Wednesday, May 19, 2010

കരുത്ത് പകര്‍ന്ന് നായനാര്‍ സ്മരണ


സ. ഇ കെ നായനാരുടെ ആറാം ചരമ വാര്‍ഷികദിനമാണിന്ന്. നായനാര്‍ക്കു തുല്യന്‍ നായനാര്‍മാത്രമാണ്. മഹാനായ ആ നേതാവിന്റെ സ്മരണ ഒരിക്കലും അണയാത്തതും. ബാലസംഘത്തിലൂടെ പൊതുപ്രവര്‍ത്തനമാരംഭിച്ച് നാടിന്റെയാകെ നേതാവായി ഉയര്‍ന്ന് ജനമനസ്സുകളില്‍ അതുല്യ സ്ഥാനം നേടിയ സഖാവിന്റെ രാഷ്ട്രീയജീവിതം ആധുനികകേരള ചരിത്രത്തിലെ സുപ്രധാന ഏടാണ്. ദേശീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ കര്‍ഷകപോരാട്ടങ്ങളുടെയും രാഷ്ട്രീയത്തിന്റെയും സംഘാടകനും നേതാവുമായി സ. നായനാര്‍ ഉയര്‍ന്നു. ലാളിത്യവും നിര്‍ഭയത്വവും സമന്വയിച്ച ആ ജീവിതം മാതൃകാപരമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍നിന്ന നായനാര്‍ സംഘാടകന്‍, ഭരണാധികാരി, പ്രസംഗകന്‍ എന്നിങ്ങനെ മാത്രമല്ല, ജനകീയപ്രശ്നങ്ങളോടു പ്രതികരിക്കുന്ന പത്രാധിപരെന്ന നിലയിലും ശ്രദ്ധേയപ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. പാര്‍ലമെന്റിതര പ്രവര്‍ത്തനങ്ങളില്‍ എന്നപോലെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലും നായനാരുടെ വ്യക്തിമുദ്ര പതിഞ്ഞു. ആരുമായി ഇടപഴകുമ്പോഴും തന്റെ കാഴ്ചപ്പാടുകളില്‍നിന്ന് അണുവിട വ്യതിചലിക്കാതെ പ്രവര്‍ത്തിക്കാന്‍ സഖാവ് കാണിച്ച ശേഷി എടുത്തുപറയേണ്ടതാണ്.

ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എതിരായി നാട്ടില്‍ രൂപപ്പെട്ട ബഹുജനമുന്നേറ്റങ്ങളുടെ അടിത്തറയില്‍നിന്നുകൊണ്ടാണ് ആ വ്യക്തിത്വം രൂപപ്പെട്ടത്. ആദ്യം കോണ്‍ഗ്രസ്, പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി, അതിനുശേഷം കമ്യൂണിസ്റ്റ് പാര്‍ടി എന്നിങ്ങനെ കാലത്തിനനുസരിച്ച് വളര്‍ന്ന വിപ്ളവകരമായ മുന്നേറ്റങ്ങളുടെ ഭാഗമായാണ് നായനാരുടെ രാഷ്ട്രീയനിലപാട് വികസിച്ചത്. പ്രസ്ഥാനത്തിനകത്ത് പ്രത്യക്ഷപ്പെട്ട ഇടത്-വലതു പ്രവണതകള്‍ക്കെതിരായി സന്ധിയില്ലാതെ പൊരുതുന്നതിനും പാര്‍ടിയെ വിപ്ളവപന്ഥാവിലൂടെ മുന്നോട്ടു നയിക്കുന്നതിലും സഖാവ് ആശയവ്യക്തതയാര്‍ന്ന മുന്‍കൈയെടുത്തു. അവതരണത്തിന്റെ ശൈലിയും അതില്‍ ഉള്‍ക്കൊള്ളിക്കുന്ന രാഷ്ട്രീയസമീപനവും നിഷ്കളങ്കമായ ഇടപെടലും നായനാരെ ജനങ്ങളുടെ പ്രിയങ്കരനാക്കി. ജനങ്ങളുടെ ദുഃഖങ്ങളില്‍ ഒപ്പം കരയാനും സന്തോഷങ്ങളെ അതേപോലെ ഉള്‍ക്കൊള്ളാനും കഴിയുന്ന വിധമായിരുന്നു നായനാരുടെ ഇടപെടല്‍. പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എന്നീ നിലകളില്‍ സഖാവ് ഏറെക്കാലം പ്രവര്‍ത്തിച്ചു. കേരളത്തിന്റെ ഏതു പ്രദേശവും അവിടങ്ങളിലെ സവിശേഷപ്രശ്നവും നായനാര്‍ക്ക് ഹൃദിസ്ഥമായിരുന്നു. സമരസംഘാടകനായും സമഗ്രപോരാളിയായും ജ്വലിച്ചുനിന്ന സഖാവിന്റെ ഇടപെടല്‍ സര്‍വരും അംഗീകരിച്ചു. എതിരാളികളുടെയും ആദരം പിടിച്ചുപറ്റുംവിധം ഔന്നത്യത്തിലായിരുന്നു ആ വ്യക്തിത്വം.

