Friday, October 1, 2010

അയോധ്യ: ഭൂമി മൂന്നായി വീതിക്കും; പരിഹാരം ഇനിയും അകലെ

അയോധ്യ: ഭൂമി മൂന്നായി വീതിക്കും

ലഖ്നൌ: ബാബറി മസ്ജിദ് നിലനിന്ന സ്ഥലം ഉള്‍പ്പെടെയുള്ള അയോധ്യയിലെ 2.7 ഏക്കര്‍ ഭൂമി മൂന്ന് കക്ഷികള്‍ക്ക് തുല്യമായിവീതിച്ച് നല്‍കാന്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് വിധിച്ചു. 60 വര്‍ഷം പഴക്കമുള്ള കേസില്‍ മൂന്നംഗ ബെഞ്ചിലെ ഒരു ജഡ്ജി വ്യത്യസ്ത വിധി പുറപ്പെടുവിച്ചു. 1949ല്‍ സ്ഥാപിച്ച രാമവിഗ്രഹം ഇരിക്കുന്ന സ്ഥലം ഹിന്ദുമഹാസഭയ്ക്കും 'രാം ഛബൂത്രയും' 'സീത രസോയിയും' സ്ഥിതിചെയ്യുന്ന സ്ഥലം സന്യാസി സംഘടനയായ നിര്‍മോഹി അകാഡയ്ക്കും ബാക്കി സ്ഥലം സുന്നി വഖഫ് ബോര്‍ഡിനും നല്‍കാന്‍ ജസ്റ്റിസുമാരായ എസ് യു ഖാനും സുധീര്‍ അഗര്‍വാളും ഉത്തരവായി. പ്രദേശത്ത് മൂന്ന് മാസത്തേക്ക് നിലവിലുള്ള സ്ഥിതി തുടരാനും ഭൂരിപക്ഷ വിധിയില്‍ നിര്‍ദേശിച്ചു. എന്നാല്‍, കേസിന് ആസ്പദമായ സ്ഥലം രാമന്റെ ജന്മഭൂമിയാണെന്നും ഇസ്ളാംമത തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഇവിടെ മസ്ജിദ് സ്ഥാപിച്ചതെന്നും ഇതിനെ ആരാധനാലയമായി പരിഗണിക്കാന്‍ കഴിയില്ലെന്നും ബെഞ്ചിലെ മറ്റൊരു ജഡ്ജിയായ ജസ്റിസ് ഡി വി ശര്‍മയുടെ വിധിയില്‍ പറഞ്ഞു. മൂന്ന് ജഡ്ജിമാര്‍ ചേര്‍ന്ന് 8189 പേജ് വരുന്ന വിധിന്യായമാണ് പുറപ്പെടുവിച്ചത്. കോടതി നിയമിച്ച റിസീവര്‍ ശിവശങ്കര്‍ ലാല്‍ തയ്യാറാക്കിയ സ്കെച്ചിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് ഭാഗമായി സ്ഥലം വിഭജിക്കേണ്ടതെന്ന് ജസ്റ്റിസുമാരായ ഖാനും അഗര്‍വാളും വ്യക്തമാക്കി. മസ്ജിദിന്റെ പ്രധാന താഴികക്കുടം നിലനിന്നിരുന്നതിന്റെ താഴെയാണ് രാമന്റെ ജന്മസ്ഥലമെന്നാണ് ഹിന്ദുക്കളുടെ വിശ്വാസം- വിധിയില്‍ നിരീക്ഷിച്ചു. മൂന്ന് തുല്യഭാഗമായാണ് 2.7 ഏക്കര്‍ സ്ഥലം വീതിക്കേണ്ടതെങ്കിലും പ്രായോഗികസൌകര്യം മുന്‍നിര്‍ത്തി ചെറിയ തോതില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്താം. എന്നാല്‍, ഇത് മറ്റൊരു കക്ഷിയെ ബാധിക്കാത്ത വിധത്തില്‍ തൊട്ടടുത്ത പ്രദേശത്തുനിന്ന് സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തു നല്‍കി പരിഹരിക്കണം. വിഭജനം സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് മൂന്നു മാസം സമയം നല്‍കിയിട്ടുണ്ട്. വിധിയിന്മേല്‍ അപ്പീല്‍ നല്‍കാനും മൂന്ന് മാസത്തെ സമയം അനുവദിച്ചു. വിഭജനം സംബന്ധിച്ച അന്തിമവിധി മൂന്നുമാസത്തിനുശേഷം സുപ്രീംകോടതി ചീഫ്ജസ്റിസുമായി കൂടിയാലോചിച്ച് പ്രഖ്യാപിക്കും.

