Friday, October 8, 2010

ധൈര്യമുണ്ടോ ചിദംബരത്തെ പുറത്താക്കാന്‍?

മനു അഭിഷേക് സിങ്വിയെ കോണ്‍ഗ്രസ് വക്താവുസ്ഥാനത്തുനിന്ന് മാറ്റിയിട്ടില്ല. തല്‍ക്കാലത്തേക്ക് മാറ്റിനിര്‍ത്തിയിട്ടേയുള്ളൂ. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേരളത്തിലെ കോണ്‍ഗ്രസിനെ സമാധാനിപ്പിക്കാനുള്ള ഹൈക്കമാന്‍ഡിന്റെ ഔദാര്യംമാത്രമാണ് ഈ തീരുമാനം.

 ഞങ്ങള്‍ ഇതേ പംക്തിയില്‍ നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ, സിങ്വിക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ കോണ്‍ഗ്രസിനു കഴിയില്ല. കാരണം, അദ്ദേഹം കേരള ഹൈക്കോടതിയില്‍ വന്ന് അവതരിപ്പിച്ചത് കോണ്‍ഗ്രസിന്റെ നയമാണ്. ആ നയം ലോട്ടറി മാഫിയയെ സംരക്ഷിക്കുന്നതാണ്. തല്‍ക്കാലത്തേക്ക് കേരളത്തിലെ തെരഞ്ഞെടുപ്പില്‍ മാധ്യമ സഹായത്തോടെ എടുത്തു പ്രയോഗിക്കാനുള്ള രാഷ്ട്രീയവിഷയമായി കോണ്‍ഗ്രസ് ലോട്ടറിയെ കണ്ടതാണ് അവരെ കുരുക്കിലാക്കിയ പ്രശ്നം.

സിങ്വി സാധാരണ കോണ്‍ഗ്രസ് നേതാവല്ല. ആ പാര്‍ടിയുടെ ജനങ്ങള്‍ കാണുന്ന ഔദ്യോഗിക മുഖമാണ്. പ്രമുഖ അഭിഭാഷകന്‍ എന്ന് പേരെടുത്ത സിങ്വിയെ കോണ്‍ഗ്രസ് വിളിച്ചുകൊണ്ടുപോയി രാജ്യസഭാംഗമാക്കിയതും വക്താവുസ്ഥാനം ഏല്‍പ്പിച്ചതും ആ പാര്‍ടിയുടെ നയം ഭംഗിയായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുമെന്ന് ഉറപ്പിച്ചുതന്നെയാണ്. കേരളത്തിലെ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയേയുംകാള്‍ ഉയര്‍ന്ന പദവിയിലാണ് ഇന്ന് സിങ്വി. മണികുമാര്‍ സുബ്ബ എന്ന ലോട്ടറി തട്ടിപ്പു രാജാവിന്റെ പാര്‍ടിയായ കോണ്‍ഗ്രസിന് ചൂതാട്ടമാഫിയയില്‍നിന്നു കിട്ടുന്ന പണമില്ലാതെ നില്‍ക്കാനാകില്ല. അതുകൊണ്ടുമാത്രമാണ് ചൂതാട്ടക്കാര്‍ക്ക് ഒത്താശചെയ്യുന്ന കേന്ദ്ര ലോട്ടറി നിയമമുണ്ടാക്കിയതും മാഫിയകളെ നിയന്ത്രിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് കൊടുക്കാത്തതും.

ഇതെല്ലാം മറന്നുകൊണ്ട് കേരളത്തില്‍ ഒരുലോട്ടറി വിവാദം കുത്തിപ്പൊക്കി തെരഞ്ഞെടുപ്പില്‍ പുകപരത്താനും എല്‍ഡിഎഫ് സര്‍ക്കാരിനെ പഴിക്കാനും കോണ്‍ഗ്രസ് ശ്രമിച്ചു; അതിന് അപരിമിതമായ മാധ്യമസഹായം ലഭിച്ചു. അന്നുമുതല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പറയുന്ന യാഥാര്‍ഥ്യങ്ങളാണ് സിങ്വിയുടെ വരവോടെ അനിഷേധ്യമായി തെളിയിക്കപ്പെട്ടത്. ഇപ്പോള്‍ സിങ്വിയെ മാറ്റിനിര്‍ത്തിയ നടപടി തട്ടിപ്പും കണ്ണില്‍ പൊടിയിടലുമല്ലെന്ന് ഒരു കോണ്‍ഗ്രസുകാരനും വാദിക്കാനാകില്ല. കാരണം, ആത്മാര്‍ഥതയുടെ കണികയെങ്കിലും അതിനുണ്ടെങ്കില്‍ ആദ്യം നടപടിയെടുത്ത് പുറത്താക്കേണ്ടത് യുപിഎ സര്‍ക്കാരിലെ സുപ്രധാന വകുപ്പ് ഭരിക്കുന്ന ആഭ്യന്തരമന്ത്രി പി ചിദംബരത്തെയാണ്.

