Friday, May 28, 2010

മാണി ഒരടി മുന്നില്‍; കോണ്‍ഗ്രസ് രണ്ടടി പിന്നില്‍

മാണിയും ജോസഫും ലയിച്ചു കോണ്‍ഗ്രസിനെതിരെ രണ്ടാം കലാപാഹ്വാനം

കോട്ടയം: കെ എം മാണി- പി ജെ ജോസഫ് ലയന സമ്മേളനം നടന്ന തിരുനക്കരമൈതാനം സാക്ഷിയായത് കോണ്‍ഗ്രസിനെതിരായ കേരള കോണ്‍ഗ്രസിന്റെ രണ്ടാം കലാപാഹ്വാനത്തിന്. 1964 ല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍മുതലുള്ള ചരിത്ര സംഭവങ്ങളുടെ ഓര്‍മകള്‍ പ്രവര്‍ത്തകരിലേക്ക് പടര്‍ത്താനാണ് സമ്മേളനത്തിലുടനീളം മാണിയും കൂട്ടരും യത്നിച്ചത്. പദവിയിലും അന്തസിലും വ്യക്തിത്വത്തിലും തങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തുല്യരാണെന്ന മുന്നറിയിപ്പ് നല്‍കാനും സമ്മേളനത്തിന്റെ ഉദ്ഘാടകനായ കെ എം മാണി തന്നെ രംഗത്തെത്തി. വേണ്ടിവന്നാല്‍ ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഏതാനും ആഴ്ച്ചമുമ്പ് പ്രഖ്യാപിച്ച് കോണ്‍ഗ്രസിനെ ഞെട്ടിച്ച കെ എം മാണി സമാന സ്വഭാവമുള്ള വെല്ലുവിളിതന്നെയാണ് കോണ്‍ഗ്രസിനെതിരെ നടത്തിയത്. അര്‍ഹതപ്പെട്ട സീറ്റുകള്‍ കിട്ടാതിരുന്നപ്പോഴുള്ള 1964 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകളും അദ്ദേഹം വിശദീകരിച്ചു. 1967 ല്‍ കോണ്‍ഗ്രസ് ഒമ്പതും കേരള കോണ്‍ഗ്രസ് അഞ്ചും സീറ്റുമായി പ്രതിപക്ഷത്ത് ഇരുന്നതടക്കമുള്ള കാര്യങ്ങള്‍ വരും നാളുകളില്‍ പ്രചാരണ വിഷയമായി ഏറ്റെടുക്കാനും ലയന സമ്മേളനം തീരുമാനിച്ചു. യുഡിഎഫ് ആരുടെയും കുത്തകയല്ലെന്ന് അദ്ദേഹം പറഞ്ഞു.

അഖിലേന്ത്യാ രാഷ്ട്രീയ പാര്‍ടികള്‍ക്കൊപ്പം സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ടികള്‍ക്കും പ്രാധാന്യമുണ്ട്. 1964 ല്‍ ഞങ്ങള്‍ പറഞ്ഞതാണ് കേരളത്തില്‍ ഏകകക്ഷി ഭരണത്തിന്റെ നാളുകള്‍ അവസാനിച്ചുവെന്ന്. കോണ്‍ഗ്രസിന് മനസ്സിലായില്ല. കേരള കോണ്‍ഗ്രസ് ശക്തമാകുന്നതില്‍ ആര്‍ക്കാണ് വിഷമം? ഒരു സീറ്റുമില്ലാത്ത ടി എം ജേക്കബിനും ഒറ്റ സീറ്റുള്ള ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും മറ്റ് കക്ഷികള്‍ക്കും കോണ്‍ഗ്രസിനൊപ്പമുള്ള സ്ഥാനം തന്നെയാണ് യുഡിഎഫില്‍. തങ്ങളെ ഒറ്റപ്പെടുത്താനാകില്ല.

