കൈയും നീട്ടി സ്വീകരിച്ചു. എല്ലാ മേഖലകളിലുമുള്ള ഒട്ടേറെ വിദഗ്ദ്ധരുടെ മുക്തകണ്ഠ പ്രശംസക്ക് ഈ പദ്ധതി പാത്രമായി. 2008 മാര്‍ച്ചില്‍ നടന്ന എസ്എസ്എല്‍സി പരീക്ഷയില്‍ 96.4% വിജയവും ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 89.53% വിജയവും 2009 മാര്‍ച്ചില്‍ നടന്ന എസ്എസ്എല്‍സി പരീക്ഷയില്‍ 96.83% വിജയവും കരസ്ഥമാക്കുവാന്‍ കണ്ണൂര്‍ ജില്ലയ്ക്കു കഴിഞ്ഞു. കഴിഞ്ഞ ദിവസം പുറത്തുവന്ന എസ്എസ്എല്‍സി പരീക്ഷയുടെ വിജയശതമാനം 96.88 ആണ്.

മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയാകാന്‍ ഈ മുന്നേറ്റത്തിലൂടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിരിട്ടുണ്ട്.

'കിരണ്‍' സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി

കണ്ണൂര്‍ ജില്ലയുടെ സാക്ഷരതാനിരക്ക് 92.8% ആണ്. എന്നാല്‍ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത ആയിരക്കണക്കിനാളുകള്‍ ഈ ജില്ലയിലുണ്ട്. ഇത്തരത്തിലുള്ള മുഴുവന്‍ ആളുകള്‍ക്കും സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കുന്ന പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ആഹ്ളാദത്തിലും അഭിമാനത്തിലുമാണിന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ചു നടപ്പിലാക്കിയ 'കിരണ്‍' - സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസ പദ്ധതിയിലൂടെ, മുഴുവന്‍ ആളുകള്‍ക്കും സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയായി കണ്ണൂര്‍ ജില്ല മാറിയിരിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 9 ബ്ളോക്കുകളുടെയും 6 നഗരസഭകളുടെയും 81 ഗ്രാമപഞ്ചായത്തുകളുടെയും സഹായത്തോടെയാണ് ഈ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചത്.

50 വയസ്സില്‍ താഴെ നാലാംതരം പാസ്സാകാത്ത മുഴുവന്‍ ആളുകളെയും കണ്ടെത്തി സാക്ഷരതാമിഷന്‍ സംഘടിപ്പിക്കുന്ന നാലാംതരം തുല്യതാ പരീക്ഷയില്‍ പങ്കെടുപ്പിച്ച് വിജയിപ്പിച്ചുകൊണ്ടാണ് ജില്ലാ പഞ്ചായത്ത് ഈ ബഹുമതി നേടിയെടുത്തത്. 6300 സ്ക്വാഡുകളെ ഉപയോഗിച്ച് ഏകദിന സര്‍വ്വേ നടത്തി കണ്ടെത്തിയ 21000 ലധികം വരുന്ന പഠിതാക്കള്‍ക്ക് ക്ളാസുകള്‍ നല്‍കിയാണ് ഈ പരിപാടി വിജയിപ്പിച്ചത്.

സമ്പൂര്‍ണ്ണ പ്രാഥമിക വിദ്യാഭ്യാസം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ജില്ലയായി ഔദ്യോഗികമായി കണ്ണൂര്‍ ജില്ല പ്രഖ്യാപിക്കപ്പെടുമ്പോള്‍ തുടര്‍ സാക്ഷരതാ പ്രവര്‍ത്തനത്തിലെ ശ്ളാഘനീയമായ ഒരു നേട്ടമാണ് വിജയകരമായ രീതിയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കൊയ്തെടുത്തിരിക്കുന്നത്.

സയന്‍സ് പാര്‍ക്കും ഒബ്സര്‍വേറ്ററി ടവറും

വൈജ്ഞാനിക മേഖലയിലെ മറ്റൊരു പ്രധാന ചുവടുവയ്പായിരുന്നു ജില്ലാ പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന സയന്‍സ് പാര്‍ക്കില്‍ കുട്ടികള്‍ക്ക് ആകാശ നിരീക്ഷണത്തിനായി നിര്‍മ്മിച്ച ഒബ്സര്‍വേറ്ററി ടവര്‍. ആഭ്യന്തര ടൂറിസം വകുപ്പുമന്ത്രി ഉല്‍ഘാടനം നിര്‍വ്വഹിച്ച ഒബ്സര്‍വേറ്ററി ടവര്‍ ഈ ദിശയിലെ സംസ്ഥാനത്തെ ഒരുപക്ഷേ രാജ്യത്തെ തന്നെ ആദ്യത്തെ ചുവടുവയ്പായിരിക്കും.

