Friday, May 21, 2010

കുഞ്ഞാലിക്കുട്ടിയുടെ തമാശ

കുഞ്ഞാലിക്കുട്ടി മലക്കം മറിഞ്ഞത് പാളയത്തിലെ പട പേടിച്ച്

സ്വന്തം പാര്‍ടിയില്‍നിന്നും പാര്‍ടിക്കൊപ്പം നില്‍ക്കുന്ന സുന്നി, മുജാഹിദ് വിഭാഗങ്ങളില്‍നിന്നും ഉണ്ടായ കടുത്ത എതിര്‍പ്പാണ് ജമാഅത്തെ ഇസ്ളാമിയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ മുസ്ളിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ മലക്കംമറിച്ചിലിന് കാരണം. ജമാഅത്തെ ഇസ്ളാമി മതതീവ്രവാദ പ്രസ്ഥാനമാണെന്നും സംഘപരിവാറിനെപ്പോലെ എതിര്‍ക്കപ്പെടേണ്ട ശക്തിയാണെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അതേ വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി മറ്റൊന്നുകൂടി പറഞ്ഞു. ചര്‍ച്ചയ്ക്കുപോയത് ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തില്‍ ഇറങ്ങുമോ ഇല്ലയോ എന്ന് മനസ്സിലാക്കാനാണെന്ന്. ചര്‍ച്ചകഴിഞ്ഞപ്പോള്‍ മനസ്സിലായതോ, ജമാഅത്തിന് രാഷ്ട്രീയ അജന്‍ഡയുണ്ടെന്ന്. പിന്നെ ബന്ധം വേണ്ടെന്നുവച്ചു. കേരള രാഷ്ട്രീയത്തില്‍ അടുത്ത കാലത്തെ ഏറ്റവും വലിയ തമാശ.

കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും അബ്ദുള്‍ സമദ് സമദാനിയും മറ്റും ആ പ്രസ്ഥാനത്തിന്റെ അമീറുമായി ചര്‍ച്ച നടത്തിയത് രണ്ടുദിവസം മുമ്പാണ്. 18ന്. രണ്ടുനാള്‍കൊണ്ട് ജമാഅത്തെ ഇസ്ളാമിക്ക് ഒരു മാറ്റവും വന്നിട്ടില്ല. പാര്‍ടിയില്‍നിന്നും കൂടെ നില്‍ക്കുന്നവരില്‍നിന്നും നേരിട്ട തിരിച്ചടിയാണ് ജമാഅത്തിനെ തള്ളിപ്പറയാന്‍ കുഞ്ഞാലിക്കുട്ടിയെ നിര്‍ബന്ധിതനാക്കിയത്. മുസ്ളിം സമുദായത്തിലെ രണ്ടു പ്രബല വിഭാഗങ്ങളാണ് സുന്നിയും മുജാഹിദും. മതത്തോട് ഈ പ്രസ്ഥാനങ്ങള്‍ക്കും ജമാഅത്തിനുമുള്ള കാഴ്ചപ്പാട് അങ്ങേയറ്റം വ്യത്യസ്തമാണ്. സുന്നികള്‍ക്കും മുജാഹിദുകള്‍ക്കും ഇസ്ളാം വിശ്വാസമാണ്. ഇന്ത്യയുടെ മതനിരപേക്ഷ-ജനാധിപത്യ ചട്ടക്കൂടില്‍നിന്ന് സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാനാണ് നദ്വത്തുല്‍ മുജാഹിദിനും സുന്നി സംഘടനകളും ശ്രമിക്കുന്നത്. എന്നാല്‍, ജമാഅത്തിനെ സംബന്ധിച്ച് സാമൂഹ്യജീവിതത്തിന്റെയും ഭരണത്തിന്റെയും എല്ലാ തലത്തിലും ഇസ്ളാമിക തത്വങ്ങള്‍ക്ക് ആധിപത്യം വേണം. ഇവിടെ ഇസ്ളാമിക രാഷ്ട്രം സ്ഥാപിക്കുന്നതില്‍വരെ അത് നീളുന്നു. ആര്‍എസ്എസ് നയിക്കുന്ന സംഘപരിവാറിന്റെ ഇസ്ളാമിക രൂപമാണ് ജമാഅത്തെ ഇസ്ളാമിയെന്ന കുഞ്ഞാലിക്കുട്ടിയുടെ സൂചനയെ ആര്‍ക്കും ഖണ്ഡിക്കാന്‍ കഴിയില്ല. മുജാഹിദ്, സുന്നി പ്രസ്ഥാനങ്ങളോട് ജമാഅത്തെ ഇസ്ളാമിക്ക് കടുത്ത എതിര്‍പ്പാണ്. തിരിച്ചും അങ്ങനെ തന്നെ. ഇതറിയാമായിരുന്നിട്ടും ജമാഅത്തുമായുള്ള രാഷ്ട്രീയ സഹകരണത്തിന് എന്തിന് ലീഗ് നേതാക്കള്‍ ഇറങ്ങിപ്പുറപ്പെട്ടുവെന്നതാണ് വിശദീകരണം അര്‍ഹിക്കുന്ന ചോദ്യം.

