Tuesday, October 12, 2010

മുഖ്യമന്ത്രിപദമോഹികളും ഗൗരിയമ്മ പറഞ്ഞ പാതിസത്യവും

പണത്തിനുമേല്‍ പരുന്തും പറക്കില്ലെന്ന് പണ്ടേയ്ക്ക് പണ്ടുള്ളവര്‍ പറഞ്ഞിട്ടുണ്ട്. കേരളഭൂമിയില്‍ ജീവിച്ചിരിക്കുന്ന പഴമക്കാരില്‍ പ്രധാനിയായ ഗൗരിയമ്മ പറയുന്നു; ഒരു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരു കോടി രൂപയും മറ്റു പലവിധ സ്ഥാനമാനങ്ങളും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നുവെന്ന്. പണത്തിന്റെ കനവും ബലവും എത്രമേല്‍ വലുതാണെന്ന് ഗൗരിയമ്മയുടെ വാക്കുകളും തെളിയിക്കുന്നു. ഒരു കോടി കണ്ടാല്‍ മതിമറക്കുകയോ മയങ്ങിവീഴുകയോ ചെയ്യുന്ന പാര്‍ട്ടിയല്ല രാജന്‍ബാബുവും കെ കെ ഷാജുവുമൊക്കെയുള്ള ജനാധിപത്യ സംരക്ഷണമുന്നണി എന്ന വലിയ രാഷ്ട്രീയ കക്ഷി.

അവര്‍ വഴങ്ങിയില്ലെങ്കിലും ആന്റണി സര്‍ക്കാര്‍ വീണു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി. ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കാതിരിക്കാന്‍ രൂപ വാഗ്ദാനം ചെയ്തവര്‍ മാത്രം പരാജിതരായി. പണവും പോയി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയുമായി. കാത്തുസൂക്ഷിച്ചൊരു കസ്തൂരിമാമ്പഴം കാക്കകൊത്തി പോയി എന്ന നിലയിലായിരുന്നു അറയ്ക്കപറമ്പില്‍ കുര്യന്‍ ആന്റണിയെങ്കില്‍ അതിനേക്കാള്‍ പരിതാപകരമായ നിലയിലായിരുന്നു ഗൗരിയമ്മ പറയുന്ന പണ വാഗ്ദാനക്കാരുടെ അവസ്ഥ. മോഹിച്ച കസേര കിട്ടിയതുമില്ല, കയ്യിലുണ്ടായിരുന്ന പണം നഷ്ടപ്പെടുകയും ചെയ്തു.

മുഖ്യമന്ത്രിയാകാന്‍ നിത്യേന പ്രാര്‍ഥന നടത്തുന്നവരുടെ എണ്ണം യു ഡി എഫില്‍ തെല്ലും കുറവല്ല. ഉമ്മന്‍ചാണ്ടി എന്ന കുഞ്ഞൂഞ്ഞ് അല്‍പകാലത്തേയ്‌ക്കെങ്കിലും അത് സാധിച്ചെടുത്തു. മോഹിച്ച് മോഹിച്ച് വശംകെട്ട പഴയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ വക്കം പുരുഷോത്തമന്‍ ഇപ്പോള്‍ മോഹഭംഗത്തിന്റെ നടുക്കടലിലാണ്. മുഖ്യമന്ത്രിയാകാന്‍ മോഹിച്ച് കളികളായ കളികളൊക്കെ പുറത്തെടുത്ത് കളത്തിന് പുറത്തായ പാവം പാവം കെ മുരളീധരനുണ്ട്. എന്നെങ്കിലും മുഖ്യമന്ത്രിയാവുമെന്ന് കരുതി അനുദിനം പോരടിക്കുന്ന രമേശ് ചെന്നിത്തലയുണ്ട്. മുഖ്യമന്ത്രിപദം മോഹിച്ച് മോഹിച്ച് നിരാശാഗര്‍ത്തത്തില്‍പെട്ട്, ഒടുവില്‍ കേന്ദ്രമന്ത്രിപദവി തരപ്പെടുത്തിയ (വലിയ പണിയൊന്നുമില്ലാത്ത പ്രവാസി വകുപ്പ്) വയലാര്‍ രവിയുണ്ട്. പിന്നെ നിലക്കണ്ണാടി നോക്കിപോലും താനാരാണ് എന്നു മനസിലാക്കാത്ത തറയിലും മാനത്തിലുമൊക്കെയുള്ള പാര്‍ട്ടിയില്‍ ആരാണ് ഗൗരിയമ്മയ്ക്ക് ഒരു കോടി വാഗ്ദാനം ചെയ്തത്? ആ വല്യമ്മ ഒന്നു പറഞ്ഞുതന്ന് കേരളത്തിന്റെ കൗതുകത്തിന് പരിഹാരമുണ്ടാക്കേണ്ടതാണ്.

മുഖ്യമന്ത്രിസ്ഥാനം പരമപ്രധാനമായി കണ്ട് പെടാപാടുപെടുന്ന ഘടകകക്ഷി നേതാവ് കെ എം മാണിക്ക് പണ വാഗ്ദാനത്തില്‍ പങ്കുണ്ടോയെന്നും കേരള പൗരന്മാര്‍ സംശയിച്ചുപോകുന്നത് സ്വാഭാവികമാണ്.

