Thursday, May 27, 2010

ഓട്ടോകാസ്റ്റ് - റെയില്‍വേ സംയുക്ത സംരംഭം നുണപ്രചാരണവും യാഥാര്‍ഥ്യവും

ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റ് എന്ന പൊതുമേഖലാ സ്ഥാപനം റെയില്‍വേയുമായി സഹകരിച്ച് നടപ്പാക്കാനുദ്ദേശിച്ച സംയുക്തസംരംഭം സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്കും പിടിപ്പുകേടുമൂലം പാളം തെറ്റിയിരിക്കുന്നു എന്ന നിലയില്‍ മലയാള മനോരമ പത്രം കഴിഞ്ഞദിവസങ്ങളില്‍ ആരോപണം ഉന്നയിച്ചിരുന്നല്ലോ. തികച്ചും അടിസ്ഥാനരഹിതമാണ് ഈ ആരോപണം എന്നു പറയാന്‍ ആഗ്രഹിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടോ മെല്ലെപ്പോക്കോ അല്ല, മറിച്ച് കേന്ദ്ര റെയില്‍വേമന്ത്രി മമത ബാനര്‍ജിയുടെ അന്ധമായ കമ്യൂണിസ്റ്റ് വിരോധമാണ് പദ്ധതി പാളംതെറ്റാന്‍ കാരണം. ഓട്ടോകാസ്റ്റ് - റെയില്‍വേ സംയുക്ത സംരംഭത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു എന്നുകൂടി വ്യക്തമാക്കട്ടെ.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ പ്രശ്നത്തില്‍ എന്തൊക്കെ നടപടികള്‍ എടുത്തു എന്നു പറയുന്നതിനുമുമ്പ്, ഓട്ടോകാസ്റ്റിന്റെ ചരിത്രം പരിശോധിക്കുന്നതു നന്നാകും. 2001-'06ലെ യുഡിഎഫ് സര്‍ക്കാരിന്റെ പൊതുമേഖലാവിരുദ്ധ നിലപാടിന്റെ ഉത്തമോദാഹരണമാണ് ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റ് കമ്പനി. പൊതുമേഖലാ സ്ഥാപനങ്ങളെ ഒന്നാകെ അടച്ചുപൂട്ടാനും സ്വകാര്യവല്‍ക്കരിക്കാനുമായി കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ രൂപീകരിച്ച എന്റര്‍പ്രൈസസ് റിഫോംസ് കമ്മിറ്റി അഥവാ ചൌധരി കമ്മിറ്റി തൊഴിലാളികളെ പിരിച്ചുവിട്ട് അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച കമ്പനിയാണ് ഓട്ടോകാസ്റ്റ്. ചൌധരി കമ്മിറ്റിയുടെ നിര്‍ദേശം അപ്പാടെ അംഗീകരിച്ച അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ ജിഒ (എംഎസ്) നമ്പര്‍ 100/02/ഐഡി, 05-10-2002 എന്ന തീയതിയില്‍ ഇറക്കിയ ഉത്തരവുപ്രകാരം സ്വകാര്യവല്‍ക്കരിക്കാനും തൊഴിലാളികള്‍ക്കു സ്വയം വിരമിക്കല്‍ പദ്ധതി നടപ്പാക്കാനും തീരുമാനിച്ച കമ്പനിയാണ്.

യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവിനെതിരെ വമ്പിച്ച പ്രക്ഷോഭം നടന്നു. ചേര്‍ത്തലയില്‍നിന്ന് ആ പ്രക്ഷോഭം സെക്രട്ടറിയറ്റിനു മുന്നിലേക്കു വ്യാപിച്ചു. സേവ് ഓട്ടോകാസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ കമ്പനിപ്പടിക്കല്‍ 96 ദിവസം നീണ്ട നിരാഹാരസമരം നടന്നു. കമ്പനിയെ സംരക്ഷിക്കാന്‍ ജീവനക്കാരുടെയും തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തില്‍ ജനകീയ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ഈ കവന്‍ഷന്‍ ഓട്ടോകാസ്റ്റിന്റെ പുനരുദ്ധാരണ പദ്ധതി തയ്യാറാക്കുകയും അതു നടപ്പാക്കിക്കിട്ടാന്‍ ജനകീയസമരം ഉയര്‍ത്തിക്കൊണ്ടുവരികയുംചെയ്തു. എന്നാല്‍, ഇതൊന്നും വകവയ്ക്കാതെ നൂറോളം ജീവനക്കാര്‍ക്കു വിആര്‍എസ് നല്‍കി കമ്പനിയെ തകര്‍ക്കാനാണ് അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചത്. പുനരുദ്ധാരണ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചതുമില്ല.

