Friday, October 8, 2010

ഉണ്ണികളേ ഒരു നുണ പറയാം

ഇങ്ങനെയും നുണ പറയാം’ എന്ന തലക്കെട്ടില്‍ ദേശാഭിമാനി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തുടര്‍ച്ചയാണ് ഈ കുറിപ്പ്. 1985ലെ വിധിയെക്കുറിച്ച് ചോദിക്കുമ്പോള്‍ 2001ലെ വിധി വ്യാഖ്യാനിച്ച് തടി തപ്പുന്ന സതീശനെയാണല്ലോ പ്രസ്തുത ലേഖനം തുറന്നുകാട്ടിയത്. സുപ്രീംകോടതി വിധിയെക്കുറിച്ച് സതീശന്റെ വ്യാഖ്യാനമാകട്ടെ മറ്റൊരു പൊള്ളത്തരമാണ്.

അന്യസംസ്ഥാന ലോട്ടറികളുടെ നിയമലംഘനത്തിനെതിരെ നടപടിയെടുക്കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിനാണെന്ന് അസന്ദിഗ്ദമായി പ്രഝ്യാപിക്കുന്നതാണ് 2010 മാര്‍ച്ച് 11ന്റെ സുപ്രീംകോടതി വിധി. കേരളം ഉന്നയിച്ച ആവലാതികള്‍ ഗൌരവത്തോടെ പരിശോധിക്കണമെന്നും പരമോന്നത നീതിപീഠം കേന്ദ്രസര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.

ഈ വിധിയില്‍ ഓണ്‍ലൈന്‍ ലോട്ടറിയെക്കുറിച്ചുള്ള പരാമര്‍ശമെടുത്താണ് സതീശന്‍ പൂഴിക്കടകന്‍ പയറ്റുന്നത്. വിധിയുടെ ആദ്യവാചകം ഉദ്ധരിക്കട്ടെ.

Leaned Counsel appearing for the state of Kerala and also the petitioner in person points out that several conditions given in Section 4(h) of the Lottery(Regulation) Act1998 are being violated by the promoters/organisers of Lottery especially the online lottery as they hold more than one draw in a week."

കേരളത്തില്‍ ഇപ്പോള്‍ ഓണ്‍ലൈന്‍ ലോട്ടറി ഇല്ല. ഇല്ലാത്ത ഓണ്‍ലൈന്‍ ലോട്ടറി വലിയ പ്രശ്നമാണെന്ന് വാദിച്ച് സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ചു, അഭിഭാഷകരെ കേസ് വേണ്ടവിധത്തില്‍ ധരിപ്പിക്കാതെ ലോട്ടറി മാഫിയയെ സഹായിക്കുന്നു എന്നിങ്ങനെ പോകുന്നു സതീശന്റെ വിതണ്ഡവാദങ്ങള്‍.

കേരള സര്‍ക്കാരും പരാതിക്കാരന്‍ നേരിട്ടും നിയമലംഘനം ചൂണ്ടിക്കാട്ടിയെന്നു പറഞ്ഞാണ് കോടതിവിധി തുടങ്ങുന്നതു തന്നെ. സുപ്രീംകോടതിയില്‍ നേരിട്ട് പരാതി ബോധിപ്പിച്ച വ്യക്തി ആരാണ്? എന്തായിരുന്നു അയാളുടെ വാദം? ഇതൊക്കെ മറച്ചുവെച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സതീശന്റെ ശ്രമം.

ബിഭാഷ് കര്‍ണാകര്‍ എന്ന ബംഗാള്‍ സ്വദേശിയാണ് ആ വ്യക്തി. ബംഗാളില്‍ ഓണ്‍ലൈന്‍ ലോട്ടറി നിരോധിക്കണമെന്ന് ആ‍വശ്യപ്പെട്ടാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. വക്കീലിനെ വെയ്ക്കാതെയാണ് അദ്ദേഹം കേസ് വാദിക്കുന്നത്. എല്ലാ കേസുകളും ഒന്നിച്ച് ടാഗ് ചെയ്താണ് ഇപ്പോള്‍ സുപ്രിംകോടതി വിചാരണയ്ക്കെടുക്കുന്നത്. കേരളത്തിന്റെ വാദത്തിനൊപ്പം ബിഭാഷിന്റെ വാദവും ഒന്നിച്ച് പരിഗണിച്ചാണ് 2010 മാര്‍ച്ച് 11ന്റെ വിധി പുറപ്പെടുവിച്ചത്. ഈ ബിഭാഷിനെക്കുറിച്ചാണ് കോടതിവിധിയില്‍ the petitioner in person എന്ന് വിധിന്യായത്തില്‍ പരാമര്‍ശിക്കുന്നത്.

