Monday, May 24, 2010

ക്ഷണിച്ചുവരുത്തിയ ദുരന്തം

ശനിയാഴ്ച രാവിലെ മംഗളൂരുവിലുണ്ടായ വിമാനദുരന്തം സൃഷ്ടിച്ച ഞെട്ടലില്‍നിന്ന് രാജ്യം മുക്തമായിട്ടില്ല. സമീപകാലത്ത് ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വിമാനാപകടം. ദുബായില്‍ നിന്ന് മംഗലാപുരത്തേക്ക് വന്ന എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ ബോയിങ് വിമാനം നിയന്ത്രണം കിട്ടാതെ റവേയില്‍നിന്ന് തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞ് കത്തിയമര്‍ന്നു. നഷ്ടപ്പെട്ടത് 158 വിലപ്പെട്ട ജീവന്‍. അധികൃതര്‍ അവസാനം നല്‍കിയ കണക്കനുസരിച്ച് മരിച്ചവരില്‍ 66 പേര്‍ മലയാളികളാണ്. അവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ഈ ദുരന്തം കേരളത്തിലുണ്ടാക്കിയ ദുഃഖം വിവരിക്കാനാവില്ല. ജീവിക്കാന്‍ തൊഴില്‍തേടി ഗള്‍ഫില്‍ പോയവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ദാരുണമായ വേര്‍പാട് ഉണ്ടാക്കിയ ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു. ഗള്‍ഫില്‍നിന്ന് തിരിച്ചുവരുന്ന പ്രിയപ്പെട്ടവരെ കാത്ത് വിമാനത്താവളത്തില്‍ നിന്നവര്‍ക്ക് കാണാന്‍ കഴിഞ്ഞത് കത്തിക്കരിഞ്ഞ ജഡങ്ങളായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 168 പേരില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് എട്ടുപേര്‍ മാത്രമാണ്.

വിമാനദുരന്തത്തെപ്പറ്റി പതിവുപോലെ ഡയറക്ടര്‍ ഓഫ് സിവില്‍ ഏവിയേഷന്റെയും മറ്റു വിദഗ്ധ ഏജന്‍സികളുടെയും അന്വേഷണം നടക്കും. കോക്പിറ്റ് വോയ്സ് റെക്കോര്‍ഡറും ഡിജിറ്റല്‍ ഫ്ളൈറ്റ് റെക്കോര്‍ഡറും പരിശോധിക്കുമ്പോള്‍ അപകടകാരണത്തെപ്പറ്റി കൂടുതല്‍ വ്യക്തമായ സൂചനകള്‍ ലഭിക്കുകയും ചെയ്യും. എന്നാല്‍, കച്ചവടതാല്‍പ്പര്യങ്ങള്‍ക്കു വേണ്ടി വ്യോമസുരക്ഷാനടപടികള്‍ അവഗണിച്ചതിന്റെ ഫലമാണ് മംഗളൂരു ദുരന്തമെന്ന നിഗമനത്തിലെത്താന്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വരാന്‍ കാത്തിരിക്കേണ്ട.

സിവില്‍ വ്യോമയാന മേഖല സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്ത 'ഓപ്പണ്‍ സ്കൈ' പോളിസി നടപ്പാക്കിയതോടെ സുരക്ഷാകാര്യങ്ങള്‍ അവഗണിക്കപ്പെട്ടു. കടുത്ത മത്സരത്തില്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുന്ന വിമാനക്കമ്പനികള്‍ വെട്ടിച്ചുരുക്കുന്നത് വിമാനപരിപാലനത്തിനും സുരക്ഷയുടെ നിലവാരം നിലനിര്‍ത്തുന്നതിനുമുള്ള ചെലവുകളാണ്. പൈലറ്റുമാരുടെ പരിശീലനം, പരിശീലനത്തിന്റെ നിലവാരം ഉറപ്പുവരുത്തല്‍ എന്നിവയെല്ലാം പിറകിലേക്കു പോയി. അതേസമയം, വ്യോമയാന മേഖലയില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ വലിയ വളര്‍ച്ചയുണ്ടായിട്ടുണ്ട്. വിമാനയാത്ര ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. വിദേശ സര്‍വീസുകളുടെയും ആഭ്യന്തര സര്‍വീസുകളുടെയും എണ്ണം പലമടങ്ങായി.

ഓരോ അപകടം ഉണ്ടാകുമ്പോഴും അന്വേഷണവും റിപ്പോര്‍ട്ടും ശുപാര്‍ശകളുമുണ്ടാകും. അതൊന്നും കേന്ദ്രസര്‍ക്കാരോ സിവില്‍ വ്യോമയാന വകുപ്പോ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോ വിമാനക്കമ്പനികളോ ഗൌരവമായി എടുക്കാറില്ല. വിമാനം നിലത്തിറക്കുമ്പോഴുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനും കുറയ്ക്കുന്നതിനും ഡിജിസിഎ ഇറക്കിയ സര്‍ക്കുലര്‍ പോലും നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. പൈലറ്റുമാര്‍ക്ക് നല്‍കുന്ന പരിശീലനവും വിമാനത്താവളത്തിലെ സുരക്ഷാ ഏര്‍പ്പാടുകളും ഇതില്‍പെടും. ലാന്‍ഡിങ്ങില്‍ വന്ന പിഴവാണ് മംഗളൂരുവില്‍ അപകടത്തിനിടയാക്കിയതെന്ന് ഇതുവരെയുള്ള റിപ്പോര്‍ട്ടുകളില്‍നിന്ന് വ്യക്തമാണ്.