ബാബറുടെ ഉത്തരവ് പ്രകാരമാണ് മസ്ജിദ് നിര്‍മിച്ചതെന്ന് ജസ്റിസ് ഖാന്‍ വിധിയില്‍ നിരീക്ഷിച്ചു. എന്നാല്‍, ഈ സ്ഥലം ബാബറുടെ ഉടമസ്ഥതയില്‍ ഉള്ളതായിരുന്നു എന്നതിന് തെളിവില്ല. മസ്ജിദ് പണിയാനായി ക്ഷേത്രം തകര്‍ത്തിട്ടില്ല. ദീര്‍ഘകാലമായി ജീര്‍ണാവസ്ഥയിലായിരുന്ന ക്ഷേത്രം സ്ഥിതിചെയ്തിരുന്ന സ്ഥലത്താണ് മസ്ജിദ് നിര്‍മിച്ചതെന്ന് വിധിയില്‍ പറയുന്നു. മസ്ജിദ് നിര്‍മിച്ച് കുറെക്കാലം കഴിഞ്ഞശേഷമാണ് രാമന്റെ ജന്മസ്ഥലം ഇവിടെയാണെന്ന് ഹിന്ദുക്കള്‍ കരുതാന്‍ തുടങ്ങിയത്. 1885നു മുമ്പേ രാം ഛബൂത്രയും സീത രസോയിലും പ്രദേശത്ത് നിലനിന്നിരുന്നു. ഹിന്ദുക്കള്‍ ഇവിടെ ആരാധനയും നടത്തിവന്നു. വളരെ അസാധാരണമായ അവസ്ഥയായിരുന്നു അത്. ഒരു ഭാഗത്ത് മുസ്ളിങ്ങള്‍ നമസും മറുഭാഗത്ത് ഹിന്ദുക്കള്‍ പ്രാര്‍ഥനയും നടത്തി. ഭൂമിയില്‍ വിഭജനമൊന്നും ഇല്ലായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുക്കളും മുസ്ളിങ്ങളും സംയുക്തമായി കൈവശം വച്ചിരുന്ന ഭൂമിയായിരുന്നു ഇതെന്ന് വ്യക്തമാകുന്നു. എന്നാല്‍, ഇരുകൂട്ടര്‍ക്കും ഭൂമിയുടെ കൈവശാവകാശം തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ കഴിഞ്ഞില്ല. തെളിവ് നിയമപ്രകാരം സംയുക്താവകാശമുള്ള ഭൂമിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ- ജസ്റിസ് ഖാന്‍ പറഞ്ഞു.

രാമവിഗ്രഹം ആദ്യമായി ഇവിടെ സ്ഥാപിച്ചത് 1949 ഡിസംബര്‍ 23നു പുലര്‍ച്ചെയാണെന്നും ജസ്റ്റിസ് ഖാന്‍ ചൂണ്ടിക്കാട്ടി. ഇതിനു കുറച്ചുകാലം മുമ്പു മുതലാണ് മസ്ജിദിന്റെ പ്രധാന താഴികക്കുടത്തിന് താഴെയാണ് രാമന്റെ ജന്മസ്ഥലമെന്ന് ഹിന്ദുക്കള്‍ കരുതാനും വിശ്വസിക്കാനും തുടങ്ങിയതെന്നും വിധിയില്‍ പറഞ്ഞു. അതേസമയം, പഴയ മന്ദിരം തകര്‍ത്തശേഷമാണ് മസ്ജിദ് നിര്‍മിച്ചതെന്ന് ജസ്റിസ് ശര്‍മ നിരീക്ഷിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ പര്യവേക്ഷണം ഇത് വ്യക്തമാക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, 1949ലാണ് ഇവിടെ രാമവിഗ്രഹം സ്ഥാപിച്ചതെന്നതിന് തെളിവുണ്ടെന്ന നിഗമനത്തോട് അദ്ദേഹം യോജിച്ചു.