കേരളത്തില്‍ ഏറ്റവും അധികംകാലം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചത് നായനാരാണ്. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍, മാവേലിസ്റോറുകള്‍, സമ്പൂര്‍ണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയ കേരള വികസനത്തിലെ നാഴികക്കല്ലുകളായി മാറിയ പരിഷ്കാരങ്ങളുടെയെല്ലാം അമരക്കാരനായി നായനാര്‍ ഉണ്ടായിരുന്നു. 1957ലെ സര്‍ക്കാര്‍ അടിത്തറയിട്ട വികസനപ്രക്രിയയെ മുന്നോട്ടുകൊണ്ടുപോകുന്നതിന് സഖാവ് നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. അഭിപ്രായങ്ങള്‍ ശക്തമായി പാര്‍ടിക്കകത്ത് അവതരിപ്പിക്കുക, പാര്‍ടി തീരുമാനമെടുത്താല്‍ അത് നടപ്പാക്കുന്ന കാര്യത്തില്‍ മുമ്പന്തിയില്‍ നില്‍ക്കുക- ഈ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനാ ശൈലി എക്കാലത്തും സഖാവ് ഉയര്‍ത്തിപ്പിടിച്ചു. എഡിഎഫ് സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടന്ന വേളയിലാണ് ഇത്തവണ സ. നായനാര്‍ ദിനം ആചരിക്കുന്നത്.