ധൈര്യമുണ്ടോ ചിദംബരത്തെ പുറത്താക്കാന്‍?

ലോട്ടറിമാഫിയയെ നിലനിര്‍ത്തുന്നതും കോടതികളില്‍ അവര്‍ക്ക് നിയമത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതും കോണ്‍ഗ്രസ് നേതാക്കളാണ്. എവിടെയൊക്കെ ലോട്ടറിമാഫിയ കോടതികളില്‍ ചോദ്യംചെയ്യപ്പെടുമോ അവിടെയൊക്കെ അവര്‍ക്കുവേണ്ടി വാദിക്കാനെത്തുന്നവരിലേറെയും അത്യുന്നതരായ കോണ്‍ഗ്രസ് നേതാക്കളാണ്. രാഷ്ട്രീയ സദാചാരത്തിന്റെ ശവക്കുഴിയില്‍ നിന്നാണ്, വക്കാലത്തു നല്‍കി ആര്‍ക്കും വിലയ്ക്കെടുക്കാവുന്നവരാണ് തങ്ങളെന്ന് കോണ്‍ഗ്രസിന്റെ ഉയര്‍ന്ന നേതാക്കള്‍ പ്രഖ്യാപിക്കുന്നത്.

2003ല്‍ സാക്ഷാല്‍ ചിദംബരം കേരള ഹൈക്കോടതിയില്‍ ഓലൈന്‍ ലോട്ടറി മാഫിയക്കുവേണ്ടി വക്കാലത്തുമായി വരുമ്പോള്‍ സംസ്ഥാനം ഭരിച്ചത് എ കെ ആന്റണിയാണ്. ആന്റണി സര്‍ക്കാരിനെതിരെ വാദിക്കുന്നതില്‍ ഒരു സദാചാരപ്രശ്നവും ചിദംബരം കണ്ടില്ല. ഇവര്‍ രണ്ടുപേരും ഇന്ന് ഒരു മന്ത്രിസഭയിലെ അംഗങ്ങളാണ്. ലോട്ടറിമാഫിയക്കുവേണ്ടി വാദിക്കാനെത്തിയ ചിദംബരം കേന്ദ്രലോട്ടറി ചട്ടങ്ങള്‍ രൂപപ്പെടുത്തുന്നതിനും എ കെ ആന്റണി സാക്ഷി.

ആഴ്ചയില്‍ ഒരു ലോട്ടറി എന്ന നിയമം ചിദംബരം വെട്ടിപ്പൊളിച്ചു. ചട്ടത്തില്‍ പറയുന്നത് പ്രതിദിനം 24 നറുക്കെടുപ്പ് എന്നാണ്. ആഴ്ചയില്‍ ഒരു ലോട്ടറിയെന്ന് നിയമത്തില്‍ പറയുമ്പോഴാണ് കേരളത്തില്‍നിന്നുമാത്രം പ്രതിവര്‍ഷം 14,000 കോടി രൂപ ലോട്ടറിമാഫിയ കൊള്ളയടിക്കുന്നത്. ആ സ്ഥാനത്ത് പ്രതിദിനം 24 നറുക്കെടുപ്പ് എന്ന വ്യവസ്ഥ വരുമ്പോള്‍ ഈ തുകയുടെ വലുപ്പം എത്രയാകുമെന്ന് ആലോചിക്കുക.