പരിഹാരം ഇനിയും അകലെ


ന്യൂഡല്‍ഹി: ആറു പതിറ്റാണ്ട് നീണ്ട നിയമവ്യവഹാരത്തിനൊടുവില്‍ അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് വിധി പുറപ്പെടുവിച്ചെങ്കിലും തര്‍ക്കപരിഹാരം ഇനിയും നീളും. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ മൂന്നുമാസത്തെ സമയം അനുവദിച്ച ഹൈക്കോടതി അതുവരെ അയോധ്യയില്‍ തല്‍സ്ഥിതി തുടരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. അപ്പീല്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ എത്തുന്നതോടെ കേസില്‍ വീണ്ടും വാദം കേള്‍ക്കാന്‍ പുതിയ ബെഞ്ച് രൂപീകരിക്കും. കക്ഷികളുടെ വാദം കേള്‍ക്കലും തെളിവുകളുടെ പരിശോധനയും വീണ്ടും തുടരുന്നതോടെ അന്തിമവിധിക്കായി വീണ്ടും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ഇരുഭാഗത്തെയും കക്ഷികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭൂമി വീതിച്ചുനല്‍കാനുള്ള അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സുന്നി വഖഫ് ബോര്‍ഡ് വ്യക്തമാക്കി. സുന്നി വഖഫ് ബോര്‍ഡിന് മൂന്നിലൊന്ന് ഭൂമി നല്‍കിയതിനെ സുപ്രീംകോടതിയില്‍ ചോദ്യംചെയ്യുമെന്ന് രാമജന്മഭൂമി ട്രസ്റും പ്രഖ്യാപിച്ചു. അയോധ്യയിലെ തര്‍ക്കസ്ഥലം മൂന്ന് കക്ഷികള്‍ക്കായി വീതിക്കാനുള്ള ഉത്തരവിനെ പരമോന്നത കോടതിയില്‍ ചോദ്യംചെയ്യുമെന്ന് വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ സഫര്യാബ് ഗീലാനി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഭൂമിയുടെ മൂന്നിലൊന്ന് അനുവദിച്ച ഹൈക്കോടതി വിധി വഖഫ് ബോര്‍ഡിന് സ്വീകാര്യമല്ലെന്നും ഭൂമി വിട്ടുനല്‍കാന്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കാനുള്ള നിര്‍ദേശമുയര്‍ന്നാല്‍ സുന്നി വഖഫ് ബോര്‍ഡ് തുറന്ന മനസ്സോടെ സമീപിക്കുമെന്നും ഗീലാനി പറഞ്ഞു.

അതേസമയം, ഹൈക്കോടതിയുടെ വിധിയെ സംഘപരിവാര്‍ പൊതുവില്‍ സ്വാഗതം ചെയ്തെങ്കിലും സുന്നി വഖഫ് ബോര്‍ഡിന് മൂന്നിലൊന്ന് ഭൂമി നല്‍കണമെന്ന വിധിയെ തങ്ങളുടെ കൂടെ നില്‍ക്കുന്ന സംഘടനകള്‍ വഴി സുപ്രീംകോടതിയില്‍ ചോദ്യംചെയ്യാനാണ് നീക്കം. മൂന്നിലൊന്ന് ഭൂമി സുന്നി വഖഫ് ബോര്‍ഡിന് നല്‍കിയത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും രാമജന്മഭൂമി ട്രസ്റ് ചെയര്‍മാന്‍ നൃത്യഗോപാല്‍ദാസ് പറഞ്ഞു. വിധി ആരുടെയും വിജയമോ പരാജയമോ അല്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പ്രതികരിച്ചു. ഹിന്ദുക്കളുടെ വിശ്വാസം കോടതിവിധി മാനിക്കുന്നുവെന്നും രാമക്ഷേത്രനിര്‍മാണത്തിന് വിധി വഴിയൊരുക്കുമെന്നും വിഎച്ച്പി അന്താരാഷ്ട്ര ജനറല്‍ സെക്രട്ടറി പ്രവീ തൊഗാഡിയ പറഞ്ഞു.