1970 ല്‍ 11 സീറ്റേ നല്‍കൂ എന്ന് പറഞ്ഞപ്പോള്‍ മുന്നണി വിട്ട ചരിത്രം കേരള കോണ്‍ഗ്രസിനുണ്ട്. അങ്ങനെ മല്‍സരിച്ചപ്പോള്‍ 14 സീറ്റ് കിട്ടി. പ്രകടനമൊന്നുമില്ലാതെയായിരുന്നു ലയന സമ്മേളനം. എന്നാലും തിരുനക്കര മൈതാനിയില്‍ എത്തിയ പ്രവര്‍ത്തകരും കോണ്‍ഗ്രസിനെതിരെ മുദ്രാവക്യം മുഴക്കിക്കൊണ്ടിരുന്നു." ഉമ്മന്‍ചാണ്ടി, ചെന്നിത്തലയേ എണ്ണാമെങ്കില്‍ എണ്ണിക്കോ, നാളെ കള്ളം പറയരുതേ'', 'കോട്ടയത്തും മധ്യ കേരളത്തിലും ഞങ്ങളില്ലെങ്കില്‍ യുഡിഎഫുണ്ടോ' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളും അവര്‍ ആവര്‍ത്തിച്ചു . യുഡിഎഫ് ഘടകകക്ഷിയെന്ന നിലയില്‍ സര്‍ക്കാരിനെതിരെയും സിപിഐ എമ്മിനെതിരെയും ആക്ഷേപങ്ങള്‍ ചൊരിയാനും മാണി മറന്നില്ല. ജോസഫ് ഗ്രൂപ്പ് മുന്നണി വിട്ടതുകൊണ്ട് സര്‍ക്കാര്‍ രാജിവെക്കണമെന്ന കണക്കും അദ്ദേഹം അവതരിപ്പിച്ചു. ലയന സമ്മേളനത്തില്‍ പി ജെ ജോസഫ് അധ്യക്ഷനായി. നേരത്തെ സംയുക്ത പാര്‍ലമെന്ററി പാര്‍ടി യോഗം ചേര്‍ന്ന് കെ എം മാണിയെ പാര്‍ലമെന്ററി പാര്‍ടി നേതാവായും പി ജെ ജോസഫിനെ ഡപ്യൂട്ടി ലീഡറായും തെരഞ്ഞെടുത്തു. നിലവിലെ ചെയര്‍മാനായ സി എഫ് തോമസ് വ്യാഴാഴ്ചത്തെ സമ്മേളനത്തിനും എത്തിയില്ല. പനിമൂലം ചികില്‍സയിലായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതോടെ ലയന പ്രക്രിയയില്‍ നിന്നും സി എഫ് പൂര്‍ണമായും ഒഴിവാക്കപ്പെട്ടു.
(എസ് മനോജ്)

