കോഴിക്കോട്: കിനാലൂരിലേക്ക് നാലുവരിപ്പാത പണിയുന്നത് വ്യവസായ വളര്‍ച്ചാകേന്ദ്രത്തിനടുത്ത് എസ്റ്റേറ്റ് ഭൂമി വാങ്ങിക്കൂട്ടിയ ഭൂമാഫിയകളെ സഹായിക്കാനാണെന്ന ആരോപണം ഉമ്മന്‍ചാണ്ടിയെ തിരിഞ്ഞുകൊത്തുന്നു. വ്യവസായവകുപ്പ് ഏറ്റെടുത്ത 309 ഏക്കര്‍ ഭൂമിക്കടുത്തുള്ള 1750 ഏക്കറോളം ഭൂമി 558 കര്‍ഷകര്‍ വിലകൊടുത്ത് വാങ്ങിയതാണെന്നും ഇതിന്റെ രജിസ്ട്രേഷന്‍ കാര്യങ്ങള്‍ക്ക് ഒന്നരവര്‍ഷമായി മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നത് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയാണെന്നും കര്‍ഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭൂമി വാങ്ങിയവരുടെയെല്ലാം പേരുകള്‍ ഹൈക്കോടതിയിലുണ്ടെന്നും സംശയമുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാ രേഖകളും കൈമാറാമെന്നും ഇവര്‍ വ്യക്തമാക്കി.
കര്‍ഷകസമിതി കണ്‍വീനര്‍ മാര്‍ട്ടിന്‍ തോമസിന്റെ നേതൃത്വത്തില്‍ ഒരുസംഘം കര്‍ഷകരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. 'തങ്ങളാരും ഭൂമാഫിയകളല്ലെന്നും ദയവായി അങ്ങനെ വിളിക്കരുതെന്നും' ഇവര്‍ അഭ്യര്‍ഥിച്ചു. ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റുമടക്കമുള്ള യുഡിഎഫ് നേതാക്കളാണ് ഇത് പറയുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ "ഒന്നരവര്‍ഷമായി ഉമ്മന്‍ചാണ്ടിസാര്‍ തങ്ങള്‍ക്കുവേണ്ടി എസ്റ്റേറ്റ് ഉടമകളുമായി സംസാരിക്കുന്നുണ്ടെന്ന്'' മാര്‍ട്ടിന്‍ തോമസ് അറിയിച്ചു. ഭൂമി രജിസ്റ്റര്‍ചെയ്ത് തരാതെ എസ്റ്റേറ്റ് ഉടമകള്‍ ഇടക്കിടെ തുക കൂട്ടിപ്പറയുന്നതുകൊണ്ടാണ് മധ്യസ്ഥരെ ഏര്‍പ്പെടുത്തേണ്ടിവന്നത്.
സിഐടിയു നേതാവ് കെ മൂസക്കുട്ടിയുടെ നേതൃത്വത്തില്‍ 2006ല്‍ ഒത്തുതീര്‍പ്പുണ്ടാക്കിയെങ്കിലും കമ്പനി അത് പാലിക്കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ സഹായം തേടിയത്. ഒന്നരവര്‍ഷത്തിനിടയില്‍ നാലോ അഞ്ചോ തവണ അദ്ദേഹം പങ്കെടുത്ത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുണ്ടായി. ഞങ്ങള്‍ ഇടക്കിടെ തിരുവനന്തപുരത്തും മറ്റും പോയി അദ്ദേഹത്തെ സ്ഥിതിഗതികള്‍ അറിയിക്കാറുണ്ട്. ഏറ്റവും ഒടുവില്‍ ഉമ്മന്‍ചാണ്ടിയുടെ മധ്യസ്ഥചര്‍ച്ചയനുസരിച്ച് ഭൂമിവിലയായി 24 കോടിരൂപ കര്‍ഷകരില്‍നിന്ന് പിരിച്ച് എസ്റ്റേറ്റ് ഉടമക്ക് നല്‍കാന്‍ ഡിഡിയാക്കി ബാങ്ക് ലോക്കറിലിട്ടിട്ടുണ്ടെന്നും കര്‍ഷകര്‍ പറഞ്ഞു.
കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് കമ്പനിയുടെ കൈയിലുള്ള കിനാലൂര്‍ എസ്റ്റേറ്റില്‍ 2659 ഏക്കര്‍ ഭൂമിയാണുള്ളത്. ഇതില്‍ 309 ഏക്കര്‍ 1995ല്‍ വ്യവസായപാര്‍ക്കിന് വേണ്ടി കെഎസ്ഐഡിസി ഏറ്റെടുത്തു. കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായി പൂട്ടേണ്ടിവന്നപ്പോള്‍ തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാന്‍ കഴിയാതായി. എസ്റ്റേറ്റ് വിറ്റ് പ്രശ്നം തീര്‍ക്കാന്‍ എല്ലാവരും ധാരണയിലെത്തി. ഇതനുസരിച്ച് പി കെ സി അഹമ്മദ്കുട്ടിയെ കണ്‍സള്‍ട്ടന്റായി നിയോഗിച്ചു. നഷ്ടപരിഹാരതുകക്ക് പുറമെ ഓരോ തൊഴിലാളിക്കും 1.03 ഏക്കര്‍ ഭൂമികൂടി വിതരണം ചെയ്തു. ഇത്പ്രകാരം 550 തൊഴിലാളികള്‍ക്ക് 600 ഏക്കര്‍ ഭൂമി നല്‍കി. ബാക്കി 1750 ഏക്കര്‍ ഭൂമി 558 കര്‍ഷകര്‍ മാര്‍ക്കറ്റ് വില കൊടുത്താണ് വാങ്ങിയത്. ഇതില്‍ അഞ്ച്സെന്റ് മുതല്‍ രണ്ട് ഏക്കര്‍വരെ ഭൂമി 308 കര്‍ഷകരുടെ കൈയിലുണ്ട്. 167പേര്‍ രണ്ട് ഏക്കര്‍ മുതല്‍ അഞ്ചു ഏക്കര്‍വരെ ഭൂമിവാങ്ങി. അഞ്ച് ഏക്കറിനും പത്ത് ഏക്കറിനും ഇടയില്‍ ഭൂമി വാങ്ങിയവര്‍ 64 പേരാണ്. പത്തിനും 25നും ഇടയില്‍ ഭൂമിയുള്ളവര്‍ 17പേര്‍. 25 ഏക്കറിന്മുകളില്‍ രണ്ടുപേരെയുള്ളുവെന്നും കര്‍ഷകര്‍ പറഞ്ഞു.
30 കോടി രൂപയായിരുന്നു കമ്പനി ആദ്യം വില പറഞ്ഞത്. ഇതില്‍ 22 കോടി 80ലക്ഷം രൂപ നല്‍കി. അപ്പോള്‍ കമ്പനി കൂടുതല്‍ തുക ആവശ്യപ്പെട്ടു. ഇതിനിടെ കേസായി. കോഴിക്കോട് സബ്കോടതി ഭൂമിയുടെ രജിസ്ട്രേഷന്‍ നടപടികള്‍ സ്റ്റേചെയ്തു. തൊഴിലാളികളും കര്‍ഷകരും ഒറ്റക്കെട്ടായി ഹൈക്കോടതിയില്‍ നടത്തിയ നിയമയുദ്ധത്തിനുശേഷം സ്റ്റേ നീക്കി. ഇപ്പോള്‍ ഭൂമി കൈവശംവച്ച് ആദായമെടുക്കുന്നു. എന്നാല്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയായിട്ടില്ല. ഈ പ്രശ്നം പരിഹരിക്കാനാണ് ഉമ്മന്‍ചാണ്ടിയെ മധ്യസ്ഥനാക്കിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് 24 കോടി രൂപകൂടി നല്‍കാന്‍ ധാരണയായി. കമ്പനി വീണ്ടും വാക്കുമാറിയതിനാലാണ് തുക നല്‍കാത്തത്. അത് ബാങ്ക് ലോക്കറിലുണ്ട്. കര്‍ഷകരായ ഞങ്ങളുടെയും തൊഴിലാളികളുടെയും പ്രശ്നം പരിഹരിക്കാതെ രാഷ്ട്രീയ നേട്ടത്തിന് തങ്ങളെ കരുവാക്കരുതെന്നും ഇവര്‍ അഭ്യര്‍ഥിച്ചു. വ്യവസായപാര്‍ക്കിന് ചുറ്റുമുള്ള എസ്റ്റേറ്റിന്റെ ബാക്കി ഭൂമി മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന വ്യവസായമന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് തങ്ങളുടെ ഭൂമിയാണെന്നും സര്‍ക്കാര്‍ ഏറ്റെടുക്കരുതെന്നും കര്‍ഷകര്‍ പറഞ്ഞു.സണ്ണി പൊന്നാമറ്റം, ജോസ് കൈനടി, ജോളി കൈലത്ത്, ബേബിക്കുട്ടി എബ്രഹാം എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
ദേശാഭിമാനി വാര്‍ത്ത 13052010
: കിനാലൂരിലേക്ക് നാലുവരിപ്പാത പണിയുന്നത് വ്യവസായ വളര്‍ച്ചാകേന്ദ്രത്തിനടുത്ത് എസ്റ്റേറ്റ് ഭൂമി വാങ്ങിക്കൂട്ടിയ ഭൂമാഫിയകളെ സഹായിക്കാനാണെന്ന ആരോപണം ഉമ്മന്‍ചാണ്ടിയെ തിരിഞ്ഞുകൊത്തുന്നു. വ്യവസായവകുപ്പ് ഏറ്റെടുത്ത 309 ഏക്കര്‍ ഭൂമിക്കടുത്തുള്ള 1750 ഏക്കറോളം ഭൂമി 558 കര്‍ഷകര്‍ വിലകൊടുത്ത് വാങ്ങിയതാണെന്നും ഇതിന്റെ രജിസ്ട്രേഷന്‍ കാര്യങ്ങള്‍ക്ക് ഒന്നരവര്‍ഷമായി മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്നത് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയാണെന്നും കര്‍ഷകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഭൂമി വാങ്ങിയവരുടെയെല്ലാം പേരുകള്‍ ഹൈക്കോടതിയിലുണ്ടെന്നും സംശയമുണ്ടെങ്കില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാ രേഖകളും കൈമാറാമെന്നും ഇവര്‍ വ്യക്തമാക്കി.
ReplyDelete