പ്രതിദിനം 24 നറുക്കെടുപ്പെന്ന ചട്ടത്തിലെ വ്യാഖ്യാനം നിയമത്തിന്റെ അന്തഃസത്ത കെടുത്തുന്നെന്നാണ് കേരള ഹൈക്കോടതി ഇക്കഴിഞ്ഞ ആഗസ്തില്‍ ചൂണ്ടിക്കാട്ടിയത്. ആഴ്ചയില്‍ ഒരു നറുക്കെടുപ്പ് എന്ന നിയമവ്യവസ്ഥ അടിവരയിട്ട് ഉറപ്പിച്ചതോടെയാണ് കേരളത്തില്‍നിന്ന് അന്യസംസ്ഥാന ലോട്ടറികള്‍ അപ്രത്യക്ഷമായത്. സിങ്വി വാദിക്കാനെത്തിയത് കോടതിയുടെ ഈ നിലപാടിനെതിരെയാണ്. പ്രതിദിനം 24 നറുക്കെടുപ്പ് നടത്തി കേരളത്തെ കൊള്ളയടിക്കാന്‍ അന്യസംസ്ഥാന ലോട്ടറികളെ അനുവദിക്കണമെന്ന് അദ്ദേഹം അതിശക്തമായി വാദിച്ചു. പ്രതിദിനം 24 നറുക്കെടുപ്പെന്ന് ചിദംബരം ചട്ടമുണ്ടാക്കുന്നു. ആ ചട്ടത്തിന് നിയമപരിരക്ഷ വേണമെന്ന് സിങ്വി കോടതിയില്‍ വാദിക്കുന്നു. ചിദംബരവും സിങ്വിയും ഒരേ തൂവല്‍പക്ഷികളാണെന്ന് ഇതിലധികം തെളിവെന്ത്?

നാട് കൊള്ളയടിക്കാന്‍ ചട്ടങ്ങളുണ്ടാക്കി ലോട്ടറിമാഫിയയെ സഹായിക്കുന്നത് ചിദംബരം, ചിദംബരത്തിന്റെ ചട്ടത്തിനുവേണ്ടി കോടതിയിലെത്തുന്നത് സിങ്വി. ഇരുവരും കോണ്‍ഗ്രസിന്റെ സമുന്നതനേതാക്കള്‍. സിങ്വിക്കെതിരെ പേരിനെന്തോ നടപടിയെടുത്താല്‍ എങ്ങനെ കോണ്‍ഗ്രസിന് മുഖം രക്ഷിക്കാം? ആത്മാര്‍ഥതയുണ്ടെങ്കില്‍ കോണ്‍ഗ്രസ് നടപടിയെടുക്കേണ്ടത് ചിദംബരത്തിനെതിരെയാണ്. ഈ ചിദംബരത്തിന്റെ ഭാര്യയും മകനുമാണ് ലോട്ടറിമാഫിയയുടെ വക്കാലത്ത് മൊത്തമായി വിലയ്ക്കുവാങ്ങിയത്. ഇന്ത്യയില്‍ ലോട്ടറിമാഫിയയുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ ചിദംബരം ആഭ്യന്തരമന്ത്രി പദത്തിലിരിക്കുന്നിടത്തോളം സാധ്യമല്ല. ചിദംബരത്തെ പുറത്താക്കാന്‍ തന്റേടമുണ്ടോ എന്ന ചോദ്യത്തിനാണ് കോണ്‍ഗ്രസ് ഉത്തരം പറയേണ്ടത്. അല്ലാതെ സിങ്വിയെ മാധ്യമങ്ങളില്‍നിന്ന് മറച്ചുനിര്‍ത്തിയിട്ട് ആരെ പറ്റിക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്?

ദേശാഭിമാനി മുഖപ്രസംഗം 08102010

1 comment:

  1. ലോട്ടറിമാഫിയയെ നിലനിര്‍ത്തുന്നതും കോടതികളില്‍ അവര്‍ക്ക് നിയമത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തുന്നതും കോണ്‍ഗ്രസ് നേതാക്കളാണ്. എവിടെയൊക്കെ ലോട്ടറിമാഫിയ കോടതികളില്‍ ചോദ്യംചെയ്യപ്പെടുമോ അവിടെയൊക്കെ അവര്‍ക്കുവേണ്ടി വാദിക്കാനെത്തുന്നവരിലേറെയും അത്യുന്നതരായ കോണ്‍ഗ്രസ് നേതാക്കളാണ്. രാഷ്ട്രീയ സദാചാരത്തിന്റെ ശവക്കുഴിയില്‍ നിന്നാണ്, വക്കാലത്തു നല്‍കി ആര്‍ക്കും വിലയ്ക്കെടുക്കാവുന്നവരാണ് തങ്ങളെന്ന് കോണ്‍ഗ്രസിന്റെ ഉയര്‍ന്ന നേതാക്കള്‍ പ്രഖ്യാപിക്കുന്നത്.

    ReplyDelete