ലയനം കഴിഞ്ഞു, പോരു മുറുകി യുഡിഎഫ് ആരുടെയും കുത്തകയല്ലെന്ന് മാണി

കോട്ടയം: ഒറ്റയ്ക്കുനിന്ന് 14 സീറ്റ് നേടിയ ചരിത്രം കേരള കോണ്‍ഗ്രസിനുണ്ടെന്ന കാര്യം ആരും മറക്കരുതെന്നും യുഡിഎഫ് ആരുടെയും കുത്തകയല്ലെന്നും കേരള കോണ്‍ഗ്രസ് എം നേതാവ് കെ എം മാണി. മാണി-ജോസഫ് ലയനസമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് ലയനത്തെ എതിര്‍ത്ത കോണ്‍ഗ്രസിന് മാണി വ്യക്തമായ മുന്നറിയിപ്പ് നല്‍കിയത്. കോണ്‍ഗ്രസിനെതിരായ ഒളിയമ്പുകളായിരുന്നു മാണിയുടെ പ്രസംഗത്തില്‍ ഉടനീളം. ടി എം ജേക്കബിന് നിയമസഭയില്‍ ഒരു സീറ്റുപോലുമില്ല. ഒരു എംഎല്‍എ മാത്രമാണ് ആര്‍ ബാലകൃഷ്ണപിള്ളയ്ക്കുള്ളത്. അവര്‍ക്കും ഇത്രയും എംഎല്‍എമാരുള്ള ഞങ്ങള്‍ക്കും യുഡിഎഫ് സംവിധാനത്തില്‍ ഒരു തത്വമേയുള്ളൂ. 1970ല്‍ കേരള കോണ്‍ഗ്രസിന് അര്‍ഹമായ സീറ്റ് നിഷേധിച്ചു. നിസാര സീറ്റാണ് മത്സരിക്കാന്‍ കോണ്‍ഗ്രസ് വച്ചുനീട്ടിയത്. അതു മുഴുവനും നിങ്ങള്‍ എടുത്തോളാന്‍ കോണ്‍ഗ്രസിനോട് പറഞ്ഞു. തനിച്ചു മത്സരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അന്ന് മത്സരിച്ച ഞങ്ങള്‍ക്ക് 14 സീറ്റ് കിട്ടി. അതുകൊണ്ട് അണികളോട് ഞാന്‍ പറയുന്നു; ഭയപ്പെടേണ്ട. തീയില്‍ കുരുത്ത് തീയിലൂടെ നടന്നുവന്ന കേരള കോണ്‍ഗ്രസ് വെയിലത്ത് വാടില്ല- മാണി വ്യക്തമാക്കി. കല്ലും മുള്ളും നിറഞ്ഞ വഴിയിലൂടെയാണ് ഇനിയുള്ള യാത്രയെന്ന കാര്യം വിസ്മരിക്കരുത് - ലയനത്തെച്ചൊല്ലി യുഡിഎഫിലുയര്‍ന്ന അപസ്വരങ്ങള്‍ മുന്‍ നിര്‍ത്തി മാണി പറഞ്ഞു.

ഭവിഷ്യത്ത് അവര്‍തന്നെ അനുഭവിക്കണം: ഉമ്മന്‍ചാണ്ടി

ന്യൂഡല്‍ഹി: മാണി-ജോസഫ് ലയനത്തിന്റെ ഭവിഷ്യത്ത് കെ എം മാണിതന്നെ അനുഭവിക്കണമെന്ന നിലപാടില്‍ മാറ്റമില്ലാതെ കെപിസിസി നേതൃത്വം. ലയന സമ്മേളനം നടക്കുമ്പോള്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി ഇക്കാര്യം ചര്‍ച്ചചെയ്യുകയായിരുന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും. ലയനത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ മാണിതന്നെ അനുഭവിക്കണമെന്ന നിലപാട് സോണിയ ഗാന്ധിയെ അറിയിച്ചെന്ന് ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലയനപ്രശ്നത്തില്‍ കെപിസിസിയുടെ നിലപാടില്‍ മാറ്റമില്ലെന്ന് ചെന്നിത്തലയും വ്യക്തമാക്കി. ജോസഫിനെ എടുക്കുന്നതോടെ കൂടുതല്‍ സീറ്റ് മാണിക്ക് നല്‍കേണ്ടി വരുമെന്ന ആശങ്കയാണ് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും സോണിയയെ അറിയിച്ചത്. കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞാല്‍ പ്രതിഷേധവും പൊട്ടിത്തെറിയും ഉണ്ടാകുമെന്നും ചൂണ്ടിക്കാട്ടി. മാണിപ്രശ്നത്തില്‍ സോണിയ നിലപാട് വ്യക്തമാക്കിയില്ലെന്നാണ് എഐസിസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സോണിയ ഒന്നും പറഞ്ഞില്ലെന്നാണ് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്സിന കിദ്വായി, പ്രതിരോധമന്ത്രി എ കെ ആന്റണി എന്നിവരുമായും ഇരുവരും ചര്‍ച്ച നടത്തി.