യുഡിഎഫ് ഭരണം അവസാനിക്കുമ്പോള്‍ കമ്പനിയുടെ സഞ്ചിതനഷ്ടം 130 കോടി രൂപയായിരുന്നു. ബാങ്കുകള്‍ക്ക് 49 കോടിയും സര്‍ക്കാരിന് 36 കോടിയും നല്‍കാനുണ്ടായിരുന്നു. വില്‍പ്പന നികുതി, വൈദ്യുതിച്ചാര്‍ജ് എന്നീയിനങ്ങളില്‍ 23 കോടി രൂപ വേറെയുമുണ്ടായിരുന്നു.

ഈ ഘട്ടത്തിലാണ് എല്‍ഡിഎഫ് സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കാനും ആധുനികവല്‍ക്കരിക്കാനുമുള്ള നടപടികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ എടുത്തു. ഓട്ടോകാസ്റ്റിന്റെ ബാങ്കിനുള്ള ബാധ്യത ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിവഴി 12.52 കോടിരൂപ സര്‍ക്കാര്‍ തന്നെയടച്ച് അവസാനിപ്പിച്ചു. സര്‍ക്കാര്‍ വായ്പയുടെ പലിശ മുഴുവനും എഴുതിത്തള്ളി. കമ്പനിയുടെ പുനരുജ്ജീവനത്തിന് ഇതുകൂടാതെ 13.27 കോടിരൂപ നല്‍കി. കമ്പനിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ മറ്റനേകം നടപടികള്‍ എടുത്തു. ഇതിന്റെ ഫലമായി 2009-10ല്‍ കമ്പനിയുടെ സഞ്ചിതനഷ്ടം 97.64 കോടി രൂപയായി കുറയുകയും 38 ലക്ഷം രൂപ പ്രവര്‍ത്തനലാഭം ഉണ്ടാക്കുകയുംചെയ്തു.

സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളെ ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളുമായി ചേര്‍ന്ന് സംയുക്തസംരംഭങ്ങള്‍ തുടങ്ങാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയെടുത്തു. അതിന്റെ ഫലമായി എന്‍ടിപിസി, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്, ഭെല്‍ എന്നീ സ്ഥാപനങ്ങളുമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു സംയുക്ത സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യന്‍ റെയില്‍വേയുമായി സില്‍ക്കിന്റെ ചേര്‍ത്തലയിലുള്ള സ്റ്റീല്‍ ഫാബ്രിക്കേഷന്‍ യൂണിറ്റും (എസ്.എഫ്.യു) ഓട്ടോകാസ്റ്റും ചേര്‍ന്ന് സംയുക്തസംരംഭം തുടങ്ങാന്‍ ധാരണയായത്. റെയില്‍വേക്ക് ആവശ്യമായ ബോഗികള്‍, സൈഡ്/എന്‍ഡ് വാള്‍സ് എന്നിവ നിര്‍മിക്കുന്ന കമ്പനി തുടങ്ങാനായിരുന്നു ധാരണ. ഒന്നാം യുപിഎ സര്‍ക്കാരിന്റെമേല്‍ ഇടതുപാര്‍ടികള്‍ ചെലുത്തിയ സമ്മര്‍ദമാണ് ഇത്തരമൊരു നിലപാടെടുക്കാന്‍ റെയില്‍വേയെ പ്രേരിപ്പിച്ചത്.