അധാര്‍മികമായ രാഷ്ട്രീയ നിലപാടുകള്‍ കാരണം ലീഗിന്റെ കാലിനടിയില്‍നിന്ന് ഒരുപാട് മണ്ണ് ചോര്‍ന്നുപോയിട്ടുണ്ട്. ഒരേസമയം രാഷ്ട്രീയ പാര്‍ടിയുടെയും സമുദായ സംഘടനയുടെയും വേഷമണിയുന്ന ലീഗിന് സ്വന്തം സമുദായത്തിലും സ്വാധീനം കുറഞ്ഞു. അതുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടുമായി (പഴയ എന്‍ഡിഎഫ്) പോലും സഹകരിക്കാന്‍ അവര്‍ തയ്യാറായത്. ആസന്നമായ പ്രാദേശിക തെരഞ്ഞെടുപ്പും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യംവച്ചാണ് ജമാഅത്തുമായി ചര്‍ച്ചയ്ക്ക് ലീഗ് നേതാക്കള്‍ പോയത്. മുസ്ളിം സമുദായത്തില്‍ അഭിപ്രായ രൂപീകരണത്തില്‍ ജമാഅത്തെ ഇസ്ളാമിക്ക് കാര്യമായ പങ്കുണ്ടെന്ന് ലീഗില്‍ ഒരുവിഭാഗം വിശ്വസിക്കുന്നു. ജമാഅത്തിന്റെ പത്രമായ 'മാധ്യമ'ത്തിന്റെ പിന്തുണയും ഈ വിഭാഗം ആഗ്രഹിക്കുന്നു.

പക്ഷേ, വെളുക്കാന്‍ തേച്ചത് പാണ്ടായി. മഞ്ചേരിയില്‍ പ്രവര്‍ത്തക സമിതി ചേര്‍ന്നപ്പോള്‍ അപ്രതീക്ഷിതമായ എതിര്‍പ്പാണ് കുഞ്ഞാലിക്കുട്ടി നേരിട്ടത്. ദേശീയ പ്രസിഡന്റ് ഇ അഹമ്മദ് പൊട്ടിത്തെറിച്ചെന്നാണ് വിവരം. ജമാഅത്തുമായി സഖ്യത്തിന് ആരാണ് ചുമതലപ്പെടുത്തിയതെന്നുവരെ അദ്ദേഹം കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചു. ജമാഅത്തെ ഇസ്ളാമിയുമായി യുദ്ധം പ്രഖ്യാപിച്ച എം കെ മുനീറിന്റെ കളി രസകരമായി. ജമാഅത്തുമായുള്ള ചര്‍ച്ചയ്ക്ക് കുഞ്ഞാലിക്കുട്ടിയോടൊപ്പം മുനീറുമുണ്ടായിരുന്നു. ചര്‍ച്ചയ്ക്ക് ശേഷം കുഞ്ഞാലിക്കുട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ കരുക്കള്‍ നീക്കിയതും ഇ അഹമ്മദുമായി അടുത്തുനില്‍ക്കുന്ന മുനീര്‍ തന്നെ. ചര്‍ച്ചയുടെ വിവരം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തവരെപ്പറ്റി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. എം കെ മുനീറും യൂത്ത് ലീഗ് പ്രസിഡന്റ് കെ എം ഷാജിയുമാണ് ഉന്നമെന്ന് എല്ലാവര്‍ക്കുമറിയാം. രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചെങ്കിലും ജമാഅത്തിന്റെ പാര്‍ടി രൂപംകൊള്ളാന്‍ സമയമെടുക്കും. അതിനിടെ പല പേരുകളില്‍, പല രൂപത്തില്‍ തെരഞ്ഞെടുപ്പില്‍ പങ്കാളിയാകാനാണ് തീരുമാനം. ലീഗ് പോലുള്ള പ്രസ്ഥാനങ്ങളുടെ പിന്തുണ ജമാഅത്തിനും ആവശ്യമുണ്ട്. ഒറ്റപ്പെട്ടുപോകാതിരിക്കാന്‍.