ലയനം: മാണി ഒരടി മുന്നില്‍; കോണ്‍ഗ്രസ് രണ്ടടി പിന്നില്‍

കോണ്‍ഗ്രസിന്റെ അന്ത്യശാസനം പുല്ലാക്കി ജോസഫുമായുള്ള ലയനം യാഥാര്‍ഥ്യമാക്കിയപ്പോള്‍ കെ എം മാണി ഒരടി മുന്നോട്ടും കോണ്‍ഗ്രസ് രണ്ടടി പിന്നോട്ടുമായി. ഇനി യുഡിഎഫില്‍ പൊട്ടലും ചീറ്റലും രൂക്ഷമാകും. 30ന് യുഡിഎഫ് നേതൃയോഗം കൊച്ചിയില്‍ ചേരുമ്പോള്‍ ലയനത്തിനെതിരെ ചന്ദ്രഹാസമിളക്കിയ കോണ്‍ഗ്രസ് നേതാക്കളും ഇതര ഘടകകക്ഷി പ്രതിനിധികളും മാണിക്കു മുന്നില്‍ തോല്‍വി സമ്മതിച്ച് ഇരിക്കേണ്ടിവരും. മുന്നണി നയിക്കുന്ന കക്ഷിയുടെയും ഭൂരിപക്ഷം കക്ഷികളുടെയും അഭിപ്രായം മാനിക്കാതെയാണ് ലയനം മാണി യാഥാര്‍ഥ്യമാക്കിയത്. കോണ്‍ഗ്രസിന് നട്ടെല്ലുണ്ടായിരുന്നെങ്കില്‍ മാണിയുടെ പാര്‍ടിയെ മുന്നണിക്ക് പുറത്തുനിര്‍ത്തിയേനെ. പക്ഷേ, കോണ്‍ഗ്രസ് നേതൃത്വം ഇന്ന് ദുര്‍ബലമാണ്. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇങ്ങനെയൊരു അടിതെറ്റലും നാണക്കേടും മുമ്പ് കണ്ടിട്ടില്ല. ലയനത്തെ എതിര്‍ക്കുന്നതില്‍ സമീപകാലത്തെങ്ങും കാണാത്ത യോജിപ്പായിരുന്നു കെപിസിസി യോഗത്തില്‍. ലയനത്തിനെതിരെ പ്രമേയം പാസാക്കുകയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ലയനം പാടില്ലെന്ന് ശഠിക്കുകയും ചെയ്തു. എന്നാല്‍, സിംഹത്തിന്റെ മുഖവുമായി ഇറങ്ങിയവര്‍ക്ക് എലിയുടെ വാലുപോലെ പിന്മാറേണ്ടിവന്നു.