ജനങ്ങളുടെ ജീവിതത്തെ ദുരിത പൂര്‍ണമാക്കുന്ന ആഗോളവല്‍ക്കരണനയങ്ങള്‍ കേന്ദ്ര യുപിഎ സര്‍ക്കാര്‍ നടപ്പാക്കുമ്പോള്‍ അതിന് ബദല്‍ ഉയര്‍ത്തി ജനകീയ ആവശ്യങ്ങള്‍ തൃപ്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുടെ വിജയകരമായ നാലുവര്‍ഷമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നിട്ടത്. അടിസ്ഥാനമേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍, സാമൂഹ്യസുരക്ഷിതത്വത്തിനുള്ള പ്രാധാന്യം, ക്രിയാത്മകമായ ധനമാനേജ്മെന്റ് എന്നിവയെ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ സംസ്ഥാനത്തിന് അഭൂതപൂര്‍വമായ കുതിപ്പിനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ സൃഷ്ടിച്ചത്. കാര്‍ഷികമേഖലയില്‍ 2.8 ശതമാനം വളര്‍ച്ചാനിരക്ക് നേടി. കഴിഞ്ഞ രണ്ടുവര്‍ഷമായി നെല്ലുല്‍പ്പാദനം വര്‍ധന രേഖപ്പെടുത്തുന്നു. കാര്‍ഷികമേഖലയിലെ നിക്ഷേപം 50 ശതമാനത്തിലേറെ വര്‍ധിപ്പിച്ചു. പൊതുമേഖലാ വ്യവസായങ്ങള്‍ എല്ലാ പ്രതിസന്ധിയെയും അതിജീവിച്ച് ത്വരിതവളര്‍ച്ചയുടെ പാതയിലാണ്. നഷ്ടക്കണക്കുകളില്‍നിന്ന് കുതറിമാറി, 200 കോടി രൂപ ലാഭത്തിലേക്ക് അവ എത്തി. പുതിയ എട്ട് പൊതുമേഖലാ വ്യവസായസ്ഥാപനം ആരംഭിക്കുന്നതിന് 121 കോടി രൂപ നീക്കിവച്ചിരിക്കുന്നു. പരമ്പരാഗത വ്യവസായമേഖലയില്‍ സര്‍ക്കാരിന്റെ സഹായവും ഇടപെടലും എത്താത്ത ഒരിടവുമില്ല. മത്സ്യത്തൊഴിലാളി കടാശ്വാസനിയമം, ദിനേശ് ബീഡി തൊഴിലാളികള്‍ക്ക് 45 വയസ്സില്‍ റിട്ടയര്‍ ചെയ്യാനുള്ള സംവിധാനവും 500 രൂപ പ്രതിമാസപെന്‍ഷനും, ഖാദിത്തൊഴിലാളികള്‍ക്ക് 25 ശതമാനം വേതനവര്‍ധന, കൈത്തറി-നെയ്ത്ത് തൊഴിലാളികള്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ് എന്നിങ്ങനെ ചെയ്തകാര്യങ്ങളുടെ പട്ടിക നീണ്ടതാണ്.

ആവശ്യത്തിന് ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിച്ചും മെഡിക്കല്‍ കോളേജുകളുള്‍പ്പെടെയുള്ള ആശുപത്രികളിലെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയും ആരോഗ്യ പരിപാലനരംഗത്ത് കേരളത്തിന്റെ യശസ്സ് കൂടുതല്‍ ഉയരത്തിലേക്കെത്തിച്ചു. ജനങ്ങള്‍ക്ക് അടിസ്ഥാന സൌകര്യം ഒരുക്കുന്നതില്‍ കര്‍ക്കശമായ നിഷ്കര്‍ഷയാണ് പാലിക്കുന്നത്.

എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുന്നതിന് 1058 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. എല്ലാവര്‍ക്കും പാര്‍പ്പിടത്തിനുള്ള ഇ എം എസ് ഭവനനിര്‍മാണപദ്ധതി ജനകീയപദ്ധതിയായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. 35 ലക്ഷം കുടുംബത്തിന് രണ്ടുരൂപയ്ക്ക് അരി നല്‍കുന്നതിനുള്ള പദ്ധതി അടിസ്ഥാന ജനവിഭാഗത്തിനോടുള്ള ഉറച്ച പ്രതിബദ്ധതയുടെ ഫലമാണ്. അധികാരമേല്‍ക്കുമ്പോള്‍ ക്ഷേമപെന്‍ഷനുകള്‍ 110 രൂപ ആയിരുന്നത് 300 രൂപയായി വര്‍ധിപ്പിച്ചു. പെന്‍ഷന്‍ പരിധിയിലേക്ക് കൂടുതല്‍ ജനവിഭാഗങ്ങളെ കൊണ്ടുവന്നു. പട്ടികജാതി-വര്‍ഗ വിഭാഗത്തിലുള്ള ആനൂകൂല്യങ്ങള്‍ 50 ശതമാനത്തിലേറെ വര്‍ധിപ്പിച്ചു. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട പാലോളി കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഈ വര്‍ഷംമാത്രം ബജറ്റില്‍ 10 കോടി രൂപ നീക്കിവച്ചു.