വിമാനം ഇറങ്ങുമ്പോള്‍ മംഗളൂരുവില്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. മുകളില്‍നിന്ന് റവേ കാണുന്നതിന് തടസ്സമുണ്ടായിരുന്നില്ല. എന്നാല്‍, കുന്നിന്‍പുറത്ത് നിര്‍മിച്ച ബജ്പെ വിമാനത്താവളത്തിലെ 'ടേബിള്‍ ടോപ്പ്' റണ്‍വേ പൈലറ്റിന്റെ കണ്ണുകളെ കബളിപ്പിക്കാന്‍ പോന്നതാണ്. റണ്‍വേ യഥാര്‍ഥത്തിലുള്ളതിലും അടുത്തോ അകലെയോ ആയി തോന്നാം- 'ഒപ്ടിക്കല്‍ ഇല്യൂഷന്‍'. അതിനാല്‍ ടേബിള്‍ ടോപ്പ് റവേയില്‍ വിമാനമിറക്കുന്ന പൈലറ്റിന് പ്രത്യേക പരിശീലനവും വൈദഗ്ധ്യവും ആവശ്യമുണ്ട്. പതിനായിരം മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള സെര്‍ബിയന്‍ പൈലറ്റിന് അപകടം പതിയിരിക്കുന്ന ടേബിള്‍ ടോപ്പ് റണ്‍വേയില്‍ വിമാനമിറക്കാന്‍ വേണ്ടത്ര പരിചയമുണ്ടായിരുന്നോ എന്നത് അന്വേഷണത്തിലേ വ്യക്തമാകൂ. പൈലറ്റുമാര്‍ക്ക് ലഭിച്ച പരിശീലനത്തിന്റെ നിലവാരവും കഴിവും മനഃസാന്നിധ്യവുമൊക്കെ കൂടെക്കൂടെ വിലയിരുത്തേണ്ടതുണ്ട്. അതൊന്നും നടക്കുന്നില്ല.

ബജ്പെ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം 8000 അടിയാണ്. വ്യോമയാന വിദഗ്ധരുടെ അഭിപ്രായത്തില്‍ ബോയിങ് 737 വിമാനം ഇറക്കുന്നതിന് നീളം അതു മതി. റണ്‍വേയുടെ തുടക്കത്തില്‍നിന്ന് 1400-1800 അടിയില്‍ വിമാനം നിലത്ത് തൊട്ടിരിക്കണം. എങ്കിലേ വിമാനം റണ്‍വേയുടെ അറ്റത്തെത്തുമ്പോള്‍ നിര്‍ത്താന്‍ കഴിയൂ. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, റണ്‍വേയുടെ തുടക്കത്തില്‍നിന്ന് 3000 അടിയിലാണ് എയര്‍ ഇന്ത്യാ എക്സ്പ്രസ് നിലം തൊട്ടത്. അതിനാല്‍ റണ്‍വേ തീര്‍ന്നിട്ടും വിമാനം നിര്‍ത്താന്‍ പൈലറ്റിന് കഴിഞ്ഞില്ല. റണ്‍വേയുടെ പുറത്തുകടന്ന വിമാനം ഭിത്തി തകര്‍ത്ത് കുഴിയിലേക്ക് പതിച്ചു. പൈലറ്റിന്റെ വീഴ്ചയോ ടേബിള്‍ ടോപ്പ് റണ്‍വേ സൃഷ്ടിച്ച ഒപ്ടിക്കല്‍ ഇല്യൂഷനോ ആവാം അപകട കാരണം. എയര്‍ ഇന്ത്യയുടെ തകര്‍ന്ന ബോയിങ്ങിന് രണ്ടുവര്‍ഷത്തെ പഴക്കമേയുള്ളു. അതിനാല്‍ ലാന്‍ഡിങ്ങിലെ പിഴവ് എന്ന നിഗമനത്തിന് ബലമുണ്ട്.