2007-'08 റെയില്‍വേ ബജറ്റില്‍ കേരളത്തില്‍ ആരംഭിക്കാന്‍പോകുന്ന റെയില്‍ബോഗി നിര്‍മാണയൂണിറ്റിന് 85 കോടിരൂപ വകയിരുത്തി. 2008 ജൂണ്‍ 28ന് കേരളമുഖ്യമന്ത്രിയും കേന്ദ്ര റെയില്‍വേ മന്ത്രിയും ഇതിനുള്ള ധാരണാപത്രം ഒപ്പിട്ടു.

പദ്ധതി ദ്രുതഗതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടിയും എടുത്തു. എസ്.എഫ്.യുവിന്റെ 26 ഏക്കര്‍ സ്ഥലവും പദ്ധതിക്കായി നല്‍കാമെന്നും സെന്റിനു 95,500 രൂപ വിലമതിച്ച ഈ ഭൂമി സെന്റൊന്നിനു 55,000 രൂപയ്ക്കു കൈമാറാമെന്നും സമ്മതിച്ചു. ഇന്ത്യന്‍ റെയില്‍വേ ഇത് അംഗീകരിച്ചു. ഈ സ്ഥാപനങ്ങളുടെ ബാധ്യത മുഴുവന്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാമെന്നും സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ 2009 ഫെബ്രുവരി 27ന് സംയുക്തസംരംഭ കരാര്‍ ഒപ്പിട്ടു.

സംയുക്തസംരംഭ കരാറിലെ മുഖ്യയിനങ്ങള്‍ താഴെപ്പറയുന്നവയാണ്.

1. കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയുമായി ചേര്‍ന്ന് 100 കോടി രൂപ അംഗീകൃത ഓഹരി മൂലധനമുള്ള കേരള റെയില്‍ കമ്പോണന്റ്സ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിക്കും. ഈ കമ്പനിയുടെ പെയ്ഡപ്പ് ഓഹരി മൂലധനം ആരംഭഘട്ടത്തില്‍ 36 കോടി രൂപയായിരിക്കും.

2. ഈ കമ്പനിയില്‍ ഇന്ത്യന്‍ റെയില്‍വേക്കു 51ഉം കേരള സര്‍ക്കാരിനു 49ഉം ശതമാനം ഓഹരിപങ്കാളിത്തം ഉണ്ടായിരിക്കും.

3. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഏഴ് അംഗങ്ങളുണ്ടാകും. നാലുപേര്‍ റെയില്‍വേയുടെയും മൂന്നുപേര്‍ കേരള സര്‍ക്കാരിന്റെയും പ്രതിനിധികളായിരിക്കും.

4. കമ്പനി ചെയര്‍മാന്‍, എംഡി എന്നിവരെ റെയില്‍വേ നിയമിക്കും.

5. എസ്.എഫ്.യുവിന്റെ 26 ഏക്കര്‍ സ്ഥലം ബാധ്യതകള്‍ തീര്‍ത്ത് ആദ്യഘട്ടത്തില്‍ കമ്പനി തുടങ്ങാനായി കൈമാറും. ഓട്ടോകാസ്റ്റിന്റെ ബാധ്യത തീര്‍ത്ത്, ജീവനക്കാര്‍ അടക്കമുള്ള ആസ്തികള്‍ കമ്പനി പ്രവര്‍ത്തനം തുടങ്ങി മൂന്നുവര്‍ഷത്തിനുള്ളില്‍ ഘട്ടംഘട്ടമായി സംയുക്തസംരംഭത്തിനു കൈമാറും.

6. കമ്പനി തുടങ്ങുന്നതിനാവശ്യമായ അനുമതി റെയില്‍വേ ബോര്‍ഡ് കേന്ദ്രസര്‍ക്കാരില്‍നിന്നു നേടി 90 ദിവസത്തിനകം കമ്പനി ആരംഭിക്കണം.

സംയുക്ത കരാറിന്റെയടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ചെയ്തു.

