Thursday, October 7, 2010

ഷിപ്പിങ് കോര്‍പറേഷന്റെ ഓഹരിയും വില്‍ക്കുന്നു

ന്യൂഡല്‍ഹി: നവരത്ന കമ്പനിയായ ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ 10 ശതമാനം ഓഹരി വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി ഇതിന് അംഗീകാരം നല്‍കി. ഇതുവഴി 1,300 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 75 കപ്പല്‍ സ്വന്തമായുള്ള ഷിപ്പിങ് കോര്‍പറേഷന്‍ രാജ്യത്തെ ഏറ്റവും വിലിയ ഷിപ്പിങ് കമ്പനിയാണ്. ഓഹരിവില്‍പ്പനയിലൂടെ ഈ സാമ്പത്തികവര്‍ഷം 40,000 കോടി രൂപ സമാഹരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഓഹരിയും വിറ്റഴിക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകും. ഷിപ്പിങ് കോര്‍പറേഷന്റെ ഓഹരിവില്‍പ്പനയില്‍ ചില്ലറ നിക്ഷേപകര്‍ക്ക് അഞ്ച് ശതമാനം ഡിസ്കൌണ്ടും മന്ത്രിസഭാസമിതി പ്രഖ്യാപിച്ചു. അര ശതമാനം ഷിപ്പിങ് കമ്പനിയിലെ ജീവനക്കാര്‍ക്ക് നീക്കിവച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഓഹരിവില്‍പ്പനയോടെ ഷിപ്പിങ് കോര്‍പറേഷനില്‍ സര്‍ക്കാര്‍ ഓഹരി 63.75 ശതമാനമാകും. ഘട്ടംഘട്ടമായി സര്‍ക്കാര്‍ പങ്കാളിത്തം 51 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഓഹരിവില്‍പന നയത്തിന്റെ തുടര്‍ച്ചയാണ് ഷിപ്പിങ് കോര്‍പറേഷന്റെ ഓഹരിവില്‍ക്കാനുള്ള തീരുമാനം. പവര്‍ഗ്രിഡ് കോര്‍പറേഷന്‍, എന്‍ജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡ്, ആന്‍ഡ്രൂ യൂള്‍ ഇന്ത്യ ലിമിറ്റഡ്, സത്ലജ് വൈദ്യുത് നിഗം ലിമിറ്റഡ്, ഗ്രാമീണ വൈദ്യുതി കോര്‍പറേഷന്‍, കോള്‍ ഇന്ത്യ ലിമിറ്റഡ് എന്നിവയുടെ ഓഹരികളും യുപിഎ സര്‍ക്കാര്‍ വിറ്റിരുന്നു. നൂറ്റാണ്ടിന്റെ പ്രവര്‍ത്തനപാരമ്പര്യവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ മിനിരത്ന സ്ഥാപനമായ മാംഗനീസ് ഓര്‍ ഇന്ത്യ ലിമിറ്റഡിന്റെ (എംഒഐഎല്‍) 20 ശതമാനം ഓഹരി വില്‍ക്കാന്‍ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി സെപ്തംബര്‍ ഒമ്പതിന് തീരുമാനിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കൈവശമുള്ള 81.57 ശതമാനം ഓഹരിയില്‍നിന്ന് 10 ശതമാനവും മഹാരാഷ്ട്ര സര്‍ക്കാരിന്റെയും മധ്യപ്രദേശ് സര്‍ക്കാരിന്റെയും കൈവശമുള്ള അഞ്ച് ശതമാനം ഓഹരികളുമാണ് ആദ്യപടിയായി വില്‍ക്കുന്നത്.

ഓഹരിവില്‍പ്പനയ്ക്കെതിരെ ഐഎന്‍ടിയുസി ഉള്‍പ്പെടെ എട്ട് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ദേശീയ പണിമുടക്ക് നടത്തിയതിന് തൊട്ടുപിന്നാലെയാണ് ഓഹരിവില്‍പ്പനയ്ക്ക് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചത്. എണ്ണ വിപണന കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ 10 ശതമാനം ഓഹരി വില്‍ക്കുമെന്ന് പെട്രോളിയം സെക്രട്ടറി സുന്ദരേശന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒഎന്‍ജിസിയുടെ അഞ്ച് ശതമാനം ഓഹരി വിറ്റ് 20,440 കോടി രൂപ സമാഹരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പീഡിതാവസ്ഥയിലായ 10 പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് 70.76 കോടി രൂപ അനുവദിക്കാനും മന്ത്രിസഭാസമിതി അനുമതി നല്‍കി. ജീവനക്കാര്‍ക്ക് ശമ്പളവും പിഎഫും ഗ്രാറ്റുവിറ്റിയും പെന്‍ഷനും മറ്റും നല്‍കാനാണ് തുക അനുവദിച്ചത്. നഷ്ടത്തിലുള്ള പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് ഒമ്പതുമാസത്തേക്ക് പദ്ധതിയിതര സഹായം നല്‍കാനും സമിതി അംഗീകാരം നല്‍കിയെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

deshabhimani 07102010

1 comment:

  1. നവരത്ന കമ്പനിയായ ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ 10 ശതമാനം ഓഹരി വില്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി ഇതിന് അംഗീകാരം നല്‍കി. ഇതുവഴി 1,300 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 75 കപ്പല്‍ സ്വന്തമായുള്ള ഷിപ്പിങ് കോര്‍പറേഷന്‍ രാജ്യത്തെ ഏറ്റവും വിലിയ ഷിപ്പിങ് കമ്പനിയാണ്. ഓഹരിവില്‍പ്പനയിലൂടെ ഈ സാമ്പത്തികവര്‍ഷം 40,000 കോടി രൂപ സമാഹരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ ഓഹരിയും വിറ്റഴിക്കാനുള്ള തീരുമാനം ഉടന്‍ ഉണ്ടാകും. ഷിപ്പിങ് കോര്‍പറേഷന്റെ ഓഹരിവില്‍പ്പനയില്‍ ചില്ലറ നിക്ഷേപകര്‍ക്ക് അഞ്ച് ശതമാനം ഡിസ്കൌണ്ടും മന്ത്രിസഭാസമിതി പ്രഖ്യാപിച്ചു. അര ശതമാനം ഷിപ്പിങ് കമ്പനിയിലെ ജീവനക്കാര്‍ക്ക് നീക്കിവച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഓഹരിവില്‍പ്പനയോടെ ഷിപ്പിങ് കോര്‍പറേഷനില്‍ സര്‍ക്കാര്‍ ഓഹരി 63.75 ശതമാനമാകും. ഘട്ടംഘട്ടമായി സര്‍ക്കാര്‍ പങ്കാളിത്തം 51 ശതമാനത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

    ReplyDelete