Friday, October 1, 2010

'നിര്‍ഭാഗ്യക്കുറി'യില്‍ കോണ്‍ഗ്രസ്

ലോട്ടറി മാഫിയ പിടിമുറുക്കിയപ്പോള്‍ കോണ്‍ഗ്രസിന് കേരളത്തില്‍ അടിച്ചത് 'നിര്‍ഭാഗ്യക്കുറി'. കേരള സര്‍ക്കാരിനെ തോല്‍പ്പിക്കാന്‍ 'അഭിഭാഷക ചെങ്കീരി'യെ ഹൈക്കോടതിയില്‍ അയച്ച് ലോട്ടറിമാഫിയക്ക് നിയമവിജയം നേടികൊടുത്തത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ മനഃസമ്മതത്തോടെ. ഇത് തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ വോട്ടുവിഷയങ്ങളില്‍ പ്രധാനമാകും. ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെയും മണികുമാര്‍ സുബ്ബയെയും വിട്ട് ഒരു കളി കോണ്‍ഗ്രസിനില്ലെന്നാണ് ദേശീയ കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്വി ഹൈക്കോടതിയില്‍ വീണ്ടും ഹാജരായതിലൂടെ ബോധ്യപ്പെടുത്തിയത്.

സോണിയ ഗാന്ധിക്കും രാഹുലിനും എതിര്‍പ്പുള്ള കാര്യമായിരുന്നെങ്കില്‍ കെപിസിസി നേതൃത്വം കരിങ്കൊടി കാട്ടിയശേഷവും സിങ്വി രണ്ടാം നാളിലും ഹൈക്കോടതിയില്‍ കറുത്ത ഗൌണ്‍ അണിഞ്ഞെത്തുമായിരുന്നില്ല. അരിപ്രാവുകളായ മാര്‍ട്ടിനും സുബ്ബയും മലയാളക്കരയില്‍ സ്വതന്ത്രമായി പറക്കട്ടെ എന്ന് വാദിക്കുമായിരുന്നില്ല. കോണ്‍ഗ്രസ് മൂല്യം തന്നെ പഠിപ്പിക്കാന്‍ ഇറങ്ങേണ്ടെന്ന് കോടതിമുറ്റത്തുനിന്ന് സിങ്വി പറയുമായിരുന്നില്ല. ഇതിലൂടെ, കെപിസിസി നേതൃത്വം ആടിയത് ജനങ്ങളെ പറ്റിക്കാനുള്ള കപടനാടകവും ഒത്തുകളിയുമായിരുന്നെന്നുമുള്ള സന്ദേശവും പറയാതെ പറഞ്ഞു. ലോട്ടറി മാഫിയക്ക് അനുകൂലമായി വിധി വാങ്ങിക്കൊടുത്തതോടെ അഭിഭാഷകനായ സിങ്വിയുടെ കോടതിദൌത്യം തീര്‍ന്നു. ഇനി അദ്ദേഹത്തിന് 'മാന്യമായി' പിന്മാറാം.

ആരാണ് സിങ്വിയെന്ന് കോടതിമുറ്റത്ത് കരിങ്കൊടിയുമായി എത്തിയ പത്ത് യൂത്തുകോണ്‍ഗ്രസുകാര്‍ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉപദേശിച്ചാല്‍ നന്ന്. രാജസ്ഥാനില്‍നിന്നുള്ള ഈ രാജ്യസഭാംഗം ദിവസവും രണ്ടു നേരം കോണ്‍ഗ്രസ് അധ്യക്ഷ സോണിയയെ കാണുന്ന ദേശീയ നേതാവാണ്. മാഡത്തെ കാണാന്‍ മുന്‍കൂര്‍ ചിറ്റ് വേണ്ടാത്ത നേതാവ്. സിങ്വിക്കെതിരെ പരാതി അയച്ചെന്നും അഹമ്മദ് പട്ടേല്‍, മൊഹ്സിന കിദ്വായി എന്നിവരെ ഫോണില്‍ കാര്യം ധരിപ്പിച്ചെന്നും ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയും ബുധനാഴ്ചയേ പരസ്യമാക്കിയിരുന്നു. ഹൈക്കമാന്‍ഡ് നടപടി ഉടനെ വരുമെന്നും പറഞ്ഞു. പക്ഷേ, പാമ്പ് എലിയെ പിടിച്ചില്ല, പാമ്പിനെ എലി പിടിക്കുന്നു. സിങ്വിക്കെതിരെ കരിങ്കൊടി കാട്ടിയത് അച്ചടക്ക ലംഘനമാണെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. അതുകൊണ്ടാണ് രണ്ടാം ദിവസം സാന്റിയാഗോ മാര്‍ട്ടിനു വേണ്ടി വാദിക്കാന്‍ പോയ ദേശീയ വക്താവിനെതിരെ 'കരിങ്കൊടിനാടകം' ആടാന്‍ യൂത്തുകാരെ ഇറക്കാതിരുന്നത്.

