Friday, May 14, 2010

വികസനം തകര്‍ക്കാന്‍ ആക്രമണം

കിനാലൂര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഭാഗം 2

ആദ്യഭാഗം കിനാലൂര്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ - ഭാഗം ഒന്ന്

സര്‍വേ നടത്തുന്ന ദിവസം 46 വീടിനു മുമ്പില്‍ സര്‍വേ നടപടി സ്വാഗതംചെയ്തുകൊണ്ട് സ്ഥലമുടമകള്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കിനാലൂരിലെ ബഹുഭൂരിപക്ഷം ജനങ്ങളും വികസന പദ്ധതിക്ക് അനുകൂലമായിരുന്നു. സര്‍വേ ഉദ്യോഗസ്ഥരെ സഹയിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വലിയൊരു ജനക്കൂട്ടം സന്നിഹിതരായിരുന്നു. രാവിലെ 9.30ന് സര്‍വേ അരംഭിച്ചു. അല്‍പ്പസമയം കഴിഞ്ഞാണ് ഒരു സംഘം ആളുകള്‍ സംഘടിച്ചെത്തി സര്‍വേ തടയാന്‍ ശ്രമിച്ചത്. അവരില്‍ ബഹുഭൂരിഭാഗവും ആ പ്രദേശത്തുകാര്‍ ആയിരുന്നില്ല. സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പല ഭാഗത്തുനിന്നായി സംഘടിപ്പിച്ചെത്തിയവരായിരുന്നു 'സമരക്കാര്‍'. യുഡിഎഫ്, ബിജെപി, എസ്ഡിപിഐ എന്നീ സംഘടനകളുടെ ഏതാനും പ്രവര്‍ത്തകരും ഉണ്ടായിരുന്നു. സമരക്കാരില്‍ ഏതാനും സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. സ്ത്രീകളെയും കുട്ടികളെയും മുന്നില്‍നിര്‍ത്തി പിന്നില്‍നിന്ന് പൊലീസിനുനേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. എറിയാനുള്ള കല്ലും വടിയും മുന്‍കൂട്ടി ശേഖരിച്ചിരുന്നു. കുടിവെള്ളം ശേഖരിച്ചുവച്ചതാണെന്ന് തോന്നുംവിധം രണ്ടു ബക്കറ്റ് കടലാസുകൊണ്ട് മൂടി സമരക്കാര്‍ക്ക് മുന്നിലുണ്ടായിരുന്നു. ആ ബക്കറ്റില്‍ ചാണകം കലക്കിയതായിരുന്നു. സമരക്കാര്‍ ചാണകവെള്ളം പൊലീസുകാരുടെയും ഉദ്യോഗസ്ഥരുടെയും ദേഹത്ത് കോരി ഒഴിച്ചു. സംസ്ഥാനത്ത് ഇന്നുവരെ നടന്ന ഒരു സമരത്തിലും കേള്‍ക്കാത്ത സമരമുറയാണ് അവിടെ കണ്ടത്. സ്ത്രീകളെയും കുട്ടികളെയും കവചങ്ങളാക്കി അക്രമം നടത്തുന്ന തീവ്രവാദികളുടെ സമരരീതിയാണ് കിനാലൂരില്‍ കണ്ടത്. വ്യക്തമായ ആസൂത്രണം ഈ അക്രമത്തിനു പിന്നിലുണ്ടായിരുന്നെന്ന് വ്യക്തമാണ്.