1964 ഒക്ടോബര്‍ ഒമ്പതിന് കോട്ടയത്തെ തിരുനക്കര മൈതാനത്ത് രൂപംകൊണ്ട കേരള കോണ്‍ഗ്രസ് അന്ന് കേന്ദ്രഭരണകക്ഷിയായ കോണ്‍ഗ്രസിന് താക്കീതായതിന്റെ ആവര്‍ത്തന സ്വഭാവമാണ് ഒരു പരിധിവരെ മാണി തന്റെ തിരുനക്കര പ്രസംഗത്തിലൂടെ പ്രകടിപ്പിച്ചത്. പിണറായി വിജയനെയും സിപിഐ എമ്മിനെയും പേരു പറഞ്ഞ് വിമര്‍ശിച്ചിട്ടുണ്ടെങ്കിലും പ്രസംഗം കോണ്‍ഗ്രസിനുള്ള താക്കീതാണ്. കേന്ദ്രസര്‍ക്കാരിനോടുള്ള നയപരമായ വിയോജിപ്പ് വ്യക്തമാക്കിയ മാണി, തെരഞ്ഞെടുപ്പു കളരിയില്‍ തന്റെ പാര്‍ടിയോട് പിണങ്ങി കളിക്കാമെന്ന് കരുതേണ്ടെന്ന മുന്നറിയിപ്പാണ് കോണ്‍ഗ്രസിന് നല്‍കുന്നത്. കേരളത്തിലെ കര്‍ഷകരെ രക്ഷിച്ചത് താന്‍ അവതരിപ്പിച്ച ബജറ്റുകളിലൂടെയാണെന്ന അവകാശവാദം നിരത്തിയപ്പോഴും ഉന്നം കോണ്‍ഗ്രസുതന്നെ. മാണി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിക്കസേരയാണ്. ലയനംമൂലം ഉണ്ടായേക്കാവുന്ന ഭവിഷ്യത്തുകള്‍ മാണിതന്നെ അനുഭവിക്കേണ്ടിവരുമെന്ന് ഡല്‍ഹിയില്‍ ചെന്നിത്തല പറഞ്ഞതില്‍ തെളിഞ്ഞത് ലയനത്തോടുള്ള അസംതൃപ്തിയാണ്. പക്ഷേ, ഭവിഷ്യത്ത് എന്നതുകൊണ്ട്, ജോസഫിനെയും കൂട്ടരെയും തന്റെ പാര്‍ടിയില്‍ ലയിപ്പിച്ച മാണിയെ യുഡിഎഫില്‍നിന്ന് പുറത്താക്കുമെന്നല്ല. അതിനുള്ള ചങ്കുറപ്പ് ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കുമില്ല. ലയനത്തോടെ യുഡിഎഫിലെ രണ്ടാമത്തെ കക്ഷിയായി കേരളകോണ്‍ഗ്രസ് എം മാറും. നിയമസഭയില്‍ മുസ്ളിംലീഗ് നേതാവിന് പ്രതിപക്ഷനിരയിലെ മൂന്നാമത്തെ കസേരയിലേക്ക് മാറേണ്ടിവരും. ഈ മാറ്റം, വരുന്ന തെരഞ്ഞെടുപ്പുകളിലെ സീറ്റുപങ്കിടലിലും ഉണ്ടാകണമെന്ന് മാണി ശഠിക്കും. അത് ഇപ്പോള്‍ത്തന്നെ പരസ്പരവിശ്വാസം നഷ്ടപ്പെട്ട യുഡിഎഫിനെ കൂടുതല്‍ കുഴപ്പത്തിലാക്കും. 30ന് യുഡിഎഫ് ചേരുമ്പോള്‍ ജോസഫിനെയും കൂട്ടരെയും മുന്നണിയോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന നിര്‍ദേശം ഉയരുമെങ്കിലും അത് തര്‍ക്കപ്രശ്നമായി തുടരും.
(ആര്‍ എസ് ബാബു)

ലയന ചര്‍ച്ച തുടങ്ങിയത് ഒരു വര്‍ഷം മുന്‍പ്: ജോസഫ്

മാണി ഗ്രൂപ്പില്‍ ലയിക്കുന്നതെ കുറിച്ച് ഒരു കൊല്ലമായി ചര്‍ച്ചനടത്തുകയായിരുന്നുവെന്ന് പി ജെ ജോസഫ് പറഞ്ഞു. ലയനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചര്‍ച്ച പൊതുജനമധ്യത്തിലായിരുന്നുവെന്ന് പിന്നീട് പ്രസംഗത്തില്‍ ജോസഫ് തിരുത്തി. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള അഭിപ്രായവ്യത്യാസം കാലാകാലങ്ങളില്‍ എല്‍ഡിഎഫിനുള്ളില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. എങ്കിലും പ്രധാനമായും കേരള കോണ്‍ഗ്രസിലെ യോജിപ്പിനു വേണ്ടിയാണ് മുന്നണി വിടാന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസബില്ലില്‍ ന്യൂനപക്ഷ അവകാശം എടുത്തുകളയാനുള്ള നീക്കം തിരുത്തണമെന്ന് മുന്നണിയോട് ആവശ്യപ്പെട്ടു. അതുപോലെ കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചു. ഇതിനൊന്നും പരിഹാരമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് മുന്നണി വിടാന്‍ തീരുമാനിച്ചതെന്നും ജോസഫ് പറഞ്ഞു.