ചതിയും വഞ്ചനയും നടത്തുന്നവര്‍ക്ക് എന്നെങ്കിലും ഒരുനാള്‍ അത് അനുഭവിക്കേണ്ടിവരും. 1995 ല്‍ കെ കരുണാകരനെ മുഖ്യമന്ത്രിപദത്തില്‍ നിന്ന് ഇറക്കിവിടാന്‍ വഴിവിട്ട കളികളൊക്കെ കളിച്ച ആളാണ് ഏ കെ ആന്റണി. പഞ്ചസാര കുംഭകോണത്തില്‍പെട്ട് കേന്ദ്രമന്ത്രിസ്ഥാനം പോയപ്പോള്‍, കേരളമുഖ്യമന്ത്രി കസേര തരപ്പെടുത്താന്‍ ഗ്രൂപ്പ് ലഹള പൊട്ടിപ്പുറപ്പെടുവിക്കുന്നതിന് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടില്‍ പ്രവര്‍ത്തിച്ച ബുദ്ധിമാനാണ് ആന്റണി. അതേ ആന്റണിയെ ഒരു പ്രസ്താവനയുടെ പേരില്‍ കസേരയില്‍ നിന്ന് ഇറക്കിവിടാന്‍ ഉമ്മന്‍ചാണ്ടിക്കും കൂട്ടര്‍ക്കും അധികം ആയാസപ്പെടേണ്ടിവന്നില്ല.

ഓണാഘോഷങ്ങള്‍ തിമിര്‍ത്താടുന്ന നാളുകളിലൊന്നില്‍ വിമാനത്തില്‍വെച്ച് സോണിയാ മാഡം ആന്റണിയോടു പറഞ്ഞു, 'രാജി വച്ചേയ്ക്കു' എന്ന്. പാവം മറുപടിയൊന്നും പറയാനാവാത്തതുകൊണ്ട് വിമാനത്താവളത്തില്‍വെച്ച് വിതുമ്പല്‍ പ്രകടമാക്കുന്നവിധം രാജി പ്രഖ്യാപനം നടത്തി.
പക്ഷേ സ്വതസിദ്ധമായ വൈഭവം കൊണ്ട് ആന്റണി രക്ഷപ്പെട്ടു. സ്വയരക്ഷയ്ക്കുപോലും ത്രാണിയില്ലാത്ത ആന്റണി രാജ്യരക്ഷ കൈകാര്യം ചെയ്യുന്ന ഭരണസാരഥിയായി കുറച്ചു വൈകിയാണെങ്കിലും എത്തിച്ചേര്‍ന്നു.

കേരളത്തിന്റെ വലിയമ്മ സ്വന്തം പാര്‍ട്ടിക്ക് സീറ്റ് നിഷേധിക്കപ്പെടുമ്പോഴും സ്വന്തം സ്ഥാനാര്‍ഥികള്‍ക്കെതിരെ റിബലുകള്‍ രംഗപ്രവേശം നടത്തുമ്പോഴും അല്ല ഇത്തരം അരുതായ്മകള്‍ വെളിപ്പെടുത്തേണ്ടത്. രാഷ്ട്രീയത്തിലെ അപചയത്തെക്കുറിച്ച് അപ്പപ്പോള്‍ വിളിച്ചുപറയാന്‍ ബാധ്യസ്ഥയാണ് ഒളിവിലും ജയിലിലും കഴിഞ്ഞ ഈ വനിതാ പോരാളി.

പക്ഷേ കോണ്‍ഗ്രസ് പ്രഭുക്കളാല്‍ അവഹേളിതയാകുമ്പോള്‍ ഗൗരിയമ്മ പാതി സത്യം പറയുന്നു. പൂര്‍ണസത്യം പറയാന്‍ ഗൗരിയമ്മ മടികാട്ടുമ്പോള്‍ നാണം കെട്ടുപോകുന്നത് അവര്‍ തന്നെയാണ്.

ഇനിയെങ്കിലും പറയണം ഗൗരിയമ്മേ, കര്‍ണാടകയില്‍ ഇപ്പോള്‍ കാണുന്ന രാഷ്ട്രീയം കേരളത്തില്‍ പരീക്ഷിക്കുവാന്‍ മുമ്പേ യത്‌നിച്ചവര്‍ ആരെന്ന്? അതിനുള്ള ധൈര്യം പോലും വാര്‍ധക്യകാലത്ത് നഷ്ടപ്പെട്ടുവോ എന്ന് തിരുത്തല്‍ പ്രസ്താവനകള്‍ കേരളത്തെ കൊണ്ട് ചോദിപ്പിക്കുന്നു. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്ന ചൊല്ല് അന്വര്‍ഥമാകാതിരിക്കട്ടെ.

ദിഗംബരന്‍ ജനയുഗം 111010

2 comments:

  1. ഇനിയെങ്കിലും പറയണം ഗൗരിയമ്മേ, കര്‍ണാടകയില്‍ ഇപ്പോള്‍ കാണുന്ന രാഷ്ട്രീയം കേരളത്തില്‍ പരീക്ഷിക്കുവാന്‍ മുമ്പേ യത്‌നിച്ചവര്‍ ആരെന്ന്? അതിനുള്ള ധൈര്യം പോലും വാര്‍ധക്യകാലത്ത് നഷ്ടപ്പെട്ടുവോ എന്ന് തിരുത്തല്‍ പ്രസ്താവനകള്‍ കേരളത്തെ കൊണ്ട് ചോദിപ്പിക്കുന്നു. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്ന ചൊല്ല് അന്വര്‍ഥമാകാതിരിക്കട്ടെ.

    ReplyDelete
  2. സ്വയരക്ഷയ്ക്കുപോലും ത്രാണിയില്ലാത്ത ആന്റണി രാജ്യരക്ഷ കൈകാര്യം ചെയ്യുന്ന ഭരണസാരഥിയായി കുറച്ചു വൈകിയാണെങ്കിലും എത്തിച്ചേര്‍ന്നു.

    ReplyDelete