Tuesday, May 25, 2010

പൂര്‍ണ ആരോഗ്യസുരക്ഷ

1.75 കോടി കേരളീയര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ പൂര്‍ണ ആരോഗ്യസുരക്ഷ

സംസ്ഥാനത്തെ 1.75 കോടി ജനങ്ങള്‍ക്ക് സൌജന്യ സമ്പൂര്‍ണ ആരോഗ്യസുരക്ഷ സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തും. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാംഘട്ടം ചൊവ്വാഴ്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്യും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജനയില്‍ മാറ്റംവരുത്തിയാണ് സംസ്ഥാനം പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള 11.79 ലക്ഷം കുടുംബം പദ്ധതിയില്‍ അംഗമാണ്. കൂടാതെ 23 ലക്ഷം കുടുംബത്തെക്കൂടി രണ്ടാംഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പട്ടികജാതി- വര്‍ഗം, മത്സ്യത്തൊഴിലാളി, ആശ്രയ, ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ 50 ദിവസമെങ്കിലും തൊഴില്‍ചെയ്തവര്‍, കൃഷി, ഖാദി, കയര്‍, ഈറ്റ- പനമ്പ്- കാട്ടുവള്ളി, ബീഡി മേഖലയില്‍യിലെ തൊഴിലാളികള്‍, കശുവണ്ടിമേഖലയില്‍നിന്ന് വിരമിച്ചവര്‍, അസംഘടിതമേഖലയിലെ മറ്റ് തൊഴിലാളികള്‍, ബാര്‍ബര്‍- ബ്യൂട്ടീഷ്യന്‍- അലക്ക് തൊഴിലാളികള്‍ എന്നീ വിഭാഗത്തിലെ കുടുംബങ്ങളെയും പദ്ധതിയില്‍ അംഗമാക്കാന്‍ പ്രവര്‍ത്തനം തുടങ്ങി. ഒരു കുടുംബത്തില്‍നിന്ന് കുറഞ്ഞത് അഞ്ചുപേര്‍ക്കെങ്കിലും ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതോടെ പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹരാകുന്നവരുടെ എണ്ണം ഈ വര്‍ഷം ഒന്നേമുക്കാല്‍ കോടി കവിയും. ഒപ്പം എപിഎല്‍ വിഭാഗത്തിലടക്കമുള്ള എല്ലാ കുടുംബത്തെയും പദ്ധതിയുടെ ഭാഗമാക്കും. അതോടെ എല്ലാ കേരളീയര്‍ക്കും ആരോഗ്യസുരക്ഷ ഉറപ്പാകും.

പദ്ധതിയില്‍ അംഗമാകുന്ന കുടുംബത്തിന് പ്രതിവര്‍ഷം 30,000 രൂപയുടെ ചികിത്സാസഹായം തെരഞ്ഞെടുത്ത സര്‍ക്കാര്‍- സഹകരണ- സ്വകാര്യ ആശുപത്രികളില്‍ സൌജന്യമായി ലഭിക്കും. മരുന്നുകള്‍ക്കും പരിശോധനകള്‍ക്കും പുറമെ യാത്രക്കൂലിയായി 100 രൂപവീതം പ്രതിവര്‍ഷം 1000 രൂപവരെ ലഭിക്കും. അംഗത്വത്തിന് പ്രായപരിധി ബാധകമല്ല. നിലവിലുള്ള അംഗങ്ങള്‍ക്കും പദ്ധതിയുടെ സഹായം ലഭിക്കും. കുടുംബനാഥനോ ഗൃഹനാഥയ്ക്കോ അപകടമരണം സംഭവിച്ചാല്‍ കുടുംബത്തിന് 25,000 രൂപ സഹായം ലഭിക്കും. പദ്ധതിയില്‍ കേരളംമാത്രം നടപ്പാക്കിയ ആനുകൂല്യമാണിത്. ആദ്യവര്‍ഷം പദ്ധതിയില്‍ അംഗമായവരില്‍ 1,15,000 കുടുംബത്തിന് 33.47 കോടി രൂപയുടെ ഇന്‍ഷുറന്‍സ് സഹായം ലഭിച്ചതായി തൊഴില്‍മന്ത്രി പി കെ ഗുരുദാസന്‍ പറഞ്ഞു. 13.94 കോടി രൂപ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും ബാക്കി തുക സ്വകാര്യ ആശുപത്രികള്‍ക്കുമാണ് ലഭിച്ചത്. പദ്ധതിയില്‍ ഉള്‍പ്പെടുന്ന ആശുപത്രികളുടെ എണ്ണം വര്‍ധിപ്പിക്കും. യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പാലക്കാട് ജില്ലയില്‍ 498 രൂപയും മറ്റിടങ്ങളില്‍ 506 രൂപയുമാണ് ഓരോ കുടുംബത്തിന്റെയും പ്രീമിയം. 11.79 ലക്ഷം കുടുംബത്തിന്റെ പ്രീമിയത്തിന്റെ 75 ശതമാനം കേന്ദ്രം വഹിക്കുമ്പോള്‍, ബാക്കി സംസ്ഥാനം ഏറ്റെടുക്കുന്നു. 23 ലക്ഷം കുടുംബത്തിന്റെ പ്രീമിയം സംസ്ഥാനം വഹിക്കും. എപിഎല്‍ കുടുംബങ്ങള്‍ക്ക് പൂര്‍ണ പ്രീമിയം അടച്ച് അംഗത്വമെടുക്കാം. കേരളത്തില്‍മാത്രമാണ് പദ്ധതി ഇത്തരത്തില്‍ വിപുലീകരിച്ചത്. സ്മാര്‍ട്ട് കാര്‍ഡ് മുഖേനയാണ് ഇടപാട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നതിലൂടെ ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക അതത് ആശുപത്രിയുടെ വിപുലീകരണത്തിന് ഉപയോഗിക്കുമെന്നതും പ്രത്യേകതയാണ്്.