ലയനം മദ്യപാനികളുടെ സംസ്ഥാന സമ്മേളനമായി

വ്യാഴാഴ്ച നടന്ന കേരള കോണ്‍ഗ്രസ് മാണി - ജോസഫ് ലയനം അക്ഷരാര്‍ഥത്തില്‍ മദ്യപാനികളുടെ സംസ്ഥാന സമ്മേളനമായി. മാണിയുടെയും ജോസഫിന്റെയും പ്രസംഗം തടസ്സപ്പെടുംവിധമായിരുന്നു കൂവലും മുദ്രാവാക്യം വിളിയും. പലതവണ പ്രസംഗം തടസ്സപ്പെട്ടപ്പോള്‍ പണിപ്പെട്ടാണ് കെ എം മാണി പ്രവര്‍ത്തകരെ നിയന്ത്രിച്ചത്. തുണി ഉടുക്കാന്‍ പാടുപെടുന്ന പ്രവര്‍ത്തകര്‍ക്ക് നേതാവ് പറയുന്നത് മനസിലാകാത്ത അവസ്ഥയായിരുന്നു. മദ്യലഹരിയിലാറാടുന്നതിനെ കേരള കോണ്‍ഗ്രസ് ലയിക്കുന്നതിന്റെ ആനന്ദം... സന്തോഷം എന്നൊക്കെ വിശേഷിപ്പിച്ച,് കെ എം മാണി മുദ്രാവാക്യം വിളി നിര്‍ത്താനാവശ്യപ്പെട്ടപ്പോള്‍ കൂവല്‍ ഇരട്ടിച്ചു. നേതാക്കളുടെ കമുമ്പിലാണ് സെന്‍ട്രല്‍ ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ഡിവൈഎഫ്ഐയുടെ വലിയ ബോര്‍ഡ് പ്രവര്‍ത്തകര്‍അടിച്ചുതകര്‍ത്തത്. മദ്യലഹരിയിലാണ്ട പ്രവര്‍ത്തകര്‍ വഴിയില്‍ കണ്ട പോസ്റ്ററുകള്‍ നശിപ്പിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. പണവും മദ്യവും വാഗ്ദാനം ചെയ്താണ് കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നും സമ്മേളനത്തിന് സാമൂഹ്യവിരുദ്ധരെ ഇറക്കുമതി ചെയ്തത്. കോട്ടയത്തെ ബാറുകളില്‍ 'സാധനം' തികയില്ലെന്നറിഞ്ഞ് പ്രവര്‍ത്തകരുമായെത്തിയ വാഹനങ്ങളില്‍ മദ്യം സ്റ്റോക്ക് ചെയ്യുകയായിരുന്നെന്നും സംസാരമുണ്ട്.