ആകാശ നിരീക്ഷണത്തിനുള്ള ഒബ്സര്‍വേറ്ററിക്ക് പുറമെ ഡോര്‍മിറ്ററി, കോണ്‍ഫറന്‍സ് ഹാള്‍, ഗസ്റ്റ് റൂം ലൈബ്രറി, ഡൈനിംഗ് ഹാള്‍ തുടങ്ങിയവയും ഇതിന്റെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നു. 150ഓളം പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളില്‍ ശാസ്ത്രത്തിന്റെ വിവിധ മേഖലകളെ കുറിച്ചുള്ള സെമിനാറുകള്‍ നടത്തി വരുന്നു.

ഒബ്സര്‍വേറ്ററി ടവറില്‍ ടെലസ്കോപ്പ് സജ്ജീകരിച്ച് ആകാശ ഗോളങ്ങളെ അടുത്തറിയാനും പഠിക്കാനുമുള്ള സൌകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നു. ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍, വ്യാഴത്തിന്റെ ഉപഗ്രഹം, ശനിയുടെ വലയങ്ങള്‍ എന്നിവ നേരിട്ടു കാണുന്നതിനും പഠിക്കുന്നതിനുമായി കുട്ടികളും മുതിര്‍ന്നവരുമടക്കമുള്ള നൂറുകണക്കിനാളുകളാണ് ഇവിടെ എത്തിച്ചേരുന്നത്. ശാസ്ത്രകുതുകികള്‍ക്ക് ശാസ്ത്രവിജ്ഞാനം പകരുന്ന, വീഡിയോ കോണ്‍ഫറന്‍സ് സൌകര്യമടക്കമുള്ള ഇത്തരത്തിലുള്ള ഒരു സയന്‍സ് പാര്‍ക്ക്, ഒബ്സര്‍വേറ്ററി ടവര്‍ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുകീഴില്‍ പ്രവര്‍ത്തിക്കുന്നത് അപൂര്‍വ്വമായ അനുഭവമാണ്.

പട്ടികജാതി - പട്ടികവര്‍ഗ്ഗ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍

സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറ്റവും പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന ജനവിഭാഗമാണ് പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗം. വിവിധങ്ങളായ കാരണങ്ങള്‍കൊണ്ട് സമൂഹത്തിന്റെ മുഖ്യധാരയില്‍നിന്നും മാറ്റിനിര്‍ത്തപ്പെട്ടവരാണിവര്‍. പരിമിതികളെ മറികടന്നുകൊണ്ടുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പട്ടികജാതി - പട്ടികവര്‍ഗ്ഗ മേഖലയില്‍ ചെയ്തത്. കണ്ണൂര്‍ ജില്ലയിലെ ആറളം പഞ്ചായത്തില്‍ നടപ്പാക്കിയ 'നവജീവന്‍ മാതൃകാഗ്രാമം' ഉള്‍പ്പെടെയുള്ള നിരവധി മാതൃകാപരമായ പദ്ധതികള്‍ ഈ മേഖലയില്‍ നടത്തിയിട്ടുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ചകളാണ്.

ഇത്തരത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഇക്കാലയളവില്‍ നടപ്പിലാക്കിയത്. കൃഷി, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, ഊര്‍ജ്ജം തുടങ്ങിയ വിവിധ മേഖലകളില്‍ ഈ മാറ്റങ്ങള്‍ ദൃശ്യവുമാണ്. സമ്പൂര്‍ണ്ണ ശുചിത്വമിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരിച്ചുകൊണ്ടുള്ള പ്രവര്‍ത്തനത്തിലൂടെ ജില്ലയ്ക്ക് 'നിര്‍മ്മല്‍' പുരസ്കാരം നേടാനായത് അഭിമാനാര്‍ഹമായ മറ്റൊരു നേട്ടമാണ്.

ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വരികയും അധികാരവികേന്ദ്രീകരണം യാഥാര്‍ത്ഥ്യമാവുകയും ചെയ്തതോടുകൂടി കേരളീയ ഗ്രാമങ്ങളുടെ മുഖച്ഛായ തന്നെ മാറിക്കൊണ്ടിരിക്കുകയാണ്. അംബരചുംബികളായ പഞ്ചനക്ഷത്ര കെട്ടിടങ്ങളും എക്സ്പ്രസ് ഹൈവേകളുമല്ല വികസനത്തിന്റെ മുന്നുപാധികളെന്നും മറിച്ച് ഉല്‍പാദന മേഖലയിലെ വികാസവും സമ്പത്തിന്റെ സമതുലിതമായ വിതരണവും അതോടൊപ്പം വളരുന്ന പശ്ചാത്തല മേഖലയും കാര്യക്ഷമമായ സേവനമേഖലയുമാണ് വികസനത്തിന്റെ ആണിക്കല്ലെന്നും തിരിച്ചറിയുന്ന ഭരണാധികാരികള്‍ക്ക് മാത്രമേ വര്‍ദ്ധിച്ച ജനപങ്കാളിത്തത്തോടെയുള്ള ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനാവൂ.

