Thursday, October 7, 2010

അഴിമതിയില്‍ ആറാടി പതനത്തിലേക്ക്

ബംഗളൂരു: കര്‍ണാടക ബിജെപി മന്ത്രിസഭാപ്രതിസന്ധിക്കുപിന്നില്‍ അഴിമതിയും കച്ചവടക്കണ്ണും. അധികാരസ്ഥാനം ദുരുപയോഗംചെയ്ത് സാമ്പത്തികനേട്ടമുണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് യെദ്യൂരപ്പ മന്ത്രിസഭയുടെ ഭാവി അവതാളത്തിലാക്കിയത്. ഭരണം നിലനിര്‍ത്താന്‍ എംഎല്‍എമാര്‍ക്ക് കോടികളാണ് വില പറയുന്നത്. സ്വതന്ത്ര എംഎല്‍എമാരെ പണംകൊടുത്തും മന്ത്രിസ്ഥാനം നല്‍കിയും പാട്ടിലാക്കിയാണ് യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും അഴിമതി മുഖ്യ പ്രചാരണ വിഷയമാക്കി അധികാരത്തിലേറിയ ബിജെപി മന്ത്രിസഭയുടെ പ്രതിസന്ധിയും അഴിമതിയില്‍ ആറാടിക്കൊണ്ടുതന്നെയാണ്. ദക്ഷിണേന്ത്യയില്‍ ആദ്യമായി അധികാരത്തിലേറിയെന്ന അഹന്തയോടെയാണ് യെദ്യൂരപ്പ മന്ത്രിസഭ 28 മാസംമുമ്പ് കര്‍ണാടകത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.

അധികാരമേറ്റ നാള്‍മുതല്‍ ഒന്നിനു പിറകെ ഒന്നായി അഴിമതിയുടെ നാറുന്ന കഥകളാണ് പുറത്തുവന്നത്. വന്‍ വ്യവസായികളുള്‍പ്പെടെ സാമ്പത്തികസ്രോതസ്സുകള്‍ക്ക് പഞ്ഞമില്ലാത്ത ബംഗളൂരു നഗരത്തില്‍ അധികാരസ്ഥാപനങ്ങളിലൂടെ കോടികളുടെ ഇടപാടാണ് നടന്നുവരുന്നത്. ബംഗളൂരു നഗരത്തിലെ ബിജെപി എംഎല്‍എമാര്‍ നേരിട്ടും അല്ലാതെയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അധികാരം ഉപയോഗിച്ച് ഭൂമി മറിച്ചുവില്‍ക്കുന്ന ഇവര്‍ കോടികളാണ് കൈക്കലാക്കുന്നത്. ഭൂമി രജിസ്ട്രേഷന്‍, ഇരുമ്പയിര് കയറ്റുമതി, സ്ഥലംമാറ്റങ്ങള്‍, നിയമനങ്ങള്‍ തുടങ്ങി സര്‍ക്കാരുമായി ബന്ധപ്പെട്ട സകലമേഖലയും അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി യെദ്യൂരപ്പതന്നെ അര്‍ക്കാവതി ഭൂമി ഇടപാടില്‍ നേരിട്ട് ഉള്‍പ്പെട്ടു. തങ്ങളുടെ വകുപ്പുകളില്‍ മുഖ്യമന്ത്രി ഇടപെടുന്നത് തങ്ങള്‍ക്കു ലഭിക്കേണ്ട നേട്ടങ്ങള്‍ നഷ്ടപ്പെടുത്തുന്നതായി പലമന്ത്രിമാരും രഹസ്യമായും പരസ്യമായും പറയുന്നുണ്ട്. തങ്ങളുടെ അധികാരം കവര്‍ന്ന് മുഖ്യമന്ത്രി നേട്ടങ്ങള്‍ കൊയ്യുന്നതില്‍ ചൊടിച്ചാണ് അര്‍ക്കാവതി ലേഔട്ടിലെ കോടികളുടെ ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെയും മകന്റെയും പങ്ക് പത്രങ്ങള്‍ക്കും പ്രതിപക്ഷകക്ഷികള്‍ക്കും ചോര്‍ത്തിക്കൊടുക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. ഇതോടുകൂടി മുഖ്യമന്ത്രിയുടെ അനുയായികള്‍ മറ്റുമന്ത്രിമാരുടെ അഴിമതികളും പുറംലോകത്തെ അറിയിച്ചു.