ലോഡ്ഷെഡ്ഡിങ്ങും പവര്‍കട്ടുമില്ലാത്ത നാലുവര്‍ഷമാണ് കടന്നുപോയത്. സമ്പൂര്‍ണ വൈദ്യുതീകരണത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഊര്‍ജസംരക്ഷണത്തിനായി ഒന്നരക്കോടി സിഎഫ്എല്‍ നല്‍കുന്ന പദ്ധതി വന്‍ വിജയമായി മാറുകയാണ്. വിദ്യാഭ്യാസമേഖലയിലെ നിക്ഷേപം ഈ വര്‍ഷത്തെ ബജറ്റില്‍ 50 ശതമാനമാണ് വര്‍ധിച്ചത്. 4000 കോടി രൂപയുടെ മുതല്‍മുടക്കോടെയുള്ള ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങള്‍ കൊണ്ടുവരുന്നതിനു കഴിഞ്ഞു. യുഡിഎഫ് വെട്ടിക്കുറച്ച എല്ലാ ആനുകൂല്യവും ജീവനക്കാര്‍ക്ക് നല്‍കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായി. പുതിയ ശമ്പള കമീഷനെ നിയോഗിച്ചു. സ്ത്രീകളുടെ പ്രസവാവധി 135 ദിവസത്തില്‍ നിന്ന് 180 ആക്കി വര്‍ധിപ്പിച്ചു. സഹകരണമേഖലയുടെ ഫലപ്രദമായ ഇടപെടല്‍, വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് ഏറെ സഹായകമായി. സ്ത്രീകള്‍ക്കുവേണ്ടി 620 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റില്‍ നല്‍കിയത്.

ഇങ്ങനെ നാനാവിധത്തിലും ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നും ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തിയും മുന്നോട്ട് പോകുന്ന സംസ്ഥാനസര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം വലതുപക്ഷ ശക്തികള്‍ സംഘടിപ്പിക്കുകയാണ്. വികസനകാര്യത്തില്‍ തങ്ങള്‍ക്ക് ചെയ്യാനാകാത്തത് മറ്റാരും ചെയ്യരുതെന്ന അറുപിന്തിരിപ്പന്‍ നിലപാടാണ് വലതുപക്ഷത്തിന്റേത്. അവര്‍ വികസനം തടയുന്നു; അതിനായി ഉപജാപങ്ങളെയും സമ്മര്‍ദതന്ത്രത്തെയും ആശ്രയിക്കുന്നു. കിനാലൂരിലാണ് അത്തരം അട്ടിമറിക്കാരുടെ ഏറ്റവുമൊടുവിലത്തെ വിധ്വംസക ആക്രമണമുണ്ടായത്. കിനാലൂരില്‍ ഭൂമി നഷ്ടപ്പെടുമെന്ന ഭീതിയില്‍ എത്തിയവരല്ല ആക്രമണം നടത്തിയത്. മറിച്ച്, നാട്ടില്‍ അസ്വസ്ഥത സൃഷ്ടിച്ച് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്ന വ്യത്യസ്ത വിഭാഗങ്ങളാണ്. അതില്‍ മതമൌലികശക്തികളും ഇടതുതീവ്രവാദികളടക്കമുള്ള മറ്റുപല സങ്കുചിത ഗ്രൂപ്പുകളുമുണ്ട്. വികസനമേ പാടില്ലെന്ന സമീപനം ആര്‍ക്കും അംഗീകരിക്കാനാകില്ല. പ്രത്യേക ലക്ഷ്യംവച്ച് ഒത്തുകൂടി വ്യാജ പ്രചാരണങ്ങളുടെ അകമ്പടിയുമായി സമരാഭാസം സംഘടിപ്പിക്കുന്ന ഇത്തരക്കാരെ ജനങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കേണ്ടതുണ്ട്.