ദേശാഭിമാനി 24052010

1 comment:

  1. സംസ്ഥാനത്തെ 1.75 കോടി ജനങ്ങള്‍ക്ക് സൌജന്യ സമ്പൂര്‍ണ ആരോഗ്യസുരക്ഷ സംസ്ഥാനസര്‍ക്കാര്‍ ഏര്‍പ്പെടുത്തും. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ രണ്ടാംഘട്ടം ചൊവ്വാഴ്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനംചെയ്യും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച രാഷ്ട്രീയ സ്വാസ്ഥ്യ ഭീമ യോജനയില്‍ മാറ്റംവരുത്തിയാണ് സംസ്ഥാനം പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള 11.79 ലക്ഷം കുടുംബം പദ്ധതിയില്‍ അംഗമാണ്. കൂടാതെ 23 ലക്ഷം കുടുംബത്തെക്കൂടി രണ്ടാംഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. പട്ടികജാതി- വര്‍ഗം, മത്സ്യത്തൊഴിലാളി, ആശ്രയ, ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയില്‍ 50 ദിവസമെങ്കിലും തൊഴില്‍ചെയ്തവര്‍, കൃഷി, ഖാദി, കയര്‍, ഈറ്റ- പനമ്പ്- കാട്ടുവള്ളി, ബീഡി മേഖലയില്‍യിലെ തൊഴിലാളികള്‍, കശുവണ്ടിമേഖലയില്‍നിന്ന് വിരമിച്ചവര്‍, അസംഘടിതമേഖലയിലെ മറ്റ് തൊഴിലാളികള്‍, ബാര്‍ബര്‍- ബ്യൂട്ടീഷ്യന്‍- അലക്ക് തൊഴിലാളികള്‍ എന്നീ വിഭാഗത്തിലെ കുടുംബങ്ങളെയും പദ്ധതിയില്‍ അംഗമാക്കാന്‍ പ്രവര്‍ത്തനം തുടങ്ങി. ഒരു കുടുംബത്തില്‍നിന്ന് കുറഞ്ഞത് അഞ്ചുപേര്‍ക്കെങ്കിലും ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതോടെ പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹരാകുന്നവരുടെ എണ്ണം ഈ വര്‍ഷം ഒന്നേമുക്കാല്‍ കോടി കവിയും. ഒപ്പം എപിഎല്‍ വിഭാഗത്തിലടക്കമുള്ള എല്ലാ കുടുംബത്തെയും പദ്ധതിയുടെ ഭാഗമാക്കും. അതോടെ എല്ലാ കേരളീയര്‍ക്കും ആരോഗ്യസുരക്ഷ ഉറപ്പാകും.

    ReplyDelete