സമരക്കാരുടെ കല്ലേറില്‍ ഡിവൈഎസ്പി ഉള്‍പ്പെടെ 22 പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇക്കൂട്ടത്തില്‍ വനിതാ പൊലീസുകാരും ഉള്‍പ്പെടും. സ്ത്രീകള്‍ക്ക് നേരെ അക്രമമെന്ന് മുറവിളികൂട്ടുന്നവര്‍ ഇതൊന്നും കണ്ടില്ല. താമരശേരി ഡിവൈഎസ്പി കുബേരന്‍ നമ്പൂതിരിയുടെ തലയ്ക്ക് മാരകമായ മുറിവേറ്റു. എട്ടു പൊലീസുകാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. സമരക്കാരില്‍ രണ്ടുപേര്‍ മാത്രമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. സംഭവത്തില്‍ ആര്‍ക്കാണ് കൂടുതല്‍ പരിക്കേറ്റതെന്ന് ഇതില്‍നിന്ന് വ്യക്തമാണല്ലോ?
ആത്മരക്ഷാര്‍ഥമാണ് പൊലീസ് സമരക്കാരെ നേരിട്ടത്. കല്ലെറിഞ്ഞ സംഘം ഉടന്‍ സ്ഥലംവിട്ടു. ബാക്കിയുള്ളവരെ പൊലീസ് നീക്കംചെയ്തു. സര്‍വേ നടപടികള്‍ തുടര്‍ന്നു. തുടര്‍ന്നും അക്രമസംഭവങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാന്‍, ഉച്ചയ്ക്ക്, 2.5 കിലോമീറ്റര്‍ സര്‍വേ പൂര്‍ത്തിയായശേഷം നിര്‍ത്തിവച്ചു.
ഒരു വികസന പദ്ധതിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ, സോളിഡാരിറ്റി ആസൂത്രണംചെയ്തതാണ് ഈ അക്രമം. അവര്‍ക്ക് മറ്റ് ചില തീവ്രവാദ സംഘടനകളുടെ പിന്‍ബലവും കിട്ടിയിരിക്കാന്‍ സാധ്യതയുണ്ട്. വിവിധ തലത്തില്‍ കൂടിയാലോചിച്ചും ആശ്വാസപദ്ധതികള്‍ പ്രഖ്യാപിച്ചും സ്ഥലമുടമകളെ ബോധ്യപ്പെടുത്തിയും നടത്തിയ സര്‍വേ എന്തിന് തടസ്സപ്പെടുത്തി എന്ന് യുഡിഎഫ് നേതാക്കള്‍ ആലോചിക്കണം. ഈ പ്രവണതയ്ക്ക് വളംവച്ചുകൊടുത്താല്‍, നാട്ടില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്താന്‍ പറ്റാത്ത അവസ്ഥ വരും. ഇപ്പോള്‍ നാം ഉപയോഗിക്കുന്ന റോഡുകളെല്ലാം ഇപ്രകാരം സ്ഥലമുടമകളില്‍നിന്ന് പല സന്ദര്‍ഭങ്ങളിലായി, നഷ്ടപരിഹാരം കൊടുത്ത് ഏറ്റെടുത്തതാണെന്ന കാര്യം മറക്കരുത്.