അമേരിക്കന്‍ യാത്രയ്ക്ക് ശേഷം ഡല്‍ഹിയില്‍ വ്യാഴാഴ്ച തിരിച്ചെത്തിയ കോണ്‍ഗ്രസ് അച്ചടക്കസമിതി ചെയര്‍മാനും പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണിക്കു മുന്നില്‍ ലോട്ടറി കേസും സിങ്വിയും കരിങ്കൊടിയും ചര്‍ച്ചാവിഷയമാകും. ഇന്ദിരാഗാന്ധി വധക്കേസില്‍ ഘാതകര്‍ക്കു വേണ്ടി റാം ജത്മലാനി ഹാജരായപ്പോള്‍ ഒന്നുകില്‍ ബിജെപി വിടുക അല്ലെങ്കില്‍ കേസു നടത്തുക എന്ന പരസ്യ ഉപദേശമാണ് അന്നത്തെ ബിജെപി അധ്യക്ഷന്‍ അടല്‍ ബിഹാരി വാജ്പേയി നല്‍കിയത്. ആളെ പറ്റിക്കാനായിരുന്നു അതെങ്കിലും അത്രത്തോളംപോലും സിങ്വിയോട് പറയാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ത്രാണിയുണ്ടായില്ല. അത്രമാത്രം ശക്തമാണ് ലോട്ടറി മാഫിയയും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലെ ബന്ധം. അതുകൊണ്ടാണ് ലോട്ടറിവിവാദം ഒരു കേരള വിഷയമാണെന്ന് പറഞ്ഞ് ദേശീയനേതൃത്വം നിസാരവല്‍ക്കരിച്ചത്.

അസമിലെ പിസിസി ട്രഷററും പാര്‍ലമെന്റംഗവുമായിരുന്ന ഇപ്പോഴും കോണ്‍ഗ്രസ് നേതാവായ മണികുമാര്‍ സുബ്ബയെ കോണ്‍ഗ്രസില്‍നിന്ന് പുറത്താക്കാതെ സിങ്വിക്കെതിരെ ശബ്ദിക്കാനാവില്ലെന്ന് ഹൈക്കമാന്‍ഡിനറിയാം. സുബ്ബയുടെയും മാര്‍ട്ടിന്റെയും പണപ്പെട്ടിക്കു മേല്‍ പറക്കുന്ന പരുന്തല്ല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഭാര്യ ലോട്ടറി മാഫിയയുടെ അഭിഭാഷകയാണ്. ഭര്‍ത്താവ് കേന്ദ്രധനമന്ത്രിയായിരിക്കുമ്പോള്‍ മുതല്‍ ഭാര്യ തുടരുന്ന ഈ നിയമസഹായം അധാര്‍മികമെന്ന് ഹൈക്കമാന്‍ഡ് വിധിച്ചിട്ടില്ല. ലോട്ടറി കേസില്‍ സിങ്വിയുടെ ദൌത്യം കഴിഞ്ഞതിനാല്‍ ഇനി ഹൈക്കമാന്‍ഡിന്റെ തീര്‍പ്പിന് അര്‍ഥമില്ല. ഇതെല്ലാം കാണുന്ന നാടിന് മുന്നിലാണ് മദ്യത്തിനും ലോട്ടറി ചൂതാട്ടത്തിനും എതിരെ ഗാന്ധി ജയന്തി ദിനത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് വക്താവ് എം എം ഹസന്‍ ഉണ്ണാവ്രതം പ്രഖ്യാപിച്ചിരിക്കുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ വോട്ടുപിടിത്തക്കണ്ണുമായാണ് ഹസ്സന്‍ തലസ്ഥാന നഗരിയില്‍ സമരത്തിന് പുറപ്പെടുന്നതെങ്കിലും സിങ്വി തെളിച്ച വിളക്കിന്റെ വെളിച്ചത്തില്‍ സത്യഗ്രഹം ഡല്‍ഹിയില്‍ സോണിയയുടെ വീട്ടുപടിക്കലാക്കാം.

deshabhimani 01102010

No comments:

Post a Comment