ലയന ലഹരിയില്‍ വാഹനം നടുവഴിയില്‍

ഏറ്റുമാനൂര്‍: മാണി-ജോസഫ് ലയന സമ്മേളനത്തിന് പ്രവര്‍ത്തകര്‍ വന്ന സ്വകാര്യ ബസ് ഏറ്റുമാനൂരില്‍ മണിക്കൂറുകളോളം ഗതാഗത തടസ്സം സൃഷ്ടിച്ചു. വ്യാഴാഴ്ച വൈകിട്ട് 6.30 മുതല്‍ എട്ടുവരെ പേരൂര്‍ കവലയില്‍ അനധികൃതമായി ബസ് പാര്‍ക്ക് ചെയ്തതാണ് ഗതാഗതതടസ്സം സൃഷ്ടിച്ചത്. മദ്യലഹരിയിലെത്തിയ പ്രവര്‍ത്തകര്‍ പേരൂര്‍ കവലയില്‍ ബസ് നിര്‍ത്തിയിട്ടശേഷം വീണ്ടും മദ്യപിക്കാന്‍ പോയി. ക്ഷേത്രത്തില്‍ ഒമ്പതാം ഉത്സവദിനമായതിനാല്‍ വന്‍ തിരക്കായിരുന്നു. ബസ് റോഡില്‍ ഇട്ട് ഡ്രൈവര്‍ ഉള്‍പ്പെടെ ഇറങ്ങിപ്പോയതിനാല്‍ പൊലീസിന് ബസ് നീക്കാന്‍ കഴിഞ്ഞില്ല. പേരൂര്‍കവലമുതല്‍ 101 കവലവരെ ഗതാഗത കുരുക്ക് അനുഭവപ്പെട്ടപ്പോള്‍ നാട്ടുകാര്‍ രോഷാകുലരായി. മണിക്കൂറുകള്‍ കഴിഞ്ഞ് ഡ്രൈവര്‍ എത്തിയപ്പോള്‍ 'അനധികൃത പാര്‍ക്കിങ്ങിന്' പിഴ അടയ്ക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ മദ്യലഹരിയിലായിരുന്ന കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ പൊലീസിനോട് തട്ടിക്കയറി. എസ്ഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തിയപ്പോള്‍ നാട്ടുകാരും പൊലീസിനോടൊപ്പം കൂടി. ഈ സമയത്ത് ഇന്നോവ കാറില്‍ എത്തിയ ചില കേരള കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസിനോട് തട്ടിക്കയറുകയും 'പിന്നീട് കാണിച്ചുതരാം' എന്ന് ഭീഷണി മുഴക്കുകയും ചെയ്തു. നാട്ടുകാരുമായി കൈയേറ്റത്തിനും മുതിര്‍ന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ടൌണില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളും ഇവര്‍ നശിപ്പിച്ചു. അവസാനം പൊലീസ് 500 രൂപ പിഴയിട്ട് ബസ് പറഞ്ഞുവിട്ടു. ഒരു മണിക്കൂറിനുശേഷമാണ് നഗരത്തിലെ കുരുക്കഴിഞ്ഞത്.

ദേശാഭിമാനി 28052010

1 comment:

  1. കെ എം മാണി- പി ജെ ജോസഫ് ലയന സമ്മേളനം നടന്ന തിരുനക്കരമൈതാനം സാക്ഷിയായത് കോണ്‍ഗ്രസിനെതിരായ കേരള കോണ്‍ഗ്രസിന്റെ രണ്ടാം കലാപാഹ്വാനത്തിന്. 1964 ല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍മുതലുള്ള ചരിത്ര സംഭവങ്ങളുടെ ഓര്‍മകള്‍ പ്രവര്‍ത്തകരിലേക്ക് പടര്‍ത്താനാണ് സമ്മേളനത്തിലുടനീളം മാണിയും കൂട്ടരും യത്നിച്ചത്. പദവിയിലും അന്തസിലും വ്യക്തിത്വത്തിലും തങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തുല്യരാണെന്ന മുന്നറിയിപ്പ് നല്‍കാനും സമ്മേളനത്തിന്റെ ഉദ്ഘാടകനായ കെ എം മാണി തന്നെ രംഗത്തെത്തി. വേണ്ടിവന്നാല്‍ ഒറ്റക്ക് തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഏതാനും ആഴ്ച്ചമുമ്പ് പ്രഖ്യാപിച്ച് കോണ്‍ഗ്രസിനെ ഞെട്ടിച്ച കെ എം മാണി സമാന സ്വഭാവമുള്ള വെല്ലുവിളിതന്നെയാണ് കോണ്‍ഗ്രസിനെതിരെ നടത്തിയത്. അര്‍ഹതപ്പെട്ട സീറ്റുകള്‍ കിട്ടാതിരുന്നപ്പോഴുള്ള 1964 മുതലുള്ള തെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകളും അദ്ദേഹം വിശദീകരിച്ചു. 1967 ല്‍ കോണ്‍ഗ്രസ് ഒമ്പതും കേരള കോണ്‍ഗ്രസ് അഞ്ചും സീറ്റുമായി പ്രതിപക്ഷത്ത് ഇരുന്നതടക്കമുള്ള കാര്യങ്ങള്‍ വരും നാളുകളില്‍ പ്രചാരണ വിഷയമായി ഏറ്റെടുക്കാനും ലയന സമ്മേളനം തീരുമാനിച്ചു. യുഡിഎഫ് ആരുടെയും കുത്തകയല്ലെന്ന് അദ്ദേഹം പറഞ്ഞു.

    ReplyDelete