വസ്തുതകള്‍ മറച്ചുവെച്ചും പെരുങ്കള്ളം നിര്‍ലജ്ജം തട്ടിവിട്ടും ചാനലുകള്‍ ലോട്ടറി വിദഗ്ദനായി സതീശന്‍ വേഷംകെട്ടുന്നത് അഭിഭാഷകന്‍ എന്ന യോഗ്യതയുടെ ബലത്തിലാണ്. ഇന്ത്യയിലെ ഒരു കോടതിയിലും നിലനില്‍ക്കാത്ത വാദങ്ങളും വ്യാഖ്യാനങ്ങളും രാഷ്ട്രീയദുഷ്ടലാക്കോടെ പ്രചരിപ്പിക്കാന്‍ തന്റെ നിയമബിരുദത്തെ ദുരുപയോഗം ചെയ്യുകയാണ് സതീശന്‍. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ, കോടതിവിധികളെ നീചമായി വളച്ചൊടിച്ചും ദുര്‍വ്യാഖ്യാനം ചെയ്തും രാഷ്ട്രീയയജമാനന്മാരെ പ്രീണിപ്പിക്കുന്ന സതീശനെതിരെ അഭിഭാഷകലോകം ഒറ്റമനസ്സോടെ പ്രതികരിക്കേണ്ടതുണ്ട്. ആത്മാഭിമാനമുള്ള അഭിഭാഷകര്‍ക്കും സത്യസന്ധരായ പൊതുപ്രവര്‍ത്തകര്‍ക്കും അപമാനമാണ് ഇദ്ദേഹം.

സത്, ഈശന്‍ എന്നീ വാക്കുകള്‍ ചേര്‍ന്നാണത്രെ സതീശന്‍ എന്ന നാമമുണ്ടായത്. ‘സത്’ എന്നാല്‍ ‘മാന്യതയുള്ള’, ‘ശ്രേഷ്ഠതയുള്ള’, ‘പാണ്ഡിത്യമുള്ള’ എന്നൊക്കെയാണ് അര്‍ത്ഥങ്ങള്‍. സതീശനെന്നാല്‍ ഈ ഗുണങ്ങളുള്ള ഈശ്വരന്‍. നിഘണ്ടുവിലെ അര്‍ത്ഥങ്ങള്‍ പലതും പൊളിച്ചെഴുതുകയാണ് നുണകളുടെ കുലദൈവമായി ചാനലുകളില്‍ ഉറഞ്ഞാടുന്ന ഉമ്മന്‍‌ചാണ്ടിയുടെ സേവകന്‍.

അഡ്വ. എം.എ.അനസ് മോന്‍


ദേശാഭിമാനി വായനക്കാരുടെ പ്രതികരണം 08102010

1 comment:

  1. ‘ഇങ്ങനെയും നുണ പറയാം’ എന്ന തലക്കെട്ടില്‍ ദേശാഭിമാനി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ തുടര്‍ച്ചയാണ് ഈ കുറിപ്പ്. 1985ലെ വിധിയെക്കുറിച്ച് ചോദിക്കുമ്പോള്‍ 2001ലെ വിധി വ്യാഖ്യാനിച്ച് തടി തപ്പുന്ന സതീശനെയാണല്ലോ പ്രസ്തുത ലേഖനം തുറന്നുകാട്ടിയത്. സുപ്രീംകോടതി വിധിയെക്കുറിച്ച് സതീശന്റെ വ്യാഖ്യാനമാകട്ടെ മറ്റൊരു പൊള്ളത്തരമാണ്.

    ReplyDelete