1. എസ്എഫ്.യുവിനെ സില്‍ക്കില്‍നിന്നു വേര്‍പെടുത്തി ബാധ്യതകള്‍ മുഴവന്‍ തീര്‍ത്ത് സംയുക്തസംരംഭത്തിന് കൈമാറാന്‍ തയ്യാറാക്കി.

2. ഓട്ടോകാസ്റ്റിനെ സില്‍ക്കിന്റെ സബ്സിഡിയറി കമ്പനി പദവിയില്‍നിന്നു വേര്‍പെടുത്തി അതിന്റെ ബാധ്യതകള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.

3. ബിഐഎഫ്ആറിന്റെ കീഴിലുള്ള ഓട്ടോകാസ്റിന്റെ പുനരുജ്ജീവന പദ്ധതി സംയുക്തസംരംഭ കരാറിന്റെ വിശദാംശം ഉള്‍പ്പെടുത്തി ഭേദഗതിചെയ്ത് അതിനു ബിഐഎഫ്ആറിന്റെ അംഗീകാരം നേടിയെടുത്തു.

4. സംയുക്തസംരംഭം തുടങ്ങുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി.

സംയുക്തസംരംഭം തുടങ്ങുന്നതിനായി കേന്ദ്രസര്‍ക്കാര്‍ താഴെപ്പറയുന്ന നടപടികള്‍ എടുക്കേണ്ടതാണ്.

1. സംയുക്തസംരംഭ കരാറിന് റെയില്‍വേ ബോര്‍ഡിന്റെ അനുമതിയോടെ കേന്ദ്രക്യാബിനറ്റ് അംഗീകാരം നല്‍കണം.

2. കേന്ദ്രക്യാബിനറ്റിന്റെ അംഗീകാരത്തിനുശേഷം പുതുതായി രൂപീകരിക്കാന്‍ പോകുന്ന കമ്പനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷനും തയ്യാറാക്കി കമ്പനി രജിസ്ട്രാറുടെ അനുമതിക്കായി സമര്‍പ്പിക്കണം.

3. പുതിയ കമ്പനിയുടെ ചെയര്‍മാന്‍, എംഡി എന്നിവരെ നിയമിക്കണം.

എന്നാല്‍, ഈ ദിശയില്‍ റെയില്‍വേയുടെ ഭാഗത്തുനിന്നു കാര്യമായ ശ്രമങ്ങള്‍ ഒന്നുമുണ്ടായിട്ടില്ല. പദ്ധതി കാലതാമസം കൂടാതെ നടപ്പാക്കാന്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ആത്മാര്‍ഥമായ ശ്രമങ്ങളാണ് ഉണ്ടായത്. സംസ്ഥാനം ചെയ്യേണ്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കി. കേന്ദ്രമാകട്ടെ, ഒരു ചുവടുപോലും മുന്നോട്ടുവച്ചില്ല. സംയുക്തകരാര്‍ ഒപ്പിട്ടു ഒന്നരവര്‍ഷമായിട്ടും കേന്ദ്ര ക്യാബിനറ്റിന്റെ അംഗീകാരത്തിന് അത് സമര്‍പ്പിച്ചിട്ടില്ല.

അതേസമയം, പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായ എല്ലാ കാര്യങ്ങളും വേഗം നടപ്പാക്കി.

1. റെയില്‍വേ ബോര്‍ഡ്, റെയില്‍വേ മന്ത്രാലയം എന്നിവകൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ശ്രദ്ധയില്‍വരെ ഈ പ്രശ്നം സംസ്ഥാനസര്‍ക്കാര്‍ കൊണ്ടുവന്നു. റെയില്‍വേ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബസുദേവ് ആചാര്യ ഇതിനായി രേഖാമൂലം റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍ പ്രശ്നം കൊണ്ടുവന്നു. ഇതൊക്കെയായിട്ടും പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ ആവശ്യമായ നടപടികളൊന്നും എടുത്തില്ല.

2. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, വ്യവസായവകുപ്പിന്റെ ഡല്‍ഹിയിലെ സ്പെഷ്യല്‍ ഓഫീസര്‍ എന്നിവര്‍ പദ്ധതി നടപ്പാക്കിക്കിട്ടാന്‍ ബന്ധപ്പെട്ട വകുപ്പുകളുമായി നിരന്തരം ബന്ധപ്പെട്ടു.