സേവനമേഖലയില്‍നിന്നും സര്‍ക്കാരുകള്‍ പിന്തിരിയണമെന്നുള്ളതാണ് ആഗോളവല്‍ക്കരണം മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രം. കമ്പോളം കാര്യങ്ങള്‍ തീരുമാനിക്കുമെന്ന മൂലധനശക്തികളുടെ ഗോഗ്വാ വിളികള്‍ക്കിടയിലാണ് പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് ഒരു പ്രാദേശിക ഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങളെ നോക്കിക്കാണേണ്ടത്. മറ്റൊരര്‍ത്ഥത്തില്‍ ഇത്തരം പ്രാദേശിക ഗവണ്‍മെന്റുകള്‍ നടത്തുന്ന ഇത്തരത്തിലുള്ള ഏതൊരു ചെറിയ പ്രവര്‍ത്തനവും ആഗോളവല്‍ക്കരണത്തിനെതിരായ ചെറുബദലുകള്‍ കൂടിയാണ്. അതോടൊപ്പം വിഭവങ്ങള്‍ നല്‍കിയും നിയമങ്ങള്‍ തിരുത്തിയും പരമാവധി സഹായങ്ങള്‍ ചെയ്ത് അധികാരവികേന്ദ്രീകരണം പൂര്‍ണ്ണാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്ന ഒരു ഗവണ്‍മെന്റാണ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത് എന്നതാണ് ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്ന പ്രധാന ഘടകം. ആ കരുത്തു തന്നെയാണ് ജനപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് ധീരമായ തീരുമാനങ്ങളെടുക്കാനും അവ ആര്‍ജ്ജവത്തോടെ നടപ്പിലാക്കാനും കെ കെ നാരായണന്‍ നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക് പിന്തുണയാവുന്നതും.

രത്നാകരന്‍ കണ്ണൂര്‍ chintha weekly 040610

1 comment:

  1. സേവനമേഖലയില്‍നിന്നും സര്‍ക്കാരുകള്‍ പിന്തിരിയണമെന്നുള്ളതാണ് ആഗോളവല്‍ക്കരണം മുന്നോട്ടുവയ്ക്കുന്ന പ്രത്യയശാസ്ത്രം. കമ്പോളം കാര്യങ്ങള്‍ തീരുമാനിക്കുമെന്ന മൂലധനശക്തികളുടെ ഗോഗ്വാ വിളികള്‍ക്കിടയിലാണ് പരിമിതികള്‍ക്കകത്തു നിന്നുകൊണ്ട് ഒരു പ്രാദേശിക ഗവണ്‍മെന്റ് നടത്തിയ പ്രവര്‍ത്തനങ്ങളെ നോക്കിക്കാണേണ്ടത്. മറ്റൊരര്‍ത്ഥത്തില്‍ ഇത്തരം പ്രാദേശിക ഗവണ്‍മെന്റുകള്‍ നടത്തുന്ന ഇത്തരത്തിലുള്ള ഏതൊരു ചെറിയ പ്രവര്‍ത്തനവും ആഗോളവല്‍ക്കരണത്തിനെതിരായ ചെറുബദലുകള്‍ കൂടിയാണ്. അതോടൊപ്പം വിഭവങ്ങള്‍ നല്‍കിയും നിയമങ്ങള്‍ തിരുത്തിയും പരമാവധി സഹായങ്ങള്‍ ചെയ്ത് അധികാരവികേന്ദ്രീകരണം പൂര്‍ണ്ണാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്ന ഒരു ഗവണ്‍മെന്റാണ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നത് എന്നതാണ് ജില്ലാ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്ന പ്രധാന ഘടകം. ആ കരുത്തു തന്നെയാണ് ജനപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് ധീരമായ തീരുമാനങ്ങളെടുക്കാനും അവ ആര്‍ജ്ജവത്തോടെ നടപ്പിലാക്കാനും കെ കെ നാരായണന്‍ നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതിക്ക് പിന്തുണയാവുന്നതും.

    ReplyDelete