ജമാഅത്തെ ഇസ്ളാമി മതതീവ്രവാദ സംഘടന: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ജമാഅത്തെ ഇസ്ളാമി മതതീവ്രവാദ പ്രസ്ഥാനമാണെന്നും സംഘപരിവാറിന്റെ നിലപാടു തന്നെയാണ് അവര്‍ക്കുമുള്ളതെന്നും മുസ്ളിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജമാഅത്തെ ഇസ്ളാമിയുമായി ചര്‍ച്ചനടത്തിയെന്ന് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണ്. രാഷ്ട്രീയ ധാരണയുണ്ടാക്കാനല്ല, ജമാഅത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നുണ്ടോ എന്ന് അറിയാനാണ് ചര്‍ച്ചയ്ക്കു പോയത്. രാഷ്ട്രീയത്തിലേക്ക് ജമാഅത്ത് വരുന്നുണ്ടെന്ന സൂചന ചര്‍ച്ചയില്‍നിന്നു ലഭിച്ചു. അതിനാല്‍ ഇനി ജമാഅത്തെ ഇസ്ളാമിയുമായി ഒരു ബന്ധവുമില്ല. :):)

മുസ്ളിം സമുദായത്തെ മറ്റൊരു രാഷ്ട്രീയ പാര്‍ടിയെ മുസ്ളിം ലീഗ് ഒരിക്കലും അംഗീകരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ടിയാണ് മുസ്ളിം ലീഗ്. അതുമായി യോജിക്കാത്തവരുമായി രാഷ്ട്രീയ സന്ധിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി 21052010

3 comments:

  1. സ്വന്തം പാര്‍ടിയില്‍നിന്നും പാര്‍ടിക്കൊപ്പം നില്‍ക്കുന്ന സുന്നി, മുജാഹിദ് വിഭാഗങ്ങളില്‍നിന്നും ഉണ്ടായ കടുത്ത എതിര്‍പ്പാണ് ജമാഅത്തെ ഇസ്ളാമിയുമായുള്ള ബന്ധത്തിന്റെ കാര്യത്തില്‍ മുസ്ളിം ലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി നടത്തിയ മലക്കംമറിച്ചിലിന് കാരണം. ജമാഅത്തെ ഇസ്ളാമി മതതീവ്രവാദ പ്രസ്ഥാനമാണെന്നും സംഘപരിവാറിനെപ്പോലെ എതിര്‍ക്കപ്പെടേണ്ട ശക്തിയാണെന്നുമാണ് പി കെ കുഞ്ഞാലിക്കുട്ടി വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. അതേ വാര്‍ത്താസമ്മേളനത്തില്‍ കുഞ്ഞാലിക്കുട്ടി മറ്റൊന്നുകൂടി പറഞ്ഞു. ചര്‍ച്ചയ്ക്കുപോയത് ജമാഅത്തെ ഇസ്ലാമി രാഷ്ട്രീയത്തില്‍ ഇറങ്ങുമോ ഇല്ലയോ എന്ന് മനസ്സിലാക്കാനാണെന്ന്. ചര്‍ച്ചകഴിഞ്ഞപ്പോള്‍ മനസ്സിലായതോ, ജമാഅത്തിന് രാഷ്ട്രീയ അജന്‍ഡയുണ്ടെന്ന്. പിന്നെ ബന്ധം വേണ്ടെന്നുവച്ചു. കേരള രാഷ്ട്രീയത്തില്‍ അടുത്ത കാലത്തെ ഏറ്റവും വലിയ തമാശ.

    ReplyDelete
  2. ലീഗിന് ഉള്‍ഭയം: ജമാഅത്തെ ഇസ്ലാമി

    കോഴിക്കോട:് കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലുള്‍പ്പടെ മുസ്ലിം ലീഗുമായി പതിനാലു തവണ ചര്‍ച്ച നടത്തിയതായി ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ ടി ആരിഫലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ ചര്‍ച്ചകള്‍ നടത്തിയപ്പോഴൊക്കെ മാധ്യമങ്ങള്‍ വിവരം അറിഞ്ഞിട്ടുണ്ട്. അതൊന്നും ഞങ്ങള്‍ ചോര്‍ത്തിയതല്ല. ലീഗിലെ ദുര്‍ബലമായ സംഘടനാസംവിധാനമാണ് വാര്‍ത്ത ചോരുന്നതിനു കാരണം. ഇത്തവണത്തെ ചര്‍ച്ചയിലും പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ സ്വാഭാവികമായും ലീഗിന് ആശങ്കയുണ്ടാവും. അത് ഞങ്ങള്‍ കാര്യമാക്കുന്നില്ല. രണ്ടു മുന്നണികളെയും എതിര്‍ത്തുകൊണ്ട് അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍വരെ മല്‍സരിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് അനുവാദം കൊടുത്തതായും ആരിഫലി പറഞ്ഞു.

    ReplyDelete