കിനാലൂര്‍ എസ്റേറ്റുവരെ വീതി കൂടിയ റോഡ് പണി തീര്‍ന്നാല്‍ നിലവിലുള്ള വ്യവസായ എസ്റ്റേറ്റ് വികസിപ്പിക്കാനാകും. പുതിയ സംരംഭകരെ കൊണ്ടുവരാന്‍ സാധിക്കും. ആ സാധ്യതകൂടി കണക്കിലെടുത്ത്, കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റിലെ ബാക്കി ഭൂമികൂടി (ഏകദേശം 1800 ഏക്കര്‍) ഏറ്റെടുക്കുന്നതിനുള്ള നടപടി കൈക്കൊള്ളാന്‍ ഞാന്‍ കെഎസ്ഐഡിസിക്ക് നിര്‍ദേശം നല്‍കി. ഏപ്രില്‍ 28നാണ് ഈ നിര്‍ദേശം നല്‍കിയത്. അതിന്റെ അടിസ്ഥാനത്തില്‍ കെഎസ്ഐഡിസി ആ ഭൂമിയുടെ വിശദാംശം ശേഖരിച്ച്, ഏറ്റെടുക്കാനുള്ള നിര്‍ദേശം തയ്യാറാക്കുകയാണ്.

മെയ് ആറിന്റെ സംഭവത്തിനുശേഷം യുഡിഎഫ് നേതാക്കളും ചില അരാജക പരിസ്ഥിതിവാദികളും കിനാലൂര്‍ സന്ദര്‍ശിച്ച് സര്‍ക്കാരിനും എനിക്കുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ്. ചില മാധ്യമങ്ങളും ഈ നുണപ്രചാരണങ്ങള്‍ ഏറ്റുപിടിക്കുന്നു.
ജനുവരി ഏഴിന് ബാലുശേരിയില്‍ നടന്ന എല്‍ഡിഎഫ് റാലിയുടെ വേദിയില്‍ 51 സ്ഥലമുടമകള്‍ ഒന്നിച്ചുവന്ന് സമ്മതപത്രം ഏല്‍പ്പിക്കുകയുണ്ടായി. പനങ്ങാട് പഞ്ചായത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും കക്ഷി ഭേദമെന്യേ റോഡ് വികസനത്തെ പരസ്യമായി അനുകൂലിക്കുന്നു. വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചിട്ടും ജോലിക്കുവേണ്ടി നാടുവിട്ടു പോകേണ്ടിവരുന്ന തങ്ങളുടെ മക്കള്‍ക്ക്, വീട്ടുമുറ്റത്തുതന്നെ ഒരു ജോലി കിട്ടുന്ന പദ്ധതികളെ തകര്‍ക്കുന്ന വികസനവിരുദ്ധരുടെ നിലപാടില്‍ നാട്ടുകാര്‍ കടുത്ത അമര്‍ഷത്തിലാണ്.

കിനാലൂര്‍ സംഭവം കേരളീയ സമൂഹത്തിനുമുമ്പില്‍ ഉയര്‍ത്തുന്ന ചോദ്യം വ്യക്തമാണ്. ഇവിടെ ഒരു വികസനപദ്ധതിയും വേണ്ടേ? ഏത് വികസനപദ്ധതി വന്നാലും വിവാദങ്ങളും അക്രമങ്ങളുമുണ്ടാക്കി തടസ്സപ്പെടുത്തിയാല്‍, കേരളത്തിന്റെ ഭാവി എന്താണ്? എച്ച്എംടി ഭൂമിവിവാദം, 60,000 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുമായിരുന്ന ഐടി പദ്ധതിയെ രണ്ടുവര്‍ഷം തടസ്സപ്പെടുത്തി. ഒടുവില്‍ സുപ്രീംകോടതിവരെ പോയി തോറ്റതിനുശേഷമാണ് ചിലര്‍ അടങ്ങിയത്. ആര്‍ക്കാണതിന്റെ നേട്ടം? 75,000 പേര്‍ക്ക് നേരിട്ട് ജോലി വാഗ്ദാനംചെയ്ത ശോഭ ഹൈടെക് സിറ്റി വിവാദങ്ങളുണ്ടാക്കി തടസ്സപ്പെടുത്തി. ഒരു ലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കുമായിരുന്ന മാവൂരിലെ പദ്ധതിയും ആരംഭിക്കാന്‍ പല കാരണങ്ങളാല്‍ ഇതുവരെ സാധിച്ചില്ല. മൊത്തത്തില്‍ മൂന്നു ലക്ഷം പേര്‍ക്കെങ്കിലും നേരിട്ട് തൊഴില്‍ ലഭിക്കുമായിരുന്ന നാല് വന്‍കിട പദ്ധതികളാണ് വികസനവിരുദ്ധരുടെ നിലപാടുമൂലം തടസ്സപ്പെട്ടത്. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ രൂക്ഷമായ കേരളത്തിലെ ചെറുപ്പക്കാരോട് കാണിച്ച ഈ ക്രൂരത മാപ്പര്‍ഹിക്കുന്നില്ല. ജനവിരുദ്ധരെയും വികസനവിരുദ്ധരെയും പ്രബുദ്ധരായ കേരളജനത തിരിച്ചറിയുകതന്നെചെയ്യും. തീര്‍ച്ച.