വിധി ദൌര്‍ഭാഗ്യകരം: ഇര്‍ഫാന്‍ ഹബീബ്

ന്യൂഡല്‍ഹി: അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ വിധി ദൌര്‍ഭാഗ്യകരവും അസ്വസ്ഥത സൃഷ്ടിക്കുന്നതുമാണെന്ന് പ്രശസ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു. ചരിത്രപരമായ വസ്തുതകള്‍ പരിഗണിച്ചല്ല കോടതിയുടെ പല നിഗമനങ്ങളുമെന്ന് അദ്ദേഹം 'ദേശാഭിമാനി'യോട് പറഞ്ഞു. പുരാവസ്തു ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ശക്തമായി വിമര്‍ശിച്ച ഉത്ഖനന റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കോടതിയുടെ നിഗമനങ്ങള്‍. ക്ഷേത്രം തകര്‍ത്താണ് ബാബര്‍ പള്ളി പണിതതെന്ന് കോടതി പറയുമ്പോള്‍ അതിനുള്ള ചരിത്രപരമായ തെളിവെന്താണ്? മസ്ജിദ് നിയമവിരുദ്ധമായാണ് നിര്‍മിച്ചതെന്ന് പറയുന്ന കോടതി 1949ല്‍ ബലപ്രയോഗത്തിലൂടെ രാമവിഗ്രഹം സ്ഥാപിച്ചത് നിയമവിരുദ്ധമാണെന്ന് പറയുന്നില്ല. മാത്രമല്ല, 1949ലെ നടപടിക്കും 1992ല്‍ ബാബ്റി മസ്ജിദ് തകര്‍ത്ത നടപടിക്കും നിയമസാധുത നല്‍കുകയും ചെയ്തു. സുന്നി വഖഫ് ബോര്‍ഡിന് നല്‍കാന്‍ തീരുമാനിച്ച സ്ഥലം ആവശ്യമെങ്കില്‍ മാറ്റിനല്‍കാമെന്നുള്ള പരാമര്‍ശവും സംശയമുണര്‍ത്തുന്നു. സുപ്രിംകോടതി തല്‍സ്ഥിതി തുടരാന്‍ ആവശ്യപ്പെട്ട, കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിയില്‍ മാറ്റി നല്‍കാമെന്ന സൂചനയാണ് ഈ പരാമര്‍ശം നല്‍കുന്നത്. സുപ്രീം കോടതിയുടെ തീരുമാനത്തെ ഹൈക്കോടതിക്ക് എങ്ങനെ മറികടക്കാനാകും- ഹബീബ് ചോദിച്ചു.

