Saturday, May 29, 2010

പുനരധിവാസ പാക്കേജ് അനിശ്ചിതത്വത്തില്‍

കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടുമൂലം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ദേശീയപാത പുനരധിവാസ പാക്കേജ് അനിശ്ചിതത്വത്തില്‍. സ്ഥലമേറ്റെടുക്കുന്നതിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഹൈവേ വികസനം അവതാളത്തിലാകുമെന്ന ആശങ്കയ്ക്കുപിന്നാലെയാണ് പുനരധിവാസ പാക്കേജിലെ അനിശ്ചിതത്വം.

പാതവികസനത്തിന് ചെലവിടാനുദ്ദേശിക്കുന്ന 12,000 കോടി രൂപയുടെ 16 ശതമാനം തുകയ്ക്കുള്ള പുനരധിവാസ പാക്കേജാണ് 2007 ഡിസംബറില്‍ കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ചത്. 2,500 കോടിയോളം രൂപ ആവശ്യമായ പാക്കേജ് ദേശീയപാത വികസന അതോറിറ്റി അംഗീകരിച്ചിട്ടില്ല. പാത വികസനത്തിന് 45 മീറ്റര്‍ സ്ഥലമെടുപ്പ് തീരുമാനിച്ചാല്‍കൂടി പുനരധിവാസ പാക്കേജിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാത്തിടത്തോളം വികസനം നീളും.

ലോകബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ക്കു മാത്രമാണ് ദേശീയപാത അതോറിറ്റി പുനരധിവാസ പാക്കേജ് നടപ്പാക്കുന്നത്. യുപി പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കിയിട്ടുമുണ്ട്. ഇവിടത്തെ പ്രത്യേക സാഹചര്യവും പാതയ്ക്കിരുവശമുള്ള ജനസാന്ദ്രതയും പരിഗണിച്ച് പാക്കേജ് നടപ്പാക്കണമെന്നാണ് കേരളം അഭ്യര്‍ഥിച്ചത്. ഇക്കാര്യംതീരുമാനമാകാത്തിടത്തോളം ജില്ലാതല പര്‍ച്ചേസ് കമ്മിറ്റിക്ക് സ്ഥലവില നിശ്ചയിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയില്ല. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്നങ്ങളെത്തുടര്‍ന്നാണ് വീതി 30 മീറ്ററാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകക്ഷിസംഘം പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയത്. 45 മീറ്ററില്‍ താഴെ റോഡ് വികസനം ഏറ്റെടുക്കാനാകില്ലെന്ന് ദേശീയപാത അതോറിറ്റി തീരുമാനിച്ചു. വര്‍ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത് പാത 45 മീറ്ററില്‍ വേണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതിനെതിരെ ചിലര്‍ രംഗത്തെത്തിയിട്ടുണ്ടെങ്കിലും അത് വികസനം തടയാനുള്ള നീക്കമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.

എന്‍എച്ച് 47ന്റെ ഒട്ടുമിക്ക ബൈപാസുകള്‍ക്കും 45 മീറ്ററില്‍ കൂടുതല്‍ വീതിയുണ്ട്. പാലക്കാട് മണ്ണുത്തി റോഡിന് 60 മീറ്റര്‍ വരും. കഴക്കൂട്ടം, കൊല്ലം, ആലപ്പുഴ ബൈപാസുകള്‍ക്ക് 45 മീറ്റര്‍ വീതിയുണ്ട്. എന്‍എച്ച് 14ന്റെ അവസ്ഥയും ഇതുതന്നെ. ചുരുക്കം ചില മേഖലകളിലാണ് ഭൂമി അധികമായി ഏറ്റെടുക്കേണ്ടി വരിക. ഇത് മൂടിവച്ച് പാത വികസനം അട്ടിമറിക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച തീരുമാനം ഉടനുണ്ടായില്ലെങ്കില്‍ ദേശീയപാത അതോറിറ്റി പദ്ധതി ഉപേക്ഷിക്കുമെന്ന ധാരണ പരന്നിട്ടുണ്ട്. ബിഒടി പ്രകാരം പണി തുടങ്ങേണ്ട ചില പദ്ധതികളുടെ നടപടിക്രമങ്ങള്‍ കഴിഞ്ഞ ദിവസം തടഞ്ഞത് ഇതിന്റെ സൂചനയാണ്. സംസ്ഥാന സര്‍ക്കാര്‍ ഡെപ്യൂട്ടേഷനില്‍ മുന്നൂറോളം ജീവനക്കാരെ നല്‍കിയിട്ടുണ്ട്. ഇവരുടേതടക്കമുള്ള ചെലവുകള്‍ക്കുംമറ്റും അതോറിറ്റിക്ക് പ്രതിമാസം രണ്ടരക്കോടിയോളം രൂപ ചെലവുണ്ട്. റോഡ് വികസന കാര്യത്തില്‍ അടിയന്തര തീരുമാനം വരാത്തപക്ഷം ബാധ്യത ഒഴിവാക്കാന്‍ ജീവനക്കാരെ തിരിച്ചയക്കുന്ന കാര്യവും അതോറിറ്റി ആലോചിക്കുന്നുണ്ട്.
(കെ ആര്‍ അജയന്‍)

ദേശാഭിമാനി 29052010

1 comment:

  1. കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടുമൂലം സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ദേശീയപാത പുനരധിവാസ പാക്കേജ് അനിശ്ചിതത്വത്തില്‍. സ്ഥലമേറ്റെടുക്കുന്നതിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഹൈവേ വികസനം അവതാളത്തിലാകുമെന്ന ആശങ്കയ്ക്കുപിന്നാലെയാണ് പുനരധിവാസ പാക്കേജിലെ അനിശ്ചിതത്വം.

    ReplyDelete