കിനാലൂരില്‍ മഹാഭൂരിപക്ഷം ജനങ്ങളും അട്ടിമറിക്കാര്‍ക്കെതിരാണ്. ആ വസ്തുത മൂടിവച്ചും പൊലീസിനെതിരായ ആക്രമണം കണ്ടില്ലെന്നു നടിച്ചും തെറ്റായ പ്രചാരണമാണ് ഒരുവിഭാഗം മാധ്യമങ്ങള്‍ നടത്തിയത്. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുന്നത് തടയാന്‍ വിവാദങ്ങള്‍ക്ക് തീകൊളുത്തുകയുമാണ് അവര്‍. നാട്ടില്‍ ഒരുതരത്തിലുള്ള വികസന പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന തെറ്റായ കാഴ്ചപ്പാടിനെ തുറന്നുകട്ടേണ്ടതുണ്ട്. വികസന വിരുദ്ധ-മൌലികവാദ ശക്തികള്‍ക്കെതിരായ ജനമുന്നേറ്റത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നതാണ് കിനാലൂരടക്കമുള്ള സംഭവവികാസങ്ങള്‍. അവസാനശ്വാസംവരെ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച സഖാവായിരുന്നു നായനാര്‍.

സാര്‍വദേശീയ-ദേശീയ തലത്തിലെ അമേരിക്കന്‍ ഇടപെടലുകളെ പ്രതിരോധിക്കുന്ന പോരാട്ടം നടത്തുന്നതോടൊപ്പം ജനോപകാരപ്രദമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തവും പിന്തിരിപ്പന്‍ രാഷ്ട്രീയത്തിനെതിരായ കരുത്തന്‍സമരവും നമുക്ക് ഏറ്റെടുക്കാനുണ്ട്. ഇത്തരം പോരാട്ടങ്ങള്‍ക്ക് എന്നും ആവേശമായിരുന്ന നായനാരുടെ സ്മരണ വഴികാട്ടിയായി നമ്മെ നയിക്കുന്നു.

പിണറായി വിജയന്‍ ദേശാഭിമാനി 19052010

1 comment:

  1. സ. ഇ കെ നായനാരുടെ ആറാം ചരമ വാര്‍ഷികദിനമാണിന്ന്. നായനാര്‍ക്കു തുല്യന്‍ നായനാര്‍മാത്രമാണ്. മഹാനായ ആ നേതാവിന്റെ സ്മരണ ഒരിക്കലും അണയാത്തതും. ബാലസംഘത്തിലൂടെ പൊതുപ്രവര്‍ത്തനമാരംഭിച്ച് നാടിന്റെയാകെ നേതാവായി ഉയര്‍ന്ന് ജനമനസ്സുകളില്‍ അതുല്യ സ്ഥാനം നേടിയ സഖാവിന്റെ രാഷ്ട്രീയജീവിതം ആധുനികകേരള ചരിത്രത്തിലെ സുപ്രധാന ഏടാണ്. ദേശീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ത്തന്നെ കര്‍ഷകപോരാട്ടങ്ങളുടെയും രാഷ്ട്രീയത്തിന്റെയും സംഘാടകനും നേതാവുമായി സ. നായനാര്‍ ഉയര്‍ന്നു. ലാളിത്യവും നിര്‍ഭയത്വവും സമന്വയിച്ച ആ ജീവിതം മാതൃകാപരമായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ മുന്‍നിരയില്‍നിന്ന നായനാര്‍ സംഘാടകന്‍, ഭരണാധികാരി, പ്രസംഗകന്‍ എന്നിങ്ങനെ മാത്രമല്ല, ജനകീയപ്രശ്നങ്ങളോടു പ്രതികരിക്കുന്ന പത്രാധിപരെന്ന നിലയിലും ശ്രദ്ധേയപ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. പാര്‍ലമെന്റിതര പ്രവര്‍ത്തനങ്ങളില്‍ എന്നപോലെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളിലും നായനാരുടെ വ്യക്തിമുദ്ര പതിഞ്ഞു. ആരുമായി ഇടപഴകുമ്പോഴും തന്റെ കാഴ്ചപ്പാടുകളില്‍നിന്ന് അണുവിട വ്യതിചലിക്കാതെ പ്രവര്‍ത്തിക്കാന്‍ സഖാവ് കാണിച്ച ശേഷി എടുത്തുപറയേണ്ടതാണ്.

    ReplyDelete