കഴിഞ്ഞ മന്ത്രിസഭാ പുനഃസംഘടനയില്‍ സ്ഥാനം നഷ്ടമായ സ്വതന്ത്രരുള്‍പ്പെടെയുള്ളവര്‍ സംഘടിച്ച് സര്‍ക്കാരിനെതിരെ ആക്രമണം തുടങ്ങിയതും സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കിയാണ്. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിനേക്കാള്‍ വേവലാതിയാണ് സ്വതന്ത്രര്‍ക്ക് സ്ഥാനചലനത്തിലൂടെ ഉണ്ടായ വ്യാപാര ഇടപാടുകളുടെ നഷ്ടം. ജനാധിപത്യത്തെ വിലയ്ക്കെടുത്ത് അധികാരത്തിലേറിയ ബിജെപി സര്‍ക്കാര്‍ ഇതിനു മുടക്കിയത് കോടികളാണ്. ഖനി ലോബി, റിയല്‍ എസ്റ്റേറ്റ്, മദ്യമാഫിയ എന്നിവയുടെ സമ്പത്തുപയോഗിച്ചാണ് എംഎല്‍എമാരെ ബിജെപി സര്‍ക്കാര്‍ വിലയ്ക്കെടുത്തത്.

കര്‍ണാടകം: യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം നഷ്ടമായി

ബംഗളൂരു: 19 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതിനെതുടര്‍ന്ന് കര്‍ണാടകത്തിലെ ബിജെപി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായി. മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്കുള്ള പിന്തുണ പിന്‍വലിച്ച് ആറ് മന്ത്രിമാരുള്‍പ്പെടെയുള്ള എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കി. മന്ത്രിസഭയിലെ നാല് സ്വതന്ത്രരെ പുറത്താക്കാന്‍ മുഖ്യമന്ത്രി നീക്കം നടത്തുന്നതിനിടെയാണ് പിന്തുണ പിന്‍വലിക്കല്‍. ഒക്ടോബര്‍ 12നകം ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയോട് ആവശ്യപ്പെട്ടു. ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് ജെഡിഎസും കോണ്‍ഗ്രസും സ്പീക്കര്‍ക്ക് കത്ത് നല്‍കി. പിന്തുണ പിന്‍വലിച്ചവരില്‍ രണ്ടുപേര്‍ ബിജെപി മന്ത്രിമാരാണ്. 14 ബിജെപി എംഎല്‍എമാരും അഞ്ച് സ്വതന്ത്ര എംഎല്‍എമാരുമാണ് മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തി കത്ത് നല്‍കിയത്. പിന്തുണ പിന്‍വലിച്ച് ഒപ്പിട്ടുനല്‍കിയ ദൊണ്ഡന ഗൌഡപാട്ടീല്‍ ബുധനാഴ്ച വൈകിട്ടോടെ മറുകണ്ടം ചാടി. ദൊണ്ഡന ഗൌഡപാട്ടീലിനൊപ്പം ഗവര്‍ണറെ സന്ദര്‍ശിച്ച മുഖ്യമന്ത്രി 11ന് വിശ്വാസം തെളിയിക്കുമെന്ന് അറിയിച്ചു.

മന്ത്രി രേണുകാചാര്യയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമതര്‍ കലാപക്കൊടി ഉയര്‍ത്തിയത്. മുഖ്യമന്ത്രിക്കെതിരെ കലാപക്കൊടി ഉയര്‍ത്തി ഏഴ് മന്ത്രിമാരുടെ പിന്തുണയോടെ ചെന്നൈയില്‍ തമ്പടിക്കുന്ന വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ ശ്രമം പരാജയപ്പെട്ടു. ബല്ലാരിയിലെ ഖനിമാഫിയ തലവനും മുഖ്യമന്ത്രിയുടെ എതിരാളിയുമായ മന്ത്രി ജനാര്‍ദന റെഡ്ഡി പ്രത്യേക വിമാനത്തില്‍ ചെന്നൈയിലെത്തി വിമതരുമായി ചര്‍ച്ച നടത്തി. ഇതിനിടെ, ചെന്നൈയില്‍നിന്ന് അഞ്ച് മന്ത്രിമാരടക്കമുള്ള 15 എംഎല്‍മാര്‍ ബുധനാഴ്ച രാത്രി ഏട്ടോടെ വിമാനമാര്‍ഗം കൊച്ചിയിലെത്തി. ഇവര്‍ രാത്രി 10.30ന് മുംബൈക്ക് പോയി. അധികാരം നിലനിര്‍ത്താനും പിടിച്ചെടുക്കാനും എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ അണിയറയില്‍ കുതിരക്കച്ചവടം നടക്കുന്നുണ്ട്.