മധ്യസ്ഥസ്വഭാവമുള്ള വിധി - ഡോ.കെ എന്‍ പണിക്കര്‍

അയോധ്യകേസിലെ അലഹബാദ് ഹൈക്കോടതി വിധി ഒരര്‍ഥത്തില്‍ മധ്യസ്ഥസ്വഭാവമുള്ളതാണ്. നിയമത്തിന്റെ ദൃഷ്ടിയിലൂടെയുള്ള വിധിന്യായം എന്നതിലപ്പുറം കേസിലെ വിവിധ കക്ഷികളുടെ ഒത്തുതീര്‍പ്പ് എങ്ങനെ ഉണ്ടാക്കാമെന്നതാണ് വിധിയുടെ സ്വഭാവം. വാസ്തവത്തില്‍ ഇത് ഭരണകൂടത്തിന്റെ കര്‍ത്തവ്യമാണ്. അതാണ് കോടതി ഏറ്റെടുത്തിരിക്കുന്നത്. വിധിയുടെ പൂര്‍ണരൂപം ലഭിച്ചാലേ വിധിയെക്കുറിച്ച് വ്യക്തമായി പ്രതികരിക്കാനാകൂ. പ്രധാനമായും മൂന്നു വിഷയമാണ് കോടതിക്കു മുമ്പില്‍ വന്നത്. രാമന്റെ ജന്മസ്ഥലം ഏത്, പള്ളിയുടെ നിര്‍മാണവും തകര്‍ക്കലും, 1949ല്‍ രാമന്റെ വിഗ്രഹം പള്ളിയില്‍ എങ്ങനെ എത്തി എന്നിവയാണ് അക്കാര്യങ്ങള്‍. ഇതില്‍ രാമന്റെ വിഗ്രഹം പള്ളിയില്‍ എത്തിയത് ബലപ്രയോഗത്തിലൂടെയാണെന്ന് അക്കാലത്തെ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരത്തെതന്നെ വ്യക്തമാക്കിയിരുന്നതിനാല്‍ ആ വിഷയത്തില്‍ തര്‍ക്കമുണ്ടാകാനിടയില്ല. എന്നാല്‍, രാമന്റെ ജന്മസ്ഥലം കൃത്യമായി എവിടെയാണെന്ന് നിലവിലുള്ള ചരിത്ര, പുരാവസ്തു പഠനങ്ങളില്‍നിന്ന് വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ല. രാമന്റെ ജന്മസ്ഥലം പള്ളിക്കുള്ളിലാണെന്ന വിധി അത്യന്തം സങ്കീര്‍ണമാണ്. ചരിത്രകാരന്മാര്‍ക്ക് ഈ വിധി അത്ഭുതകരമാണ്. കാരണം, രാമന്‍ എവിടെ ജനിച്ചു എന്നതിന് ഒരു തെളിവും ഇതുവരെ കണ്ടെത്തിയിട്ടില്ല. രാഷ്ട്രീയമായി വളരെ മുമ്പുതന്നെ കൈക്കൊള്ളേണ്ടിയിരുന്ന തീരുമാനം കോടതി ഇപ്പോള്‍ സരസമായി കൈക്കൊണ്ടു എന്നുവേണം പറയാന്‍. ഇതുമായി ബന്ധപ്പെട്ട കേസ് ഒരുപക്ഷേ ഇനിയും നീണ്ടുപോയേക്കാം. എന്തായാലും ജനങ്ങള്‍ ഈ വിധിയോട് നിയമാനുസൃതമല്ലാതെ പ്രതികരിക്കരുത്. ആ രീതിയില്‍ പ്രതികരിച്ചാല്‍, നൂറുകണക്കിന് ആരാധനാലയങ്ങളുടെ അവകാശത്തര്‍ക്കം നിലനില്‍ക്കുന്ന നമ്മുടെ രാജ്യം ശ്മശാനമാകും.

മുള്‍മുനയില്‍നിന്ന് സഹിഷ്ണുതയിലേക്ക്

ന്യൂഡല്‍ഹി: ആകാംക്ഷയുടെ മുള്‍മുനയില്‍നിന്നാണ് ആറു പതിറ്റാണ്ട് നീണ്ട അയോധ്യ കേസിന്റെ വിധി രാജ്യം കേട്ടത്. നൂറുകോടി ജനതയുടെ ഹൃദയത്തില്‍ ഉണങ്ങാത്ത മുറിവുകള്‍ കോറിയ കലാപങ്ങളുടെയും വേട്ടകളുടെയും ഓര്‍മകള്‍ ഓരോ മനസ്സിലും ആശങ്ക പടര്‍ത്തിയിരുന്നു. എന്നാല്‍, 1992ല്‍നിന്ന് 2010ലേക്കുള്ള 18 സംവത്സരങ്ങള്‍ ഇന്ത്യയുടെ മതനിരപേക്ഷതയെ എത്രമാത്രം ശക്തിപ്പെടുത്തിയെന്ന് വ്യാഴാഴ്ചത്തെ സായാഹ്നം തെളിയിച്ചു. വിധിയില്‍ ആഹ്ളാദിച്ചവരും അതൃപ്തരായവരും ഏറെയായിട്ടും മഹാരാജ്യത്തിന്റെ ഒരു കോണിലും അസഹിഷ്ണുതയുടെ ശബ്ദമുയര്‍ന്നില്ല. അതിരറ്റ സന്തോഷപ്രകടനങ്ങളുടെ വേലിയേറ്റമുണ്ടായില്ല. തികഞ്ഞ സമചിത്തതയോടെ, വിവേകത്തോടെ പൊതുസമൂഹവും സംഘടനകളും വിധി കേട്ടു. സംശയദൃഷ്ടിയോടെ ക്യാമറകളൊരുക്കിയ വിദേശമാധ്യമങ്ങള്‍ക്ക് ഇന്ത്യയുടെ മതനിരപേക്ഷ മറുപടി.

വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ വിധി ഉണ്ടാകുമെന്നറിഞ്ഞ് ടിവി ചാനലുകള്‍ക്കും വെബ്സൈറ്റുകള്‍ക്കും മുന്നില്‍ ജനലക്ഷങ്ങള്‍ കാത്തിരുന്നു. ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് അതീവ സുരക്ഷയിലാണ് വിധി പറയാന്‍ ചേര്‍ന്നത്. കക്ഷികളെയും അവരുടെ അഭിഭാഷകരെയും മാത്രമേ കോടതിവളപ്പിലേക്ക് പ്രവേശിപ്പിച്ചുള്ളൂ. മൊബൈല്‍ഫോണുകള്‍പോലും അനുവദിക്കാതിരുന്നതിനാല്‍ കോടതിക്കുള്ളില്‍ എന്തു നടക്കുന്നുവെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. കലക്ടറേറ്റിലെ പ്രത്യേക പന്തലില്‍ തിങ്ങിക്കൂടിയ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലേക്ക് വൈകിട്ട് നാലരയോടെ വിധിപ്പകര്‍പ്പുമായി അഭിഭാഷകര്‍ എത്തിയപ്പോള്‍ തിക്കുംതിരക്കുമായി. ഇരുപക്ഷത്തേയും അഭിഭാഷകര്‍ തങ്ങളുടെ വിജയമെന്നമട്ടില്‍ കാര്യം അവതരിപ്പിച്ചത് ഒച്ചപ്പാടിന് ഇടയാക്കി. വിധിയെ സംബന്ധിച്ച അവ്യക്തത നീങ്ങാന്‍ ഏറെ നേരം വേണ്ടിവന്നു. ഹിന്ദുമഹാസഭയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായ ബിജെപി നേതാവ് രവിശങ്കര്‍പ്രസാദാണ് അയോധ്യഭൂമിയെ മൂന്നായി വിഭജിക്കാന്‍ കോടതി നിര്‍ദേശിച്ചെന്ന് ആദ്യമായി ടെലിവിഷന്‍ ക്യാമറകള്‍ക്കുമുന്നില്‍ വിളിച്ചുപറഞ്ഞത്.