രാത്രി ഏറെ നേരം ജോലിചെയ്യുമ്പോഴുണ്ടാകുന്ന ക്ഷീണവും തളര്‍ച്ചയും നിര്‍ണായക ഘട്ടങ്ങളില്‍ പൈലറ്റിന്റെ തീരുമാനത്തെ ബാധിച്ചേക്കുമെന്ന് എത്രയോ പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പൈലറ്റിന് ആവശ്യമായ വിശ്രമം നല്‍കേണ്ടത് യാത്രക്കാരുടെ സുരക്ഷിതത്വത്തിന് ആവശ്യമാണ്. രാത്രി ഏറെ ജോലി ചെയ്തശേഷമാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പൈലറ്റ് അതിരാവിലെ ബജ്പെ വിമാനത്താവളത്തില്‍ ബോയിങ് ഇറക്കിയതെന്നതും കണക്കിലെടുക്കേണ്ട ഘടകമാണ്. വിമാനാപകടങ്ങളില്‍ 78 ശതമാനവും മനുഷ്യരുടെ പിഴവുകൊണ്ടാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അതില്‍ നല്ല പങ്ക് പൈലറ്റുമാരുടെ തളര്‍ച്ചയോ ക്ഷീണമോ കാരണമാണെന്ന് മനസ്സിലാക്കിയിട്ടും തിരുത്തല്‍ നടപടിക്ക് ഗവമെന്റോ അവയുടെ നിയന്ത്രണത്തിലുള്ള ഏജന്‍സികളോ തയ്യാറായിട്ടില്ല.

വ്യോമയാന മേഖല സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുത്ത ശേഷം സര്‍ക്കാര്‍ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ ദുര്‍ബലപ്പെടുത്തുകയാണെന്ന വിമര്‍ശം തള്ളിക്കളയാന്‍ കഴിയില്ല. എയര്‍ ഇന്ത്യയും ആഭ്യന്തര രംഗത്ത് ശ്രദ്ധിച്ചിരുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സും ലയിച്ചെങ്കിലും അത് ഏച്ചുകെട്ടിയതുപോലെ മുഴച്ചുനില്‍ക്കുന്നു. എയര്‍ ഇന്ത്യക്ക് ഏറ്റവുമധികം ലാഭം നേടിക്കൊടുന്ന മേഖലയാണ് ഗള്‍ഫ്. ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനു പകരം എയര്‍ ഇന്ത്യയെ ആശ്രയിക്കുന്ന യാത്രക്കാരെ കണ്ണീരുകുടിപ്പിക്കുന്ന നടപടികളാണ് നിത്യേനയെന്നോണം. എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്താല്‍ എപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തുമെന്നതിന് ഒരു ഉറപ്പുമില്ല.

സുരക്ഷിതത്വത്തെക്കുറിച്ച് ഗൌരവമായ ആശങ്കകൂടി ഉയര്‍ന്നത് സര്‍ക്കാര്‍ വിമാനക്കമ്പനിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണി ഉയര്‍ത്തുകയാണ്. ഉണ്ടായ അപകടങ്ങള്‍ മാത്രമല്ല, തലനാരിഴയ്ക്ക് ദുരന്തം ഒഴിവായ സംഭവങ്ങളും പരിഗണിക്കണം. ചെലവുകുറയ്ക്കാന്‍ സുരക്ഷ അവഗണിക്കുന്ന സ്ഥിതി അവസാനിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കണം. ദുരന്തസ്ഥലത്ത് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സഹമന്ത്രിമാരും ഓടിയെത്തി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ദു:ഖത്തിലാണ്ട നാടിന് ആശ്വാസമായി. കഴിഞ്ഞ രണ്ടുദിവസമായി ഏതാനും മന്ത്രിമാര്‍ മംഗളൂരിലും കാസര്‍കോട്ടുമാണ്. മന്ത്രിമാരുടെ സാന്നിദ്ധ്യവും ഇടപെടലും ആശ്വാസപ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥരെ ചലിപ്പിക്കുന്നതിന് സഹായിച്ചു.

ദേശാഭിമാനി മുഖപ്രസംഗം 24052010

1 comment:

  1. ശനിയാഴ്ച രാവിലെ മംഗളൂരുവിലുണ്ടായ വിമാനദുരന്തം സൃഷ്ടിച്ച ഞെട്ടലില്‍നിന്ന് രാജ്യം മുക്തമായിട്ടില്ല. സമീപകാലത്ത് ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ വിമാനാപകടം. ദുബായില്‍ നിന്ന് മംഗലാപുരത്തേക്ക് വന്ന എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ ബോയിങ് വിമാനം നിയന്ത്രണം കിട്ടാതെ റവേയില്‍നിന്ന് തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞ് കത്തിയമര്‍ന്നു. നഷ്ടപ്പെട്ടത് 158 വിലപ്പെട്ട ജീവന്‍. അധികൃതര്‍ അവസാനം നല്‍കിയ കണക്കനുസരിച്ച് മരിച്ചവരില്‍ 66 പേര്‍ മലയാളികളാണ്. അവരില്‍ സ്ത്രീകളും കുട്ടികളുമുണ്ട്. ഈ ദുരന്തം കേരളത്തിലുണ്ടാക്കിയ ദുഃഖം വിവരിക്കാനാവില്ല. ജീവിക്കാന്‍ തൊഴില്‍തേടി ഗള്‍ഫില്‍ പോയവരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ദാരുണമായ വേര്‍പാട് ഉണ്ടാക്കിയ ദുഃഖത്തില്‍ ഞങ്ങളും പങ്കുചേരുന്നു.

    ReplyDelete