എളമരം കരീം ദേശാഭിമാനി 14052010

2 comments:

  1. സര്‍വേ നടത്തുന്ന ദിവസം 46 വീടിനു മുമ്പില്‍ സര്‍വേ നടപടി സ്വാഗതംചെയ്തുകൊണ്ട് സ്ഥലമുടമകള്‍ ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കിനാലൂരിലെ ബഹുഭൂരിപക്ഷം ജനങ്ങളും വികസന പദ്ധതിക്ക് അനുകൂലമായിരുന്നു. സര്‍വേ ഉദ്യോഗസ്ഥരെ സഹയിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വലിയൊരു ജനക്കൂട്ടം സന്നിഹിതരായിരുന്നു. രാവിലെ 9.30ന് സര്‍വേ അരംഭിച്ചു. അല്‍പ്പസമയം കഴിഞ്ഞാണ് ഒരു സംഘം ആളുകള്‍ സംഘടിച്ചെത്തി സര്‍വേ തടയാന്‍ ശ്രമിച്ചത്. അവരില്‍ ബഹുഭൂരിഭാഗവും ആ പ്രദേശത്തുകാര്‍ ആയിരുന്നില്ല. സോളിഡാരിറ്റി പ്രവര്‍ത്തകര്‍ പല ഭാഗത്തുനിന്നായി സംഘടിപ്പിച്ചെത്തിയവരായിരുന്നു 'സമരക്കാര്‍'. യുഡിഎഫ്, ബിജെപി, എസ്ഡിപിഐ എന്നീ സംഘടനകളുടെ ഏതാനും പ്രവര്‍ത്തകരും ഉണ്ടായിരുന്നു. സമരക്കാരില്‍ ഏതാനും സ്ത്രീകളും കുട്ടികളുമുണ്ടായിരുന്നു. സ്ത്രീകളെയും കുട്ടികളെയും മുന്നില്‍നിര്‍ത്തി പിന്നില്‍നിന്ന് പൊലീസിനുനേരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. എറിയാനുള്ള കല്ലും വടിയും മുന്‍കൂട്ടി ശേഖരിച്ചിരുന്നു. കുടിവെള്ളം ശേഖരിച്ചുവച്ചതാണെന്ന് തോന്നുംവിധം രണ്ടു ബക്കറ്റ് കടലാസുകൊണ്ട് മൂടി സമരക്കാര്‍ക്ക് മുന്നിലുണ്ടായിരുന്നു. ആ ബക്കറ്റില്‍ ചാണകം കലക്കിയതായിരുന്നു.

    ReplyDelete
  2. കിനാലൂര്‍ കവിതകള്‍
    ----------------------------------------------
    ചോരക്കു നിറം കറുപ്പ്
    ---------------------------------------------
    നിറം മങ്ങിയ കൊടികള്‍ കീറി
    ( അന്യന്റെ )
    ചോരമുക്കി ചുകപ്പിക്കാം...
    വെട്ടിനിരത്തിയ വയലുകളില്‍
    ടൂറിസത്തിന് വിത്തിറക്കാം.
    ഇനി
    സര്‍ സിപിയുടെ വീരഗാഥകള്‍ കേട്ട്
    കുട്ടികള്‍ കൂര്ക്കം വലിച്ചുറങ്ങട്ടെ ..

    ശുദ്ധി കലശം
    -------------------------
    ഫാം ടൂറിസത്തില്‍
    ചാണകത്തിന്നു
    വിദൂര സാധ്യതകളുണ്ട്
    അകവും പുറവും വെളുപ്പിക്കാന്‍
    ചാണകം മെഴുകി തേച്ചാല്‍ മതി..

    വീഴ്ചയും കാഴ്ചയും
    ---------------------------------------
    കൊടുങ്കാറ്റു വന്നാല്‍
    ചില വന്മരങ്ങള്‍ പോലും
    പിഴുതെറിയപ്പെടാറുണ്ട്..
    ( എളമരങ്ങള്ക്ക് എന്തുണ്ട് ന്യായം )
    തന്നെ പുല്കിങയ
    ചെറു ചെടികളെ
    ഭൂമി മാറോടണക്കും
    കാറ്റിനും കോളിനും കൈവിടാതെ ...

    --------------------------
    യൂസുഫ് പുലാപ്പറ്റ

    സോളിഡാരിറ്റി ക്ക് വിപ്ലവാഭിവാദ്യങ്ങള്‍..

    ReplyDelete