പിന്തുണ പിന്‍വലിക്കാന്‍ ബിജെപി എംഎല്‍എമാര്‍ക്ക് ജെഡിഎസ് 20 മുതല്‍ 30 കോടിരൂപവരെ വാഗ്ദാനം ചെയ്തെന്ന് യെദ്യൂരപ്പ ആരോപിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ആര്‍ വി ദേശ്പാണ്ഡെ പറഞ്ഞു. ഓരോ എംഎല്‍എമാര്‍ക്കും 30 കോടിവരെ ബിജെപി വാഗ്ദാനം ചെയ്തെന്നാണ് പാണ്ഡെയുടെ ആരോപണം. ഇതിനിടെ, കൂറുമാറ്റം തടയാന്‍ 60 കോണ്‍ഗ്രസ് എംഎല്‍എമാരെ പുണെയിലേക്ക് മാറ്റാനുള്ള സംസ്ഥാനനേതൃത്വത്തിന്റെ നീക്കം ഹൈക്കമാന്‍ഡ് തടഞ്ഞു. ഇവരെ കര്‍ണാടകത്തിലെതന്നെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്.

224 അംഗ കര്‍ണാടക നിയമസഭയില്‍ മന്ത്രിസഭയ്ക്ക് 113 പേരുടെ കേവലഭൂരിപക്ഷംവേണം. ആറ് സ്വതന്ത്രരുള്‍പ്പെടെ 122 പേരുടെ പിന്തുണയോടെയാണ് ബിജെപി അധികാരമേറ്റത്. കോണ്‍ഗ്രസിന് 73ഉം ജെഡിഎസിന് 28 സീറ്റുമുണ്ട്. പത്തു പേരുടെമാത്രം ഭൂരിപക്ഷമുള്ള ബിജെപി സര്‍ക്കാരില്‍നിന്ന് 19 പേര്‍ കാലുമാറിയതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി. ഇതിനെ അതിജീവിക്കാന്‍ വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വീണ്ടും പുനഃസംഘടിപ്പിക്കാനുള്ള ശ്രമവും മുഖ്യമന്ത്രി നടത്തിയെങ്കിലും ഗവര്‍ണറുടെ പ്രതികരണം തിരിച്ചടിയായി. പ്രതിസന്ധിക്കിടെ യെദ്യൂരപ്പ വ്യാഴാഴ്ച കണ്ണൂര്‍ തളിപ്പറമ്പിലെ രാജരാജേശ്വരി ക്ഷേത്രദര്‍ശനത്തിനെത്തും.
(ബി ഗിരീഷ്കുമാര്‍)

deshabhimani 07102010

1 comment:

  1. കര്‍ണാടക ബിജെപി മന്ത്രിസഭാപ്രതിസന്ധിക്കുപിന്നില്‍ അഴിമതിയും കച്ചവടക്കണ്ണും. അധികാരസ്ഥാനം ദുരുപയോഗംചെയ്ത് സാമ്പത്തികനേട്ടമുണ്ടാക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് യെദ്യൂരപ്പ മന്ത്രിസഭയുടെ ഭാവി അവതാളത്തിലാക്കിയത്. ഭരണം നിലനിര്‍ത്താന്‍ എംഎല്‍എമാര്‍ക്ക് കോടികളാണ് വില പറയുന്നത്. സ്വതന്ത്ര എംഎല്‍എമാരെ പണംകൊടുത്തും മന്ത്രിസ്ഥാനം നല്‍കിയും പാട്ടിലാക്കിയാണ് യെദ്യൂരപ്പ സര്‍ക്കാര്‍ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും അഴിമതി മുഖ്യ പ്രചാരണ വിഷയമാക്കി അധികാരത്തിലേറിയ ബിജെപി മന്ത്രിസഭയുടെ പ്രതിസന്ധിയും അഴിമതിയില്‍ ആറാടിക്കൊണ്ടുതന്നെയാണ്. ദക്ഷിണേന്ത്യയില്‍ ആദ്യമായി അധികാരത്തിലേറിയെന്ന അഹന്തയോടെയാണ് യെദ്യൂരപ്പ മന്ത്രിസഭ 28 മാസംമുമ്പ് കര്‍ണാടകത്തില്‍ സത്യപ്രതിജ്ഞ ചെയ്തത്.

    ReplyDelete