3. സെക്രട്ടറിതലത്തില്‍ പ്രശ്നം പരിഹരിക്കപ്പെടുന്നില്ല എന്നു കണ്ടപ്പോള്‍ സംസ്ഥാന വ്യവസായമന്ത്രിതന്നെ 2009 നവംബറിലും 2010 ജനുവരിയിലും ഡല്‍ഹിയില്‍ റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ്, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവരെ നേരില്‍ കാണുകയും പദ്ധതി കാലതാമസംകൂടാതെ നടപ്പാക്കണമെന്ന് അഭ്യര്‍ഥിക്കുകയുംചെയ്തു. സംസ്ഥാന വ്യവസായമന്ത്രി പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍ക്കു ഈ വിഷയം കാണിച്ച് നിരവധി കത്തുകളയച്ചു. അദ്ദേഹത്തെ നേരിട്ടും ഫോവഴിയും ബന്ധപ്പെട്ട് സഹായം തേടി. ആലപ്പുഴ എംപി കെ സി വേണുഗോപാല്‍, ഓട്ടോകാസ്റ്റിലെ ട്രേഡ്‌യൂണിയന്‍ നേതാവുകൂടിയായ ആര്യാടന്‍ മുഹമ്മദ് എന്നിവരുമായും സംസ്ഥാന വ്യവസായമന്ത്രി ഇക്കാര്യം ചര്‍ച്ചചെയ്യുകയും അവരുടെ ഇടപെടല്‍ അഭ്യര്‍ഥിക്കുകയുംചെയ്തു.

4. 2010-11ലെ റെയില്‍വേ ബജറ്റിനു മുന്നോടിയായി റെയില്‍വേ മന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളസര്‍ക്കാരില്‍ റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി എം വിജയകുമാര്‍ ഈ വിഷയം ഉന്നയിക്കുകയും പദ്ധതി ഉടന്‍ നടപ്പാക്കണമെന്നു രേഖാമൂലം ആവശ്യപ്പെടുകയുംചെയ്തു. എന്നാല്‍, കേന്ദ്ര റെയില്‍വേ മന്ത്രി മമത ബാനര്‍ജി കേരളത്തിന്റെ ആവശ്യത്തോട് അനുഭാവപൂര്‍വമായ നിലപാടല്ല എടുത്തത്. എന്നുമാത്രമല്ല, മുന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ തനിക്കു ബാധ്യതയില്ലെന്നുകൂടി അവര്‍ തുറന്നടിച്ചു.

5. ഏറ്റവുമൊടുവില്‍ 2010 മെയ് 12ന് വ്യവസായവകുപ്പ് സെക്രട്ടറി റെയില്‍വേ ബോര്‍ഡ് അംഗങ്ങളെ കണ്ട് കമ്പനി രൂപീകരണത്തിന് ആവശ്യമായ നടപടി ഉടനെ എടുക്കണമെന്നും അഭ്യര്‍ഥിച്ചു. എന്നാല്‍, കേന്ദ്ര ക്യാബിനറ്റിന്റെ അംഗീകാരം ലഭിക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് റെയില്‍വേ ബോര്‍ഡ് അറിയിച്ചത്. സംയുക്തസംരംഭം സ്ഥാപിക്കുന്നതിന് സംസ്ഥാനം ഒരുവിധ അലംഭാവവും കാട്ടിയില്ല. ചെയ്തുതീര്‍ക്കേണ്ട എല്ലാ നടപടികളും പൂര്‍ത്തീകരിച്ചിട്ടുമുണ്ട്.