ലഖ്നൌവിലെ സംഭവവികാസങ്ങള്‍ വീക്ഷിച്ചിരുന്ന ഡല്‍ഹിയിലും വിധിയുടെ ആദ്യവിവരങ്ങള്‍ പുറത്തുവന്നതോടെ രാഷ്ട്രീയകക്ഷികള്‍ യോഗങ്ങള്‍ ആരംഭിച്ചു. വിധിയെ സ്വാഗതംചെയ്തുകൊണ്ട് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടു. തൊട്ടുപിന്നാലെ വാര്‍ത്താസമ്മേളനം നടത്തിയ എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദിയും വിധിയെ എല്ലാവരും മാനിക്കണമെന്ന് ആവശ്യപ്പെട്ടു. ബിജെപിയുടെ ദേശീയ നേതാക്കള്‍ എല്‍ കെ അദ്വാനിയുടെ വസതിയില്‍ യോഗം ചേര്‍ന്ന് ഏതുതരത്തിലുള്ള പ്രതികരണം വേണമെന്ന് ചര്‍ച്ചചെയ്തു. മുതിര്‍ന്ന അഭിഭാഷകന്‍കൂടിയായ അരു ജെയ്റ്റ്ലിയാണ് യോഗത്തില്‍ വിധിയുടെ വിശദാംശം അവതരിപ്പിച്ചത്. യോഗം തയ്യാറാക്കിയ പ്രസ്താവന മാധ്യമങ്ങള്‍ക്കുമുന്നില്‍ വായിക്കാന്‍, അയോധ്യയെ സംഘര്‍ഷഭൂമിയാക്കാന്‍ നേതൃത്വം നല്‍കിയ അദ്വാനിയെത്തന്നെ നിയോഗിച്ചു. കോഗ്രസിന്റെ കോര്‍ഗ്രൂപ്പ് യോഗവും ചേര്‍ന്നു. വിധിയുടെ പശ്ചാത്തലത്തില്‍ രാജ്യത്താകെ വന്‍ സുരക്ഷാ സന്നാഹം ഒരുക്കിയിരുന്നെങ്കിലും ഒരിടത്തും അനിഷ്ടസംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്തില്ല. എന്നാല്‍, പ്രശ്നസാധ്യത റിപ്പോര്‍ട്ടുചെയ്യപ്പെട്ട പല മേഖലയിലും ഹര്‍ത്താലിന്റെ പ്രതീതിയായിരുന്നു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ബിഹാര്‍, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ പലയിടത്തും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. പൊലീസും രഹസ്യാന്വേഷണ ഏജന്‍സികളും ഈ മേഖലകളിലെല്ലാം അതീവ ജാഗ്രത പുലര്‍ത്തി. രാജ്യത്തെ വിമാനത്താവളങ്ങളിലും പ്രധാന റെയില്‍വേ സ്റേഷനുകളിലുമെല്ലാം സുരക്ഷയ്ക്ക് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു.

അഭിഭാഷകര്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു

ലഖ്നൌ: അയോധ്യ കേസില്‍ വിധി പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെ വ്യത്യസ്ത അഭിപ്രായപ്രകടനങ്ങള്‍ നടത്തിയ വിവിധ കക്ഷികളുടെ അഭിഭാഷകര്‍ ആശയക്കുഴപ്പം സൃഷ്ടിച്ചു. വിധിക്കു തൊട്ടുപിന്നാലെ, ലഖ്നൌ കോടതിക്കടുത്ത് പ്രത്യേകം തയ്യാറാക്കിയ മീഡിയാ റൂമിലെത്തിയ ഇരുപതോളം അഭിഭാഷകരാണ് ആശയക്കുഴപ്പത്തിന് കാരണക്കാരായത്. ഓരോരുത്തരും അവരവരുടെ താല്‍പര്യമനുസരിച്ച് വിധി വ്യാഖ്യാനിച്ചു. ഇരുപക്ഷത്തെ അഭിഭാഷകരും വിജയചിഹ്നം കാണിക്കുന്നുണ്ടായിരുന്നു. ഇവരെല്ലാം ഒന്നിച്ച് ഉറക്കെ വിളിച്ചുപറഞ്ഞതിനാല്‍ കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ബുദ്ധിമുട്ടി. വിധിപ്പകര്‍പ്പ് കൈയില്‍ കിട്ടാതിരുന്ന സാഹചര്യത്തില്‍ ഇവരുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളൂ. അയോധ്യ വിധി റിപ്പോര്‍ട്ട് ചെയ്യാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അറുനൂറിലേറെ മാധ്യമപ്രവര്‍ത്തകര്‍ ലഖ്നൌവില്‍ എത്തിയിരുന്നു. ടെലിവിഷന്‍ ചാനലുകളുടെ നാല്‍പ്പതോളം ഒബി വാനുകളാണ് കോടതി പരിസരത്ത് നിര്‍ത്തിയിട്ടത്. കോടതിയിലേക്കുള്ള വഴിയില്‍ വന്‍ സുരക്ഷാസന്നാഹങ്ങളായിരുന്നു. ലഖ്നൌ കോടതിയിലെ ഇരുപത്തൊന്നാം നമ്പര്‍ മുറിയിലാണ് കേസിന് വിധി പറഞ്ഞത്. ഈ മുറിയിലേക്കുള്ള വഴിയില്‍ സുരക്ഷാഭടന്മാരുടെ നീണ്ട നിരയായിരുന്നു. കേസിലെ കക്ഷികളെയും അവരുടെ അഭിഭാഷകരെയും മാത്രമാണ് കോടതിയിലേക്ക് കടത്തിവിട്ടത്.