ഓട്ടോകാസ്റ്റിന്റെ പുനരുദ്ധാരണം റെയില്‍വേയുമായി ചേര്‍ന്നു നടപ്പാക്കാനാണ് സംസ്ഥാനം പദ്ധതിയിട്ടത്. കേന്ദ്രത്തിന്റെ പ്രതികൂലമായ നിലപാട് ഇതിനു തടസ്സമായി. പുനരുദ്ധാരണത്തിനായി മറ്റു പദ്ധതികള്‍ നടപ്പാക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. ഓട്ടോ കാസ്റ്റിനെ ആധുനികവല്‍ക്കരിക്കാനുള്ള പദ്ധതിയാണിത്. ഈ വര്‍ഷത്തെ ബജറ്റില്‍ സീല്‍കാസ്റ്റിങ്ങ് ലൈന്‍ ആരംഭിക്കാന്‍ 10 കോടി രൂപയാണ് വക കൊള്ളിച്ചത്. ഇതിനുള്ള പ്രോജക്ട് റിപ്പോര്‍ട്ട് കമ്പനി തയ്യാറാക്കി. സ്റ്റീല്‍കാസ്റ്റിങ്ങ് ആരംഭിക്കുന്നതോടെ റെയില്‍‌വേ അടക്കമുള്ളവര്‍ക്ക് ആവശ്യമായ കാസ്റ്റിങ്ങുകള്‍ സപ്ലൈ ചെയ്യാന്‍ കഴിവുള്ള ആധുനിക ഫൌണ്ടറിയായി ഇത് മാറും.

ചുരുക്കത്തില്‍, രാഷ്ട്രീയവൈരനിര്യാതനബുദ്ധിയോടെയാണ് മമത ബാനര്‍ജി ഈ പ്രശ്നം കൈകാര്യം ചെയ്യുന്നതെന്നു കാണാന്‍ വിഷമമില്ല. കേരളവും കേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന മറ്റു പദ്ധതികളുടെ കാര്യത്തില്‍ എ.കെ.ആന്റണിയടക്കം സ്വീകരിക്കുന്ന ഗുണപരമായ നിലപാട് മമത കണ്ണു തുറന്നു കാണേണ്ടതാണ്. അല്ലാതെ സംസ്ഥാനത്തിന്റെ വിശാലമായ വ്യവസായ താല്പര്യങ്ങള്‍ക്ക് തുരങ്കം വയ്ക്കാനല്ല അവര്‍ ശ്രമിക്കേണ്ടത്.

ഒരു കാര്യം ഇവിടെ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ തന്നെ ലാഭത്തിലാണ് ഓട്ടോകാസ്റ്റ്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഈ കമ്പനിയെ മെച്ചപ്പെട്ട ലാഭത്തില്‍ എത്തിക്കാനുള്ള അടിത്തറയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ അന്ധമായി എതിര്‍ക്കുന്ന മലയാള മനോരമ ഈ വസ്തുത കൂടി കാണണം.

ഡോ.ടി.എം.തോമസ് ഐസക് ദേശാഭിമാനി 26052010

1 comment:

  1. ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റ് എന്ന പൊതുമേഖലാ സ്ഥാപനം റെയില്‍വേയുമായി സഹകരിച്ച് നടപ്പാക്കാനുദ്ദേശിച്ച സംയുക്തസംരംഭം സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്കും പിടിപ്പുകേടുമൂലം പാളം തെറ്റിയിരിക്കുന്നു എന്ന നിലയില്‍ മലയാള മനോരമ പത്രം കഴിഞ്ഞദിവസങ്ങളില്‍ ആരോപണം ഉന്നയിച്ചിരുന്നല്ലോ. തികച്ചും അടിസ്ഥാനരഹിതമാണ് ഈ ആരോപണം എന്നു പറയാന്‍ ആഗ്രഹിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടോ മെല്ലെപ്പോക്കോ അല്ല, മറിച്ച് കേന്ദ്ര റെയില്‍വേമന്ത്രി മമത ബാനര്‍ജിയുടെ അന്ധമായ കമ്യൂണിസ്റ്റ് വിരോധമാണ് പദ്ധതി പാളംതെറ്റാന്‍ കാരണം. ഓട്ടോകാസ്റ്റ് - റെയില്‍വേ സംയുക്ത സംരംഭത്തിന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു എന്നുകൂടി വ്യക്തമാക്കട്ടെ.

    ReplyDelete