8189 പേജുള്ള വിധിന്യായം

ലഖ്നൌ: അയോധ്യക്കേസില്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് പുറപ്പെടുവിച്ചത് 8189 പേജുള്ള വിധിന്യായം. മൂന്ന് ജഡ്ജിമാരും വെവ്വേറെ വിധികള്‍ എഴുതി. ജസ്റ്റിസ് അഗര്‍വാളാണ് ഏറ്റവും ദൈര്‍ഘ്യമുള്ള വിധി എഴുതിയത്-5238 പേജ്. ജസ്റ്റിസ് ശര്‍മ 2,666 പേജ് വരുന്ന വിധിയും ജസ്റ്റിസ് ഖാന്‍ 285 പേജുള്ള വിധിയും എഴുതി. നാടകീയ രംഗങ്ങള്‍ക്ക് മധ്യേ വൈകിട്ട് 4.30ന് തൊട്ടുമുമ്പാണ് വിധി പരസ്യപ്പെടുത്തിയത്.

ആദ്യമായി തര്‍ക്കമുന്നയിച്ചത് നിര്‍മോഹി അക്കാഡ

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബറി മസ്ജിദിന്റെ ഭൂമിയില്‍ ആദ്യമായി തര്‍ക്കമുന്നയിച്ചത് സന്യാസിസംഘമായ നിര്‍മോഹി അക്കാഡ. അയോധ്യയിലെ വൈഷ്ണവസമൂഹത്തെ പ്രതിനിധാനംചെയ്യുന്ന സന്യാസിസംഘമാണ് നിര്‍മോഹി അക്കാഡ. ശ്രീരാമക്ഷേത്രം തകര്‍ത്താണ് മസ്ജിദ് സ്ഥാപിച്ചതെന്ന് ആദ്യം ആരോപിച്ചത് ഈ സന്യാസിസംഘമാണ്. ഇതിന്റെ പേരില്‍ 1853ല്‍ അയോധ്യയില്‍ കലാപമുണ്ടാക്കി. അയോധ്യയില്‍ ഹനുമാന്‍ഗഢ് ക്ഷേത്രത്തിന് എതിര്‍വശത്താണ് നിര്‍മോഹി അക്കാഡയുടെ ആസ്ഥാനം. ജഗന്നാഥ് ആസാദാണ് സന്യാസിസംഘത്തിന്റെ തലവന്‍. 1959ല്‍ ബാബറി മസ്ജിദ് പ്രദേശത്തിന്റെ റിസീവര്‍ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിര്‍മോഹി അക്കാഡ കോടതിയിലെത്തിയത്. കോടതിവിധിയിലൂടെ അവര്‍ക്ക് മൂന്നിലൊന്ന് ഭൂമി ലഭിക്കുകയും ചെയ്തു.

deshabhimani 01102010

1 comment:

  1. ബാബറി മസ്ജിദ് നിലനിന്ന സ്ഥലം ഉള്‍പ്പെടെയുള്ള അയോധ്യയിലെ 2.7 ഏക്കര്‍ ഭൂമി മൂന്ന് കക്ഷികള്‍ക്ക് തുല്യമായിവീതിച്ച് നല്‍കാന്‍ അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൌ ബെഞ്ച് വിധിച്ചു. 60 വര്‍ഷം പഴക്കമുള്ള കേസില്‍ മൂന്നംഗ ബെഞ്ചിലെ ഒരു ജഡ്ജി വ്യത്യസ്ത വിധി പുറപ്പെടുവിച്ചു.

    ReplyDelete